
നിറയെ ആൾക്കൂട്ടം തൊട്ടുരുമ്മി നിൽക്കുന്നുണ്ട് ചുറ്റും. കുട്ടിയാണ്, സമീപത്തെ ക്ഷേത്രത്തിലെ ഉൽസവത്തിനിടെ ഗാനമേള കേൾക്കാനെത്തിയതാണ്. മണൽ നിറഞ്ഞ മുറ്റമാകെ ആളുകളാൽ നിറഞ്ഞു. ഇടയ്ക്ക് ആഘോഷത്തോടെ പാട്ടുകൾക്കൊപ്പം നൃത്തം ചവിട്ടുന്നവർ. ഗാനമേള ട്രൂപ്പുകാർ അടുത്ത പാട്ടിലെക്ക് കടന്നു. ആരവങ്ങൾക്കിടയിലേക്ക് ആ വരികൾ കടന്നെത്തി. പിന്നീട് ഓർമ്മയിൽ തെളിഞ്ഞത് അതേവരികളാണ്.
'ആയിരം വർണ്ണങ്ങൾ കൂടെവന്നു
അഴകാർന്നോരാടകൾ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നൂ...
ആകാശം പൂത്തു'
ഓർമ്മയിലെ ക്രിസ്മസ് പാട്ടുകളുടെ തുടക്കം ഇവിടെയാണ്. പിന്നീട് ദൂരദർശനിൽ വൈകുന്നേരത്തെ ഞായറാഴ്ച സിനിമയ്ക്കിടെ ഈ പാട്ടുവന്നു കാതോടു കതോരമെന്ന സിനിമ തിരിച്ചറിയുന്ന പാട്ട്.
'ദേവദൂതർ പാടി
സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയിൽ
നിൻ പാണികളിൽ തൊട്ടു
ആടുമേയ്ക്കാൻ കൂടെ വരാം
പൈക്കളുമായ് പാടി വരാംകാതിലാരോ ചൊല്ലി'
മമ്മൂട്ടിയും സരിതയും മൈക്കിന് മുന്നിൽ പാടുന്നു.. പാട്ടിനിടയ്ക്ക് മാലാഖകളെ ഓർമ്മിപ്പിച്ച് കുട്ടികൾ.... ഒ.എൻ.വിയുടെ വരികൾ.. ഔസേപ്പച്ചന്റെ സംഗീതം... ചില നേരങ്ങളിൽ നമ്മളിലേക്ക് എത്തപ്പെടുന്ന മനുഷ്യരുണ്ട്. സങ്കടങ്ങളുടെയും സന്തോഷങ്ങളുടേയും ഏടുകളിലും പളുങ്ക് പാത്രങ്ങളിലും നിലയുറപ്പിക്കുന്നവർ. നമ്മളറിയാതെ അവർ അതിലേക്ക് അതിന്റെ ഭാഗമായി മാറുന്നു. പെട്ടെന്നൊരുനാൾ അവർ നമുക്കൊപ്പം എല്ലാ കാലത്തും ഉണ്ടാവണമെന്ന് ആശിക്കുന്നു. ജീവിതം അതിന്റെ ഒഴുക്കിനെ നിർണ്ണയിക്കുന്ന സമയത്ത് അവരുണ്ടാവും, അതിന്റെ ആഴമറിയാൻ. അങ്ങനെ വന്നൊരാൾ ഓർമ്മകളിലെത്തുമ്പോൾ രണ്ട് വരി പാട്ടിന്റെ ഒഴുക്കിലേക്കെത്തും.
പിന്നെ വർഷങ്ങൾ വീണ്ടും കഴിയുന്നു. അടുത്ത സീൻ ഈ പാട്ടിന്റെത് കുഞ്ചാക്കോ ബോബന്റെ ഹിറ്റായ ആ ഡാൻസിനൊപ്പമാണ്. ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ ഗാനമേളയിൽ പാടുന്ന പാട്ടിനൊപ്പം നൃത്തം ചവുട്ടിയപ്പോൾ കേരളമാകെ അതെറ്റെടുത്തു. കാലത്തിനൊപ്പം ഗാനമേളയിൽ പാട്ടുകേട്ട അന്നത്തെ കുട്ടി നാൽപത് കഴിഞ്ഞ് ഇതേ പാട്ട് പിന്നെയും സ്‌ക്രീനിൽ ആസ്വദിച്ചു.
'പൊന്നുംനൂലിൽ പൂത്താലിയും
കോർത്തു തന്നു
കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു
കല്യാണപ്പൂപ്പന്തൽ
സ്വർഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റിൽ കുരുത്തോല കലപില പാടും
താഴത്തോ ഭൂമിയിൽ
കല്യാണം സ്വർഗ്ഗത്തോ കല്യാണം'
മറ്റാരു ക്രിസ്മസ് പാട്ടിൽ പെട്ടന്നോർമ്മവരിക നാദിയാ മൊയ്തുവിനെയാണ്. നോക്കത്താദുരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ പാട്ട്. ബിച്ചു തിരുമലയും ജെറി അമൽദേവും ചേർന്ന് ഒരിക്കിയ വരികളുടെ താളം. ആഘോഷങ്ങളെ ചടങ്ങുകളെ നേരിൽ തന്നെ ചിത്രീകരിക്കുന്നു. അത്രയും അടുപ്പുമുള്ള മനസ്സുകൾ നിറയുന്നു.
'ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ മനസേ ആസ്വദിക്കൂ ആവോളം,
വർണ്ണക്കതിരോ സ്വർണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
വർണ്ണക്കതിരോ സ്വർണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
ഉള്ളിന്റെ ഉള്ളിലാരാരോ കത്തിച്ച
മാലപ്പടക്കോ താലപ്പൊലിയോ'
ഓർമ്മയിൽ എന്നെന്നും നിലനിൽക്കുന്ന സങ്കടങ്ങളുടെ കാലൊച്ച കേൾപ്പിക്കുന്ന സിനിമയിലൂടെ പോകുമ്പോൾ ഒരു പാട്ട് നമ്മ ഇങ്ങനെ തേടിയെത്തും. മറവിയുടെ കാലങ്ങളിൽ തിരികെയത്തുന്നത് പോലെ. രചന ഒ.എൻ.വിയാണ് കൂട്ടിന് ഔസേപ്പച്ചനുമുണ്ട്.
'കുരിശുമലയിൽ പള്ളിമണികളുണരും
പുണ്യ ഞായറാഴ്ചകൾ തോറും
കരം കോർത്തു പോകും നാം
ഓശാന പാടും നാം
വരും മാലാഖമാർ വാത്സല്യലോലം'
അതെ ആകാശദൂത് തന്നെ. സുഖസ്വപ്നങ്ങളിൽ മാലാഖ പാടുന്ന സ്‌നേഹത്തിന്റെ മധുരത്തിന്റെ ചിത്രങ്ങൾ പാട്ടിന്റെ വഴികളിൽ ഉൾചേരുന്നു. വിനായക് ശശികുമാർ ഗപ്പി എന്ന സിനിമയിലെഴുതിയ പാട്ടും ക്രിസ്മസിന് എങ്ങനെ മറക്കാനാവും.
'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്..
സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്
ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ
വിണ്ണിൽ താരകൾ പുഞ്ചിരി തൂകി
മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി
അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്
കുഞ്ഞിക്കാലിട്ടടിക്കുകയായ് ..
എന്നും ആഘോഷം ഉണരുകയായ്'
ലൗഡ് സ്പീക്കർ എന്ന ചിത്രത്തിൽ അനിൽ പനച്ചൂരാൻ ആ നന്മയുടെ ഉദയത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ബിജിബാലായിരുന്നു സംഗിതം.
'മഞ്ഞിന്റെ മാറാല നീങ്ങുന്നു
വിണ്ണിലെ താരകം കൺ തുറന്നു
മന്നിൽ സമാധാനപാലകനാം ഉണ്ണി
പുൽക്കൂട്ടിൽ പുഞ്ചിരിച്ചു
ആകാശമേഘങ്ങൾ കല്പിച്ചയച്ചൊരു
ആനന്ദഗാനമാരി
മാലാഖമാർ വന്നു തൂകുന്നു
സ്‌നേഹത്തിൻ ദീപം തെളിഞ്ഞിടുന്നു'
ഈ സമയത്ത് കൃസ്തീയ ഭക്തി ഗാനങ്ങളെ എങ്ങനെ ഒഴിവാക്കി നിർത്താനാവും. ലോകം മുഴുവൻ സുഖംപകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ എന്ന് ഭാസ്‌കരൻമാഷെഴുതി. വാതിൽ തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്‌നേഹസ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർഥിച്ച യേശു മഹെശനെ എന്ന് എഴുതാൻ യൂസഫലി കേച്ചേരിക്ക് ഒട്ടുമാലോചിക്കേണ്ടിവന്നില്ല.
സത്യനായകാ മുക്തിദായകാ പുൽത്തൊഴുത്തിൻ പുളകമായ സ്‌നേഹഗായകാ... ശ്രീ യേശുനായകാ (ശ്രീകുമാരൻ തമ്പി) വിശ്വം കാക്കുന്നനാഥാ.. വിശ്വൈകനായകാ... ആത്മാവിലെരിയുന്ന തീയണക്കൂ നിൻ ആത്മചൈതന്യം നിറയ്ക്കൂ (സത്യൻ അന്തിക്കാട്-വീണ്ടും ചില വീട്ടുകാര്യങ്ങൾ) ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്‌നാപകയോഹന്നാൻ വന്നൂ (വയലാർ) പാട്ടുകളിൽ നക്ഷത്രവിളക്കുകൾ തീർത്തു. എന്നോട് കൂടെ വസിക്കുന്ന ദൈവമേസത്യാസൗന്ദര്യമേ.. നീയാണെനിക്കുള്ള മാർഗ്ഗവും ദീപവുമെന്ന് ഇമ്മാനുവലിലും സ്‌നേഹം നീ നാഥാ, കാരുണ്യം നീയേ... പാപം പോക്കൂ നീ, ദൈവസുതനേ. എന്ന ചാർലിയിലും റഫീക്ക് അഹമ്മദ് എഴുതി.രക്ഷകാ നീ കണ്ടതില്ലെൻ ഉള്ളം നീറുന്ന നൊമ്പരം എൻ നായകാ എന്ന വരികൾ അനു എലിസബത്ത് ജോസും (കടൽ കടന്നൊരുമാത്തുക്കുട്ടി) എഴുതിയത് അതേ നാഥന്റെ ഓർമ്മകളെ തൊട്ടുതന്നെ.
Content Highlights: best Christmas movie songs
Published: 23 Dec 2025, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented