
രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കരുത്തുറ്റ സംഘടനാസംവിധാനമുള്ള ജില്ലയാണ് കണ്ണൂര്‍. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പവര്‍ ഹൗസ്. അത് ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലുമുള്ള കണ്ണൂർ നേതാക്കളുടെ എണ്ണം. സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന എല്ലാം കണ്ണൂരിന് എന്ന വിമര്‍ശനമുനയെ മെറിറ്റ് എന്ന മറുവാക്കില്‍ ഒടിച്ചെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും കണ്ണൂര്‍ അപ്രമാദിത്വം കാണാം. 17 പേരടങ്ങുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഞ്ചുപേരും കണ്ണൂരില്‍ നിന്നുള്ള നേതാക്കളാണ്. 89 അംഗങ്ങളുള്ള സംസ്ഥാന സമിതിയില്‍ 17 പേരാണ് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍. പ്രായപരിധി കടന്നതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മൂന്ന് നേതാക്കള്‍ ഒഴിവാക്കിയതിന് പകരമെത്തിയ നേതാക്കളില്‍ രണ്ടുപേരും കണ്ണൂരില്‍ നിന്നുള്ളവരാണ്.
ഇനി സംസ്ഥാന സമിതിയിലേക്ക് വന്നാല്‍ അവിടെയും കണ്ണൂര്‍ ആധിപത്യമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ജില്ലയിലെ 17 നേതാക്കളാണ് സംസ്ഥാന സമിതി അംഗളായിട്ടുള്ളത്. എം.വി.ഗോവിന്ദന്‍, ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, എം.വി.ജയരാജന്‍, പി.ജയരാജന്‍, കെ.കെ.രാഗേഷ്, ടി.വി.രാജേഷ്, എ.എന്‍.ഷംസീര്‍, കെ.സജീവന്‍, പാനോളി വത്സന്‍, പി.ശശി, എന്‍.ചന്ദ്രന്‍, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം.പ്രകാശന്‍ മാസ്റ്റര്‍, വി.കെ.സനോജ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ കണ്ണൂര്‍ സാന്നിധ്യം.
89 അംഗങ്ങളുള്ള സംസ്ഥാന സമിതിയില്‍ 17 പേരാണ് ഇത്തവണ പുതുമുഖങ്ങളായി എത്തിയിട്ടുള്ളത്. ഇതില്‍ തന്നെ നാലുപേര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. ഡി.വെ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, രാജ്യസഭാ എം.പിയായ ജോണ്‍ ബ്രിട്ടാസ്, മുന്‍ എം.എല്‍.എ. എം.പ്രകാശന്‍ മാസ്റ്റര്‍, ബിജു കണ്ടക്കൈ എന്നിവരാണ് സംസ്ഥാന സമിതിയില്‍ പുതുതായി എത്തിയ കണ്ണൂരില്‍ നിന്നുള്ള അംഗങ്ങള്‍.
ഇതോടെ സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും തുടങ്ങി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും താക്കോല്‍ സ്ഥാനം ഭൂരിഭാഗവും കണ്ണൂരില്‍ നിന്നുള്ള നേതാക്കളാണ് കൈയ്യാളുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തെ പ്രതിനിധീകരിച്ചുള്ള അംഗങ്ങളിലും കണ്ണൂരിനാണ് മേധാവിത്വം. പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍, ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ എന്നീ അഞ്ചുപേരാണ് കണ്ണൂരില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍. ഈ സാഹചര്യത്തിലാണ് എല്ലാം കണ്ണൂരിന് എന്ന് സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള മറ്റ് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിക്കുന്നത്.
പാര്‍ട്ടി സെക്രട്ടറി എപ്പോഴും പറയും മെറിറ്റ് മെറിറ്റെന്ന്. പക്ഷേ, പദവികളുടെ കാര്യം വരുമ്പോള്‍ ഒരു ജില്ലയിലേക്ക് കേന്ദ്രീകരിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പ്രതിനിധിയാണ് കണ്ണൂരെന്ന് പേര് പരാമര്‍ശിക്കാതെ ഒരു ജില്ലയുടെ ആധിപത്യത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചത്. ഇതിനാണ് പാര്‍ട്ടി മെറിറ്റ് മാത്രമാണ് നോക്കുന്നത്, മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പദവികളിലേക്ക് ആളുകളെ നിയോഗിക്കുക എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മറുപടി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന പ്രധാന പദവികളിലുള്ളവരെല്ലാം മാറുമ്പോഴും കണ്ണൂരുകാര്‍തന്നെ വരുന്നു എന്നതായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം. യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച ആളുകളെ നിയോഗിക്കുന്നതിനപ്പുറം ഒരു ജില്ലയ്ക്കും പ്രത്യേക സംവരണമോ ജില്ലനോക്കി പദവികള്‍ വീതംവെക്കുന്ന രീതിയോ പാര്‍ട്ടിയിലില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Kannur districts significant influence in the CPM state secretariat and committee
Published: 09 Mar 2025, 07:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented