രക്ഷകന്റെ തിരുപ്പിറവി സുദിനത്തോടനുബന്ധിച്ച് ഡിസംബർ 24-ന് വൈകുന്നേരം ഏഴുമണിക്ക് പാപ്പാ ഫ്രാൻസിസ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറക്കുന്നതോടെ 2025 ജൂബിലി ആചാരാനുഷ്ഠാനങ്ങൾക്ക് ആരംഭം കുറിക്കും. വിശുദ്ധ കുർബാനയിൽ പാപ്പാ മുഖ്യകാർമികത്വം വഹിക്കും. തുടർന്നാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടക്കുക. ദൈവകൃപയുടെ വറ്റാത്ത ഉറവ മനുഷ്യരിലേക്ക് വർഷിക്കുന്ന വിശുദ്ധവത്സരം.
ഇറ്റാലിയൻ ഭാഷയിൽ പോർത്ത സാന്ത (porta santa) എന്നറിയപ്പെടുന്ന വിശുദ്ധ കവാടം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുൻഭാഗത്ത് കാണുന്ന അഞ്ചു വാതിലുകളിൽ വടക്കേ അറ്റത്തുള്ള വലിയ വാതിലാണ്. ജൂബിലി ആചരണത്തോടനുബന്ധിച്ച് മാത്രം തുറക്കുന്ന ഈ വാതിൽ മാർപാപ്പയുടെ പൂർണ്ണ അധീനതയിലാണ്. ഇത് അടയ്ക്കാനും തുറക്കാനുമുള്ള ഏക അധികാരം പാപ്പായ്ക്ക് മാത്രമാണ്.
ദൈവകൃപയിലൂടെ മോക്ഷം നേടാനുള്ള വിശുദ്ധ വാതിലിൽ പ്രവേശിക്കാൻ അഗാധമായ വിശ്വാസവും തീഷ്ണമായ പ്രാർഥനയും, കൂടാതെ ദാനധർമ്മം, പുണ്യപ്രവർത്തികൾ കഴിയുന്നത്ര ചെറുതും വലുതുമായ തീർഥാടന യാത്രകൾ സഭ നിഷ്കർഷിക്കുന്നു. ഒടുവിൽ പരമപ്രധാനമായും കുമ്പസാരം എന്ന കൂദാശയിലൂടെ അനുതപിച്ച് ആത്മീയശുദ്ധി വരുത്തി വേണം അനുരഞ്ജനത്തിനു മുൻപിൽ തുറക്കപ്പെടുന്ന വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനവും ആത്മീയ അനുഗ്രഹങ്ങളും പ്രാപിക്കാൻ. ക്രിസ്തുവാകുന്ന വാതിലിലൂടെ പ്രവേശിച്ച് പാപത്തിൽനിന്നു വിമോചിതരായി ദൈവകൃപയിലൂടെ മോക്ഷം നേടാനുള്ള ക്ഷണത്തിന്റെ സൂചിക, അതാണ് വിശുദ്ധ കവാടം.
ഇവ കൂടാതെ റോമിൽ തന്നെ സെന്റ് ജോൺ ലാറ്ററൻ, സെന്റ് പോൾ, സെന്റ് മേരി മേജർ ബസലിക്കകളിലും വിശുദ്ധ വാതിലുകൾ ഉണ്ട്. ഇവ തുറക്കുന്നത് പാപ്പ നിർദ്ദേശിക്കുന്ന കർദിനാളന്മാരാണ്. 2000-ത്തിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മൂന്നാം സഹസ്രാബ്ദത്തിന് തുടക്കം കുറിച്ചുകൊണ്ട് നാലു വിശുദ്ധ വാതിലുകളും സ്വയം തുറന്നത് അനുസ്മരണീയമാണ്. രണ്ടരക്കോടി തീർഥാടകരാണ് അന്ന് ഇവിടെ എത്തിയത്. പ്രാരംഭഘട്ടത്തിൽ നൂറ്റാണ്ടിൽ ഒരിക്കലും പിന്നീട് 50 വർഷത്തിലും ആചരിച്ചിരുന്ന ജൂബിലി,1470- ല്‍ പോൾ രണ്ടാമൻ പാപ്പായാണ് നിലവിലുള്ള 25 വർഷമാക്കിയത്. എങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ നിശ്ചിത കാലയളവിൽ മാർപാപ്പയ്ക്ക് മാറ്റം വരുത്താവുന്നതാണ്. 2015- ല്‍ പോപ്പ് ഫ്രാൻസിസ് അനിതരസാധാരണമായ ജൂബിലി വർഷം പ്രഖ്യാപിച്ചുകൊണ്ട്- ദ ഇയർ ഓഫ് മേഴ്സി- സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്നപ്പോൾ മൂന്നു കോടിയിൽ അധികം തീർഥാടകർ കടന്നുപോയതായി കണക്കാക്കുന്നു.
1300-ല്‍ ബോണിഫെസ് എട്ടാമൻ മാർപാപ്പയുടെ കാലത്താണ് ജൂബിലി ആചരണത്തിന് തുടക്കമിട്ടത്. അന്ന് ആദ്യമായി വിശുദ്ധ കവാടം നിർമ്മിച്ചതും തുറന്നതും സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ആയിരുന്നു. ലോക പള്ളികളുടെ മാതൃപള്ളി എന്നറിയപ്പെടുന്ന ഈ കത്തീഡ്രൽ ദേവാലയം റോമിന്റെ മെത്രാൻ കൂടിയായ മാർപാപ്പയുടെ രൂപതാസ്ഥാനമാണ്. പിന്നീട് 1499- ല്‍ ഗ്രിഗറി എട്ടാമൻ പാപ്പാ സെന്റ് പീറ്റേഴ്സ്, സെന്റ് പോൾസ്, സെന്റ് മേരി മേജർ ബസിലിക്കകളിലും വിശുദ്ധ കവാടങ്ങൾ സ്ഥാപിച്ചു. ഇതിൽ ഏറ്റവും സവിശേഷ നിർമിതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേതു തന്നെയാണ്. ഭിത്തി കെട്ടി പിൻഭാഗം സിമന്റ് ചെയ്തിട്ടുള്ള വിശുദ്ധ വാതിലിന്റെ മുൻഭാഗത്ത് 16 ചെറുപാളികൾ ചേർത്ത് മരത്തിലുള്ള വലിയ രണ്ട് വാതിൽ പാളികളായി അതിമനോഹരമായി നിർമിച്ചിരിക്കുന്നു. രക്ഷാകരചരിത്രത്തിലെ ശ്രദ്ധേയമായ രംഗങ്ങൾ വെങ്കല തകിടിൽ കലാപരമായി അനാവരണം ചെയ്തിരിക്കുന്നു.
വിശുദ്ധ കവാടം തുറക്കുന്നതിനായി പാപ്പാ മൂന്ന് തവണ കവാടത്തിന്റെ മുൻഭാഗത്ത് വാതിൽ പാളികളിൽ ചുറ്റിക കൊണ്ട് മുട്ടുന്നു. തുടർന്ന് ജോലിക്കാർ മതിൽ പൊളിച്ച് മാറ്റുന്നു. ശേഷം രണ്ടു പാളികൾ പാപ്പാ തള്ളി തുറക്കുന്നു. പൊളിച്ചിട്ടവ പൂജ്യവസ്തുക്കൾ ആയി കരുതി വീടുകളിലേക്ക് കൊണ്ടുപോകുന്ന ഒരു പതിവ് രീതിയും പണ്ട് നിലനിന്നിരുന്നു. എന്നാൽ രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷം, 1975- ലെ ജൂബിലിയോടനുബന്ധിച്ച് ചുറ്റുമതിൽ പൊളിക്കുമ്പോൾ അന്നത്തെ പോൾ ആറാമൻ പാപ്പായുടെ മേൽ സിമന്റ് പാളി തെറിച്ചു വീണത് ഏറെ പരിഭ്രാന്തി ഉളവാക്കി. ഈ അനിഷ്ട സംഭവത്തെ തുടർന്ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ പതിവു രീതികളിൽ മാറ്റം വരുത്തി. ജൂബിലി കവാടം തുറക്കാൻ പാപ്പാ എത്തുന്നതിനു മുൻപ് തന്നെ ജോലിക്കാർ ചുറ്റുമതിൽ പൊളിച്ചു വെക്കുന്നു. തുറന്ന വിശുദ്ധ കവാടത്തിലൂടെ ആദ്യം പ്രവേശിക്കുന്നത് പാപ്പാ തന്നെയാണ് ശേഷം നവകർദിനാളന്മാരും മറ്റുള്ളവരും പ്രവേശിച്ച് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുശേഷിപ്പുകൾ വണങ്ങും.
2026 ജനുവരി ആറിന് ജൂബിലി വത്സരം സമാപിക്കുമ്പോൾ വിശുദ്ധ കവാടം അടയ്ക്കുന്നതോടെ, പിൻഭാഗം ഭിത്തി കെട്ടി അടയ്ക്കപ്പെടും. ജൂബിലി പ്രമാണ രേഖകൾ, സ്മരണികകൾ, ജൂബിലി നാണയങ്ങൾ എന്നിവ ഭദ്രമായി ഇതിനോട് ചേർത്ത് സിമന്റ് ചെയ്ത് സൂക്ഷിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഒമ്പതാം തീയതി പോപ്പിന്റെ രൂപതാസ്ഥാനമായ റോമിലെ സെന്റ് ജോൺ ലാറ്ററിൻ ബസിലിക്കിൽ വെച്ച് 'പ്രതീക്ഷ നിരാശപ്പെടുത്തുന്നില്ല' എന്ന 'ബുൾ ഓഫ് ഇൻഡിക്ഷ'നോടെയാണ് ജൂബിലി പ്രഖ്യാപിക്കപ്പെട്ടത്.
Content Highlights: Pope Francis to open Holy Door at St. Peter`s Basilica on Dec 24, marking start of 2025 Jubilee Year
Published: 23 Dec 2024, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented