ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ കോവിഡ് ബാധിതയായ താരത്തെ കളിപ്പിച്ച ഓസ്‌ട്രേലിയന്‍ ടീം വിവാദത്തില്‍. ഇന്ത്യയ്‌ക്കെതിരായ ഫൈനലിനിടെയാണ് ഈ സംഭവമരങ്ങേറിയത്. കോവിഡ് രോഗം സ്ഥിരീകരിച്ച താലിയ മഗ്രാത്ത് ഇന്ത്യയ്‌ക്കെതിരേ കളിച്ചു. രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് താരം ഗ്രൗണ്ടിലിറങ്ങിയത്. 

To advertise here,

തുടക്കത്തില്‍ മാസ്‌ക് ധരിച്ച് ഗ്രൗണ്ടിലെത്തിയ താലിയ പിന്നീട് ബാറ്റുചെയ്യാനിറങ്ങി ഏവരെയും അമ്പരപ്പിച്ചു. നാല് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്ത താലിയ പിന്നീട് ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ഫീല്‍ഡ് ചെയ്യാനുമിറങ്ങി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റും കോമണ്‍വെല്‍ത്ത് അധികൃതരും ചെയ്തത് നീതീകരിക്കാനാവാത്ത തെറ്റാണെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. 

കോവിഡ് രോഗം സ്ഥിരീകരിക്കുന്ന താരം ഉടന്‍ തന്നെ ടീം വിട്ട് ഐസൊലേഷനില്‍ പ്രവേശിക്കണമെന്നതാണ് നിയമം. ഇത് കാറ്റില്‍പ്പറത്തിയാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരേ കളിച്ചത്. കോവിഡ് രോഗമുള്ള ഒരാളെ കളിപ്പിക്കാന്‍ മുന്‍കൈ എടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോവിഡ് രോഗം പടര്‍ന്നുപിടിച്ചിരുന്നു. ഇന്ത്യയുടെ ഹോക്കി താരം നവ്‌ജോത് കൗറിന് ടൂര്‍ണമെന്റിനിടെ രോഗം സ്ഥിരീകരിച്ചിരുന്നു. താരത്തോട് ഉടന്‍ തന്നെ രാജ്യം വിടാനാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അധികാരികള്‍ ആവശ്യപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ഒത്താശ ചെയ്തുകൊടുത്ത അധികൃതര്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ച് സ്വര്‍ണം നേടി.