തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. 140 കോടി ജനങ്ങളുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് ചില വട്ടുള്ള വ്യക്തികൾ ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്‌തേക്കാമെന്നും അതിന്റെ പേരിൽ പാർട്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ രാജ്യത്ത് പലയിടത്തും നടന്ന അക്രമങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

രാജ്യത്ത് എവിടെയെങ്കിലും നടക്കുന്ന ഒറ്റപ്പെട്ട അതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിക്കല്ലെന്ന് അദ്ദേഹം പറഞ്ഞു. 1.4 ബില്യൺ ജനങ്ങളുള്ള രാജ്യത്ത് ചില വട്ടുള്ളവർ തെറ്റുകൾ ചെയ്‌തേക്കാം, എന്നാൽ അതെല്ലാം ബിജെപിയുടെ തലയിൽ കെട്ടിവെക്കുന്ന രാഷ്ട്രീയം ചെയ്യുന്നത് കോൺഗ്രസും സിപിഎമ്മും ആണെന്ന് അദ്ദേഹം ആരോപിച്ചു.

പത്തു വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് മുൻപിൽ വിശദീകരിക്കുന്നതിന് പകരം, ക്രിസ്മസ് വേളയിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ജനങ്ങളെ വിഡ്ഢികളാക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി സിഎൻഐ കത്തീഡ്രലിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് വിശ്വാസികൾ പ്രതിഷേധിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ വിശ്വാസികൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിൽ അതിന് താൻ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.