ഇന്ത്യയെ കണ്ടെത്താൻ ശ്രമിച്ച അപൂർവം രാഷ്ട്രീയനേതാക്കളിൽ ഒരാളാണ് ജവാഹർലാൽ നെഹ്രു. അത് ക്രിസ്റ്റഫർ കൊളംബസും വാസ്‌കോഡ ഗാമയും നടത്തിയ ശ്രമങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു. അവർക്ക് ഇന്ത്യയെ കണ്ടെത്തേണ്ടത് രാഷ്ട്രീയാധിപത്യത്തിന്റെ പ്രശ്നമായിരുന്നെങ്കിൽ, നെഹ്രുവിന് അത് സ്വയം കണ്ടെത്താനുള്ള ആന്തരിക യാത്രയായിരുന്നു. പുതിയ ഭാരതീയ സ്വരൂപത്തെ സൃഷ്ടിക്കാനുള്ള ഭഗീരഥപ്രയത്നം. അദ്ദേഹം ഇന്ത്യയെ കണ്ടെത്താൻ ശ്രമിച്ചത് ഇന്ത്യയെ നിർമിക്കാനായിരുന്നു. ഈവിധം അദ്ദേഹം കണ്ടെത്തിയ ഇന്ത്യക്ക്‌ ഗാന്ധിയൻ ചുവ ഉണ്ടായിരുന്നു എന്നത് മറ്റൊരുകാര്യം.

To advertise here,

1959-ലെ ആസാദ്സ്മാരക പ്രഭാഷണത്തിൽ, നെഹ്രു പറഞ്ഞത് ഓർമവരുന്നു: ‘‘ഞാൻ ജീവിക്കുന്ന ചരിത്രമുഹൂർത്തം വലിയ ആശയക്കുഴപ്പത്തിന്റേതാണ്. മനുഷ്യൻ ഒരേ സമയം രണ്ടു ദിക്കിലേക്ക്‌ കണ്ണുനട്ട് നിൽക്കുന്നു-ഭാവിയിലേക്കും ചരിത്രത്തിലേക്കും. ഭൂതവും ഭാവിയും വർത്തമാനകാല ജീവിതത്തെ വിരുദ്ധദിശകളിലേക്ക്‌ വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നു.’’ ഇതിനെ നെഹ്രു തരണംചെയ്തത് ഏതെങ്കിലും ഒന്നിനെ പരിത്യജിച്ചുകൊണ്ടല്ല. രണ്ടിനെയും കോർത്തിണക്കിക്കൊണ്ടായിരുന്നു. സൈക്കിളിന്റെ പിൻചക്രത്തിനും (ഭൂതകാലം) മുൻചക്രത്തിനും (ഭാവി) നടുവിലിരുന്ന് (വർത്തമാനം) മനുഷ്യൻ ക്രിയചെയ്യുമ്പോൾ അത് മുന്നോട്ടുപോകുന്നു എന്നതിനെ ഓർമപ്പെടുത്തുന്നതാണ് നെഹ്രുവിന്റെ രാഷ്ട്രനിർമാണം. അദ്ദേഹം ഗതകാലത്തെ ഉൾക്കൊണ്ടുകൊണ്ട് ഭാവി ഇന്ത്യയെ നിർമിക്കാൻ വർത്തമാനത്തിൽ ക്രിയചെയ്തു. പാരമ്പര്യവും ആധുനികതയും ചരിത്രവും രാഷ്ട്രീയവും യഥാവിധി വിളക്കിച്ചേർത്തു.

ഇന്ത്യയെ അറിയാൻ നെഹ്രു നടത്തിയ ശ്രമങ്ങൾ ഉപരിപ്ലവമായിരുന്നില്ല. വൈവിധ്യങ്ങളുടെയും ചരിത്രത്തിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അന്വേഷണമായിരുന്നു അത്‌

#ചരിത്രാന്വേഷണം

വർത്തമാനത്തെ മൂടിനി ൽക്കുന്ന കാർമുകിലായിരുന്നില്ല നെഹ്രുവിന് ഭൂതകാലം. സമകാലീന സംഭവങ്ങളെ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനുമുള്ള സൂര്യതേജസ്സായിരുന്നു അത്. അതുകൊണ്ടുതന്നെ, ചരിത്രത്തെ അദ്ദേഹം സിദ്ധാന്തവത്കരിക്കാൻ ഉദ്യമിച്ചില്ല. അതിന്റെ നിയമങ്ങളെത്തേടി അലഞ്ഞതുമില്ല. മറിച്ച്, ചരിത്രവും രാഷ്ട്രീയവും തമ്മിലുള്ള കൊടുക്കൽ വാങ്ങലിന് ഉതകുന്ന മാർഗത്തെക്കുറിച്ചാണ് ആലോചിച്ചത്. ഇത് അദ്ദേഹത്തിന്റെ ജീവിത സപര്യയായിരുന്നു; ബൗദ്ധിക ജീവിതത്തിന്റെ കാതലായ ഭാഗം. ഐക്യവും സംയോജനവും സഹിഷ്ണുതയും ഇന്ത്യൻ ജീവിതത്തിന്റെ മൗലികസ്വഭാവമാണെന്ന തിരിച്ചറിവ് നെഹ്രുവിന് ഉണ്ടാകുന്നത് ഈ ചരിത്രാന്വേഷണത്തിൽനിന്നാണ്. ഭാരതീയ ഇതിഹാസങ്ങളുടെ പ്രാധാന്യവും അവയുടെ സാമൂഹികപ്രസക്തിയും അശോകചക്രവർത്തിയുടെ ശാസനകളും മതമൈത്രിക്കായി അക്ബർ ചക്രവർത്തി നടത്തിയ പരിശ്രമങ്ങളുമെല്ലാം ഈ ബോധ്യത്തെ ശക്തിപ്പെടുത്തി. മാത്രമല്ല, പ്രാകൃതാവസ്ഥയിൽനിന്ന് നാഗരികതയിലേക്കുള്ള പ്രയാണമായി ചരിത്രത്തെ വിലയിരുത്തിയപ്പോഴും, ചില ചരിത്രഘട്ടങ്ങൾ വർത്തമാനകാലത്തെക്കാൾ മെച്ചപ്പെട്ടതാണെന്ന് അദ്ദേഹം മനസ്സിലാക്കി. മനുഷ്യൻ മുന്നോട്ടാണോ പിന്നോട്ടാണോ പോകുന്നത് എന്ന ചോദ്യം ഇവിടെ അദ്ദേഹം ഉന്നയിക്കുന്നു. ഇതോടെ, ചരിത്രത്തെ കേവലം സംഭവങ്ങളുടെ മുറിയാനിരയായി കാണാൻ അദ്ദേഹത്തിന് കഴിയാതായി. പിന്നെയോ, പഴയകാല സംഭവങ്ങളിൽനിന്ന് പഠിക്കേണ്ട പാഠങ്ങളും ഉൾക്കൊള്ളേണ്ട മൂല്യങ്ങളുമായി മാറി അത്.

# പാരമ്പര്യമല്ല ചരിത്രം

ചരിത്രത്തെ പാരമ്പര്യത്തിൽനിന്ന് വേർതിരിക്കാനും അതിന്റെ പോരായ്മകളെ തള്ളിപ്പറയാനും നെഹ്രു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചരിത്രം വികാരങ്ങളുടെ വർണച്ചാർത്തല്ലെന്നും അത് വസ്തുനിഷ്ഠമായിരിക്കണമെന്നും അദ്ദേഹം വാദിക്കുന്നത് ഇതുകൊണ്ടാണ്. ചരിത്രം മിത്തല്ല, തെളിവുകളിലൂടെ അഗ്നിശുദ്ധി വരുത്തേണ്ട കഥാകഥനമാണ്. മറിച്ചാവുമ്പോൾ, അത് വെറും പാരമ്പര്യവും വിശ്വാസവുമായി മാറും. പാരമ്പര്യം ചരിത്രമല്ലെന്ന അദ്ദേഹത്തിന്റെ ഈ നിലപാടിന് വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തിയുണ്ട്.

ജാതിസമ്പ്രദായവും അത് പിറവിനൽകിയ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും അബദ്ധജടിലമായ ആചാരാനുഷ്ഠാനങ്ങളും ചേർന്ന് ഇന്ത്യൻസമൂഹത്തെ പിറകോട്ടടിച്ചതായും അദ്ദേഹം നിരീക്ഷിക്കുന്നു. ‘‘സത്യത്തെയും നീതിയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള നമ്മുടെ ധാരണകൾ അസാമാന്യമാംവിധം അഴുകി ദുർഗന്ധം വമിപ്പിക്കുന്നു. ഇന്ത്യയുടെ തകർച്ച ഇവിടെ തുടങ്ങുകയായി. നിശ്ചേഷ്ടമായി, സ്വയം ഉൾവലിഞ്ഞ്, ആത്മാരാധനയിൽ മുഴുകിയ ഇന്ത്യൻ നാഗരികത ശിലയായി മാറി.’’ -ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതിയിൽ അദ്ദേഹം പറയുന്നു. ഇന്ത്യയെ തകർത്തത് ഹൂണന്മാരല്ല, മറിച്ച് സ്വയം നവീകരിക്കുന്നതിലും പുനർജനിക്കുന്നതിലും അത് പരാജയമടഞ്ഞതിനാലാണെന്ന് പ്രശസ്ത മെക്സിക്കൻ കവി ഒക്ടോവിയോ പാസ് പറഞ്ഞത് ഇതിനോട് ചേർത്തുവായിക്കാം.

# പാരമ്പര്യം, പുരോഗതി, ആധുനികത

പുരോഗതിയുടെ കാര്യത്തിലും പഴമയുമായുള്ള പൊക്കിൾക്കൊടി ബന്ധം നെഹ്രു നിലനിർത്തുന്നു. പുരോഗതി പഴയതിൽനിന്നുള്ള കുതറിമാറലല്ല, അത് പഴയതിൽ നിന്നുദ്‌ഭവിക്കുന്ന നീർച്ചാലാണത്രേ. ‘‘ദേശീയ പുരോഗതി ഭൂതകാലത്തിന്റെ തനിയാവർത്തനമോ അതിന്റെ പൂർണമായ നിഷേധമോ അല്ല. പുതിയ മാതൃകകൾ സ്വീകരിക്കേണ്ടത് ആവശ്യംതന്നെ. എന്നാൽ, അതിനെ പഴയതുമായി ഉൾച്ചേർക്കണം. മോഹൻജൊ ദാരൊയിൽനിന്ന് തുടങ്ങിയ നമ്മുടെ പ്രയാണത്തിന്, വലിയ മാറ്റങ്ങൾക്കിടയിലും തുടർച്ചയുടെ ഒരു തലമുണ്ട്’’ -അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഇവിടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ലിബറൽ, മാർക്സിസ്റ്റ് കാഴ്ചപ്പാടുകളിൽനിന്ന് വേറിട്ടുനിൽക്കുന്നു. ഇരുകൂട്ടരുടെയും പുരോഗമനസങ്കല്പം നങ്കൂരമിട്ടു നിൽക്കുന്നത് പ്രധാനമായും ശാസ്ത്രത്തിലും യുക്തിയിലുമാണ്. ആധുനികത അവർക്ക് ശാസ്ത്രത്തിലും യുക്തിയിലും ചാലിച്ചെടുത്ത പുതിയ മനുഷ്യന്റെ ഉയിർത്തെഴുന്നേൽപ്പാണ്-പഴമയിൽനിന്ന് സ്വയം മോചിതനായ വർത്തമാനത്തിന്റെ സന്തതി. നെഹ്രു, പക്ഷേ, ഇതിൽനിന്ന് അല്പം മാറിനടക്കുന്നു. ശാസ്ത്രത്തിലും യുക്തിയിലും അചഞ്ചലമായി വിശ്വസിക്കുമ്പോഴും അദ്ദേഹം രണ്ടിനെയും പഴമയുടെ ഉൾത്തുടിപ്പുമായി ഇണക്കാൻ ശ്രമിക്കുന്നു. പാരമ്പര്യവും ആധുനികതയും പുതിയ രൂപത്തിൽ സഹവർത്തിക്കുന്നു. ഒരുവേള, പടിഞ്ഞാറൻ നാഗരികതയുടെ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയിട്ടാവണം ഇത്തരമൊരു നിലപാടിൽ അദ്ദേഹം എത്തുന്നത്. അത് സമൂഹത്തെ അസ്ഥിരപ്പെടുത്തുകയും ചൈതന്യത്തെ കെടുത്തുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ മുഖ്യ വിമർശനം.

# ഇന്ത്യ പലതാണ്

ഈ ചരിത്രബോധത്തിൽനിന്നാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ നെഹ്രു ശ്രമിച്ചത്. അദ്ദേഹത്തിന് സ്വത്വത്തെപ്പോലെ, സംസ്കാരത്തെപ്പോലെ, ചരിത്രത്തെപ്പോലെ ഇന്ത്യ ഏതെങ്കിലും ഒന്ന് മാത്രമല്ല. അത് പലതാണ്. മിഥ്യ, ആശയം, കിനാവ്, ഭാവന. അതേസമയം, വളരെ യഥാർഥവും ജൈവസ്വഭാവത്തോടു കൂടിയതും സർവവ്യാപിയും.

ഏറ്റവും രസകരമായ വസ്തുത, ഇന്ത്യയെ കണ്ടെത്തൽ എന്ന തന്റെ കൃതിയുടെ ഉത്തരാഖ്യാനത്തിൽ (Epilogue) അദ്ദേഹം ഉന്നയിക്കുന്ന ചോദ്യമാണ്. ‘ഇന്ത്യയെ കണ്ടെത്തൽ - ഞാൻ എന്താണ് കണ്ടെത്തിയത്?’ -ചോദ്യം എല്ലായ്‌പ്പോഴും പുനഃചിന്തനത്തിന് വഴിയൊരുക്കുന്നു. ഓരോ ഇന്ത്യക്കാരനും അയാളുടെ പശ്ചാത്തലം എന്തായാലും തന്റേതായ രീതിയിൽ ഇന്ത്യയെ കണ്ടെത്താനുള്ള മാർഗം ഈ ചോദ്യത്തിലൂടെ അദ്ദേഹം തുറന്നിടുന്നു. ഇന്ത്യക്ക്‌ അദ്ദേഹം നൽകിയ സംഭാവന എന്താണെന്ന ചോദ്യത്തിന് നെഹ്രു നൽകിയ മറുപടി ഇത് കൂടുതൽ വ്യക്തമാക്കുന്നു, ‘‘നാനൂറ് ദശലക്ഷം ജനങ്ങളെ സ്വയംഭരണത്തിന് പ്രാപ്തരാക്കി.’’ രാജ്യത്തെ രാഷ്ട്രീയലാഭത്തിനുവേണ്ടി ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നവരും അതിന് കൂട്ടുനിൽക്കുന്നവരും മനസ്സിലാക്കേണ്ടൊരു വസ്തുതയാണിത്.

(പുന:പ്രസിദ്ധീകരിച്ചത്‌)