തിരുവനന്തപുരം: പുറമേക്ക് ശാന്തമായും വിഭാഗീയതയ്ക്ക് അന്ത്യംകുറിച്ചതായി പ്രഖ്യാപിച്ചും സി.പി.എം. സംസ്ഥാനസമ്മേളനത്തിന് കൊടിയിറങ്ങിയപ്പോള്‍ അടക്കിപ്പിടിച്ച അപസ്വരങ്ങള്‍ പാര്‍ട്ടിയെ അസ്വസ്ഥപ്പെടുത്തുന്നു. നേതാക്കള്‍ അവഗണിക്കപ്പെടുന്നെന്നതും നേതൃഘടകത്തിലേക്ക് പരിഗണിക്കപ്പെടുന്നതിന്റെ മാനദണ്ഡം നേതാക്കള്‍ക്കുപോലും ബോധ്യപ്പെടുന്നില്ല എന്നതുമാണ് ഇതിനുകാരണം.

To advertise here,

'വഞ്ചിക്കപ്പെട്ടു' എന്ന പത്തനംതിട്ട ജില്ലാസെക്രട്ടേറിയറ്റ് അംഗമായ എ. പത്മകുമാറിന്റെ പ്രതികരണം പുറത്തുവന്ന ഒറ്റപ്പെട്ട വാക്കുമാത്രമാണ്. ജെ. മേഴ്സിക്കുട്ടിയമ്മ, പി. ജയരാജന്‍ തുടങ്ങിയ മുതിര്‍ന്നനേതാക്കളെല്ലാം അവഗണിക്കപ്പെട്ടതിന്റെ ഖിന്നത ഉള്ളില്‍പ്പേറുന്നവരാണ്.

''എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ലല്ലോ, എല്ലാവശങ്ങളും പരിശോധിച്ചാണ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചത്'' ഇതായിരുന്നു സംസ്ഥാനകമ്മിറ്റി - സെക്രട്ടേറിയറ്റ് അംഗങ്ങളെ നിശ്ചയിച്ചതിനെക്കുറിച്ച് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. ''നാളെ പാര്‍ട്ടിക്ക് തിരുത്തേണ്ടിവരും'' എന്ന് കൊല്ലത്തുനിന്ന് മടങ്ങുമ്പോള്‍ പദ്മകുമാര്‍ പ്രതികരിച്ചത്, പാര്‍ട്ടി പരിശോധിച്ച 'എല്ലാവശങ്ങളു'ടെയും മാനദണ്ഡം അത്രഗുണകരമല്ലെന്ന് ഓര്‍മ്മപ്പെടുത്താനാണ്.

എറണാകുളം സമ്മേളനത്തിലാണ് ഉടച്ചുവാര്‍ക്കല്‍ രീതി പാര്‍ട്ടിയില്‍ ഒറ്റയടിക്ക് നടപ്പാക്കിയത്. യുവനിരയില്‍നിന്ന് എട്ടുപേരെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പാര്‍ട്ടിക്ക് ചെറുപ്പംവന്നെന്നാണ് വിലയിരുത്തലുണ്ടായത്. കൊല്ലത്ത് അത്രയൊന്നുമുള്ള മാറ്റംവരുത്തിയിട്ടില്ല. പക്ഷേ, ഉപരിഘടകത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പ്രവര്‍ത്തനകാലവും പാര്‍ട്ടിക്കുവേണ്ടി അനുഭവിച്ച ത്യാഗവുമെല്ലാം പരിഗണിക്കപ്പെടുമെന്ന പൊതുരീതി തെറ്റിക്കുകയെന്നത് പാര്‍ട്ടിയില്‍ വന്നുകഴിഞ്ഞെന്ന് കൊല്ലം ബോധ്യപ്പെടുത്തുന്നു.

രാഷ്ട്രീയശത്രുക്കളാല്‍ വെട്ടിനുറുക്കപ്പെട്ട ശരീരവുമായി, വീര്യംചോരാത്ത നേതാവായി പ്രവര്‍ത്തിക്കുന്ന പി. ജയരാജനെ മാറ്റിനിര്‍ത്തുകയും അദ്ദേഹത്തെക്കാള്‍ ചെറുപ്പവും നിലവിലെ ജില്ലാസെക്രട്ടറിയുമായ എം.വി. ജയരാജന്‍ സംസ്ഥാനസെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്നതില്‍ ഈ താളംതെറ്റിക്കലുണ്ട്. വര്‍ഷങ്ങളായി സംസ്ഥാനകമ്മിറ്റിയില്‍ ഒതുങ്ങിക്കൂടേണ്ടിവരുന്ന മേഴ്സിക്കുട്ടിയമ്മയ്ക്കും ആ തോന്നല്‍ സ്വാഭാവികമാണ്.

നേതൃനിരയിലെ സ്ത്രീപ്രാതിനിധ്യം; പ്രതിഫലിച്ചില്ലെന്ന് എൻ. സുകന്യ

കണ്ണൂർ: പാർട്ടിയിൽ ഉൾപ്പെടെ എല്ലാരംഗത്തും സ്ത്രീകൾ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും നേതൃനിരയിലേക്ക് അതിന്റെ പ്രതിഫലനം ഉണ്ടായിട്ടില്ലെന്ന് സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോ. സെക്രട്ടറിയുമായ എൻ. സുകന്യ. സംസ്ഥാനസമ്മേളനം കൊടിയിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി രംഗത്തുവന്നത്. വനിതാ അംഗങ്ങളുടെ എണ്ണം 25 ശതമാനത്തിലെത്തിക്കണമെന്ന ലക്ഷ്യം സംസ്ഥാനത്ത് പൂർത്തിയാക്കാനായിട്ടില്ല. അത് 22 ശതമാനത്തിൽ നിൽക്കുകയാണ്. എങ്കിലും മുൻപത്തേക്കാൾ അംഗത്വത്തിലും പ്രവർത്തനരംഗത്തും സ്ത്രീകളുണ്ട്.

'ഓരോ അനീതിയിലും നിങ്ങൾ കോപത്താൽ വിറയ്ക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ സഖാവാണ്- ചെഗുവേര' എന്ന കുറിപ്പ് പ്രൊഫൈൽ ചിത്രത്തിനൊപ്പം സുകന്യ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത് വാർത്തയായിരുന്നു. പ്രൊഫൈൽ മാറ്റിയിട്ടതിൽ ദുർവ്യാഖ്യാനങ്ങൾ വേണ്ടെന്ന് അവർ പ്രതികരിച്ചു.