ദോഹ: ക്വാര്‍ട്ടര്‍ പ്രവേശനത്തിന്റെ മധുരം നുണഞ്ഞ് ഡച്ച് പട. യു.എസ്.എയെ ഒന്നിനെതിരേ മൂന്ന് ഗോളിന് മറിടന്ന് ഈ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ഫൈനലിലെത്തുന്ന ആദ്യ ടീമായിരിക്കുകയാണ് നെതര്‍ലന്‍ഡ്സ്. മെംഫിസ് ഡീപേ, ഡാലെ ബ്ലിന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി വലകുലുക്കിയപ്പോള്‍ യുഎസിന്റെ ആശ്വാസ ഗോള്‍ ഹാജി റൈറ്റ് സ്വന്തമാക്കി. ഡച്ച് ടീമിന്റെ മനോഹരമായ ആദ്യ രണ്ട് ഗോളുകള്‍ക്കും ഡംഫ്രിസായിരുന്നു. ഇതിനു പുറമെ ഒരു ഗോള്‍ലൈന്‍ സേവും നടത്തി ഓറഞ്ച്പടയുടെ രക്ഷകനാകുകയും ചെയ്തു. ഡംഫ്രിസ്. അര്‍ജന്റീന - ഓസ്ട്രേലിയ മത്സരത്തിലെ വിജയകളാവും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്റെ എതിരാളി.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമിലെയും ഗോള്‍കീപ്പര്‍മാരുടെ പ്രകടനമാണ് നിര്‍ണായകമായത്. ഫിനിഷിങ്ങില്‍ യുഎസിനേക്കാള്‍ മികവ് പുലര്‍ത്തിയ നെതര്‍ലന്‍ഡ്‌സ് മത്സരം സ്വന്തമാക്കുകയായിരുന്നു.
കളിതുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ അവസരം സൃഷ്ടിച്ചത് യുഎസ്എയായിരുന്നു. നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ഓഫ്‌സൈഡ് ട്രാപ് പൊളിച്ച് പന്ത് സ്വീകരിച്ച ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഡച്ച് ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നാലെ ഡച്ച് ബോക്‌സിലേക്ക് തുടരെത്തുടരെ യുഎസ്എ ആക്രമണങ്ങളായിരുന്നു. എന്നാല്‍ ഓറഞ്ച് പ്രതിരോധം ഉറച്ചുനിന്നതോടെ അവര്‍ക്ക് ഫൈനല്‍ തേര്‍ഡില്‍ കാര്യമായ സമ്മര്‍ദം സൃഷ്ടിക്കാനായില്ല.
ഇതിനു പിന്നാലെ സ്വന്തം ഹാഫില്‍ നിന്നുള്ള മികച്ചൊരു നെതര്‍ലന്‍ഡ്‌സ് മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. 10-ാം മിനിറ്റില്‍ വണ്‍ടച്ച് ഗെയിമിനൊടുവില്‍ ഡെന്‍സല്‍ ഡംഫ്രിസ് നല്‍കിയ ക്രോസ് ഡീപേ പോസ്റ്റിന്റെ ഇടത് മൂലയില്‍ കയറ്റുകയായിരുന്നു.
തുടര്‍ന്ന് കളംപിടിച്ച നെതര്‍ലന്‍ഡ്‌സ് കോഡി ഗാക്‌പോ, ഡംഫ്രിസ്, ഡാലെ ബ്ലിന്‍ഡ് എന്നിവരിലൂടെ മികച്ച അറ്റാക്കിങ് റണ്ണുകള്‍ നടത്തി. ഇത്തരമൊരു മുന്നേറ്റത്തിനൊടുവില്‍ 17-ാം മിനിറ്റില്‍ ഗാക്‌പോ നല്‍കിയ പന്ത് ബ്ലിന്‍ഡ് പുറത്തേക്കടിച്ച് കളഞ്ഞു.
എന്നാല്‍ ഗോള്‍ തിരിച്ചടിക്കാന്‍ ഉറച്ചെന്നപോലെ കളിച്ച യുഎസ്എ പിന്നീട് നിരന്തരം ആക്രമണങ്ങള്‍ നടത്തി. ഇതിനിടെ 43-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള തിമോത്തി വിയയുടെ ഷോട്ടും നൊപ്പേര്‍ട്ട് തട്ടിയകറ്റി.
പിന്നാലെ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബ്ലിന്‍ഡിലൂടെ നെതര്‍ലന്‍ഡ്‌സ് രണ്ടാം ഗോളും നേടി. ക്രോസുകള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ യുഎസ് ടീമിനുള്ള ദൗര്‍ബല്യം തെളിയിക്കുന്നതായിരുന്നു രണ്ടാം ഗോളും. ഇത്തവണയും ഡിഫന്‍ഡര്‍മാരെ മറികടന്ന് ഡംഫ്രിസ് നല്‍കിയ പാസ് ഓടിയെത്തിയ ബ്ലിന്‍ഡ് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ യുഎസ് കഠിനമായി പ്രയത്‌നിച്ചു. 50-ാം മിനിറ്റില്‍ പുലിസിച്ചിന്റെ ക്രോസില്‍ നിന്നുള്ള വെസ്റ്റണ്‍ മക്കെന്നിയുടെ ഹെഡര്‍ നെപ്പോര്‍ട്ട് തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് വന്ന പന്തില്‍ നിന്നുള്ള ടിം റീമിന്റെ ഗോള്‍ശ്രമം നെതര്‍ലന്‍ഡ്‌സ് ഡിഫന്‍ഡര്‍ ഗോള്‍ ലൈനില്‍ വെച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
61-ാം മിനിറ്റില്‍ ഡീപേയുടെ ഷോട്ട് യുഎസ് ഗോളി തട്ടിയകറ്റി. പിന്നാലെ 72-ാം മിനിറ്റില്‍ ടര്‍ണര്‍ ഇരട്ട സേവുമായി തിളങ്ങി. കൂപ്പ്‌മെയ്‌നേഴ്‌സിന്റെ ഷോട്ട് ആദ്യ തടഞ്ഞ ടര്‍ണര്‍, പിന്നാലെ ഡീപേയുടെ ഹെഡറും തടഞ്ഞു.
ഒടുവില്‍ 76-ാം മിനിറ്റില്‍ പകരക്കാരന്‍ ഹാജി റൈറ്റിലൂടെ യുഎസ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 81-ാം മിനിറ്റില്‍ ഡംഫ്രിസിലൂടെ മൂന്നാം ഗോള്‍ നേടിയ നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.
കടുത്ത യുഎസ് സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പുലിസിച്ചിന്റെ പാസില്‍ നിന്നായിരുന്നു റൈറ്റിന്റെ ഗോള്‍. പുലിസിച്ച് ക്രോസ് ചെയ്ത പന്ത് റൈറ്റിന്റെ ബൂട്ടിലിടിച്ച് ഉയര്‍ന്ന് വലയിലെത്തുകയായിരുന്നു. പിന്നാലെ യുഎസ് ആക്രമണങ്ങള്‍ക്ക് ജീവന്‍വെച്ചു. 77-ാം മിനിറ്റില്‍ റൈറ്റിന്റെ ഗോള്‍ശ്രമം നൊപ്പേര്‍ട്ട് സ്ലൈഡ് ചെയ്ത് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ പുലിസിച്ചിന്റെ ഷോട്ടും നൊപ്പേര്‍ട്ട് തടഞ്ഞു. എന്നാല്‍ 81-ാം മിനിറ്റില്‍ ബ്ലിന്‍ഡിന്റെ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലാക്കിയ ഡംഫ്രിസ് മത്സരം യുഎസില്‍ നിന്ന് തട്ടിയെടുത്തു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: FIFA World Cup 2022 Netherlands vs USA round of 16 Khalifa International Stadium
Published: 03 Dec 2022, 10:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented