ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലെ പെനാല്‍റ്റി ഷൂട്ടൗട്ട് വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ സവിത പുനിയ.

To advertise here,

ഷൂട്ടൗട്ടിനിടെയുണ്ടായ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് പറഞ്ഞ സവിത, ഇത് മറികടക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് ഏഴിന് ന്യൂസീലന്‍ഡിനെതിരായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ പ്രധാനമെന്നും അവര്‍ വ്യക്തമാക്കി.

''ഇഞ്ചോടിഞ്ച് മത്സരമായിരുന്നു അത്. ചിലപ്പോള്‍ ചില തീരുമാനങ്ങള്‍ നിങ്ങളുടെ വഴിക്കാകണമെന്നില്ല, അത് കാര്യങ്ങള്‍ കൂടുതല്‍ കഠിനമാക്കും. ആദ്യ കിക്ക് വീണ്ടുമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് ഞങ്ങള്‍ക്ക് തിരിച്ചടിയായി. എന്നാല്‍ അതേസമയം ഇതെല്ലാം കളിയുടെ ഭാഗമാണ്. ഞങ്ങള്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.'' - ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം സോണി സ്‌പോര്‍ട്‌സിന് നല്‍കിയ പ്രതികരണത്തില്‍ സവിത വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി (3-0). നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. റെബേക്ക ഗ്രെനിയര്‍ ഓസീസിനായി സ്‌കോര്‍ ചെയ്തപ്പോള്‍ വന്ദന കതാരിയയായിരുന്നു ഇന്ത്യയുടെ ഗോള്‍ നേടിയത്.

പിന്നാലെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിന്റെ ആദ്യ കിക്കിലാണ് വിവാദമായ തീരുമാനമുണ്ടായത്. ഓസീസിന്റെ ആംബ്രോസിയ മലോണ്‍ എടുത്ത ആദ്യ കിക്ക് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത സേവ് ചെയ്തു. എന്നാല്‍ കിക്ക് എടുക്കുമ്പോള്‍ അധികൃതര്‍ ടൈമര്‍ ഓണ്‍ ചെയ്യാന്‍ മറന്നുവെന്ന കാരണം പറഞ്ഞ് ഓസീസ് ടീമിനോട് വീണ്ടും കിക്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ശ്രമത്തില്‍ മലോണ്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഇതാണ് വിവാദത്തിന് വഴിവെച്ചത്.