കൊല്ലം: സംസ്ഥാന സമ്മേളനത്തിൽ തനിക്കുനേരേ വിമർശനമുന്നയിച്ചവർക്കെതിരേ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കാസർകോട്, എറണാകുളം, കോട്ടയം ജില്ലകളിലെ പ്രതിനിധികൾക്കു നേരേയായിരുന്നു ഗോവിന്ദൻ തിരിഞ്ഞത്. അധികാരമോഹിയായ നേതാവാണ് വിമർശനമുയർത്തിയതെന്നു പ്രതിനിധിയുടെ പേരുപറഞ്ഞ്‌ തുറന്നടിച്ചു.

To advertise here,

കാസർകോട് ജില്ലയിൽ ബാറിനുമുന്നിൽ ബിവറേജസ് വിൽപ്പനശാല തുടങ്ങി വിവാദമായ സംഭവത്തിൽ ഇദ്ദേഹത്തിനെതിരേ സംസ്ഥാന കമ്മിറ്റി നടപടിയെടുക്കാൻ നിർദേശിച്ചിട്ടും നടപടിയെടുക്കാത്തത്‌ എന്തുകൊണ്ടാണ്. ബെവ്കോ ഡയറക്ടർ ബോർഡ്‌ അംഗംകൂടിയായ ഇദ്ദേഹത്തിന്റെ നിലപാടുകാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക്‌ 5000 വോട്ടുവരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രതിനിധികളുടെ വിമർശനത്തിലും രൂക്ഷമായ രീതിയിലാണ് ഗോവിന്ദൻ പ്രതികരിച്ചത്. എറണാകുളത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ പേരിൽ ക്രൈസ്തവവിഭാഗത്തെ ശത്രുപക്ഷത്താക്കിയ പ്രവർത്തനമാണു നടന്നത്. ഇതൊന്നും ഒരിക്കലും പാടില്ലാത്തതായിരുന്നു. 2002-നുശേഷം മെമ്പർഷിപ്പിലെത്തിയവരാണ് പാർട്ടിയിൽ ഇപ്പോഴുള്ള 50 ശതമാനം പേരും. ഇവർക്ക്‌ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്. അത്‌ അവരുടെ പ്രവർത്തനത്തിലും പ്രതികരണത്തിലും പ്രകടമാകുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

മദ്യപാനത്തിൽ ചർച്ചചെയ്യാൻ ആർജവമില്ല

: മദ്യപാനവിഷയത്തിൽ താൻ പറഞ്ഞ കാര്യത്തിൽ ഒരാൾപോലും പരാമർശിക്കാത്തതിനെയും ഗോവിന്ദൻ വിമർശിച്ചു. ഇതിൽ പ്രതികരിക്കാൻ ആർക്കും ആർജവമില്ല. മദ്യപശീലം ഉള്ളവരെ പാർട്ടിയിൽ വേണ്ടെന്നത് തന്റെ തീരുമാനമല്ല, അത് പാലക്കാട് പ്ലീനത്തിൽ എടുത്തതാണ്. ജില്ലാ കമ്മിറ്റിവരെയുള്ള പല നേതാക്കളും മദ്യപാനം ശീലമാക്കിയവരാണെന്നറിയാം. അതിനി തുടരാൻ അനുവദിക്കില്ല. അതുകൊണ്ടാണ് മദ്യപരെ പാർട്ടിയിൽനിന്നു പുറത്താക്കിയതെന്ന്‌ ഗോവിന്ദൻ പറഞ്ഞു.