ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയ ഇന്ത്യയെ തകര്‍ത്ത് സ്വര്‍ണം നേടി. ഫൈനലില്‍ എതിരില്ലാത്ത ഏഴുഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഓസ്‌ട്രേലിയ ഇന്ത്യയെ തകര്‍ത്തത്. 

To advertise here,

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജേക്കബ് ആന്‍ഡേഴ്‌സണും നഥാന്‍ എഫ്‌റൗംസും രണ്ട് ഗോള്‍ വീതം നേടി. ടോം വിക്കാം, ബ്ലേക്ക് ഗ്ലോവേഴ്‌സ്, ഫ്‌ളിന്‍ ഒഗില്‍വി എന്നിവരും ലക്ഷ്യം കണ്ടു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുക എന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇത്തവണയും മങ്ങലേറ്റു. കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിച്ചപ്പോള്‍ തൊട്ട് ഓസ്‌ട്രേലിയയല്ലാതെ മറ്റൊരു ടീമും പുരുഷ ഹോക്കിയില്‍ സ്വര്‍ണം നേടിയിട്ടില്ല. ആ റെക്കോഡ് ഇത്തവണയും ഭദ്രമായി കാത്തുസൂക്ഷിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചു. 

ഇതിനുമുന്‍പ് ഇന്ത്യ 2010-ലും 2014-ലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയുടെ ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയോടെ പരാജയപ്പെട്ടു. 2010-ല്‍ 8-0 നും 2014-ല്‍ 4-0 നുമാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. 

1998-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹോക്കി ഉള്‍പ്പെടുത്തിയപ്പോള്‍ തൊട്ട് തുടര്‍ച്ചയായി ഏഴാം തവണയും സ്വര്‍ണം നേടാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചു.