ആംസ്റ്റൽവീൻ (നെതർലൻഡ്‌സ്): വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. പ്ലേ ഓഫ് പോരാട്ടത്തിൽ ജർമനിയെ കീഴടക്കിയാണ് ഇന്ത്യ അഞ്ചാം സ്ഥാനം ഉറപ്പിച്ചത്. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് ഇന്ത്യൻ വനിതകളുടെ ജയം. 1974 ന് ശേഷം ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്ഥാനമാണിത്. 1974 ൽ ഇന്ത്യ നാലാം സ്ഥാനക്കാരായിരുന്നു.

To advertise here,

ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. ഇരുടീമുകളും വിട്ടുകൊടുക്കാതെ പോരാടി. ഇന്ത്യയും ജർമനിയും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതോടെ ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിൽ കളി മാറി. മൂന്നാം ക്വാർട്ടറിന്റെ അവസാനം ഇന്ത്യ മുന്നേറ്റങ്ങൾക്ക് വേഗത കൂട്ടിയതോടെ ജർമനിക്ക് പിടിച്ചുനിൽക്കാനായില്ല.

ജർമനിക്കെതിരേ ഗോളടിച്ച് ഇഷികയാണ് ഇന്ത്യക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. മിനിറ്റുകൾക്കകം പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് നവനീത് കൗർ രണ്ടാം ഗോളും കണ്ടെത്തി. മൂന്നാം ക്വാർട്ടറിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യ മുന്നിട്ടുനിന്നു. അവസാനക്വാർട്ടറിൽ തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു ജർമനി. എന്നാൽ നാലാം ക്വാർട്ടറിലും ഇന്ത്യ ലക്ഷ്യം കണ്ടതോടെ ജർമനി പരാജയം ഉറപ്പിച്ചു. നവനീത് കൗർ മത്സരത്തിലെ രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ അവസാനം ജർമനി ആശ്വാസഗോൾ നേടി അതോടെ 3-1 ന് മത്സരം അവസാനിച്ചു.