സി.പി.എമ്മിന്റെ നയവ്യതിയാനത്തിന് അതിന്റെ പിറവിയോളം തന്നെ നീണ്ട ചരിത്രമുണ്ട്. പാർട്ടിയുടെ രൂപവത്കരണത്തിലേക്ക് നയിച്ച ആശയപ്രചാരണം എട്ട് വർഷത്തോളം നീണ്ടതായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ലൈനിനെതിരേ പോരാടിയവർ സി.പി.എം. രൂപവത്കരിച്ച ശേഷം സഞ്ചരിച്ചത് തികച്ചും വിരുദ്ധമായ ദിശയിലേക്കായിരുന്നു. പാർലമെന്ററി രാഷ്ട്രീയത്തിന് ഉപരിയായി ബഹുജനസമരങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിന് മുൻതൂക്കം നൽകിയുള്ള നയപരിപാടികളെ കുറിച്ചാണ് സി.പി.ഐ.യിൽ വിമതസ്വരമുയർത്തി ആശയസംഘർഷത്തിലേർപ്പട്ടവർ പറഞ്ഞുകൊണ്ടിരുന്നത്. പ്രവർത്തനമാർഗമായി ആയുധപാതയിലൂടെയുള്ള സഞ്ചാരത്തെ കൂടി ചില രഹസ്യയോഗങ്ങളിൽ നേതാക്കൾ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. 
    
വേദനാജനകമായ പിളർപ്പിനുശേഷമുണ്ടായ സി.പി.എമ്മിന്റെ പിറവിക്കുശേഷം ബഹുജനസമരത്തിന്റെയും സായുധപാതയുടെയും വചനങ്ങളെ കുറിച്ചുള്ള പ്രവർത്തകരുടെ അന്വേഷണങ്ങൾ സി.പി.എം. നേതൃത്വത്തിന്റെ ബധിരകർണങ്ങളിലാണ് ചെന്നുപതിച്ചത്. കാരണം, സി.പി.എമ്മിന്റെ നയവ്യതിയാനം അതിവേഗമായിരുന്നു. അങ്ങനെയാണ് സി.പി.എമ്മും റിവിഷനിസ്റ്റായെന്ന് പ്രതിഷേധിച്ച് ഒരുവിഭാഗം സായുധസമരത്തിലേക്കും ബഹുജനസമര പാതയിലേക്കും നീങ്ങിയത്. 

To advertise here,

സി.പി.എമ്മിനെ ഭേദിച്ചുകൊണ്ട് കമ്യൂണിസ്റ്റ് യൂണിറ്റി സെന്റർ മുദ്രാവാക്യം മുഴക്കിയതും നക്സലൈറ്റ് പ്രസ്ഥാനം വെടിമുഴക്കിക്കൊണ്ട് രംഗപ്രവേശം നടത്തിയതും അതിന്റെ ചരിത്രദൃഷ്ടാന്തം. ബഹുജനസമരത്തിന്റെ നയരേഖ ഉയർത്തിപ്പിടിച്ച് പാർട്ടിയിൽ ആശയ പോരാട്ടം നടത്തിയ കേന്ദ്രക്കമ്മിറ്റിയംഗം ടി.നാഗിറെഡ്ഡിയായിരുന്നു. കേരളത്തിനും ഇതിന്റെ ഘടകമുണ്ടായി. കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ അന്തകനായ ആധുനികശങ്കരനാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടെന്ന് കണ്ണൂരിലെ പൊതുയോഗത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പറഞ്ഞു നാഗിറെഡ്ഡി പ്രസംഗിച്ചിട്ടുണ്ട്. ചാരുമജുംദാറിന്റെയും കനുസന്യാലിന്റെയും ആവിർഭാവവും കണ്ടു. 

റിവിഷനിസത്തിന്റെ പേരിൽ ചോര തിളച്ചവർ യോഗങ്ങളിലും സമ്മേളനങ്ങളിലും ഇ.എം.എസിനെതിരേ പോലും വിരൽചൂണ്ടി. എങ്ങനെയാണ് ഈ പാർട്ടിയുണ്ടാക്കിയതെന്ന് നമ്പൂതിരിപ്പാടിന് അറിയാമോയെന്ന് നേർക്കുനേരെ വിരൽചൂണ്ടിക്കൊണ്ട് ചിലർ രോഷം പൂണ്ടിട്ടുണ്ട്. തുടക്കത്തിൽ സി.പി.ഐ.യുടെ ഔദ്യോഗിക ലൈനിനും പിൽക്കാലത്ത് സി.പി.എമ്മായി മാറിയവരുടെ ലൈനിനും അപ്പുറത്ത് മൂന്നാമതൊരു ലൈനിനൊപ്പമായിരുന്നു ഇ.എം.എസ്. ഇത്തരം വ്യതിയാനത്തെ തരാതരം വ്യാഖ്യാനിച്ച് പാകം ചെയ്യാനുള്ള ശേഷി നേതൃത്വത്തിനും അത് ദഹിപ്പിക്കാനുള്ള ശേഷി അനുയായി വൃന്ദത്തിനുമുണ്ടായിരുന്നു. ആ ശാരീരികവഴക്കം സൂക്ഷിക്കാനാകുന്നതാണ് പാർട്ടിയുടെ ഇതുവരെയുള്ള ജൈവഘടന.

placeholder
Representational Image | Mathrubhumi
സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് 

കമ്യൂണിസ്റ്റ് തോലിട്ട മുതലാളിത്തമോ

 പ്രത്യയശാസ്ത്രത്തെ കുറിച്ചുള്ള ആകുലതകളും ആശങ്കകളുമല്ല ഇപ്പോൾ പാർട്ടിയെ അലട്ടുന്നത്. ഭരണവർഗ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മൂലധനബന്ധങ്ങളെ കുറിച്ചാണ്. അതാകട്ടെ ഒട്ടും സന്ദിഗ്ധതകളില്ലാതെ അതിജീവനത്തിനായി അധികാര രാഷ്ട്രീയത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് ഭരണം അരക്കിട്ടുറപ്പുക്കുന്നതിന് മൂലധനവുമായി പൂർണമായി സന്ധി ചെയ്യാനുള്ള നയപരിപാടികൾക്ക് കീഴടങ്ങൽ മാത്രം. അതുകൊണ്ടുതന്നെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ സ്വകാര്യമൂലധനത്തെ വാരിപ്പുണരുന്നതിൽ സന്ദേഹങ്ങളില്ല. മൂലധനത്തിന്റെ പിൻപേ പറക്കുന്ന പക്ഷിയായി സി.പി.എം. മാറി. സി.പി.എം. വലതുപക്ഷ പാർട്ടിയെന്ന് ആക്ഷേപിക്കുന്ന കോൺഗ്രസിനെ പോലും ലജ്ജിപ്പിക്കും വിധത്തിലാണ് സി.പി.എമ്മിന്റെ നയവ്യതിയാനം. കമ്യൂണിസ്റ്റ് തോലിട്ട മുതലാളിത്ത പാർട്ടിയായി ചുരുങ്ങിയെന്ന് വിമർശമുയർന്നുതുടങ്ങിയിട്ട് കുറച്ചുകാലമായി. 

പാർട്ടി ഓഫീസുകളിൽ കട്ടൻചായയുടെ കയ്പ്പും ചൂടുമറിഞ്ഞ് വിയർത്തൊലിച്ചുകൊണ്ട് നരച്ചതലകളുടെ അനുഭവസമ്പത്തിൽ ഉരുത്തിരിയുന്ന ചർച്ചകളല്ല ഇന്ന് പാർട്ടി നയപരിപാടികളുടെ ആസൂത്രണത്തിലെ മൂലധനം. കമ്പോളമൂലധന വഴികളിലൂടെയാണ് പാർട്ടിയും ഭരണവും നയപരിപാടികൾ ആസൂത്രണം നടത്തുന്നത്. അതാകട്ടെ സോഷ്യൽ എൻജിനിയറിങ്ങിനെ ആശ്രയിക്കുന്ന ആസൂത്രണവുമാണ്. ഉപദേശീയതകളുടെ സങ്കലനമാണ് ഇന്ത്യയുടെ ദേശീയത. ഏതെങ്കിലും ഒന്നോ രണ്ടോ ഉപദേശീയത രാജ്യത്തിന്റെ ദേശീയതയുടെ ഭാഗധേയം പൂർണമായി നിർണയിക്കുന്നില്ല. അത് അജൈവികവും രാഷ്ട്രക്രമത്തിന് ഉലച്ചിലുണ്ടാക്കുന്നതുമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ദേശീയരാഷ്ട്രീയം പൂർണമായി നിർണയിക്കുക ആത്മഹത്യാപരമായിരിക്കും. 

കേരളം ഇന്ത്യയെ ഭരിക്കുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കൂ. അത്തരം അവസ്ഥയിലേക്കാണ് സി.പി.എം. എത്തിച്ചേർന്നിരിക്കുന്നത്. ഭരണവർഗ രാഷ്ട്രീയത്തിന് ചേർന്ന് കേരളത്തിനായി ദേശീയരാഷ്ട്രീയം രൂപപ്പെടുത്തുക അഥവാ ചെരിപ്പിന് അനുസരിച്ച് കാലുമുറിക്കുക. അടുത്ത പാർട്ടി കോൺഗ്രസോടെ കേരളം മാത്രം ഇന്ത്യയെ നിർണയിക്കുന്ന രാഷ്ട്രീയത്തിന്റെ പൂർണതയിലേക്കുള്ള വഴികളാണ് സി.പി.എമ്മിന്റെ കൊല്ലം സംസ്ഥാനസമ്മേളനം കഴിഞ്ഞതോടെ തെളിഞ്ഞുവന്നത്. 

സമരത്തിന്റെ തീപ്പന്തമായിരുന്ന പാർട്ടി

സി.പി.എമ്മിന് ഞെട്ടലും അമ്പരപ്പുമുണ്ടാക്കിയാണ് 1960-കളുടെ അവസാനം സി.പി.ഐ. കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേറിയത്. ആ മന്ത്രിസഭയ്ക്ക് അധികം ആയുസുണ്ടാകില്ലെന്നായിരുന്നു അപ്പോൾ സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ 1970-ൽ നടന്ന തിരഞ്ഞെടുപ്പിലൂടെ ഐക്യമുന്നണി സർക്കാർ വീണ്ടും അധികാരത്തിലേറി. പുതിയ ദിശാബോധം നൽകുന്ന നവകേരളത്തിലേക്ക് നയിക്കാനുള്ള പദ്ധതികളും പ്രവർത്തനങ്ങളുമായി സി.അച്യുതമേനോൻ മന്ത്രിസഭ മുന്നോട്ടുപോയി. 

