
സാമൂഹിക മാധ്യമത്തിന് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. പഠനത്തിലും മറ്റുമുള്ള താൽപര്യം വിട്ട് മുഴുവൻ സമയവും സോഷ്യൽമീഡിയയിൽ ഇരുന്ന് സമയം കളയുന്ന കുട്ടികളുണ്ട്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അതിജാഗ്രത പുലർത്തേണ്ട സമയമായെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾക്ക് പാഠ്യേതര വിഷയങ്ങളിൽ പ്രോത്സാഹനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിത്തിരക്ക് കാരണം മക്കളെ ശ്രദ്ധിക്കാൻ സമയമില്ലാത്ത മാതാപിതാക്കളും സാങ്കേതിക വിദ്യയുടെ നൂതനമാർഗങ്ങൾ അധികമായി ഉപയോഗിക്കുന്ന കുട്ടികളും ഇന്ന് വളരെ കൂടുതലാണ്.
കുട്ടികൾ കൂടുതൽ സമയം ടെലിവിഷൻ, ടാബ്, മൊബൈൽ ഫോൺ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്. സ്‌ക്രീൻ സമയം കൂടുന്നതിലൂടെ ഒട്ടേെറ ആരോഗ്യപ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും കുട്ടികളിൽ ഉടലെടുക്കുന്നു. ചെറിയ കുട്ടികളിൽ സ്‌ക്രീൻ സമയം നിർബന്ധമായും പരിമിതപ്പെടുത്തണം. ഇല്ലെങ്കിൽ കുട്ടികളുടെ കണ്ണിനെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കും.
ഒരുവയസ്സുള്ളപ്പോള്‍ ഒന്നുമുതല്‍ നാലുമണിക്കൂര്‍ വരെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനിനു മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളില്‍ പില്‍ക്കാലത്ത് ആശയവിനിമയ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും ജാമാ പീഡിയാട്രിക്‌സ് എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് കുറയുകയും വ്യക്തിപരവും സാമൂഹികവുമായ വികസനത്തില്‍ തടസ്സം നേരിടുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. രണ്ടുവയസ്സാകുമ്പോഴേക്കും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങുമെന്നും പഠനത്തിലുണ്ട്.രണ്ടുവയസ്സിൽ ദിവസവും നാലുമണിക്കൂർ സമയം മൊബൈൽ ഫോണിൽ ചെലവഴിക്കുന്ന കുട്ടികളിൽ ആശയവിനിമയവും പ്രശ്നങ്ങളെ പരിഹരിക്കലും സംബന്ധിച്ച കഴിവുകളും മാനസിക വികസനവും മൂന്നുമടങ്ങ് കാലതാമസം നേരിടുമെന്നും പഠനത്തിൽ കണ്ടെത്തി. നാലും അതിനുമുകളിലും സ്ക്രീൻ സമയം ചെലവഴിക്കുന്നവരിൽ ഇത് വീണ്ടും ഗുരുതരമാവുമെന്നും കണ്ടെത്തി.
കൂടുതൽ സമയം ഡിജിറ്റൽ മാധ്യമങ്ങളിൽ ചെലവിടുമ്പോൾ കായികാരോഗ്യം കുറയുന്നു. കാർട്ടൂണുകളിലും ഗെയിമുകളിലും കാണുന്ന അമാനുഷിക താരങ്ങളോടുള്ള അമിതാരാധന കുട്ടികളുടെ സർഗാത്മക കഴിവുകൾ കുറയ്ക്കുന്നു. ആരോഗ്യപരമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെയും മറ്റു വസ്തുക്കളുടെയും പരസ്യങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുന്നു. നിർബന്ധബുദ്ധിയോടെ അത്തരം സാധനങ്ങൾ സ്വന്തമാക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യും.
ഡിജിറ്റൽ ഉപകരണങ്ങളിൽ കുട്ടികൾ സ്വയം ഒതുങ്ങുമ്പോൾ സാമൂഹിക ഇടപെടലുകളിൽനിന്ന് അവർ പിൻവലിയുന്നു. ഇത്തരം കാര്യങ്ങളെ മറികടക്കാൻ കുട്ടികളിൽ പുസ്തകവായന വർധിപ്പിക്കുകയും കായികാരോഗ്യം നൽകുന്ന ഔട്ട്ഡോർ ഗെയിമുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യാം.
നമ്മുടെ കുട്ടികളുടെ സാഹചര്യങ്ങളെ മറ്റുള്ളവർ ചൂഷണം ചെയ്യുന്നില്ലെന്ന് ഓരോ രക്ഷിതാക്കളും ഉറപ്പ് വരുത്തണം. പ്രത്യേകിച്ച് ഡിജിറ്റൽ വേദികളിൽ കുട്ടികൾ സജീവമാകുമ്പോൾ അവർ ഇടപെടുന്ന മേഖലകളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരായിരിക്കണം. കുട്ടികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവരും മറ്റു കുറ്റകൃത്യങ്ങളിലേർപ്പെടാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നവരും ദിനംപ്രതി കൂടുകയാണ്. സൈബർ ഇടങ്ങളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് നമ്മൾ ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.
കുഞ്ഞുപ്രായത്തിൽ തന്നെ മൊബൈൽ ഫോണിന് ആകൃഷ്ടരാകുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് അടുത്തിടെ പുറത്തുവന്ന മറ്റൊരു പഠനത്തിൽ വ്യക്തമായിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള സാപിയൻ ലാബ്സാണ് പഠനം നടത്തിയത്. കുട്ടികളിൽ മൊബൈൽ ഫോൺ നൽകുന്നത് വൈകുന്നതിലൂടെ അവരുടെ മാനസികാരോഗ്യം കൂടുതൽ സംരക്ഷിക്കാമെന്നാണ് സാപിയൻ ലാബ്സിന്റെ പഠനത്തിനൊടുവിൽ വ്യക്തമായത്.
Content Highlights: how to reduce children's screen time
Published: 11 Nov 2023, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented