ന്യൂഡൽഹി: മൺചെരാതുകളിൽ 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ച് അയോധ്യയിൽ ദീപോത്സവം പുതിയ ലോകറെക്കോഡിട്ടു. ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ ആഘോഷത്തിൽ ശനിയാഴ്ചത്തെ സന്ധ്യ അയോധ്യയിൽ ദീപാങ്കുരമായി. നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രവും ദീപങ്ങളാൽ അലങ്കരിച്ചു. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ലോകറെക്കോഡ് പ്രഖ്യാപനവുമുണ്ടായി. സാംസ്കാരികപരിപാടികളും സർക്കാർ സംഘടിപ്പിച്ചു. 50 രാജ്യങ്ങളിൽനിന്നുള്ള അതിഥികൾ ചടങ്ങിനെത്തി. 2017-ൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽവന്നശേഷമാണ് അയോധ്യയിൽ ദീപോത്സവം തുടങ്ങിയത്. ഏഴാം പതിപ്പായിരുന്നു ഇക്കൊല്ലത്തേത്.

To advertise here,

ദീപംതെളിയിക്കാൻ മൊബൈൽ ആപ്പും

ദീപോത്സവത്തിൽ നേരിട്ടെത്താതെ ദീപം തെളിയിക്കാൻ ഇത്തവണ ‘ഹോളി അയോധ്യ’ മൊബൈൽ ആപ്പ് വഴിയും സൗകര്യമൊരുക്കി. 101 രൂപ (ഒരു ദീപം) മുതൽ 1100 രൂപ (51 ദീപം) വരെയുള്ള പാക്കേജുകളാണുണ്ടായിരുന്നത്. ഓൺലൈനായി പണമടയ്ക്കുമ്പോൾ അവരുടെ പേരിൽ ദീപം തെളിയിക്കുന്നതാണ് സംവിധാനം. പാക്കേജനുസരിച്ച് ചെരാത്, ക്ഷേത്രപ്രസാദം, രാമക്ഷേത്രമാതൃക, സരയൂതീർഥം എന്നിവയും ഭക്തർക്ക് ലഭ്യമാക്കി.

ദീപം തെളിയിച്ച് ഗിന്നസ് റെക്കോഡ്‌

*അയോധ്യയിലെ ദിവ്യദീപോത്സവത്തിൽ തെളിയിക്കുന്ന ദീപങ്ങളുടെ എണ്ണം ഓരോ വർഷവും ഗിന്നസ് ബുക്കിൽ പുതിയ ലോക റെക്കോഡിലേക്ക്‌ എത്തുകയാണ്. ദീപങ്ങളുടെ എണ്ണത്തിൽ യു.പി. സർക്കാരിന്റെ കണക്ക്‌ (ലക്ഷത്തിൽ):

2017: 1.71

2018 : 3.01

2019 : 4.04

2020 : 5.51

2021 : 9.41

2022 : 15.76

2023 : 22.23

മുൻ വർഷങ്ങളിൽ

കഴിഞ്ഞ വര്‍ഷം 20,000 വളണ്ടിയര്‍മാര്‍ 15 ലക്ഷം ചിരാതുകള്‍ ഒരുക്കി ഗിന്നസ് റെക്കോഡ് ഇട്ടിരുന്നു. അയോധ്യയിലെ സരയൂ നദിക്കരയിലായിരുന്നു ഇത്. 14 പോലീസ് സോണുകളായി വിഭജിച്ച് ഇത്തവണ അയോധ്യയില്‍ സുരക്ഷയൊരുക്കുമെന്ന് അയോധ്യ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറയുന്നു.