കൊല്ലം:ജില്ലാസമ്മേളനങ്ങളിൽ പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരേ ഉയർന്ന കടുത്തവിമർശനം സംസ്ഥാനസമ്മേളനത്തിൽ അലിഞ്ഞില്ലാതായി. മുഖ്യമന്ത്രിയെ പ്രശംസിക്കുന്നതല്ലാതെ, ഒരു വിമർശനശബ്ദംപോലും കൊല്ലത്ത് ഉയർന്നില്ല. അതേസമയം, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ കടുത്ത വിമർശനത്തിനിരയായി. തുടർഭരണത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റൊരുമന്ത്രിയും പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. ഏഴരമണിക്കൂർനീണ്ട ചർച്ചയിൽ 12 വനിതാ പ്രതിനിധികൾ ഉൾപ്പെടെ 47 പേർ സംസാരിച്ചു.

To advertise here,

മെറിറ്റും മൂല്യവും എപ്പോഴും പറയുന്ന പാർട്ടി സെക്രട്ടറി പ്രവർത്തനത്തിൽ അത് കാണിക്കുന്നില്ലെന്ന് പത്തനംതിട്ടയിൽനിന്നുള്ള പി.ബി. ഹർഷകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമുതൽ പാർട്ടി സെന്ററിലെ ഓഫീസ് സെക്രട്ടറിവരെ കണ്ണൂരിൽനിന്നാണെന്നായിരുന്നു പ്രതിനിധികൾ ഉയർത്തിയ മറ്റൊരു വിമർശം.

കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ മോശം പരാമർശത്തെത്തുടർന്ന് ആർ.ഡി.ഒ. നവീൻ ബാബു മരിച്ച സംഭവം പാർട്ടിയെ കടുത്തപ്രതിരോധത്തിലാക്കിയെന്ന് പത്തനംതിട്ടയിൽനിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി.

പാർട്ടി സെക്രട്ടറിയുടെ പ്രവർത്തനരീതി ചൂണ്ടിക്കാട്ടി, ഭരണംമാത്രം പോരാ പാർട്ടിയും വേണമെന്ന് വയനാട്ടിൽനിന്നുള്ളവർ പറഞ്ഞു. ചിലനേതാക്കൾ ജനങ്ങളെ പാർട്ടിയിൽനിന്നകറ്റുകയാണ്. പാർട്ടിയോടു ചേർന്നുനിൽക്കുന്ന സ്ത്രീകളും അകലുന്ന സൂചന നൽകിയ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വേട്ടിങ് പാറ്റേണും കണ്ടറിഞ്ഞു പരിഹരിക്കണം.

കാലുമാറ്റക്കാർ പാർട്ടിയിലുണ്ടെന്ന മുന്നറിയിപ്പ് പ്രതിനിധികൾ ഉയർത്തി. മടിയിൽത്തന്നെയുള്ള ബോംബ് തിരഞ്ഞെടുപ്പുകാലത്ത് പലയിടത്തും പൊട്ടാനിടയുണ്ടെന്ന കരുതൽ വേണമെന്നായിരുന്നു ഇടുക്കിയിൽനിന്നുള്ള പ്രതിനിധി പറഞ്ഞത്. നിമിഷങ്ങൾക്കുള്ളിൽ കോൺഗ്രസും ബി.ജെ.പി.യുമായി മാറാൻകഴിയുന്നവർ കൂട്ടത്തിലുണ്ടെന്നും മുന്നറിയിപ്പുണ്ടായി. പാർട്ടിയും സർക്കാരും വമ്പൻ വ്യവസായങ്ങൾക്ക് പുറകെ പോകുമ്പോൾ അടിസ്ഥാനവിഭാഗങ്ങളെ മറക്കരുതെന്ന് അഭിപ്രായമുയർന്നു. രണ്ടാം പിണറായി സർക്കാർ കയർത്തൊഴിലാളികളെ തഴഞ്ഞു. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടായെന്ന് പി.പി. ചിത്തരഞ്ജൻ പറഞ്ഞു.

ആശ സമരത്തിൽ ആശങ്കയില്ലെങ്കിലും അങ്കണവാടി ജീവനക്കാർക്കടക്കം മുടങ്ങിയ വേതനം നൽകിയില്ലെങ്കിൽ വീണ്ടും സമരമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായി. നേതാക്കളുടെ സ്വത്തുവർധന ഗൗരവമായി പരിശോധിക്കണമെന്ന് ബംഗാളിലെ സ്ഥിതി ഓർമ്മിപ്പിച്ച് പാലക്കാട്ടുനിന്നുള്ള പ്രതിനിധികൾ പറഞ്ഞു. സഹകരണമേഖലയിൽ ഒന്നൊഴിയാതെയുണ്ടാകുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദിത്വം പാർട്ടിക്കുണ്ടെന്ന് തൃശ്ശൂർ, ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകളിലെ പ്രതിനിധികൾ പറഞ്ഞു.