
മഞ്ഞുമൂടിയ പ്രഭാതങ്ങള്‍... കുളിരുള്ള രാവുകള്‍... ഡിസംബര്‍ എത്തി. നാട് ക്രിസ്തുമസ് മൂഡിലേക്ക് നീങ്ങുന്ന ദിനങ്ങള്‍. വീടുകളില്‍ നക്ഷത്രങ്ങള്‍ തൂങ്ങും. പുല്‍ക്കൂടുകളൊരുങ്ങും. ബേക്കറികളില്‍ കേക്കുകള്‍ ഇടംപിടിക്കും. ഫോണുകളിലെ റിങ്ബാക്ക് ടോണുകളില്‍പ്പോലും ജിംഗിള്‍ബെല്‍സ് നിറയും. ക്രിസ്തുമസ് ദിനങ്ങള്‍ക്കൊരു പ്രത്യേക മൂഡാണ്. ഡിസംബര്‍ 25 അടുത്തുവരുന്നതോടെ കരോള്‍ സംഘങ്ങളുടെ വരവായി. ഈ ദിനങ്ങളില്‍ പതിവായി മുഴങ്ങുന്ന പാട്ടുകളുണ്ട്, 'യഹൂദിയായിയിലെ ഒരുഗ്രാമത്തില്‍...' പോലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍.
'കാവല്‍ മാലാഖമാരേ...', 'പൈതലാം യേശുവേ...'തുടങ്ങി കേരളക്കരയാകെ ഏറ്റുപാടിയ ഒട്ടേറെ ക്രിസ്തുമസ് ഗാനങ്ങളുണ്ട്. എ.ജെ. ജോസഫ്, ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ക്രിസ്തുമസ് ഡിവോഷണല്‍ പാട്ടുകളില്‍ മാജിക് സൃഷ്ടിച്ചവരാണ്. പില്‍ക്കാലത്തിറങ്ങിയ പല പാട്ടുകളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയി. പക്ഷേ ഇത്തവണ ഒരു ക്രിസ്തുമസ് ഗാനം ചുരുങ്ങിയ ദിനങ്ങള്‍കൊണ്ട് വന്‍ ഹിറ്റായിരിക്കുകയാണ്. 'ക്രിസ്മസ് രാവിലൊന്നുചേര്‍ന്നു പാടാം...' എന്നാരംഭിക്കുന്ന പാട്ടെഴുതിയതും സംഗീതം നല്‍കിയതും ഡോ. ഡൊണാള്‍ഡ് മാത്യുവാണ്.
ക്രിസ്തുമസിന്റെ ആഘോഷവൈബ് മുഴുവന്‍ പ്രസരിപ്പിക്കുന്ന സംഘഗാനത്തെ അഭിനന്ദിച്ച് ഇതിനകം ഒട്ടേറെപ്പേര്‍ ഡൊണാള്‍ഡിനെ വിളിച്ചു. ഇതില്‍ ബേണി-ഇഗ്‌നേഷ്യസ് സഹോദരന്മാരിലെ ബേണിയും ഉള്‍പ്പെടുന്നു.
ഡൊണാള്‍ഡിനെ ആളുകള്‍ അറിയും. അഞ്ചുവര്‍ഷം മുമ്പ് 'നാവില്‍ എന്നീശോ തന്‍ നാമം' എന്ന ഗാനം ചെയ്യുമ്പോള്‍ ഇത് പില്‍ക്കാലത്ത് പള്ളികളില്‍ ക്വയറിന്റെ ഭാഗമായിത്തീരുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. പതിഞ്ഞ താളത്തില്‍ ഹൃദയത്തെ തൊടുന്നതാണ് ഇതിന്റെ ഈണം. മനോഹരമായ മെലഡി. ഇതിനു നേരേ വിപരീതമാണ് ഇപ്പോഴിറങ്ങിയിരിക്കുന്ന ഗാനം. ഉണ്ണിയേശുവിന്റെ പിറവിയുടെ സന്തോഷം പാട്ടില്‍ ഊര്‍ജം നിറയ്ക്കുന്നു.
സംഗീത സംവിധായകന്‍ ശ്യാമിനൊപ്പം
ഇടുക്കി കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം എന്ന കൊച്ചുഗ്രാമത്തില്‍ നിന്നാണ് ഡൊണാള്‍ഡിന്റെ വരവ്. പാടാന്‍ കൊതിച്ച് സംഗീത സംവിധായകനായയാള്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ പാട്ടുകാരനാകാനാണ് ആഗ്രഹിച്ചത്. തുടര്‍ന്ന് ഹോമിയോ ഡോക്ടറായി. തോവാളയില്‍ സര്‍ക്കാര്‍ ക്ലിനിക്കിലും കട്ടപ്പനയിലെ സ്വന്തം ക്ലിനിക്കിലും രോഗികളെ പരിശോധിക്കുമ്പോഴും പാട്ടായിരുന്നു ലക്ഷ്യം.
ഏതെങ്കിലും നഗരത്തിലേക്കു ചേക്കേറാതെ സംഗീതമോഹം പൂവണിയില്ലെന്ന് മനസിലായപ്പോള്‍ ചെന്നൈയിലേക്ക് പോയി. രണ്ട് ഡിവോഷണല്‍ ആല്‍ബങ്ങളില്‍ പാടിയുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ. ചെന്നൈയില്‍ വിന്‍സന്റ് എന്നൊരു സുഹൃത്തുവഴി തമിഴ് ഡിവോഷണല്‍ ആല്‍ബത്തില്‍ പാടാന്‍ അവസരം ലഭിച്ചു. സംഗീത സംവിധായകനായ ജെ.എം. രാജു അക്കാലത്ത് ദൂരദര്‍ശനുവേണ്ടി ചെയ്തിരുന്ന പ്രോഗ്രാമിലും അവസരം കിട്ടി. തുടര്‍ന്ന് സംഗീതസംവിധായകന്‍ ദിനയ്ക്കൊപ്പം രണ്ടുവര്‍ഷം.
അണ്ണാനഗറില്‍ ഇതിനിടെ ക്ലിനിക്ക് തുറക്കുകയും ചെയ്തു. വൈകാതെ സംഗീത സംവിധായകന്‍ ശ്യാമിനൊപ്പം പ്രവര്‍ത്തിച്ചുതുടങ്ങി. അദ്ദേഹം കര്‍ണാടക സംഗീതത്തിലൂടെ ഡിവോഷണല്‍ അവതരിപ്പിക്കുന്ന ആല്‍ബം ചെയ്യുകയായിരുന്നു. 32 പാട്ടുള്ള ആല്‍ബത്തില്‍ മൂന്നുപാട്ട് പാടാന്‍ ഡൊണാള്‍ഡിന് അവസരം നല്‍കി. ദിനയ്ക്കും ശ്യാമിനുമൊപ്പം ചെലവഴിച്ച നീണ്ട കാലയളവാണ് ഡൊണാള്‍ഡിലെ സംഗീത സംവിധായകനെ ഉണര്‍ത്തിയത്.
കട്ടപ്പനയില്‍ നിന്ന് ചെന്നൈ വഴി കൊച്ചിയില്‍
ഡിവോഷണല്‍ ഗാനങ്ങള്‍ പാടാന്‍ അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. വിവിധ ഭാഷകളിലായി ആയിരം പാട്ടുകള്‍ പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിതമായി നാട്ടിലേക്ക് പോരേണ്ടിവന്നത്. നാട്ടില്‍ അമ്മയുടെ ക്ലിനിക്ക് ഏറ്റെടുക്കേണ്ടിവന്നു. പാട്ടുകള്‍ക്ക് ബ്രേക്ക് വീണതുപോലെയായി. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഡൊണാള്‍ഡിന് കഴിഞ്ഞില്ല. ജോലിക്കിടെ ഒരു ക്രിസ്ത്യന്‍ ഡിവോഷണല്‍ ആല്‍ബത്തിന് സംഗീതം നല്‍കി. പിന്നാലെ മറ്റൊരെണ്ണംകൂടി. ഇതോടെ ചെന്നൈയില്‍നിന്നു വിളിയെത്തി. സുഹൃത്തും വിദ്യാസാഗറിന്റെ അസിസ്റ്റന്റുമായ പോള്‍രാജാണ് വിളിച്ചത്. സിനിമയ്ക്കും പാട്ടുചെയ്യാനായിരുന്നു ഉപദേശം.
കൊച്ചിയിലേക്ക് ചേക്കേറാന്‍ ആഗ്രഹിച്ചെങ്കിലും ഭാര്യയുടെ ജോലി കൂടി കണക്കിലെടുത്ത് തിരുവനന്തപുരത്തേക്കാണ് പോയത്. പക്ഷേ രണ്ടുവര്‍ഷത്തിനകം കൊച്ചിയിലേക്ക് മാറി. ചോറ്റാനിക്കരയില്‍ താമസിച്ചുവരവെയാണ് സിനിമയിലേക്ക് അവസരം തുറന്നത്. 'മെല്ലെ' എന്ന സിനിമയ്ക്കുവേണ്ടി ശ്വേതാ മോഹന്‍ പാടിയ 'കൊഞ്ചിക്കൊഞ്ചി പൂക്കും...' എന്ന ഗാനം ഏറെ ശ്രദ്ധ നേടി. ഇതില്‍ മൂന്ന് പാട്ടുകളുണ്ടായിരുന്നു. ഇതുകേട്ട് അപ്രതീക്ഷിതമായി ഒരു അഭിനന്ദനം ഡൊണാള്‍ഡിനെ തേടിവന്നു. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥായിരുന്നു അത്. പുതിയ ക്രിസ്തുമസ് ഗാനം ആളുകള്‍ ഏറ്റെടുത്തതിലുള്ള സന്തോഷത്തിലാണ് ഡൊണാള്‍ഡ്. മറ്റൊരു ആല്‍ബത്തിന്റെ കൂടി റെക്കോഡിങ്ങിലാണ്.
Content Highlights: christmas 2024 carol songs by dr donald mathew
Published: 19 Dec 2024, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented