
കൂടെപ്പാടിയ പാട്ടുകാർ നൂറുകണക്കിന് വരും; യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും ഭൂപീന്ദർ സിംഗും തൊട്ട് ഉസ്താദ് സുൽത്താൻ ഖാൻ വരെ. അക്കൂട്ടത്തിൽ ഇന്നുവരെ ചിത്രയ്ക്ക് "പിടികൊടുക്കാത്ത" ഒരൊറ്റയാളെ ഉള്ളൂ: "വൂഡൂ റാപ്പർ."
പേര് പോലെ ദുരൂഹമായിരുന്നു ആളുടെ രൂപഭാവങ്ങളും. മ്യൂസിക് വീഡിയോയുടെ ചിത്രീകരണത്തിനായി ഗായകൻ ഹാജരായത് മുഖം മൂടി ധരിച്ച്. ഒപ്പം നിന്നാണ് പാടുന്നതെങ്കിലും ആളുടെ മുഖം കാണാൻ ഒരു വഴിയുമില്ല. "ഷൂട്ടിംഗ് തീരും വരെ മുഖംമൂടി അഴിച്ചില്ല അദ്ദേഹം. പാടിക്കഴിഞ്ഞ ഉടൻ സ്ഥലം വിടുകയും ചെയ്തു." -- ചിത്ര പറയുന്നു. "ഇന്നും എനിക്കറിയില്ല അതാരായിരുന്നുവെന്നോ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് എന്തെന്നോ. ജീവിതത്തിൽ അത്തരമൊരനുഭവം നടാടെ."
"ചിത്രീകരണ സമയത്ത് ഗായകന്റെ ചുണ്ടു മാത്രമേ പുറത്തു കണ്ടിരുന്നുള്ളു. ഇടയ്ക്ക് അദ്ദേഹം പുകവലിക്കാൻ പുറത്തുപോകും. അപ്പോഴും മുഖം മൂടി അഴിക്കില്ല. അത്ഭുതമായിരുന്നു എനിക്ക്." -- ചിത്ര പറയുന്നു. അതിനും ദിവസങ്ങൾ മുൻപാണ് മുംബൈ അന്ധേരിയിലെ ആവാ സ്റ്റുഡിയോയിൽ വെച്ച് പാട്ടുകളുടെ റെക്കോർഡിംഗ് നടന്നത്. "പക്ഷേ അവിടെ വെച്ച് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയില്ല. അതിനകം തന്നെ തന്റെ ഭാഗം പാടിത്തീർത്ത് സ്ഥലം വിട്ടിരുന്നു അദ്ദേഹം."-- ചിത്ര ഓർക്കുന്നു.
"റഗ്ഗ രാഗ" -- അതായിരുന്നു മാഗ്നസൗണ്ട് 1992 ൽ പുറത്തിറക്കിയ ആൽബത്തിന്റെ പേര്. ജമൈക്കൻ റെഗ്ഗെയും ഇന്ത്യൻ ഫോക് സംഗീതവും ചേരുംപടി ചേർത്ത് സലിം --സുലൈമാൻ മർച്ചന്റ് കൂട്ടുകെട്ട് ഒരുക്കിയ പരീക്ഷണാത്മക ആൽബം. മർച്ചന്റ് സഹോദരന്മാരുടെ ആദ്യ ആൽബമായിരുന്നു അത്; ചിത്രയുടെ ആദ്യ ഇൻഡി പോപ്പ് ഉദ്യമവും. മാഗ്നാസൗണ്ടിന്റെ പല പുതുപരീക്ഷണങ്ങൾക്കും നേതൃത്വം വഹിച്ച അതുൽ ചുരാമണി തന്നെ റഗ്ഗ രാഗ എന്ന ആശയത്തിന് പിന്നിലും. കാസറ്റിലെ റാപ്പ് ഭാഗം എഴുതിയതും പാടി അവതരിപ്പിച്ചതും വൂഡൂ റാപ്പർ. റാപ്പിന്റെ സാദ്ധ്യതകൾ ഇന്ത്യൻ സംഗീത വിപണിയിൽ പരീക്ഷിക്കാനുള്ള മാഗ്നസൗണ്ടിന്റെ ആദ്യകാല ശ്രമം പക്ഷേ ഉദ്ദേശിച്ച ഫലം കണ്ടില്ല. അധികം ശ്രദ്ധിക്കപ്പെടാതെ വിസ്മൃതിയിൽ മറയാനായിരുന്നു "റഗ്ഗ രാഗ"യ്ക്ക് യോഗം. കാലത്തിന് മുൻപേ പിറന്ന ആൽബമായതിനാലാവാം.
വൂഡൂ എന്ന പേര് സൂചിപ്പിക്കും പോലെ മന്ത്രവാദവും റാപ്പുമൊക്കെ കൂടിക്കലർന്ന ആ ആൽബത്തിന്റെ വീഡിയോയിലും പ്രത്യക്ഷപ്പെട്ടു ചിത്ര. മുംബൈയിലായിരുന്നു ചിത്രീകരണം. "അന്ന് അതൊക്കെ ഒരു പുതുമയാണല്ലോ നമുക്ക്. കറുത്തിരുണ്ട ഒരു മുറിയിലായിരുന്നു ഷൂട്ടിംഗ് എന്നോർക്കുന്നു. ചുമരുകൾ മുഴുവൻ കരി തേച്ചു പിടിപ്പിച്ച പ്രതീതി. ക്രിസ്റ്റൽ ബോൾ നോക്കി ഭാവി പ്രവചിക്കുന്ന ഒരാളുടെ വിചിത്രമായ വേഷവിതാനമാണ് എനിക്ക്; വർണ്ണപ്പകിട്ടാർന്ന തലപ്പാവും നിറയെ മാലകളുമൊക്കെയുണ്ട്. അതായിരുന്നത്രെ അവരുടെ വീഡിയോ കോൺസെപ്റ്റ്. അഭിനയത്തിനിടെ വരികൾ മനഃപാഠമാക്കി പാടാനാണ് ഏറെ ബുദ്ധിമുട്ടിയത്. ഇന്നത്തെ പോലെ ടെലി പ്രോംപ്റ്ററൊന്നുമില്ലല്ലോ അന്ന്. സുദീർഘമായ ഷൂട്ടിംഗ് സെഷൻ കഴിഞ്ഞു വൈകീട്ട് മുറിയിൽ തിരിച്ചെത്തിയത് കടുത്ത ജലദോഷവും തുമ്മലുമായാണ്." -- ചിത്രയുടെ ഓർമ്മ.
അതിനും വർഷങ്ങൾക്ക് മുൻപേ ബോളിവുഡിൽ പിന്നണിഗായികയായി അരങ്ങേറിയിരുന്നു ചിത്ര. കെ എസ് ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്യേണ്ടിയിരുന്ന ഖുശി ഔർ ഖുശി എന്ന ഹിന്ദി ചിത്രത്തിനു വേണ്ടി എസ് പി വെങ്കിടേഷിന്റെ ഈണത്തിൽ പാടിക്കൊണ്ട്. ഗായകനും കവിയുമായ പി ബി ശ്രീനിവാസിന്റേതായിരുന്നു വരികൾ. പക്ഷേ പടം വെളിച്ചം കണ്ടില്ല. ചിത്രയുടെ ഗാനവുമായി ആദ്യം പുറത്തിറങ്ങിയത് സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത "ലവ്" (1991) എന്ന ചിത്രം. ആനന്ദ് മിലിന്ദിന്റെ സംഗീതത്തിൽ എസ് പി ബിക്കൊപ്പം പാടിയ "സാഥിയാ, തൂനേ ക്യാ കിയാ" എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. മജ്‌രൂ സുൽത്താൻപുരി എഴുതിയ വേറെയും മൂന്ന് പാട്ടുകൾ കൂടിയുണ്ടായിരുന്നു ആ സിനിമയിൽ ചിത്രക്ക് പാടാൻ.
തുടർന്ന് ധരംയോദ്ധ, ജാഗൃതി, റോജാ, ബോംബെ, ക്രിമിനൽ, ജെന്റിൽമാൻ, രംഗീല, വിരാസത്ത്, കഭി ന കഭി, ഫിൽഹാൽ, കോയി മിൽ ഗയാ, പരിണീത, രംഗ് ദേ ബസന്തി തുടങ്ങി നിരവധി ചിത്രങ്ങൾ. ആർ ഡി ബർമ്മൻ, അനു മാലിക്, ഇളയരാജ, എ ആർ റഹ്‌മാൻ, രാജേഷ് റോഷൻ, ജതിൻ ലളിത്, ദിലീപ് സെൻ - സമീർ സെൻ, എം എം ക്രീം, ഇസ്മായിൽ ദർബാർ, സന്ദേശ് ശാണ്ഡില്യ തുടങ്ങിയ സംഗീത സംവിധായകർ. ചിത്രയുടെ ആറ് ദേശീയ അവാർഡുകളിൽ ഒന്ന് ഹിന്ദി സിനിമ സമ്മാനിച്ചതാണ്. വിരാസത്തിൽ (1997) കുമാർ സാനുവിനൊപ്പം പാടിയ പായലേം ചുൻമുൻ എന്ന ഗാനത്തിന്റെ പേരിൽ. അനു മാലിക് ആയിരുന്നു സംഗീത സംവിധായകൻ.
"ഹിന്ദിയിൽ എനിക്കേറെ പ്രോത്സാഹനം തന്ന സംഗീത സംവിധായകനാണ് അനുജി." -- ചിത്ര പറയുന്നു. "അസുഖം മൂലം മുംബൈയിലേക്ക് പോകാൻ നിർവ്വാഹമില്ലാത്ത ഘട്ടത്തിൽ എന്റെ സൗകര്യാർത്ഥം ചെന്നൈയിൽ വന്ന് റെക്കോർഡ് ചെയ്യാൻ വരെ തയ്യാറായിട്ടുണ്ട് അദ്ദേഹം. ഹിന്ദിയിലെ ഏറ്റവും തിരക്ക് പിടിച്ച കമ്പോസറായിരുന്നു അക്കാലത്ത് അദ്ദേഹം എന്നുകൂടി ഓർക്കണം." അശോക എന്ന ചിത്രത്തിലാണ് അനു മാലിക്കിന് വേണ്ടി ആദ്യം പാടിയത്. "മേ പ്രേം കി ദീവാനി ഹൂം" മാലിക് -- ചിത്ര ടീമിന്റെ ശ്രദ്ധേയ വിജയങ്ങളിൽ ഒന്ന്.
ഹിന്ദി സംഗീതലോകം കനിഞ്ഞു നൽകിയ അപൂർവ സൗഭാഗ്യങ്ങളിൽ ഒന്ന് ഗുൽസാറിനെയും ഉസ്താദ് സുൽത്താൻ ഖാനെയും പോലുള്ള ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഗുൽസാറിന്റെ കവിതകളുമായി വന്ന "സൺസെറ്റ് പോയിന്റ്" എന്ന ആൽബത്തിൽ ഭുപീന്ദറായിരുന്നു സഹഗായകൻ. ചെറുപ്പത്തിലേ കേട്ട് മനസ്സിൽ പതിഞ്ഞ "മൗസ"മിലെ വിഖ്യാതമായ ദിൽ ഡൂംഡ്താ ഹേ എന്ന ഗാനത്തിന്റെ ശില്പികൾക്കൊപ്പം എന്നെങ്കിലും പ്രവർത്തിക്കാൻ കഴിയും എന്ന് സങ്കല്പിച്ചതല്ല. ഗുൽസാർ -- മദൻമോഹൻ സഖ്യത്തിന് വേണ്ടി ഭൂപീന്ദർ ഹൃദയം നൽകി പാടിയ ആ ഭാവഗീതത്തിന്റെ ലാവണ്യം വർണ്ണനാതീതം.
വിശാൽ ഭരദ്വാജ് ആണ് "സൺസെറ്റ് പോയിന്റി" ലെ കവിതകൾ സ്വരപ്പെടുത്തിയത്. "ഓരോ രചനയുടേയും ആശയം ഗുൽസാർജി അഗാധ ഗംഭീര്യമാർന്ന ശബ്ദത്തിൽ വിവരിച്ചു തരുന്നത് ഓർമ്മയുണ്ട്. നമ്മളങ്ങനെ കേട്ടിരുന്നു പോകും. ഉച്ചാരണത്തിലെ പിഴവുകൾ തിരുത്തിത്തന്നത് ഭൂപീന്ദർജിയാണ്. " പ്രണയകഥയായാണ് "സൺസെറ്റ് പോയിന്റ്" ചുരുൾ നിവരുന്നത്. ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിന് പ്രേരിപ്പിക്കപ്പെടുന്ന പെൺകുട്ടി ജീവിതമൊടുക്കാൻ വേണ്ടി ആത്മഹത്യാ മുനമ്പിലെത്തുന്നു. പിന്നീടുള്ളത് ഫ്ലാഷ്ബാക്ക് ആണ്. മനോഹരമായ ഒരു പ്രണയബന്ധത്തിന്റെ ഓർമ്മകൾ. ആ ഓർമ്മകളിലൂടെയുള്ള കാവ്യഭംഗിയാർന്ന യാത്രയാണ് ആൽബം.
വൈവിധ്യമാർന്ന ഭാവങ്ങൾ ഉൾക്കൊള്ളുന്ന കവിതകൾക്ക് ശബ്ദം പകരുക എളുപ്പമായിരുന്നില്ല എന്ന് ചിത്ര. "തന്റെ തന്നെ ഹിറ്റ് ഗാനമായ ചപ്പാ ചപ്പായുടെ മാതൃകയിൽ ചടുലതയാർന്ന ഈണമാണ് "പഖിയാ വേ" എന്ന രചനക്ക് വിശാൽ ഭരദ്വാജ് നൽകിയിരുന്നത്. ഫോക്ക് സ്പർശമുള്ള ആ പാട്ടിൽ വേണ്ടത് കുറച്ചു ഹസ്‌കി ആയ ശബ്ദമായിരുന്നു. ആർസൂ മേരി എന്ന പാട്ടിലാകട്ടെ മൃദുമന്ത്രണത്തിന്റെ എഫക്ട് ആണ് വേണ്ടത്. മറ്റൊരു പാട്ട് ഉച്ചസ്ഥായിയിൽ വേണം പാടാൻ. ശരിക്കും വെല്ലുവിളിയായിരുന്നു ഓരോ പാട്ടും."
ചിത്രയിലെ ഗായികയുടെ പ്രൊഫഷണൽ മനോഭാവത്തെ കുറിച്ച് പിന്നീടൊരിക്കൽ ഗുൽസാർ പറഞ്ഞുകേട്ടിട്ടുണ്ട്: "അങ്ങേയറ്റം അർപ്പണബോധമുള്ള ഗായിക. അറിയാത്ത ഭാഷയാണെങ്കിൽ വാക്കുകളുടെ അർത്ഥം ചോദിച്ചറിഞ്ഞേ പാടൂ. ഓരോ വാക്കിനും നൽകേണ്ട ഭാവം പോലും ചോദിച്ചു മനസ്സിലാക്കും. എത്ര പാടിയാലും പൂർണ തൃപ്തി വരാതെ വീണ്ടും വീണ്ടും പാടിക്കൊണ്ടിരിക്കും. ആദ്യകാലത്തെ ലതാ മങ്കേഷ്ക്കറെയാണ് എനിക്ക് ഓർമ്മ വന്നത്.." സംഗീത ജീവിതത്തിൽ ചിത്രക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവാർഡുകളിൽ ഒന്നുതന്നെയല്ലേ ഗുൽസാറിന്റെ വാക്കുകൾ? ഉറുദു പഠിച്ചാലേ ഹിന്ദി ഉച്ചാരണത്തോട് പൂർണ്ണ നീതി പുലർത്താൻ കഴിയൂ എന്ന് തന്നെ ഉപദേശിച്ചത് ഗുൽസാറും ഭുപീന്ദറുമാണെന്നോർക്കുന്നു ചിത്ര.
നേരത്തെ "ദയ" എന്ന ചിത്രത്തിൽ വിശാൽ ഭരദ്വാജിന് വേണ്ടി പാടിയിട്ടുണ്ട് ചിത്ര. മലയാളത്തിൽ പടം ചെയ്യാൻ ക്ഷണം ലഭിച്ചിട്ടുണ്ടെന്നറിയിച്ചപ്പോൾ ചിത്രയെ പാട്ടുകാരിയായി നിർദ്ദേശിച്ചത് സാക്ഷാൽ ലതാ മങ്കേഷ്‌കർ. "ആദ്യം ഞാനത് വിശ്വസിച്ചില്ല." - ചിത്രയുടെ വാക്കുകൾ. "വിശാൽജി തമാശ പറയുകയാണ് എന്നായിരുന്നു എന്റെ വിചാരം. സത്യമാണെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ല. ലതാജിയെ പോലൊരാൾ നമ്മളെ ശ്രദ്ധിച്ചു എന്നതു തന്നെ വലിയ കാര്യമല്ലേ?'' എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി വേണു സംവിധാനം ചെയ്ത "ദയ" (1998) യിൽ ചിത്ര പാടിയ മനോഹര ഗാനങ്ങളിലൊന്ന് ഇപ്പോഴുമുണ്ട് കാതിലും മനസ്സിലും: "ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി."
"സൺസെറ്റ് പോയി"ന്റിന് തൊട്ടു മുൻപായിരുന്നു "പിയാ ബസന്തി" എന്ന ആൽബത്തിലൂടെ സാരംഗി ഇതിഹാസം ഉസ്താദ് സുൽത്താൻഖാനുമായുള്ള കൂടിച്ചേരൽ. അത് മറ്റൊരു സ്വപ്ന സാക്ഷാത്കാരം. "മനുഷ്യ മനസ്സിലെ വേദന സാരംഗിയോളം ഹൃദയസ്പർശിയായി പ്രകടിപ്പിക്കാൻ കഴിയുന്ന സംഗീതോപകരണങ്ങൾ വേറെയുണ്ടോ എന്ന് സംശയം. എന്നെങ്കിലും ഉസ്താദിനെ കാണണമെന്ന് മോഹിച്ചിരുന്നു. ഒരു ആൽബത്തിന് വേണ്ടിയാകും ആ സമാഗമം എന്ന് പ്രതീക്ഷിച്ചിരുന്നില്ല."-- ചിത്രയുടെ വാക്കുകൾ. പിയാ ബസന്തിയിൽ ഗായകന്റെ വേഷത്തിലാണ് ഉസ്താദ് സുൽത്താൻ ഖാൻ. ഇന്ത്യയുടെ പരമ്പരാഗത ഫോക്ക് സംഗീതത്തെ വെസ്റ്റേൺ പോപ്പ്, ജാസ് സംഗീതവുമായി സമന്വയിപ്പിക്കാനായിരുന്നു സംഗീത സംവിധായകൻ സന്ദേശ് ശാണ്ഡില്യയുടെ ശ്രമം. ഖാൻ സാഹിബിന്റെ ശബ്ദത്തിലെ ഫോക്ക് അംശവും ചിത്രയുടെ ശബ്ദത്തിലെ സഹജമായ നിഷ്കളങ്കതയും ചേർന്നപ്പോൾ സംഗീതപ്രേമികൾക്ക് ലഭിച്ചത് തീർത്തും വ്യത്യസ്തമായ ശ്രവ്യാനുഭവം. 2001 ലെ എം ടി വി വീഡിയോ മ്യൂസിക് അവാർഡിൽ ഇൻഡി പോപ്പ് വിഭാഗത്തിലെ ഇന്റർനാഷണൽ വ്യൂവേഴ്സ് ചോയ്സ് ബഹുമതി നേടി "പിയാ ബസന്തി." പിൽക്കാലത്ത് ഈ ആൽബത്തിനൊരു രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ അതിലുമുണ്ടായിരുന്നു ചിത്രയുടെ ശബ്ദസാന്നിധ്യം.
"ആർക്കെല്ലാം വേണ്ടി പാടിയിട്ടുണ്ടോ ആ സംഗീത സംവിധായകരുടെ എല്ലാം ശബ്ദങ്ങൾ ഞാൻ ടേപ്പിലാക്കി ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അവരോരോരുത്തരും എന്നെ പാടിപ്പഠിപ്പിക്കുന്നതിന്റെ ഓഡിയോ ബിറ്റുകൾ."-- ചിത്ര പറയുന്നു. "മറ്റാരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഈയിടെയായി ആ അപൂർവ്വശേഖരത്തിലേക്ക് പുതിയ ശബ്ദങ്ങൾ കൂട്ടിച്ചേർക്കാൻ ആവുന്നില്ല എന്നൊരു ദുഃഖമുണ്ട്. പുതിയ തലമുറയിലെ മ്യൂസിക് ഡയറക്‌റ്റർമാർ പലരും പാട്ട് പാടിത്തരാറില്ലല്ലോ.."
ഓർക്കുമ്പോഴേ കോരിത്തരിച്ചുപോകുന്ന ഒരനുഭവമുണ്ട് ചിത്രയുടെ ഓർമ്മയിൽ. നിനച്ചിരിക്കാതെ വന്ന ഒരു ഫോൺ കോളിന്റെ ഓർമ്മ. വിളിച്ചയാൾ "ലതാജിക്ക് നിങ്ങളോട് സംസാരിക്കണം'' എന്ന് പറഞ്ഞപ്പോൾ ആദ്യം അവിശ്വസനീയതയാണ് തോന്നിയത്. ആരോ എന്നെ പറ്റിക്കാൻ ഒപ്പിച്ച വേലയായിരിക്കും എന്നേ കരുതിയുള്ളൂ. ഉടനടി കട്ട് ചെയ്യുകയും ചെയ്തു. അൽപ്പ സമയത്തിനകം വീണ്ടും ഫോൺ ശബ്ദിച്ചു. ഇത്തവണ വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഫോണിന്റെ മറുതലയ്ക്കൽ സാക്ഷാൽ ലതാ മങ്കേഷ്കറുടെ മധുര ശബ്ദം: "അയച്ച പാട്ടുകൾ ഞാൻ കേട്ടു. നന്നായിരിക്കുന്നു. വളരെ നന്ദി. സുഖമില്ലാത്തതു കൊണ്ടാണ് വിളിക്കാൻ വൈകിയത്....'' ഇത്രയേ പറഞ്ഞുള്ളൂ അവർ.
എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പകച്ചു നിന്നുപോയി ചിത്ര. കുട്ടിക്കാലം മുതലേ ജീവിതത്തിന്റെ ഭാഗമായിരുന്ന ശബ്ദമല്ലേ കാതോരത്ത്? ലതാജിയുടെ എൺപതാം പിറന്നാളിനോട് അനുബന്ധിച്ച് ആദരസൂചകമായി ചിത്ര പാടി റെക്കോർഡ് ചെയ്ത് പുറത്തിറക്കിയ ഒരു ആൽബത്തിലെ പാട്ടുകൾ കേട്ടിട്ടായിരുന്നു അവരുടെ പ്രതികരണം.
ആദ്യം ലതാജിയെ നേരിൽ കണ്ടതും അനുഗ്രഹം വാങ്ങിയതും അതിനും പത്തുവർഷം മുൻപാണ്; ഫാൽക്കെ അവാർഡ് ലബ്ധിയുടെ പേരിൽ ലതാജിയെ ആദരിക്കാൻ തെലുഗു അക്കാദമി സംഘടിപ്പിച്ച ആ ചടങ്ങിന് വിളിച്ചു കൊണ്ടുപോയതും ലതാജിയെ പരിചയപ്പെടുത്തിയതും എസ് പി ബി സാറാണ്. പുഞ്ചിരിച്ചുകൊണ്ട് "മേനേ സുനാ ഥാ'' എന്ന് മാത്രം പറഞ്ഞു ഇന്ത്യയുടെ വാനമ്പാടി. ലതാജിയുടെ എഴുപത്തഞ്ചാം പിറന്നാളിനോട് അനുബന്ധിച്ച് മുംബൈയിൽ നടന്ന സംഗീത പരിപാടിയിൽ വെച്ചാണ് പിന്നീട് കണ്ടത്. പിൻ തലമുറയിലെ ഗായകർ ലതാജിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് അവരുടെ പാട്ടുകൾ പാടിയ ആ പരിപാടിയിൽ ചിത്ര രണ്ടു ഗാനങ്ങൾ പാടി: രസിക് ബൽമാ, രുലാ കെ ഗയാ സപ്നാ... "പരിപാടി തുടങ്ങിയതുതന്നെ എന്റെ പാട്ടുകളോടെയാണ്. ലതാജിയെ സദസ്സിന്റെ മുൻ നിരയിൽ കണ്ടപ്പോൾ ചെറിയൊരു ടെൻഷൻ തോന്നി എന്നത് സത്യം. എങ്കിലും നന്നായി പാടാൻ പറ്റി എന്നാണ് വിശ്വാസം. അന്നും അവരുടെ അനുഗ്രഹം വാങ്ങാൻ ഭാഗ്യമുണ്ടായി."
അവസാനമായി ലതാജി വിളിച്ചത് നന്ദനയുടെ വേർപാടിന് ശേഷമാണ്. "പൊതുചടങ്ങുകൾക്കൊന്നും പോകേണ്ടെന്ന് തീരുമാനിച്ചുറച്ചിരുന്ന കാലം. ആയിടെയാണ് ഹൈദരാബാദിലെ ഒരു സംഘടന ലതാ മങ്കേഷ്‌കറുടെ പേരിലുള്ള അവാർഡ് എനിക്ക് പ്രഖ്യാപിച്ചത്. അത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്തതിനാൽ വരാൻ കഴിയില്ലെന്ന് ഞാൻ സംഘാടകരെ അറിയിച്ചു. പിറ്റേന്ന് ലതാജിയുടെ ഫോൺ: "ചിത്രയുടെ ദുഃഖം മനസിലാക്കുന്നു. പക്ഷേ അതു മാത്രം ഓർത്ത് വിഷമിച്ചു വീട്ടിലിരിക്കുന്നത് ശരിയല്ല എന്നാണ് എന്റെ ഉപദേശം. ഈ അവാർഡ് നേരിട്ടു ചെന്നു വാങ്ങണം.''-- അവർ പറഞ്ഞു. ആ ഉപദേശം ഞാൻ അനുസരിക്കുകയും ചെയ്തു."
"ലതാജിയെ വെറുമൊരു പിന്നണിഗായികയായല്ല ഞാൻ കാണുന്നത്. ഇന്ത്യൻ സംഗീതത്തിലെ സുദീപ്തമായ ഒരു കാലഘട്ടമായാണ്. സംഗീതപ്രേമികളുടെ മനസ്സിൽ ലതാജിക്ക് മരണമില്ല. പാടിയ ആയിരക്കണക്കിന് അപൂർവ സുന്ദര ഗാനങ്ങളിലൂടെ ലതാജി എന്നും നമുക്കിടയിലുണ്ടാകും."-- ചിത്രയുടെ വാക്കുകൾ.
ഫോൺ കോളിന്റെ രൂപത്തിൽ വന്ന അമൂല്യമായ മറ്റൊരു "അവാർഡി"ന്റെ ഓർമ്മകൂടി പങ്കുവെച്ചു ചിത്ര. മുംബൈയിൽ നിന്നായിരുന്നു കോൾ. വിളിക്കുന്നത് ഗസലിന്റെ ചക്രവർത്തിയായ ഗുലാം അലി. മകൻ അമീർ അലി ഈണമിട്ട ഗസലുകളുടെ ഒരു ആൽബത്തിൽ തന്നോടൊപ്പം പാടാൻ വിരോധമുണ്ടോ എന്നായിരുന്നു ഗുലാം അലി സാഹിബിന് അറിയേണ്ടത്. അത്ഭുതസ്തബ്ധയായിപ്പോയി താനെന്ന് ചിത്ര. മനഃസാന്നിധ്യം വീണ്ടുകിട്ടിയപ്പോൾ ചോദിച്ചു: " എന്തേ ഈ അപൂർവ സൗഭാഗ്യത്തിന് എന്നെ തിരഞ്ഞെടുക്കാൻ?" ചിരിച്ചുകൊണ്ട് ഗുലാം അലി സാഹിബിന്റെ മറുപടി: ഞങ്ങൾ രണ്ടു പേരും നിങ്ങളുടെ ശബ്ദത്തിന്റെ ആരാധകരാണ്.."
സംഗീത ജീവിതം കനിഞ്ഞുനല്കിയ എല്ലാ അമൂല്യ ബഹുമതികളേയും ഒറ്റയടിക്ക് നിഷ്പ്രഭമാക്കിക്കളഞ്ഞു ആ മറുപടിയെന്ന് ചിത്ര.
Content Highlights: ks chithra voodu rapper ragga raaga music album ravi menon writes
Published: 27 Jul 2023, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented