ചക്കരക്കല്ല് (കണ്ണൂര്‍): ആതുരസേവന മേഖലയിലും സാമൂഹികരംഗത്തും 57 വര്‍ഷത്തെ മികച്ച സേവനങ്ങള്‍ സമൂഹത്തിനുവേണ്ടി ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ചക്കരക്കല്ലിലെ ഡോ. എം. മുഹമ്മദലി. ജില്ലയിലെ സീനിയര്‍ ഡോക്ടര്‍മാരില്‍ ഒരാളായ അദ്ദേഹം പഴയകാലത്ത് നേരിട്ട വെല്ലുവിളികള്‍ പലതായിരുന്നു എന്ന് പറയുകയാണ്.

To advertise here,

1968-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആറാമത് ബാച്ചില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ജനറല്‍ പ്രാക്ടീഷണറായി ജോലി ആരംഭിച്ച മുഹമ്മദലി പ്രത്യേകമായി തിരഞ്ഞെടുത്തത് ഗ്രാമീണമേഖലയിലായിരുന്നു. ഗ്രാമങ്ങളെ സേവിക്കുന്നതിനുവേണ്ടി തന്റെ ജീവിതം നീക്കിവെച്ചു. യോഗ്യരായ ഡോക്ടര്‍മാരുടെ അഭാവം ഗ്രാമങ്ങളെ വല്ലാതെ പ്രയാസത്തിലാക്കിയ ഒരു കാലമായിരുന്നു അത്. 

60-കളിലും 70-കളിലും പടര്‍ന്നുപിടിച്ച സാംക്രമിക രോഗങ്ങള്‍ ആരോഗ്യമേഖലയില്‍ വളരെ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഒപ്പം വസൂരി നിര്‍മാര്‍ജനം നടക്കുമ്പോഴും രോഗത്തെ പൂര്‍ണമായി തടയാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരം രോഗങ്ങളും വയറിളക്കം, ടൈഫോയിഡ്, പോളിയോ തുടങ്ങിയവയും അക്കാലത്ത് സമൂഹത്തിന് കടുത്ത ഭീഷണിയായിരുന്നു. മരണനിരക്കും വളരെ കൂടുതലായിരുന്നു. ഇതുമൂലം പല കുടുംബങ്ങളും സാമ്പത്തികപ്രതിസന്ധിയും നേരിട്ടിരുന്നു.

ഗവണ്‍മെന്റ് ആസ്പത്രികളെയായിരുന്നു അക്കാലത്ത് ജനങ്ങള്‍ ഏറ്റവുംകൂടുതല്‍ ആശ്രയിച്ചിരുന്നത്. ഇരിവേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു ദീര്‍ഘകാലം സേവനം നടത്തിയിരുന്നത്. ഇതിനിടെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം വന്നപ്പോള്‍ സര്‍ക്കാര്‍ സര്‍വീസ് ഉപേക്ഷിച്ച് ചക്കരക്കല്ലില്‍ തന്നെ പ്രൈവറ്റ് പ്രാക്ടീസ് തുടങ്ങുകയായിരുന്നു .

Also Read: വീട്ടിലുള്ളവരും വിവാഹം കഴിച്ചെത്തിയവരും പേരക്കുട്ടികളും ഡോക്ടർമാർ; കാഞ്ഞങ്ങാട്ടെ 'മെഡിക്കല്‍ ഫാമിലി'

കോഴിക്കോട്, പഴയങ്ങാടി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സേവനംനടത്തിയ ശേഷമാണ് ചക്കരക്കല്ലിലെത്തുന്നത്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ പ്രസവചികിത്സ സാധ്യമാക്കാനും കഴിഞ്ഞിരുന്നു. ചക്കരക്കല്ലില്‍ ആതുര സേവന രംഗത്ത് ഒരു പുഷ്‌കല കാലം ഉണ്ടാക്കിയെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഡോക്ടര്‍ എന്നനിലയില്‍ രോഗികള്‍ക്ക് വെറും ചികിത്സനല്‍കുക എന്നതിനപ്പുറം സാമൂഹിക രംഗത്തെ പ്രയാസങ്ങള്‍ പരിഹരിക്കാനും ഇദ്ദേഹം സമയംകണ്ടെത്തി. വീടുവെക്കാനും പഠനത്തിനും മറ്റുമായി പ്രയാസമനുഭവിക്കുന്ന പല കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കിയിരുന്നു. കോവിഡ് കാലത്തും നിരവധിപേര്‍ക്ക് ചികിത്സ ലഭ്യമാക്കിയിരുന്നു അദ്ദേഹം.

1975 മുതല്‍ കണ്ണൂര്‍ ഐഎംഎയില്‍ അംഗമായിരുന്നു. സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്തെത്തി. 1990 കളില്‍ സങ്കരചികിത്സ നയത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ ഇടയില്‍ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകള്‍ക്കെതിരേയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. എത്തിക്‌സ് കമ്മിറ്റി വഴി പല നടപടികളും ഇതിനെതിരേ സ്വീകരിച്ചു. സ്‌കാനിങ് ചാര്‍ജ് ഏകീകരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

കണ്ണൂര്‍ തെക്കി ബസാറിലെ പരേതരായ പാലയോട്ട് ഹസന്‍ കുഞ്ഞിയുടെയും മാടപ്പുരയില്‍ റാബിയയുടെയും മകനാണ്. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളിലെ പഠനത്തിനുശേഷം എസ്.എന്‍. കോളജിലെ ആദ്യ ബാച്ചിലെ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിന് (പിയുസി) ചേര്‍ന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ചക്കരക്കല്ലിലെ അപ്പക്കടവിലാണ് താമസം.