placeholder
സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് | Photo: PTI

സ്വകാര്യമൂലധനം തേടി വ്യവസായമന്ത്രി ടി.വി. തോമസിന്റെ ജപ്പാൻ യാത്ര, ഭൂപരിഷ്കരണം നടപ്പാക്കൽ, കാർഷികരംഗത്ത് യന്ത്രവത്കരണം നടപ്പാക്കാനുള്ള ശ്രമം എന്നിവയുമായി സർക്കാർ മുന്നോട്ടുനീങ്ങി. പിന്നീട് കേരളം കണ്ടത് ഇന്നും സമാനതകളില്ലാത്ത സമരങ്ങളുടെ പ്രവാഹമായിരുന്നു. അക്ഷരാർഥത്തിൽ തീപ്പൊരി സമരങ്ങൾ. പാർട്ടി തീപ്പന്തമായി. സംഘടനകളിലെ കർഷകരും തൊഴിലാളികളും മാത്രമല്ല, പാർട്ടി അനുകൂല സംഘടനകളിലെ ജീവനക്കാരും അധ്യാപകരും വരെ തെരുവുകളിലേക്കിറങ്ങി. വയലേലകളിൽ ട്രാക്ടറുകളും ടില്ലറുകളും തല്ലിപ്പൊളിച്ചു. ട്രാൻസ്ഫോർമറുകൾ തകർത്തു. സർക്കാർ ജീവനക്കാരുടെ ഒരുമാസത്തോളം നീണ്ട പണിമുടക്ക്. അക്രമാസക്തരായ സമരക്കാർ സർക്കാർ ബസിന് തീവെച്ചു. മൂന്ന് യാത്രക്കാർ വെന്തുമരിച്ചു. അത് ഉത്തരേന്ത്യയിലായിരുന്നില്ല, മട്ടന്നൂരിലായിരുന്നു. ഈ സംഭവം വളരെക്കാലത്തേക്ക് മട്ടന്നൂരിൽ സി.പി.എമ്മിന് രാഷ്ട്രീയപ്രവർത്തനം നടത്താകാത്ത അവസ്ഥയിലേക്കെത്തിച്ചുവെന്ന് എം.വി.രാഘവൻ  'ഒരുജന്മം' എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ കുറ്റബോധത്തോടെ വിവരിക്കുന്നുണ്ട്. 

സ്വകാര്യമൂലധനം ആകർഷിക്കൽ, യന്ത്രവത്കരണം തുടങ്ങി അന്ന് ചെയ്ത സമരങ്ങൾക്കെല്ലാം കാവ്യനീതിയോടെ കാലം സി.പി.എമ്മിന് മുന്നിൽ വന്നുനിൽക്കുകയാണ്. മൂർത്ത സാഹചര്യത്തിൽ മൂർത്തമായ തീരുമാനമെന്ന് വ്യാഖ്യാനങ്ങളോടെ അണികൾക്ക് മുന്നിൽ തത്കാലം പിടിച്ചുനിൽക്കാമെന്നുമാത്രം. 

നയവൈരുദ്ധ്യം

ഒരേ വിഷയത്തിൽ വിരുദ്ധനിലപാടാണ് സി.പി.എം. സമ്മേളനത്തിൽ മുഴച്ചുനിൽക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ സ്വകാര്യവത്കരണത്തിനെതിരേ കേന്ദ്രത്തിനെതിരെ സമ്മേളനത്തിൽ പ്രമേയം പാസാക്കി. അതേസമയം പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യപങ്കാളിത്തം ആകർഷിക്കുന്ന പ്രമേയത്തിനും അംഗീകാരം നേടി. പാർട്ടിയും ഭരണവും വിരുദ്ധദിശകളിൽ സഞ്ചരിക്കുന്നതാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. പാർട്ടി സഞ്ചരിക്കുന്ന വഴിയിലൂടെയാണ് സർക്കാർ നീങ്ങുന്നത്. സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളരേഖ ഭരണത്തിന്റെ വഴിവിട്ട സഞ്ചാരത്തിനുള്ള അംഗീകാരത്തിന് കൂടിയായി. ഭരണത്തിലൂടെ മാത്രമെ അതിജീവനം സാധ്യമുള്ളുവെന്ന അവസ്ഥയിലെത്തിച്ചേർന്നിരിക്കുന്നു. 

ഭരണതലത്തിൽ കിളിവാതിലിനുപകരം വലിയ ജനാല വെച്ചിരിക്കുന്നുവെന്നേയുള്ളു. നൂണ്ടുകയറാവുന്ന പടിക്കെട്ടുകൾക്ക് പകരം നിവർന്നു കയറാവുന്ന അവസ്ഥയ്ക്ക് ഔദ്യോഗിക അംഗീകാരം. അറ്റകുറ്റപ്പണിയോ നവീകരണമോ കൊണ്ട് താത്കാലികമായ രക്ഷപ്പെടൽ മാത്രമാണ് ലക്ഷ്യം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ അധികാരത്തിനായി മൂലധനത്തിന്റെ മാനിഫെസ്റ്റോയാക്കി മാറ്റിയെഴുതിയിരിക്കുന്നു, അഥവാ ഒരുകൈയിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മറുകൈയിൽ മൂലധനത്തിന്റെ മാനിഫെസ്റ്റോയുമായി നീങ്ങുന്ന വിചിത്രമായ കാഴ്ച. 

നവകേരളരേഖ ഭരണത്തിന് പാർട്ടിയിൽ നിന്ന് മാറി സ്വതന്ത്രറിപ്പബ്ലിക്കായി സഞ്ചരിക്കുന്നതിനുള്ള അംഗീകാരമാണ്. ഭാവിയിൽ പാർട്ടിയിൽ നിന്ന് നയവ്യതിയാനം ആരോപിച്ച് രംഗത്തുവന്നാലോയെന്ന ശങ്ക ഭൂതകാല അനുഭവം മുന്നിലുള്ളവർക്ക് മുന്നിലുണ്ടെന്ന് കാണാം. അത്തരം പ്രത്യയശാസ്ത്ര മന്ത്രധ്വനികൾക്കെതിരായ പ്രതിരോധമാർഗം. കിളിവാതിലിന്നു പകരം വലിയ ജനാല തുറന്നിട്ടിരിക്കുന്നതായി തോന്നിപ്പിക്കുന്ന മാറ്റം. എന്നാൽ അതാകട്ടെ ഭരണതലത്തിൽ മൂലധനത്തിന്റെ കാര്യത്തിൽ മാത്രം. പാർട്ടിയിലേക്ക് ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടത്തിവിടാൻ അനുവദിക്കില്ല. ഉണ്ടെങ്കിൽ തന്നെ കിളിവാതിലിനെ മാത്രം ആശ്രയിച്ചായിരിക്കും. മാറ്റമാകട്ടെ പരിപ്പുവടയിൽ നിന്ന് ബർഗറിലേക്ക് മാത്രം. 

തിരയല്ല, പാർട്ടി കപ്പലിന്റെ ക്യാപ്റ്റൻ

പാർട്ടിയാകുന്ന സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നുനിൽക്കുമ്പോൾ മാത്രമേ ഏതൊരു പ്രവർത്തകനും കരുത്തുള്ളൂ. അതിൽ നിന്ന് മാറി നിന്ന് ആർക്കും പ്രത്യേകമായ കരുത്തില്ലെന്നത് പിണറായിയുടെ പഴയ ശംഖുമുഖം വചനം. പിണറായി വെറും തിരയല്ല. ഇന്നത്തെ സി.പി.എമ്മിന്റെ കപ്പിത്താനാണ്. അണികളാകട്ടെ തിരമാലകളും. കേവലം തിരയല്ല പിണറായി. അണികളാകുന്ന തിരകളടങ്ങിയ പാർട്ടിസമുദ്രത്തിന്റെ മാർത്തട്ടിലൂടെ ഭരണത്തിന്റെയും പാർട്ടിയുടെയും കപ്പലോടിച്ച് നീങ്ങുന്ന ക്യാപ്റ്റൻ.

placeholder
പിണറായി വിജയൻ 

2015-ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ നിന്ന് വി.എസ്. അച്യുതാനന്ദൻ ഇറങ്ങിപ്പോയിരുന്നു. മാധ്യമങ്ങൾ വി.എസിന്റെ ഇറങ്ങിപ്പോക്കിനെ കേന്ദ്രീകരിച്ചു. സമാപനസമ്മേളത്തിൽ പുന്നപ്രയുടെയും വയലാറിന്റെയും മണ്ണിനെ സാക്ഷിയാക്കി പിണറായി വി.എസിന് നൽകിയ മറുപടി കണ്ണൂർ ശൈലിയിലുള്ള ചൊല്ലുകൊണ്ടായിരുന്നു. ആരെയും പേടിയില്ലെങ്കിൽ വീട്ടിലെ തൂണിനെയെങ്കിലും പേടിക്കണം. പാർട്ടിയുടെ നെടുംതൂൺ തന്നെയായ പിണറായി ഈ ചൊല്ലുകൾക്കെല്ലാം അപ്പുറത്താണ് നിൽക്കുന്നത്. 

സെക്രട്ടറിയില്ലാത്ത പാർട്ടി

കേന്ദ്രീകൃതജനാധിപത്യ സംഘടനാക്രമത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ പരമോന്നത സമിതി കേന്ദ്രക്കമ്മിറ്റിയും സംസ്ഥാനതലത്തിൽ സംസ്ഥാന കമ്മിറ്റിയുമാണ്. ഈ കമ്മിറ്റികളെ നയിക്കുന്നയാളെന്ന നിലയിൽ പാർട്ടിയുടെ ഹൈക്കമാൻഡ് പാർട്ടി സെക്രട്ടറിയാണ്. ഏതുകാലത്തും പാർട്ടി സെക്രട്ടറി അധികാരകേന്ദ്രമായി മാറാറുണ്ട്. താമസിയാതെ സംഘടന അടിമുടി സെക്രട്ടറിയുടെ വിരൽത്തുമ്പിലേക്കെത്തിക്കും. അതാണ് ജനാധിപത്യത്തെ തലകീഴായി നിർത്തുന്ന കേന്ദ്രീകൃത ജനാധിപത്യം. എന്നാൽ, കേരള സി.പി.എമ്മിലെ ആ ചരിത്രത്തിനും പാരമ്പര്യത്തിനുമാണ് ഒരു പതിറ്റാണ്ടായി മാറ്റം വന്നിരിക്കുന്നത്. പിണറായി വിജയനുശേഷമെത്തിയ കോടിയേരി ബാലകൃഷ്ണന് കിട്ടിയ സ്വാധീനം പോലും തുടർന്നെത്തിയ ഗോവിന്ദന് സംഘടനാപരമായി കിട്ടിയിട്ടില്ല. 

സ്ഥാനത്തും അസ്ഥാനത്തുമുള്ള സൈദ്ധാന്തിക വാഗ്ധോരണികളാലുള്ള പ്രത്യയശാസ്ത്രത്തിന്റെ ചുവപ്പുമേലങ്കി മാത്രമാണ് ഗോവിന്ദനെ പ്രസക്തനാക്കുന്ന ഏകഘടകം. രാവിലെ ഉച്ചയ്ക്കും രാത്രിയും വെവ്വേറെ പറയുന്ന സെക്രട്ടറിയെന്ന സംസ്ഥാന സമ്മേളനത്തിലെ വിമർശനത്തിലേക്കാണ് അത് ചെന്നുപതിച്ചിരിക്കുന്നത്. പ്രത്യയശാസ്ത്ര മന്ത്രോച്ചാരണങ്ങൾക്ക് ഇക്കാലത്ത് പ്രസക്തിയില്ലെന്ന് പിണറായി സ്വന്തം ചരിത്രത്താൽ വർഷങ്ങൾക്ക് മുമ്പേ അടിവരയിട്ടിട്ടുണ്ട്. അത് തിരിച്ചറിയാനാകാതെ പോയതാണോ അതിനെ ജാർഗണുകളാൽ പരിഹസിക്കുകയാണോ ഗോവിന്ദൻ ചെയ്യുന്നതെന്ന് വ്യക്തമല്ല. പക്ഷേ, പരിഹാസ്യതയാണ് അത് പൊതുവെ ജനിപ്പിക്കുന്നത്. മൂലധനത്തെ മുഖംനോക്കാതെ പരിരംഭണം ചെയ്യുന്ന രാഷ് ട്രീയത്തിന്റെ പുത്തൻ പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങൾക്ക് മാത്രമാണ് ഇനി പ്രസക്തി.