മെക്‌സിക്കോസിറ്റി: ലോകകപ്പില്‍ നിന്ന് മെക്‌സിക്കോ പുറത്തായതിന് പിന്നാലെ ടിവി സ്‌ക്രീന്‍ തകര്‍ത്ത് ആരാധകന്റെ രോഷപ്രകടനം. അവസാന കളിയില്‍ ജയിച്ചിട്ടും നോക്കൗട്ട് റൗണ്ട് കാണാതെ മെക്‌സിക്കോ ലോകകപ്പ് ഫുട്ബോളില്‍ നിന്ന് പുറത്തായിരുന്നു. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ 2-1 ന് തോല്‍പ്പിച്ചിട്ടും ഗോള്‍ ശരാശരിയില്‍ പോളണ്ടിന് പിന്നിലായതാണ് മെക്‌സിക്കോയ്ക്ക് തിരിച്ചടിയായത്. 

To advertise here,

ആരാധകരില്‍ പലരും അതിവൈകാരികമായാണ് രാജ്യത്തിന്റെ പുറത്താകലിനോട് പ്രതികരിച്ചത്.  ഇതിനിടെയാണ് ഒരു മെക്‌സിക്കോ ആരാധകന്‍ ടിവി തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.  മെക്‌സിക്കോയുടെ തോല്‍വിക്ക് പിന്നാലെ ടിവി സ്‌ക്രീനില്‍ ആഞ്ഞിടിച്ചതിന് പിന്നാലെ കത്തി ഉപയോഗിച്ച് സ്‌കീനില്‍ കുത്തിയാണ് ആരാധകന്‍ ദേഷ്യം തീര്‍ത്തത്. കരഞ്ഞുകൊണ്ട് ടിവി സ്‌ക്രീനിന് മുന്നില്‍ നിന്ന് മാറിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. 

സൗദിക്കെതിരായ മത്സരത്തില്‍ മെക്സിക്കോക്കായി ഹെന്റി മാര്‍ട്ടിന്‍ (47), ലൂയി ചാവേസ് (52) എന്നിവര്‍ ഗോള്‍ നേടി. സൗദിയുടെ ഗോള്‍ സലേം അല്‍ദ്വസരി (90+5) സ്‌കോര്‍ ചെയ്തു. സൗദിയെ തോല്‍പിച്ചതോടെ മെക്സിക്കോയ്ക്ക് പോളണ്ടിനൊപ്പം നാല് പോയന്റാണെങ്കിലും ഗോള്‍ശരാശരി ടീമിന് തിരിച്ചടിയാകുകയായിരുന്നു. പോളണ്ടിന് ഗോള്‍ വ്യത്യാസം പൂജ്യവും മെക്സിക്കോക്ക് -1ഉം ആണ്. ഇതോടെ മെക്‌സിക്കോയെ മറി കടന്ന് പോളണ്ട് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി.