
സങ്കടക്കടലുകൾക്കുമീതെ, പ്രകാശിക്കുന്ന നിഴൽ പരത്തിയ യേശുവിന്റെ പിറവി ആഘോഷിക്കുകയാണ് ലോകം. ദൈവപുത്രൻ പിറന്ന മണ്ണിൽ നിലയ്ക്കാതെ പെയ്തുകൊണ്ടിരിക്കുന്ന ദുരിതത്തിന്റെ കണ്ണീർമഴ ക്രിസ്തുവിനെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിക്കുന്നുണ്ട്. വെറുപ്പിന്റെ സാമ്രാജ്യങ്ങളെ ചെറുക്കാൻ ഇനിയും ഉയിർപ്പുകൾ ഉണ്ടാവുമെന്ന് പ്രത്യാശിക്കുകയാണ് യേശുവെ ഹൃദയത്തിൽ ആവാഹിച്ച രണ്ടുപേർ: യേശുവെന്ന വികാരത്തെ മുൻനിർത്തി സർഗരചനകൾ നിർവഹിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫും എഴുത്തുകാരനായ വൈദികൻ ബോബി ജോസ് കട്ടിക്കാടും.
സാറാ ജോസഫ്: യേശുവെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ ഉയിർത്തെഴുന്നേൽപ്പ് എന്ന വാക്ക് മനസ്സിലേക്കു വരുന്നുണ്ട്. ഭൗതികാർഥത്തിലുള്ള മരണവും മരണത്തിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പും മാത്രമല്ല. വ്യക്തികൾക്കും സമൂഹത്തിനുമെല്ലാം ഉയിർത്തെഴുന്നേൽപ്പുകളുണ്ടാവാം. നമ്മുടെ നവോത്ഥാനകാലംതന്നെ ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കാലഘട്ടമായിരുന്നല്ലോ. മനുഷ്യസമൂഹത്തിന് ദോഷകരമായ ഒരു കാലഘട്ടത്തിൽനിന്ന് വലിയ മാറ്റത്തിന്റെ കാലഘട്ടത്തിലേക്ക് പോവുന്നതിനെ നമുക്ക് വേണമെങ്കിൽ ഉയിർത്തെഴുന്നേൽപ്പ് എന്നു പറയാമല്ലോ. യേശുവിന്റെ ഉയിർപ്പാകട്ടെ ഈ ലോകത്തിനു മുഴുവൻ പ്രകാശംപകർന്നു. ആ വെളിച്ചം ഇന്നും അണയാതെ നിൽക്കുകയും ചെയ്യുന്നു.
ബോബി ജോസ്: യേശു ഭാഷണങ്ങൾ ആരംഭിക്കുന്നതുതന്നെ വീണ്ടും പിറക്കുക എന്ന ക്ഷണത്തിലാണ്. എന്തിലും ഏതിലും ഒരു വീണ്ടും പിറവി സാധ്യമാണ്. ദേശത്തിന്, വ്യക്തിക്ക് ഒക്കെ. ഭാരതീയബോധത്തിൽ ദ്വിജൻ എന്ന വാക്കുണ്ടല്ലോ. സന്ന്യാസത്തിൽ സംഭവിക്കുന്നതാണ് അത്. അതിന്റെ രീതി പുഴയുടെ ഈ കടവിൽ നിന്നിറങ്ങി മറു കടവത്തേക്ക് നീന്തിക്കയറുന്ന തരത്തിലാണ്. ഉടുത്തിരുന്ന വസ്ത്രങ്ങളും പുഴയുടെ ഒഴിക്കിലങ്ങ് വിട്ടുകളയും. മറുകരയിൽ പുതുവസ്ത്രങ്ങളുമൊക്കെയായിട്ട് ആശ്രമസമൂഹം, നഗ്നനായ അയാളെ കാത്തുനിൽപ്പുണ്ടാവും. അങ്ങനെ എന്തിനകത്തും ഒരു പുനർജന്മമുണ്ട്. കുട്ടിക്കാലത്ത് ഞങ്ങൾ കളിയായി പറയുന്നതുപോലെ ഒരു ചെറുകിളിക്കുപോലും രണ്ടു ജന്മമുണ്ട്. ഒന്ന് മുട്ടയായിട്ട്, പിന്നെ പക്ഷിക്കുഞ്ഞായിട്ടും. മനുഷ്യനെക്കുറിച്ചുള്ള അത്തരം ഒരു സങ്കല്പം എല്ലാ ധർമങ്ങളിലുമുണ്ട്. പുഴു പൂമ്പാറ്റയാവുന്നു, ആദ്യമഴയിൽ ഉറുമ്പുകൾക്ക് ചിറകു മുളയ്ക്കുന്നു. അതിനകത്തെല്ലാം ഉയിർത്തെഴുന്നേൽപ്പിന്റെ സൗമ്യമായ ധ്വനികളുണ്ട്.
സാറാ ജോസഫ്: മനുഷ്യഭാവനയ്ക്ക് ബൈബിൾ പദാവലി നൽകിയിട്ടുള്ള ഏറ്റവും ശ്രേഷ്ഠമായ സംഭാവന ഉയിർത്തെഴുന്നേൽപ്പെന്നതായിരിക്കും. എല്ലാവരുടെ ജീവിതത്തിലും അത്തരം നവീകരണങ്ങൾ ഉണ്ടാവും. എനിക്കും ഉണ്ടായിട്ടുണ്ട്. ചെറുപ്പത്തിലേ വിവാഹിതയായശേഷം ഞാനേതുവഴിക്ക് പോവണമെന്ന എന്റെ തീരുമാനമായിരുന്നു ജീവിതത്തിൽ സംഭവിച്ചത്. അതിനുവേണ്ടി കഠിനമായി പരിശ്രമിക്കാനും എന്തു കഷ്ടപ്പാട് സഹിക്കാനും ഞാനൊരുക്കമായിരുന്നു. അതും ഒരു നവീകരണമായിരുന്നു. ഒരുപാട് ആളുകളും കൃഷിയുമെല്ലാമുള്ള വലിയ കുടുംബത്തിലേക്കായിരുന്നു ചെറിയപ്രായത്തിൽ ചെന്നുകയറിയത്. എനിക്കൊരു പരിചയവുമില്ലാതിരുന്ന സാഹചര്യം. അവിടെനിന്ന് വീണ്ടും പഠിക്കാൻപോകാനുള്ള അനുവാദം വാങ്ങുകയാണ്. ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊരുതരത്തിലുള്ള വിട്ടുപോവൽ തന്നെയായിരുന്നു. പൗരോഹിത്യത്തിലും അങ്ങനെ ചില വിട്ടുപോകലുകളുണ്ട്. പുരോഹിതന്മാരെക്കുറിച്ച് ഒരുപാട് ചിന്തിച്ച ആളാണു ഞാൻ. എന്റെ നോവലായ ഒതപ്പിൽ രണ്ട് പുരോഹിതന്മാരുണ്ട്. ഒന്ന് കരിക്കനച്ചൻ, മറ്റേത് പട്ടിപുണ്യാളൻ. കരിക്കൻ സംശയാലുവാണ്. ഒന്നും അയാൾക്ക് സന്തോഷം നൽകുന്നില്ല. വൈദികജീവിതമോ വിവാഹജീവിതമോ തൃപ്തനാക്കുന്നില്ല. പട്ടിപുണ്യാളൻ സമരപാതയിലാണ്. കാര്യങ്ങൾ തീരുമാനിച്ചുറച്ച് മുന്നോട്ടുപോകുന്ന ആളാണ്. സമരവും സമാധാനവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോവുകയാണ് പൗരോഹിത്യത്തിൽ വേണ്ടതെന്ന് എനിക്ക് തോന്നാറുണ്ട്.
ബോബി ജോസ്: ചില അടിസ്ഥാനചായ്‌വുകളുടെ പ്രശ്നമുണ്ടതിൽ. ഒന്നിനോടും പോരടിക്കാൻ ആഗ്രഹിക്കാതിരിക്കുക. കല്ലിനോട് പോരടിച്ചാൽ തലപൊട്ടുന്നതിനപ്പുറം ഒന്നും സൃഷ്ടിപരമായിട്ടുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തിപരമായ ഒരു ട്യൂണിങ്ങിലെ പ്രശ്നമാണ്. ഇഷ്ടമുള്ള ഒരു കഥയുണ്ട്. പതിനൊന്ന് ഒട്ടകങ്ങൾക്കുടമയായ ഒരാൾ മരണനേരത്ത് പറഞ്ഞത് തന്റെ മക്കൾക്കിടയിൽ അത് വിഭജിക്കുമ്പോൾ പകുതി മൂത്തയാൾക്ക്, കാൽഭാഗം രണ്ടാമത്തെയാൾക്ക്, ആറിലൊന്ന് ഇളയയാൾക്ക് എന്ന കണക്കാണ്. എത്ര നോക്കിയിട്ടും അവസാനത്തെ ഒട്ടകത്തെ മുറിക്കേണ്ടിവരും. അപ്പോഴാണ് ഒരു ജ്ഞാനി വന്നിട്ട് തന്റെ ഒരേയൊരു ഒട്ടകത്തെ അവർക്ക് സമ്മാനിച്ച് അതുൾപ്പെടെയുള്ള പന്ത്രണ്ട് ഒട്ടകങ്ങളെ വിഭജിക്കാൻ ആവശ്യപ്പെടുന്നു. കാര്യങ്ങൾ ഇപ്പോൾ എളുപ്പമായി. ആറ്, മൂന്ന്, രണ്ട് എന്നിങ്ങനെ ലഭിക്കുന്നു. കൂട്ടിനോക്കുമ്പോൾ പതിനൊന്ന്! പന്ത്രണ്ടാമത്തെ ഒട്ടകം അയാൾക്ക് മടക്കിക്കിട്ടുകയും ചെയ്യുന്നു. ഏതു പ്രതിസന്ധിയിലും അങ്ങനെയൊരു വഴിയുണ്ട്. സമാധാനത്തിന്റെ, സമവായത്തിന്റെ, സൗഹൃദത്തിന്റെ വഴിയിൽ ചിലതിനെ കാണാൻ കഴിഞ്ഞാൽ ഏത് കാര്യത്തിനും പരിഹാരമുണ്ട് എന്നതാണ് സാരം.
സാറാ ജോസഫ്: സമാധാനത്തിനുവേണ്ടി മാത്രമായിട്ടല്ല വന്നതെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്്. ജറുസലേം പള്ളിക്കകത്ത് പ്രാവ് കച്ചവടം നടത്തിയവരെ യേശു എന്റെ ആലയം നിങ്ങൾ കളങ്കപ്പെടുത്തിയെന്നു പറഞ്ഞ് അടിച്ചോടിക്കാനും മുതിരുന്നുണ്ട്.
ബോബി ജോസ്: ഒരു visual representation ആയി അതിനെ കാണേണ്ടിവരും. ഉള്ളിൽ കുറെക്കൂടി ആഴത്തിൽ പതിയാനായി ദൃശ്യങ്ങൾ കൊണ്ടുള്ള ഉപമയായി. യേശു അത്തിമരത്തെ ശപിച്ച കഥയിലും അതുണ്ട്. ഒരിക്കൽ യേശു ഒരു അത്തിയെ അകലെനിന്ന് നോക്കുന്നു. അതിൽ തളിർപ്പും ഫലങ്ങളുമുണ്ടെന്ന് തോന്നിക്കുന്നു. അടുത്തുചെന്നു നോക്കുമ്പോൾ ഫലങ്ങളില്ല. അടിമുടി അതങ്ങു കരിഞ്ഞു. ഫലങ്ങളില്ലാത്തതിന് അത്തിയെ ശപിക്കേണ്ട കാര്യമെന്താണ്? വാസ്തവത്തിൽ അതങ്ങനെയല്ല. ഇതിനുശേഷം നേരേ പോവുന്നത് പള്ളിക്കകത്തേക്കാണ്. പള്ളിക്കകത്ത് സമാധാനം, അനുകമ്പ, സ്നേഹം ആദിയായ പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്ലെന്നതിന്റെ രൂപകമാണ് അത്തിയുടെ കഥയിലൂടെ പറയുന്നത്. ഫലമുണ്ടെന്ന് തോന്നിക്കുകയും എന്നാൽ, യഥാർഥത്തിൽ ഇല്ലെന്നു വരുകയും ചെയ്യുന്നു. അവിടെയാണ് അത്തിയെ ശപിക്കുന്നു എന്ന പ്രയോഗം അർഥവത്താവുന്നത്. പഴയനിയമത്തിലെ പ്രവാചകന്മാരെപ്പോലെ പുതിയനിയമവും ആലങ്കാരികമായി പലതും പറഞ്ഞുവെക്കുകയും ദ്യോതിപ്പിക്കുകയും ചെയ്യുന്നുണ്ട്. വരികൾക്കിടയിലൂടെയും വായിക്കാനാവണം. യേശു സംഘർഷത്തിന്റെ പാതയിലേക്കു തിരിയാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവസാനത്തെ കല്പനയായി ‘നിന്റെ വാൾ ഉറയിലിടുക’ എന്ന് പറയില്ലായിരുന്നു. കുരിശാരോഹണത്തിന് തൊട്ടു മുന്നേയാണത്. അത് നരജീവിതത്തോടുള്ള കൃത്യമായ മുന്നറിയിപ്പാണ്. ശരിയാണ്, ഉള്ളിൽ വാളുണ്ടാവാം. അതായത് ചില കാര്യങ്ങളോട് എതിർക്കാനുള്ള പ്രവണതയും കരുത്തുമുണ്ട്. അതേസമയം, അതിനെ ഒതുക്കിനിർത്താനും കഴിയണം. നമ്മുടെ ആക്രമണോത്സുകതയെ ഒതുക്കിനിർത്താൻ പരിശീലിച്ചില്ലെങ്കിൽ ആത്മീയതയുടെ കരുത്തുള്ള ആന്തരികലോകം സ്വായത്തമാക്കാൻ കഴിയില്ല. നിങ്ങളുടെ വാളുകൾ കലപ്പയായി മാറണം എന്ന ബൈബിൾ വാക്യം അതിനോട് ചേർത്ത് വായിക്കണം. നമ്മൾ ഒരാളുടെ പൊതുസ്വഭാവമാണ് നോക്കേണ്ടത്. അതിന് അപവാദമായി പറയുന്ന ഒറ്റപ്പെട്ട കാര്യങ്ങളെടുത്ത് അതാണ് അയാളെന്ന് വിലയിരുത്താൻ പാടില്ല. യേശു സമാധാനത്തിന്റെ പ്രഭുവാണ്. കഴുതപ്പുറത്തു വരുന്നതൊക്കെ അതാണ് സൂചിപ്പിക്കുന്നത്. യുദ്ധത്തിൽ സമാധാന ഉടമ്പടിക്കുവേണ്ടി വരുമ്പോൾ മാത്രമായിരുന്നു രാജാവ് കഴുതപ്പുറത്തേറുന്നത്.
സാറാ ജോസഫ്: ഇപ്പോൾ ഈ ക്രിസ്മസ് ആഘോഷസമയത്ത് കാണേണ്ട ഒരു കാര്യമുണ്ട്. യേശു പിറന്ന നാട്ടിലാണ് ലോകത്ത് ഏറ്റവും വലിയ അശാന്തി നിലനിൽക്കുന്നത്.
ബോബി ജോസ്: സത്യത്തിൽ ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാനായിട്ട് നമുക്കൊരു കാരണവുമില്ലായെന്ന് തോന്നുന്നു. ഗാസ കെടുതികളുടെ ഒന്നാം വാർഷികമാണ്. അവിടെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ മാർക്കർ കൊണ്ട് അമ്മമാർ പേരെഴുതിവെക്കുന്നതിന്റെ വീഡിയോകളൊക്കെ കണ്ടിരുന്നു; ചിന്നിച്ചിതറിപ്പോവുന്ന കുഞ്ഞുങ്ങളെ വീണ്ടെടുക്കുന്നതിനായി. ഈ സമയത്ത് എങ്ങനെ ക്രിസ്മസ് ആഘോഷിക്കും?
സാറാ ജോസഫ്: ഞാനീയടുത്ത് ഒരു കഥയെഴുതിയിരുന്നു. മരുഭൂമിയിയില ലോറൻസ് എന്നായിരുന്നു പേര്. ലോറൻസ് ഓഫ് അറേബ്യ എന്ന ഇംഗ്ലീഷ് സിനിമയുടെ വേരുപിടിച്ചെഴുതിയ കഥയാണ്. ഈ കാലഘട്ടത്തിലെ ഒരു ലോറൻസ് ആണ് കഥാപാത്രം. അയാൾ ഗാസയിലാണ്. ക്രിസ്മസിന് മൂന്നു കുട്ടികൾ, മരുമക്കൾ അയാളെ പ്രതീക്ഷിച്ചിരിക്കുകയാണ്. അമ്മാവൻ വന്ന് സമ്മാനങ്ങൾ തരുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. അയാളപ്പോൾ കുഞ്ഞുങ്ങളെ അറിയിക്കുന്നു. ഞാൻ ഇത്തവണ വരുന്നില്ല. ഞാനൊരു വല്യപ്പനെ പാറയുടെ അടിയിൽനിന്ന് വലിച്ചെടുത്തിട്ടേയുള്ളൂ. മാത്രമല്ല, ഇപ്പോൾ ഒരു പെൺകുട്ടിയെ കണ്ടു. അവളുടെ കൈയിൽ ഒരു ഉണ്ണിയേശു ഉണ്ടായിരുന്നു. അവളതിനെ ഒരു പാറയ്ക്കു മുകളിൽ കിടത്തി. പക്ഷേ, ആ പാറ രക്തത്തിൽ കുതിർന്നിരുന്നു -ഇങ്ങനെയായിരുന്നു ആ കഥ. യേശു സമാധാനത്തെക്കുറിച്ച് ഒരുപാട് പറയാൻ കാരണമായത് അന്നത്തെ തലമുറയിലെ ഭ്രാതൃഹത്യകളായിരിക്കും. സഹോദരന്മാർക്കിടയിൽ യുദ്ധവും കൊലയും നടന്നിരുന്നു. സഹോദരരാഷ്ട്രങ്ങൾ തമ്മിൽ അതിപ്പോഴും തുടരുകയല്ലേ? ഇതിനിടയിൽ വ്യത്യസ്തനായ ഒരാൾ എഴുന്നേറ്റുവരുന്നു എന്ന രീതിയിലാണ് ഞാനീയിടെ എഴുതിയ നോവൽ, കറയുടെ പര്യവസാനം.
ബോബി ജോസ്: അതെ, ടീച്ചർ കറയിൽ പറയുന്നതുതന്നെയാണ് ജ്ഞാനസ്നാനത്തിന്റെ പൊരുളെന്നു തോന്നുന്നു. ഭ്രാതൃഹത്യകളുടെ പരമ്പരയ്ക്ക് ജ്ഞാനസ്നാനം വരുന്നത് യേശുവിലാണ്. അവിടെ ശത്രു എന്നത് ഇല്ലാതാവുന്നു. ശത്രുവെന്നത് നമ്മുടെ തോന്നൽ മാത്രമാണെന്ന് യേശു കാണിച്ചു തരുന്നുണ്ട്. കാരണം ശത്രുവിനെ നിശ്ചയിക്കുന്നത് അപ്പുറത്തുനിൽക്കുന്ന ആളല്ല നമ്മൾതന്നെയാണ്. നമ്മുടെയുള്ളിൽ ശത്രുത ഇല്ലാതിരുന്നാൽമാത്രം മതി. അജ്ഞതയും അഹന്തയും സമാസമം ചേർന്നുണ്ടാകുന്ന മിശ്രിതമാണ് വൈരം. അപരന്റെ കൂടാരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന വിഭ്രാന്തിയിലും സങ്കല്പത്തിലും നിന്നാണത്. ശത്രു ഇല്ലെന്നു പറയുന്നിടത്താണല്ലോ ടീച്ചറിന്റെ കറയെന്ന ആഴത്തിലുള്ള വായനയർഹിക്കുന്ന നോവൽ അവസാനിക്കുന്നത്.
സാറാ ജോസഫ്: അതെന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നതാണ്. കണ്ണിനുപകരം കണ്ണ് എന്ന തിയറി മറന്നേക്ക് എന്നുപറയുന്നിടത്താണ് കറ തീരുന്നത്.
ബോബി ജോസ്: കണ്ണിനുപകരം കണ്ണ് എടുക്കാൻ തുടങ്ങിയാൽ ഈ ലോകത്ത് അന്ധർ മാത്രമേ ഉണ്ടാവൂ. ദൈവരാജ്യം വരുമെന്ന് യേശു പറയുന്നുണ്ടല്ലോ? ഒരിക്കലും ദൈവരാജ്യമെന്നത് ഒരു മരണാനന്തര ലോകമായല്ല അവതരിപ്പിക്കുന്നത്. യേശുവിന്റെ പ്രഭാഷണം തുടങ്ങുന്നത് അങ്ങനെത്തന്നെയാണ്. കൈവെള്ളയിലാണ് െദെവരാജ്യമെന്ന് പറയുന്നു. കൈവെള്ളയിലുള്ള ദൈവരാജ്യത്തെ നമ്മളെത്രത്തോളം തിരിച്ചറിയുന്നു, കണ്ടെത്തുന്നു, ആഴപ്പെടുത്തുന്നു എന്നിടത്താണ് പുതിയലോകത്തിന്റെ ഭംഗി.
സാറാ ജോസഫ്: വിശ്വാസം എന്ന വാക്കുതന്നെ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട കാലമാണിത്. ഉള്ളിന്റെയുള്ളിൽ അവരവർക്കു വേണ്ടിയുള്ള വിശ്വാസമില്ല. മതത്തിനുവേണ്ടിയും സംഘടനയ്ക്കു വേണ്ടിയുമെല്ലാമുള്ള വിശ്വാസമേയുള്ളൂ.
ബോബി ജോസ്: രണ്ട് വാക്കാണ് ഇക്കാര്യത്തിൽ ഉപയോഗിക്കുന്നത്. Your faith in master. പിന്നെ Faith of the master. ഗുരുവിലുള്ള വിശ്വാസവും ഗുരുവിന്റെ വിശ്വാസവും. ഇത് വേർതിരിച്ച് കാണാനുള്ള കഴിവ് നമുക്കിന്നില്ല. അദ്ദേഹത്തിൽ വിശ്വസിക്കുകയല്ലാതെ അദ്ദേഹത്തെ അങ്ങനെയാക്കിയെടുത്ത വിശ്വാസത്തെക്കുറിച്ച് പഠിക്കുന്നില്ല. ആദ്യത്തേത് ഒറ്റത്തവണ നിക്ഷേപമാണ്. പിന്നെ അതിന്റെ പലിശകൊണ്ട് ജീവിക്കാം. രണ്ടാമത്തേതിൽ എല്ലാ ദിവസവും പരിശ്രമിച്ച് കണ്ടെത്തണം. അനുമാത്ര കപ്പം കൊടുക്കണം
ടീച്ചറുടെ ഒതപ്പിലുള്ള കഥാപാത്രങ്ങളെയെടുക്കുക. എല്ലാവരും ഗുരുവിന്റെ വിശ്വാസം തിരയുന്ന ആളുകളാണ്. അല്ലെങ്കിൽ അവരുടെ ആശ്രമത്തിലോ മഠത്തിലോ ആവിടത്തെ ചിട്ടവട്ടങ്ങളനുസരിച്ച് ജീവിച്ചാൽ മതി. പക്ഷേ ഒരു ഘട്ടത്തിൽ ഇയാളെ ഇങ്ങനെയാക്കിയ ഘടകം അന്വേഷിക്കണമെന്ന് അവർ വിചാരിക്കുന്നു. അതിലേക്കു പോകുന്നതുകൊണ്ടാണ് എല്ലാ കഥാപാത്രങ്ങൾക്കും ആന്തരികസംഘർഷമുണ്ടാകുന്നത്.
സാറാ ജോസഫ്: യഥാർഥവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ കാട്ടിക്കൂട്ടലുകൾക്കുപിന്നാലെ പോകാൻ സാധിക്കില്ല. വിശ്വാസവും ദൈവവും അവരവർക്കു വേണ്ടിയാണ്. ദൈവത്തിനും എനിക്കുമിടയ്ക്ക് ഒരു ഏജന്റ് ആവശ്യമില്ല. അവിടെ ഏജന്റായി പ്രവർത്തിച്ച്് സ്ഥാപനവത്കരിക്കപ്പെട്ടതാണ് മതം. ബിഷപ്പ് പൗലോസ് മാർ പൗലോസ് ചോദിച്ചിട്ടില്ലേ, ക്രിസ്തുവും പള്ളിയും തമ്മിലുള്ള ദൂരമെത്രയാണെന്ന്.
എപ്പോഴും എന്റെ യേശു അനുഭവം അഗാധമായ ദുഃഖമാണ്. യേശുവിനെക്കുറിച്ചോർത്ത് സന്തോഷിച്ചുകൂടേ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. സമാധാനത്തിന്റെ ഒരു അന്തരീക്ഷം യേശു പ്രസരിപ്പിക്കുന്നില്ലേ? പക്ഷേ, എനിക്ക് യേശുവിന്റെ ഓരോ വാക്കും നൽകുന്നത് ഹൃദയം പൊടിയുന്ന വേദനയാണ്. അത് കുരിശുമരണം കൊണ്ടുണ്ടായതൊന്നുമല്ല. പക്ഷേ, ഓരോ വചനവും ഓരോ നിരീക്ഷണവും പ്രവചനങ്ങളുമെല്ലാം എന്നിൽ എന്തുകൊണ്ടെന്നറിയാത്ത ദുഃഖമുണ്ടാക്കുന്നു. ക്രിസ്മസ്‌കാലംപോലും എന്നിൽ ദുഃഖമാണുണ്ടാക്കുന്നത്. അതിന്റെ കാരണം തിരിച്ചറിയാനാവുന്നില്ല.
ബോബി ജോസ്: ലോൺലി സ്റ്റാർ അഥവാ ഏകാന്തനക്ഷത്രം എന്നൊരു കാര്യമുണ്ടല്ലോ? ക്രിസ്മസിന് നമ്മൾ തൂക്കുന്നത് ഒറ്റനക്ഷത്രമാണ്. നക്ഷത്രക്കൂട്ടമല്ല. മാറിനിന്ന് നോക്കുമ്പോൾ അതിൽത്തന്നെ ഒരു ദുഃഖച്ഛായയുണ്ടല്ലോ. തിമിംഗിലത്തിന്റെ പാട്ടിനെക്കുറിച്ച് കേട്ടിട്ടില്ലേ. ഉൾക്കടലിൽനിന്ന് വരുന്നതിന്റെ ദുഃഖം അതിലുണ്ടെന്നാണ് സങ്കല്പം. ഏകാന്തതയുടെ വേദനനിറച്ച് പാടുന്ന ഈ പാട്ട് ഒരു പ്രത്യേക മീറ്ററിലാണ്. ശാസ്ത്രീയ സത്യം എന്തുതന്നെയായാലും രസമുള്ളൊരു ഭാവനയാണ് തിമിംഗിലത്തിന്റെ പാട്ട്. അതേപോലെ ആഴത്തിൽനിന്നുവരുന്ന, ആഴത്തിലറിഞ്ഞ മനുഷ്യന് ഈ വ്യസനമുണ്ടാവും. വിൻസെന്റ് വാൻഗോഗ് പറഞ്ഞിട്ടുണ്ട് ദുഃഖം എക്കാലത്തും നിലനിൽക്കുമെന്ന്. അദ്ദേഹത്തിന്റെ മരണവാക്കാണത്. മറ്റെല്ലാം വന്നുപോവുന്നതാണ്. പക്ഷേ, വ്യസനം നിലനിൽക്കും. എല്ലാ സന്ധ്യകളും ദുഃഖഭരിതമാണെന്ന് കവികൾ പാടിയിട്ടുണ്ടല്ലോ. സന്ധ്യക്ക് വെറുതേ നിൽക്കുമ്പോൾത്തന്നെ ദുഃഖം തോന്നും. സ്ഥായിയായ ഭാവം അതാണെന്നു തോന്നുന്നു. ഒരാളുടെ വേരുകൾ അഗാധമാവുന്നതിനനുസരിച്ച് അതിന്റെ അളവ് വർധിക്കുന്നു. എങ്ങനെയാണ് ഗിരിപ്രഭാഷണങ്ങൾക്കകത്ത് കരയുന്നവർ ഭാഗ്യവാന്മാരെന്ന വാക്കു വരുന്നത്? ‘Jesus Wept’ എന്ന ബൈബിൾ വാക്യം പ്രശസ്തമാണല്ലോ. ആ വാക്യം തരുന്നതിനെക്കാൾ വലിയ ആശ്വാസം മറ്റൊന്നിലുംനിന്ന് ലഭിക്കില്ല.
സാറാ ജോസഫ്: സുവിശേഷത്തിലും ഈ ദുഃഖമുണ്ടെന്ന് തോന്നിയിട്ടുണ്ട്. സുവിശേഷം കേട്ട് കരയുന്നവർ എത്ര പേരുണ്ട്.
ബോബി ജോസ്: സുവിശേഷം എന്നു പറയുന്നതുതന്നെ നമ്മുടെ സ്ത്രൈണഭാവത്തെ അഡ്രസ് ചെയ്യുന്ന പുസ്തകമാണ്. സ്ത്രീയിലുള്ള സ്ത്രൈണഭാവത്തെ കുറെക്കൂടി ശുദ്ധീകരിക്കാനും പുരുഷനിൽ മറഞ്ഞുകിടക്കുന്ന സ്ത്രൈണഭാവത്തെ ഉണർത്താനും വേണ്ടിയുള്ള ദൂതിന്റെ പേരാണ് സുവിശേഷം.
സാറാ ജോസഫ്: അപാരമായ സൗന്ദര്യം, അപാരമായ സമാധാനം, അപാരമായ സ്നേഹം- അതാണ് എനിക്ക് യേശു. ഇങ്ങനെയുള്ളവർക്ക് അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. അതാണ് യേശു ചെയ്തത്.
സാറാ ജോസഫ്: ബൈബിൾ അരമായിക് ഭാഷയിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ സംഭവിച്ച ചില പിശകുകളെക്കുറിച്ച് അച്ചൻ പറയുന്നതുകേട്ടിട്ടുണ്ട്.
ബോബി ജോസ്: അരമായിക് എന്ന നാട്ടുഭാഷയിലാണ് യേശു സംസാരിച്ചിരുന്നത്. ഹീബ്രുവുമായി അടുപ്പമുള്ള ഭാഷയാണത്. ധൂർത്തുപുത്രന്റെ കഥയ്ക്കകത്ത് നമ്മൾ പറയുന്നത് ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുക്കലേക്കുപോകുന്നു.എന്നതാണ്. യേശു ഉപയോഗിച്ച അരമായിക് വാക്കിന്റെ അർഥം ഞാൻ ഉയിർത്തെഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കുപോകുന്നു എന്നതാണ്. പെട്ടെന്ന് അതിന്റെ പ്രതലം മാറുന്നത് നോക്കൂ. വിവർത്തനത്തിൽ സംഭവിച്ച ചില പാളിച്ചകളും ഉണ്ടാവും. യോഹന്നാൻ വെട്ടുകിളികളെ കഴിച്ചു എന്നതൊക്കെ തർക്കവിഷയമാവുന്നത് അങ്ങനെയാണ്. Locusts എന്നതിന്റെ വിവർത്തനമാണത്. എന്നാൽ, അത് നമ്മൾ പറയുന്ന വെട്ടുകിളിയല്ല, മരുഭൂമിയിൽ കാണുന്ന ഒരുതരം പയറാണ് എന്ന വാദമൊക്കെ ഉണ്ട്. യോഹന്നാൻ ഉൾപ്പെട്ടിരുന്ന എസ്സീൻ സമൂഹം സസ്യാഹാരികളായിരുന്നു.
ഏറ്റവും വലിയ പ്രശ്നം അബ്ബ എന്ന വാക്കാണ്. പിതാവ് എന്ന വാക്കിന് അതിന്റെ വൈകാരിക ഭാരം ഉൾക്കൊള്ളാനാവില്ല. അബ്ബയുടെ അടുപ്പം ഇല്ല. അച്ഛനെന്നോ അപ്പനെന്നോ ആയിരുന്നെ ങ്കിൽ കുറെക്കൂടി നന്നായാനേ.
സാറാ ജോസഫ്: നമുക്ക് സംസ്കൃതപദങ്ങളോടുള്ള ഭ്രമമാണ് കാരണമെന്നു തോന്നുന്നു. തമിഴർക്ക് അതില്ല. അവർ ഇ.വി. രാമസ്വാമി നായ്ക്കരെ തന്തൈ പെരിയാർ എന്നല്ലേ വിളിക്കുന്നത്. നമുക്ക് ദ്രാവിഡപദമായ തന്ത മോശം വാക്കായി. തന്തവൈബ്, തള്ളവൈബ് എന്നൊക്കെ ഉപയോഗിക്കുന്നിടത്തുണ്ട് ആ ഒരു പുച്ഛം. തമിഴർക്ക് അതില്ല.
ബോബി ജോസ്: അതെ, പുതിയനിയമം വിവർത്തനം ചെയ്തപ്പോൾ തമിഴിലത് തന്തയാണ്. തന്ത, തള്ള, ആണ്, പെണ്ണ് എന്നൊക്കെ ഉപയോഗിക്കുന്നതിൽ കനം പോരാഞ്ഞ് നമ്മൾ പിതാവ്, മാതാവ്, സ്ത്രീ, പുരുഷൻ എന്നൊക്കെ സംസ്കൃതപദങ്ങൾ ഉപയോഗിക്കുന്നു. യേശുവിന്റെ പ്രകാശമുള്ള നിഴൽ എന്നൊരു സങ്കല്പമുണ്ട്. സൂര്യനഭിമുഖമായിനിന്ന ആളാണ് യേശുവെന്നാണ് പറയുന്നത്. മനുഷ്യനെ മെച്ചപ്പെടുത്തിയ എല്ലാ കാര്യങ്ങളിലും ആ നിഴൽ പതിഞ്ഞിട്ടുണ്ട്. യേശുവിന്റെ പ്രകാശമുള്ള നിഴൽ ടീച്ചറുടെ എല്ലാ രചനകളിലുമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒതപ്പായാലും കറയായാലും എല്ലാറ്റിലുമുണ്ട്. എന്തിന് ബുധിനിയിൽ പോലുമുണ്ട്. ബുധിനിയുടെ കഥാപശ്ചാത്തലം മറ്റു കൃതികളിലേതിൽനിന്ന് ഏറെ അകലെയാണ്. അല്പംപോലും ക്രിസ്തീയ പശ്ചാത്തലമില്ല. പക്ഷേ, തന്റേതല്ലാത്ത കാരണംകൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം മാറുകയാണ്. അവളുടെ പീഡാനുഭവങ്ങളിൽ നേരത്തേ പറഞ്ഞ നിഴലുണ്ട്. മറ്റാർക്കോ വേണ്ടി പകരം ഒന്നും ആശിക്കാതെ ജീവിച്ച ഒരാളുടെ കഥതന്നെയല്ലേ ബുധിനിയും? ടീച്ചറുടെ ബോധത്തിൽ ആ വെളിച്ചത്തിന്റെ നിഴൽ അഗാധമായി പിണഞ്ഞുകിടപ്പുണ്ട്.
സാറാ ജോസഫ്: കസാൻദ് സാക്കിസിന്റെ കൃതികളിലാവും യേശുവിന്റെ സ്വാധീനം ഏറ്റവുമധികം പ്രകടമാവുന്നത്. അദ്ദേഹത്തെ വായിക്കുന്നത് ദിവ്യമായ ഒരനുഭവമായി വായനക്കാർക്ക് തോന്നുന്നു.
ബോബി ജോസ്: കസാൻദ് സാക്കിസിന്റേത് എന്ന് കരുതുന്ന ഒരു ഉദ്ധരണിയുണ്ട്. ‘ഒരു ഇലയെടുത്ത് കൈവെള്ളയിൽ വെച്ച് നോക്കിയാൽ അതിനകത്ത് ഇലയുടെ ഞരമ്പുകൊണ്ടുള്ള ഒരു കുരിശ് കാണാം. സൂര്യവെളിച്ചത്തിനു നേരേ ഉയർത്തിനോക്കിയാൽ ഉയിർപ്പും കാണാം.’ യേശു എന്നത് കേവലം ഒരു നാമമല്ല, ഒരു സ്വഭാവമാണത്. അത് മനസ്സിലാക്കിയവർ യേശുവിനെ അറിഞ്ഞവരാണ്. അല്ലാത്തവർ നമ്മൾ/ അവർ എന്നൊക്കെ പറഞ്ഞ് കലഹിച്ചുകൊണ്ടിരിക്കും. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ പലരും പ്രിയ കവി ചുള്ളിക്കാട് ഉൾപ്പെടെ പ്രതീകാത്മകമായി ബുദ്ധമതം സ്വീകരിച്ചിട്ടുണ്ട്. എന്താണ് അതിന്റെ അർഥം? ബുദ്ധൻ എന്നത് ഒരു ബോധമാണ്. അവനവന്റെ ലോകത്തിനകത്ത് തൃപ്തിയും സമാധാനവുമൊക്കെ അനുഭവിക്കുന്നവനെ വിളിക്കാനുള്ളതാണ് ബുദ്ധനെന്നത്. അതുപോലെ മറ്റുള്ളവർക്കുവേണ്ടി നിൽക്കുകയെന്നാണ് യേശുവെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൺമുന്നിൽ കാണുന്ന വിജയങ്ങൾക്കു വേണ്ടിയല്ലാതെ നിലനിൽക്കുന്ന മനുഷ്യരെ വിളിക്കുന്ന വാക്കാണ് യേശു. ടീച്ചറുടെ കാര്യംതന്നെയെടുക്കാം. ടീച്ചർ ആംആദ്മിയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഇനിയും ഒരു പഞ്ചായത്ത് അംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത സംഘടനയിലേക്ക് പോകുന്നതിനുപിന്നിലും അങ്ങനെയൊരു സമീപനം ഉണ്ടെന്ന് ഞാൻ പറയും. കുരിശിലെ ഒറ്റ മുറിവായി മാഞ്ഞുപോകുമ്പോൾ യേശു പറഞ്ഞത് ‘എല്ലാം പൂർത്തിയായി’ എന്നാണ്. അതായിരുന്നു ഭരതവാക്യം.ഫലശ്രുതികൾ എന്തെന്നറിയാതെ അപരനുവേണ്ടി അരക്കച്ച മുറുക്കുന്ന ഒരാൾക്ക് ലഭിക്കാവുന്ന ഒരു മികച്ച വിശേഷണമാണ്. - യേശുവിനെപ്പോലൊരാളെന്ന്!
സാറാ ജോസഫ്: പുതിയ തലമുറയെ പലരും തള്ളിപ്പറയുന്നുണ്ട്. പക്ഷേ, അച്ചൻ പറഞ്ഞ മറ്റുള്ളവർക്കുവേണ്ടി നിൽക്കുക എന്ന ഈ യേശുഭാവം അവരിലുമുണ്ടെന്നാണ് എന്റെ തോന്നൽ. കൂടുതൽ ആത്മാഭിമാനമുള്ളവരാണ് അവർ. എന്നാൽ, തങ്ങളെത്തന്നെ സ്നേഹിച്ച് അവരിലേക്ക് ഒതുങ്ങുന്നില്ല. മറ്റുള്ളവരെക്കൂടി സ്നേഹിക്കുമ്പോഴേ നമ്മുടെ സ്നേഹം പൂർണമാകുന്നുള്ളൂ. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കൂമമലേ...’ അതായത് അന്യജീവന് ഉതകുന്ന കാര്യം ചെയ്താലേ സ്വന്തം ജീവിതം ധന്യമാകൂ. യേശുവിനെക്കുറിച്ച് എനിക്കേറ്റവും ഇഷ്ടം സ്വർഗസ്ഥനായ പിതാവേയെന്ന പ്രാർഥനയാണ്. അതിൽത്തന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് അന്നന്നത്തെ ആഹാരം ഞങ്ങൾക്കുതരേണമേ എന്നതാണ്. എനിക്ക് തരണമേ എന്നല്ല. ഭാരതീയചിന്തകളിലേക്ക് പോവുമ്പോ ‘ബ്രഹ്മം നീ തന്നെയാണ്’ എന്നു പറയുന്നുണ്ടല്ലോ.
ബോബി ജോസ്: യേശുതന്നെ സ്നേഹത്തിന്റെ പാരാമീറ്ററായി പറഞ്ഞതെന്താണ്, ‘നീ നിന്നെ സ്നേഹിച്ചതു പോലെ’ എന്നാണ്. അവനവനെ സ്നേഹിക്കുക അത്ര എളുപ്പമല്ല. ഏതാണ്ട് എണ്ണൂറുകോടി ജനങ്ങളുണ്ട് ലോകത്ത്. അതിൽ ഒരാൾക്ക് ഗാഢമായ സ്നേഹം തോന്നുക ഒന്നോ രണ്ടോ പേരോടാണ്. അതിനുകാരണം സ്നേഹയോഗ്യമായ ചില കാര്യങ്ങൾ അവരിലുണ്ട് എന്നതാണ്. അതേപോലെ സ്വയം സ്നേഹിക്കണമെങ്കിലും അതിനുനിരക്കുന്ന ചില കാര്യങ്ങൾ നിങ്ങൾ സൃഷ്ടിക്കുകതന്നെ വേണം. ആത്മാദരമെന്നൊക്കെ അതിനെ വിളിക്കാം. ശ്രീനാരായണ ഗുരുദേവന്റെ കാര്യമെടുക്കാം. അദ്ദേഹം അവസാനഘട്ടത്തിൽ പ്രതിഷ്ഠിച്ചത് കണ്ണാടി പ്രതിഷ്ഠകളാണ്. കണ്ണാടിയിൽ തെളിയുന്നതിനെ നമസ്കരിക്കാൻ പറ്റുക എന്നതാണ്. ശരിയായ അർഥത്തിൽ മനസ്സിലാക്കിയാൽ അതുതന്നെയാണ് നമ്മുടെ ജീവിതത്തിൽ മാതൃകയാക്കാവുന്ന കാര്യം. പുതിയ തലമുറയിലെ കുട്ടികൾ ഫ്രണ്ട്ഷിപ്പിനൊക്കെ എന്തൊരു പ്രാധാന്യമാണ് നൽകുന്നത്? കഴിഞ്ഞദിവസം ഞാൻ വാഴ എന്ന സിനിമ കണ്ടു. ഒതു തമാശപ്പടം എന്ന നിലയിൽ കാണാൻ തുടങ്ങിയതാണ്. എന്നാൽ, ആ ബഹളത്തിനിടയിലും ഞാൻ ശ്രദ്ധിച്ച കാര്യം, ചങ്ങാതിമാർക്കുവേണ്ടി നിൽക്കുക എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണവർക്ക്. അവരുടെ തുരുത്തുകളിൽ ഒറ്റുകാരില്ല. യോഹന്നാൻ പറയുന്നുണ്ട് ‘പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ ഞാൻ യോഗ്യനല്ല’ എന്ന്. ഈയൊരു ബഹുമാനമാണ് പുതിയ തലമുറയോട് നമ്മൾ പുലർത്തേണ്ടത്. വൈകാരികബുദ്ധി എന്നത് ഇന്ന് അമ്പത് വയസ്സിന് മുകളിലുള്ളവരെക്കാൾ നമ്മുടെ കുട്ടികൾക്കുണ്ട്. വീട്ടിനകത്തെ സംഘർഷമൊക്കെ ഭംഗിയായി പരിഹരിക്കുന്ന കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. യേശുവിന്റെ ശിഷ്യർ തന്നെ പതിനെട്ടുമുതൽ 24 വയസ്സുവരെയുള്ളവരായിരുന്നു. ചിത്രകാരർ വരച്ച് അവരെ വയോധികരാക്കി മാറ്റിയതാണ്.
സാറാ ജോസഫ്: അതെ, കുറെ ചെറുപ്പക്കാരുടെ സ്നേഹഭാവനയുടെ പേരാണ് സുവിശേഷമെന്നു തോന്നുന്നു. അല്ലാതെ ലോകത്തിന്റെ അതിരു വരെ അതെത്തില്ലല്ലോ? നമ്മുടെ പ്രായമുള്ളവർ അടുത്ത മുറുക്കാൻകടവരെ പോവില്ല. ശുഭാപ്തി വിശ്വാസമുള്ളവരാകുകയാണ് ഇന്നുവേണ്ടത്. അതിന്റെ ഭാഗമായിരിക്കും അവനവനെ സ്നേഹിക്കുക എന്നത്.
ബോബി ജോസ്: സിനിമയിലെ കാര്യംതന്നെ പറയാം. കല്യാണാലോചന നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ ഒരമ്മാവൻ പറയുന്നു, കാണാൻ കൊള്ളാവുന്ന കൊച്ചുങ്ങൾക്കുതന്നെ നല്ല ചെറുക്കന്മാരെ കിട്ടുന്നില്ല. അതുകേട്ട് വീട്ടിലെ കൊച്ച് വന്ന് അയാളുടെ കൈയിലേക്ക് ചായയൊഴിച്ച് പൊള്ളിക്കുകയാണ്. അപ്പോ അപ്പൻ പറയുന്നുണ്ട്, ഞാനാണേൽ തലയിലൊഴിച്ചേനേ എന്ന്. മുൻപങ്ങനെയായിരുന്നില്ല. അങ്ങനെയൊരു വർത്തമാനം കേട്ടാൽ അകത്തുപോയി കരയുകയേയുള്ളൂ. കാണാൻകൊള്ളാവുന്ന എന്ന വാക്കേ ഇന്ന് നിലവിലില്ല. കാരണം എന്താണ് അതിന്റെ ഏകകം? അത്തരം മാറ്റങ്ങളാണ് പുതിയ തലമുറ വരുത്തിയിരിക്കുന്നത്.
സാറാ ജോസഫ്: സുവിശേഷത്തിൽ ഉയർത്തിക്കാണിക്കുന്നത് കൂടുതലും സ്ത്രൈണമൂല്യങ്ങളാണല്ലോ
ബോബി ജോസ്: കരഞ്ഞവർ ഭാഗ്യവാന്മാർ, പരിക്കേറ്റവർ ഭാഗ്യവാന്മാർ, നീതിക്കുവേണ്ടി വിശന്നവർ ഭാഗ്യവാന്മാർ... ഇതിലൊന്നുപോലും നമ്മുടെ ആൺ പരിസരത്തിൽ നിന്നുയരുന്ന ചിന്തയല്ല. എന്നാൽ, ആ സത്ത മുന്നോട്ടു കൊണ്ടുപോകേണ്ട മനുഷ്യർ വല്ലാതെ പൗരുഷമുള്ളവരായി മാറിയതിന്റെ പേരാണ് സഭയെന്ന് ചിലപ്പോൾ തോന്നിപ്പോയിട്ടുണ്ട്. വിച്ചസ് എന്ന വാക്ക് ആരംഭത്തിൽ ക്രിസ്ത്യാനിറ്റിയിൽ പണ്ഡിതരായ സ്ത്രീകളെ വിശേഷിപ്പിക്കാനുപയോഗിച്ച ആരോപണമാണ്. ജ്ഞാനികളായ സ്ത്രീകളെ വലംചുറ്റി ഒരു രഹസ്യസ്വഭാവമുണ്ടാവും. അവരെന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് പുരുഷനെപ്പോഴും ഉത്കണ്ഠയുണ്ട്. ആ ഉത്കണ്ഠയിൽനിന്നാണ് വിച്ചസ് എന്ന പേരിന് ദുർമന്ത്രവാദികൾ എന്ന അർഥമുണ്ടായത്.
സാറാ ജോസഫ്: യേശു ലോകത്തിനുവേണ്ടി കുരിശിൽ കിടന്നനുഭവിച്ച വേദനകളെക്കുറിച്ചും ചിന്തിക്കണം. ക്രൂശിതനാവുക എന്ന് ഇന്നും സമൂഹത്താൽ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടവരെക്കുറിച്ച് പറയാറുണ്ട്. സമാനതകളില്ലാത്ത വേദന സഹിച്ചാണ് യേശു യേശുവായി മാറുന്നത്.
ബോബി ജോസ്: മരണകാരണമാവുന്ന തരത്തിൽ അപകടം പിടിച്ചതല്ല കരിശിലേറുക എന്നത്. ആ മുറിവുകൾ കൊണ്ട് പെട്ടെന്ന് മരിക്കില്ല. അതിന് മീതേയുള്ള ക്ലേശങ്ങൾ ഏൽക്കേണ്ടിവന്നതുകൊണ്ടാവുമല്ലോ മരണം സംഭവിച്ചത്. ചമ്മട്ടികൊണ്ട് അടിക്കാൻ പറയുന്നുണ്ട്. ലോഹച്ചമ്മട്ടി കൊണ്ടാണ് അടി. അടികൊണ്ട് ചിതറിപ്പോയ മനുഷ്യനാണ്. ഏകാന്തതയുടെയും ദുഃഖത്തിന്റെയുംമാത്രം കഥയല്ലത്. ശരീരത്തിൽ കഠിനമായ വേദന അനുഭവിക്കുമ്പോൾ നമുക്ക് മറ്റൊന്നിനെയുംകുറിച്ച് ചിന്തിക്കാനാവില്ല. ആ സമയത്തുപോലും യേശു ‘ഇവരോട് പൊറുക്കേണമേ’ എന്നാണ് പ്രാർഥിക്കുന്നത്. ആരാണ് ദൈവം? മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ കഴിയുന്നവനാണ് ദൈവം.
അദ്ഭുതപ്രവൃത്തികളെക്കുറിച്ച് പറയുമ്പോൾ യേശു മൃതരായവരെ ജീവിപ്പിക്കുന്നുണ്ട്. മൃതരായവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിഷ്‌ക്രിയരായിപ്പോയ മനുഷ്യരെയാണെന്ന് വ്യക്തം. എന്റെ കാര്യംതന്നെ പറയാം. കുറച്ചുവർഷംമുൻപ് കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോയിരുന്നു. ശരിക്കുമങ്ങ് ഇരുന്നുപോയി. നിഷ്‌ക്രിയനാവുന്ന അവസ്ഥ. ആ സമയത്ത് നമുക്ക് സ്വയം അതിൽനിന്ന് പുറത്തുവരാനാവില്ല. കിണറ്റിൽ വീണുപോവുന്നവർക്ക് കമ്പിൽ കുത്തി പുറത്തേക്കു ചാടാനാവില്ല. സഹായം വേണം. അപ്പോഴാണ് യേശുവെ മിശിഹ അഥവാ രക്ഷകൻ എന്നു വിളിക്കുന്നതിന്റെ സാംഗത്യം മനസ്സിലായത്. രോഗിയെ സൗഖ്യപ്പെടുത്തുക, മൃതരെ ഉയിർപ്പിക്കുക പിശാചിനെ ഒഴിവാക്കുക എന്നെല്ലാം പറയുന്നുണ്ട്. പിശാച് എന്നാൽ എന്താണ്. Somebody who divides എന്നതാണ് Demon. അതിപ്പോൾ അർധരാത്രിയിൽ ഇന്ത്യയെ വിഭജിച്ചാൽ അതും പിശാചാണ്.
മതത്തിൽ വരുന്ന പരിഷ്കരണങ്ങളെക്കുറിച്ച് നടപടി പുസ്തകത്തിൽ ഗമാലിയേൽ എന്ന ആചാര്യൻ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ഒന്ന് നിലനിൽക്കുന്നെങ്കിൽ ദൈവിക പ്രചോദനത്തിൽനിന്ന് വന്നതാണ്. അല്ലെങ്കിൽ അത് മാഞ്ഞുപോകും. ഗമാലിയൻ പ്രിൻസിപ്പൽ എന്നാണ് അതിന് പറയുന്നത്. എഴുത്തിന്റെ കാര്യവും അതെ. കാലമാണ് ശരിയായ ന്യായാധിപൻ. ഒന്നിനെയും കണ്ണടച്ച് എതിർക്കേണ്ട. ഒന്നിനോടും അമിതമായ ചായ്‌വ് ആവശ്യമില്ല. കാലം തെളിയിച്ചോളും. നേരിട്ടുള്ള നന്മയെന്നത് വല്ലാതെ ചെടിപ്പിക്കുന്നതാണ്. ദസ്തയേവ്‌സ്കി കൃതികളിലൊക്കെ കാണുന്നത് നേരിട്ടുള്ള നന്മയല്ലല്ലോ? ലാറ്റിനമേരിക്കൻ സിനിമകൾ വലിയ വയലൻസും അനാർക്കിയുമൊക്കെ ആയിരിക്കും. എന്നാൽ, ഇരുട്ടുപിഴിഞ്ഞ് വെളിച്ചം വരുംപോലെ ഒടുവിൽ നന്മയുടെ പ്രഭാവം തെളിഞ്ഞുവരാറുണ്ട്. അത് ക്രാഫ്റ്റാണ്, പ്രതിഭയാണ്. എല്ലാ ഇരുട്ടും പിഴിഞ്ഞാൽ വെളിച്ചമുണ്ടാവില്ല. നന്മകളെ നേരിട്ടുകാണിക്കുന്ന കൃതികളല്ലല്ലോ നമ്മുടെ ക്ലാസിക്കുകളെല്ലാം. അതിൽ കുറച്ച് അങ്ങനെ നിൽക്കുന്നത് പാവങ്ങൾ മാത്രമാണ്. അതിൽ എല്ലാവരെയും നല്ലവരാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അത്രയ്ക്ക് ലളിതമല്ല മനുഷ്യരുടെ ഘടന. മറിച്ച് കസാൻദ് സാക്കീസിനെ നോക്കുക. അതിലെ കഥാപാത്രങ്ങൾ അദ്ഭുതകരമായ സൃഷ്ടികളാണ്. ഓരോ കൃതിയിലും ഓരോ തലങ്ങളാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. എത്രയെത്ര അടരുകളാണ് അയാൾക്ക്.
സാറാ ജോസഫ്: അച്ചന്റെ എല്ലാ പുസ്തകത്തിലും കൈവെള്ളയിലെ സ്വർഗരാജ്യം എന്ന ആശയം ഉണ്ട്...
ബോബി ജോസ്: പല സർവകലാശാലകളിലും ഇംഗ്ലീഷ് വിദ്യാർഥിക്ക് പഠിക്കാൻ കൊടുക്കുന്ന ഒരു പുസ്തകം പുതിയനിയമമാണ്. അതിലൊരു സൗഹൃദഭാഷണത്തിന്റെ രീതിയുണ്ട്. ആ ഭാഷയിൽ അലങ്കാരങ്ങളില്ല. എനിക്കു തോന്നുന്നു, മലയാളത്തിൽ ആ ഭാഷ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് സക്കറിയയാണെന്ന്. അന്നുവരെയുണ്ടായിരുന്ന ഭാഷയുടെ തൊങ്ങലുകൾ എടുത്തുമാറ്റുന്നു. അതുകൊണ്ടുതന്നെ ഋജുവായ രീതിയിൽ വെളിച്ചം വിനിമയം ചെയ്യപ്പെടുന്നു. വായനക്കാരിലേക്ക് ആശയം നേരിട്ട് എത്തിച്ചേരുന്നു. മായം ചേർക്കാത്ത ഭാഷയെന്നൊക്കെ പറയാം.
സാറാ ജോസഫ്: നമ്മൾ മലയാളികൾ അലങ്കാരപ്രിയരാണെന്ന് തോന്നുന്നു. അതിനെക്കുറിച്ച് പഠിപ്പിക്കാൻ ഭാഷാഭൂഷണം എന്നൊരു ഗ്രന്ഥം തന്നെയുണ്ടല്ലോ?
ബോബി ജോസ്: യേശു പറഞ്ഞ കഥകൾക്ക് രണ്ടായിരംവർഷം പഴക്കമുണ്ട്. ആ കഥകളെല്ലാം മനുഷ്യരെക്കുറിച്ച് മാത്രമാണുതാനും. എന്നാൽ, അതേ പഴമയുള്ള മറ്റു സംസ്കാരങ്ങളുമായി ബന്ധപ്പെട്ട കഥകൾ മിക്കതും അമാനുഷികമായ ഫാന്റം കഥകളാണ്. യവനകഥകളൊക്കെത്തന്നെ ഉദാഹരണം. യേശു ശരിക്കുമൊരു യേശു തന്നെയാണ്! മനുഷ്യന്റെ വ്യഥകളെക്കുറിച്ചുതന്നെയാണ് പറഞ്ഞിരിക്കുന്നത്. കൂലിയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യം നോക്കുക: ഒന്നാം മണിക്കൂറിൽ വന്നയാൾക്കും പതിനൊന്നാം മണിക്കൂറിൽ വന്നയാൾക്കും ഒരു ദിനാർ തന്നെ. ഒന്നാം മണിക്കൂർ എന്നത് രാവിലെ ആറു മണിയാണ്. പതിനൊന്നാം മണിക്കൂർ എന്നു പറയുന്നത് വൈകുന്നേരം അഞ്ചു മണിയും. ഈ രണ്ടു പേർക്കും ഒരേ കൂലിയെന്നത് കൂലിക്കു തന്നെയുള്ള നിർവചനമാണ്. നിങ്ങളുടെ അധ്വാനത്തെ തട്ടിലിട്ട് പ്രതിഫലം അളന്നു കൊടുക്കുന്നതല്ല കൂലി. അധ്വാനിച്ചയാളുടെ അപ്പം, അത്താഴം ഉറപ്പുവരുത്തുന്നതിന് വിളിക്കുന്ന വാക്കാണ് കൂലി. കാര്യങ്ങൾ ഇത്ര പുരോഗമിച്ച ഇക്കാലത്തും നമുക്ക് മനസ്സിലാവാത്ത വിധത്തിൽ മനുഷ്യപ്പറ്റുള്ള കാര്യങ്ങൾ സംസാരിച്ചു എന്നതാണ് യേശുവിന്റെ പ്രസക്തി.
സാറാ ജോസഫ്: യേശുവിനെ നമുക്ക് എന്നും സ്നേഹിക്കാൻ തോന്നും. സ്ത്രീകളോടൊക്കെ മമത പുലർത്തിയിരുന്ന ദൈവപുത്രനായിട്ടാണ് അനുഭവപ്പെട്ടത്. അച്ചനെന്താണ് ഇക്കാര്യത്തിൽ തോന്നുന്നത്?
ബോബി ജോസ്: അതു പ്രധാനപ്പെട്ട കാര്യമാണ്. ഒറ്റക്കാര്യത്തിൽ നിന്നുതന്നെ അത് പിടികിട്ടും. ആർത്തവം എന്നത് ഇപ്പോൾപോലും തുറന്നു സംസാരിക്കാൻ മടിയുള്ള കാര്യമാണ്. ഇക്കാലത്തുപോലും ഒരു പെൺകുട്ടി അവളുടെ അച്ഛനോട് നാപ്കിൻ വാങ്ങിത്തരണമെന്ന് പറയാൻ മടിച്ചേക്കും. പക്ഷേ, യേശു അതിനെ പൊതുമധ്യത്തിൽ ചർച്ചചെയ്യാൻ മടിച്ചിരുന്നില്ല.
സാറാ ജോസഫ്: ശരിയാണ് തിരക്കിലൂടെ നടന്നുപോവുമ്പോൾ രക്തസ്രാവമുള്ള സ്ത്രീ വസ്ത്രത്തിൽ തൊട്ടു, അവൾ സുഖം പ്രാപിച്ചെന്ന് പറയുന്നുണ്ട്. അത് ആർത്തവം എന്നത് ചർച്ചചെയ്യപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ആവണം.
ബോബി ജോസ്: ആർത്തവം ഗോപ്യമാക്കി വെക്കേണ്ട കാര്യമില്ലെന്നും മറ്റേത് കാര്യത്തെയുംപോലെ പൊതുവായി ചർച്ച ചെയ്യപ്പെടാവുന്നതാണെന്നുമുള്ള സമീപനം അതിലുണ്ട്. ആരാ എന്റെ വസ്ത്രത്തിൽ തൊട്ടതെന്ന് ചോദിക്കുന്നുണ്ട്. അപമാനിതയായി ചുരുണ്ടുകൂടി നിൽക്കുന്ന സ്ത്രീയോട് മുന്നോട്ടുവരാനാണ് പറയുന്നത്. ഇന്നത്തെ കാലത്തുപോലും വിപ്ലവകരമായ പ്രവൃത്തിയാണത്. അങ്ങനെ പറയുന്നതു കൊണ്ടാണ് ആർത്തവദിനങ്ങളാട് ക്രിസ്തുമതത്തിൽ അധമബോധമില്ലാത്തത്.
Content Highlights: A conversation with authors Sara Joseph and Bobby Jose Kattikad
Published: 22 Dec 2024, 10:01 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented