
ഇന്ത്യയുടെ സ്വാതന്ത്ര്യപ്പുലരിയില്‍ ജവാഹര്‍ലാല്‍ നെഹ്രുവിനെ ഏറ്റവും കൂടുതല്‍ അലട്ടിയ നിരീക്ഷണമെന്തായിരിക്കാം? ഇന്ത്യ യൂറോപ്പിനെപ്പോലെ അനേകം രാഷ്ട്രങ്ങളടങ്ങിയ ഒരു വന്‍കരയാണെന്നും അതിനെ ഒരു രാഷ്ട്രമാക്കാന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല എന്നതുമായിരുന്നു ഒരു നിരീക്ഷണം. ഇന്ത്യയെ ഒരു രാഷ്ട്രമാക്കുന്നതില്‍ ബ്രിട്ടീഷകാര്‍പോലും വിജയിച്ചില്ല എന്നും ആ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്ന സര്‍ ക്ലോഡ് ഓകിന്‍ലെക്കിന്റേതായിരുന്നു ആ അഭിപ്രായപ്രകടനം. അതായിരുന്നില്ല, പക്ഷേ, നെഹ്രുവിനെ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാക്കിയ പ്രസ്താവന. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലിയില്‍നിന്നുള്ള ഒരു വിലയിരുത്തല്‍ പുറത്തുവന്നു. ജനാധിപത്യ ഭരണസംവിധാനം ഇന്ത്യയ്ക്ക് ചേരുകയില്ലെന്നും ഇന്ത്യയെപ്പോലുള്ള ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് രാജാധിപത്യമാണ് അനുയോജ്യം എന്നുമായിരുന്നു ആറ്റ്ലി പറഞ്ഞത്. ആ നിരീക്ഷണമത്രേ, അടിമുടി ജനാധിപത്യവാദിയായിരുന്ന നെഹ്രുവിനെ വല്ലാതെ വ്യാകുലപ്പെടുത്തിയത്.
ക്ലെമന്റ് ആറ്റ്ലി മാത്രമായിരുന്നില്ല അമ്മട്ടില്‍ അഭിപ്രായപ്പെട്ടത്. 1951-ല്‍ അമേരിക്കയുടെ സ്ഥാനപതിയായി ഇന്ത്യയില്‍വന്ന ചെസ്റ്റര്‍ ബൗള്‍സും അതേ വീക്ഷണക്കാരനായിരുന്നു. ഇന്ത്യയെപ്പോലുള്ള ദരിദ്രരാഷ്ട്രങ്ങളില്‍ ജനാധിപത്യത്തിന് മുന്നോടിയായി ഉദാര സ്വേച്ഛാധിപത്യ (Benevolent despotism)മാണ് അഭികാമ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യന്‍ സമൂഹം ജനാധിപത്യ ഭരണസംവിധാനത്തിന് പാകപ്പെട്ടിട്ടില്ല എന്ന തരത്തിലുള്ള പാശ്ചാത്യനിരീക്ഷണങ്ങള്‍ ഒരു വെല്ലുവിളിയായാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി കണക്കിലെടുത്തത്. യൂറോപ്യന്‍ രാഷ്ട്രങ്ങളെയും അമേരിക്കയെയുംപോലെ ഇന്ത്യയ്ക്കും അനുയോജ്യമാണ് ജനാധിപത്യം എന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്ന ദൃഢനിശ്ചയവുമായി അദ്ദേഹം മുന്നോട്ടുപോയി.
ജനാധിപത്യത്തിലുള്ള ഉറച്ചവിശ്വാസം
സ്വാതന്ത്ര്യാനന്തരം ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് 1952-ലാണ്. സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്ന് നെഹ്രുവിന് നിര്‍ബന്ധമുണ്ടായിരുന്ന ആ തിരഞ്ഞെടുപ്പിന്റെ ആശാസ്യതയെക്കുറിച്ച് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവര്‍ രാജ്യത്തിനകത്തുണ്ടായിരുന്നു. ജനങ്ങളില്‍ മഹാഭൂരിപക്ഷം നിരക്ഷരരായ രാജ്യത്ത് സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം അര്‍ഥശൂന്യമാണെന്നവര്‍ വാദിച്ചു. ഡോ. രാജേന്ദ്രപ്രസാദുപോലും ആ പക്ഷക്കാരനായിരുന്നു. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ഔദ്യോഗിക ജിഹ്വയായ 'ഓര്‍ഗനൈസര്‍' (1952 ജനുവരി ഏഴ്) ഇന്ത്യയില്‍ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ പരാജയം നെഹ്രുവിന് കാണേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കുകയുണ്ടായി. പക്ഷേ, ജനാധിപത്യത്തിന്റെ അന്തഃസത്ത കുടികൊള്ളുന്നത് സാക്ഷര-നിരക്ഷര ഭേദമില്ലാതുള്ള പ്രായപൂര്‍ത്തി വോട്ടവകാശത്തിലാണെന്ന് ഉറച്ചു വിശ്വസിച്ച നെഹ്രു പിന്മാറിയില്ല. നിരക്ഷരത ബുദ്ധിയില്ലായ്മയുടെ പര്യായമല്ലെന്ന് അദ്ദേഹം വിമര്‍ശകരെ ഓര്‍മിപ്പിക്കുകയും ചെയ്തു. 'മാനവചരിത്രത്തില്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണം' എന്ന് സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുകുമാര്‍സെന്‍ വിശേഷിപ്പിച്ച ഒന്നാം പൊതുതിരഞ്ഞെടുപ്പ് സര്‍വരെയും അമ്പരിപ്പിച്ചുകൊണ്ട് വിജയകരമായി പര്യവസാനിച്ചു.
ചരിത്രം സൃഷ്ടിച്ച ആ തിരഞ്ഞെടുപ്പിന് സാക്ഷിയാകാന്‍ ഇന്ത്യയിലെത്തിയ തുര്‍ക്കിയിലെ 'ഡെയ്ലി വതന്‍' എന്ന പത്രത്തിന്റെ എഡിറ്റര്‍ അഹമ്മദ് എമിന്‍ യല്‍മാന്‍ തത്സംബന്ധമായി നടത്തിയ വിലയിരുത്തല്‍ രാമചന്ദ്രഗുഹ തന്റെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന ഗ്രന്ഥത്തില്‍ (പു.149) ചേര്‍ത്തിട്ടുണ്ട്. 'പതിനേഴ് കോടി അറുപതുലക്ഷം ഇന്ത്യക്കാര്‍ തങ്ങളുടെ മനഃസാക്ഷിയുമായി വോട്ടുപെട്ടിയുടെ മുമ്പില്‍നിന്നു... അവര്‍ക്ക് തിരഞ്ഞെടുക്കാനുണ്ടായിരുന്നത് ഒരു ഭാഗത്ത് മതേതരത്വവും ദേശീയൈക്യവും മിതരാഷ്ട്രാഭിമാനവുമായിരുന്നെങ്കില്‍ മറുഭാഗത്തുണ്ടായിരുന്നത് മതാധിപത്യവും സാമുദായിക വേറിട്ടു നില്‍പ്പുവാദവും അമിതരാഷ്ട്രദുരഭിമാനവുമായിരുന്നു. ഇന്ത്യന്‍ ജനത ആദ്യത്തേത് തിരഞ്ഞെടുത്തു.'
സമഭാവനയുടെ ആരാധകന്‍
ഭിന്നാഭിപ്രായങ്ങള്‍ ഏറെയുണ്ടായിട്ടും ജാതി-മത-ഭാഷ-ലിംഗ ഭേദമോ ധനിക- ദരിദ്രഭേദമോ സാക്ഷര-നിരക്ഷര ഭേദമോ കൂടാതെയുള്ള സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം എന്ന തത്ത്വത്തിന്റെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും ജവാഹര്‍ലാല്‍ നെഹ്രു തയ്യാറാകാതിരുന്നത് എന്തുകൊണ്ട്? സര്‍വ ജനവിഭാഗങ്ങളെയും സമഭാവനയോടെ ഉള്‍ക്കൊള്ളുക എന്ന മഹത്തായ ആശയത്തിന്റെ ആരാധകനും പ്രയോക്താവുമായിരുന്നു അദ്ദേഹം എന്നതുതന്നെ കാരണം. ആധുനിക ബഹുസ്വര ജനാധിപത്യ രാഷ്ട്രമായി വികാസംകൊള്ളേണ്ട ഇന്ത്യയില്‍ മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ധനസ്ഥിതിയുടെയോ പേരിലുള്ള മതില്‍ക്കെട്ടുകള്‍ നിര്‍മിക്കപ്പെട്ടുകൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ അസന്ദിഗ്ധ നിലപാട്. മതങ്ങളും സംസ്‌കാരങ്ങളും മനുഷ്യരെ ഹിംസാത്മകമായി വിഭജിക്കുന്ന ഘടകങ്ങളായി വര്‍ത്തിച്ചുകൂടാ എന്നദ്ദേഹം കരുതി. പുറന്തള്ളല്‍ സ്വഭാവം ജനാധിപത്യത്തിന്റെ ശത്രുവാണ്. ഇന്ത്യ പുല്‍കേണ്ടതും പുഷ്ടീകരിക്കേണ്ടതും ഉള്‍ക്കൊള്ളല്‍ സ്വഭാവമാണെന്ന വസ്തുതയില്‍ അദ്ദേഹം അടിവരയിട്ടു.
ആശയങ്ങളെയും ചിന്തകളെയും സ്വദേശീയം, വിദേശീയം എന്നിങ്ങനെ വര്‍ഗീകരിച്ച് വിദേശീയം എന്നു വിശേഷിപ്പിക്കപ്പെടുന്നവയെ പാടേ ഒഴിച്ചു നിര്‍ത്തുന്ന സമ്പ്രദായത്തോട് നെഹ്രുവിന് അശേഷം യോജിപ്പുണ്ടായിരുന്നില്ല. കാലപ്രവാഹത്തില്‍ ആശയങ്ങളുടെയും ചിന്തകളുടെയും സംസ്‌കാരങ്ങളുടെയും ഒട്ടേറെ ധാരകള്‍ അന്യദേശങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നുവന്നിട്ടുണ്ട്. അവയെ തിരസ്‌കരിക്കാനല്ല, ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ സ്വീകരിക്കാനും സ്വചിന്തകളുമായി അവയെ സമന്വയിപ്പിക്കാനുമാണ് സഹസ്രാബ്ദങ്ങളായി നാം ശ്രമിച്ചു പോന്നിട്ടുള്ളത് എന്നു ചൂണ്ടിക്കാട്ടിയശേഷം നെഹ്രു പറഞ്ഞു:
''ഇന്ത്യയുടെ സംസ്‌കാരവും നാഗരികതയും ഉരുത്തിരിഞ്ഞത് ഇവ്വിധമുള്ള അനുക്രമ സംലയനവും സമന്വയവും വഴിയാണ്. ജീവിക്കുകയും വളരുകയും ചെയ്യുന്ന ഒരു രാഷ്ട്രവും വെളിയില്‍നിന്നുള്ള ആശയ-സാംസ്‌കാരിക പ്രവാഹങ്ങള്‍ക്ക് നേരെ അതിന്റെ കവാടങ്ങള്‍ കൊട്ടിയടച്ചുകൂടാ.''
മതേതര ദേശീയതയും മതേതര സാംസ്‌കാരികതയും
അതേസമയം, പുറമേനിന്ന് എത്തുന്ന സാംസ്‌കാരിക ധാരകളില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള കഴിവ് എക്കാലത്തും നമ്മുടെ പൂര്‍വികര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തു പറയുന്നു: ''ആ കഴിവും ആ ധാരകളില്‍നിന്ന് ഒറ്റപ്പെടാതെ നോക്കാനുള്ള വിവേകവും ഉള്ളതിനാല്‍ സാംസ്‌കാരിക ആദാന പ്രദാനങ്ങളുടെയും സമന്വയത്തിന്റെയും നൈരന്തര്യം ഇവിടെ നിലനിന്നുപോന്നു. പല ഘട്ടങ്ങളിലും രാഷ്ട്രീയമാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ഇന്ത്യയുടെ സമന്വയാത്മക സംസ്‌കാരത്തെ അതൊന്നും പ്രതികൂലമായി ബാധിച്ചില്ല.''
ഈ സമന്വയാത്മക സംസ്‌കാരം എന്ന ചരിത്രയാഥാര്‍ഥ്യം മുന്നില്‍വെച്ചാണ് നമ്മുടെ സംസ്‌കാരത്തെ സങ്കര സംസ്‌കാരം (Composite culture) എന്നും ഇന്ത്യന്‍ ദേശീയതയെ സങ്കരദേശീയത (Composite nationalism) എന്നും നെഹ്രു വിശേഷിപ്പിച്ചത്. ഭാരതീയ സംസ്‌കാരത്തെ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെയോ വിചാര മാതൃകയുടെയോ കുറ്റിയില്‍ കെട്ടിയിടാനാവില്ല. വിവിധ സംസ്‌കാരങ്ങളുടെയും വ്യത്യസ്തവിചാര മാതൃകകളുടെയും സങ്കലനമാണ് ഒട്ടേറെ നൂറ്റാണ്ടുകളിലൂടെ വികാസംകൊണ്ട ഇന്ത്യന്‍ സംസ്‌കാരം. നമ്മുടെ ദേശീയതയുടെ കഥയും വ്യത്യസ്തമല്ല. മതത്തിന്റെ ലേബല്‍ ചാര്‍ത്തി ഇന്ത്യന്‍ ദേശീയതയെ ഒരു മതത്തിന്റെയോ ഒരു ജനവിഭാഗത്തിന്റെയോമാത്രം കുത്തകയാക്കുന്നത് ചരിത്രത്തിനുനേരെ കണ്ണടയ്ക്കലാണ്. ഹൈന്ദവ സംസ്‌കാരത്തിന്റെ പര്യായമാണ് ഭാരതീയ സംസ്‌കാരം എന്നോ ഹിന്ദു ദേശീയതയുടെ മറുപേരാണ് ഇന്ത്യന്‍ ദേശീയതയെന്നോ ഉള്ള അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം വിലയിരുത്തി. മതദേശീയതയുടെ സ്ഥാനത്ത് മതേതര ദേശീയതയും മതസാംസ്‌കാരികതയുടെ സ്ഥാനത്ത് മതേതര സാംസ്‌കാരികതയും അദ്ദേഹം പകരംവെച്ചു.
മതേതരത്വം എല്ലവാര്‍ക്കും ബാധകം
അതോടൊപ്പംതന്നെ സംസ്‌കാരിക സംലയനവും അതുത്പാദിപ്പിച്ച മതേതര സാംസ്‌കാരികതയും ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും തുല്യ അളവില്‍ ബാധകമാണെന്ന് ഉണര്‍ത്തുകയും ചെയ്ത നെഹ്രു. വൈദേശിക വേരുകളുള്ള മത സംസ്‌കാരങ്ങളാല്‍ ഹിന്ദുക്കള്‍ സ്വാധീനിക്കപ്പെട്ടതുപോലെ ഹിന്ദുമത സംസ്‌കാരത്താല്‍ ന്യൂനപക്ഷമതക്കാരും ഗാഢമായി സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ശുദ്ധ ഹൈന്ദവ സംസ്‌കാരം നിലവിലില്ലാത്തതുപോലെ ശുദ്ധ ഇസ്ലാമിക/ക്രൈസ്തവ/പാര്‍സി സംസ്‌കാരങ്ങളും ഇന്ത്യയില്‍ നിലവിലില്ല. ഒരു കാര്യവുംകൂടി അദ്ദേഹം ഉണര്‍ത്തി. വേദകാലഘട്ടത്തിന്റെ തിരിച്ചുവരവ് കാംക്ഷിക്കുന്ന ചിലരെയും ആദ്യകാല ഇസ്ലാമിന്റെ പുനരാനയനം ആഗ്രഹിക്കുന്ന ചിലരെയും കാണാം. നമ്മുടെ പ്രാചീന സംസ്‌കാരങ്ങള്‍ ഇന്നത്തേതില്‍നിന്നും തികച്ചും വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളോടുള്ള പ്രതികരണമായിരുന്നു എന്നകാര്യം അത്തരക്കാര്‍ മറക്കരുത്. അന്നത്തെ ആചാരങ്ങളും നിയമങ്ങളും വര്‍ഗവ്യവസ്ഥയും ആണ്‍കോയ്മയും ഉള്‍പ്പെടെയുള്ള മിക്കതും ആധുനിക സാഹചര്യങ്ങളുമായി ഒത്തുപോകുന്നവയല്ല. വര്‍ത്തമാനകാല സാമൂഹിക പരിതോവസ്ഥകള്‍ക്കിണങ്ങാത്ത പൂര്‍വകാല ധാരണകളും സിദ്ധാന്തങ്ങളും മിത്തുകളും തിരസ്‌കരിക്കാന്‍ നാം തയ്യാറായാല്‍ മാത്രമേ നമുക്ക് പുരോഗതി കൈവരിക്കാനാവൂ എന്നു നെഹ്രു വിശദീകരിച്ചു.
മതേതര സാംസ്‌കാരികത എന്ന ആശയം നെഹ്രുവിനെ നയിച്ചത് മതേതര മാനവികത (സെക്യുലര്‍ ഹ്യൂമനിസം) എന്ന അത്യുദാത്ത സങ്കല്പത്തിലേക്കാണ്. പക്ഷേ, ആ സങ്കല്പത്തിലേക്ക് തന്റെ ജനതയെ കൈപിടിച്ചുയര്‍ത്തുക അത്ര എളുപ്പമല്ലെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. 1958-ല്‍ ഫ്രഞ്ച് എഴുത്തുകാരന്‍ ആന്‍ഡ്രേ മാര്‍ലോ നെഹ്രുവിനോട് ആരാഞ്ഞു: ''സ്വാതന്ത്ര്യത്തിനു ശേഷം താങ്കള്‍ നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താണ്?'' നെഹ്രുവിന്റെ മറുപടി: ''നീതിനിഷ്ഠ മാര്‍ഗത്തിലൂടെ ഒരു നീതിനിഷ്ഠ രാഷ്ട്രം യാഥാര്‍ഥ്യമാക്കുക എന്നതാണ് ഒന്ന്. മറ്റൊന്ന് ഒരു മതാത്മക രാജ്യത്ത് ഒരു മതേതര രാഷ്ട്രം കെട്ടിപ്പൊക്കുക എന്നതും.''
സാംസ്‌കാരികസാമൂഹികതയുടെ ആവശ്യം
മതാത്മകത പടര്‍ന്നു നില്‍ക്കുന്ന ഭാരതമണ്ണില്‍ മതേതരരാഷ്ട്ര നിര്‍മാണത്തിന് മൂന്നു ഘടകങ്ങള്‍ അനുപേക്ഷണീയമാണെന്ന് നെഹ്രു കണ്ടു-സാംസ്‌കാരിക ആധുനികതയും ശാസ്ത്രാവബോധവും ബഹുസ്വരതാദൃഢീകരണവും. വ്യാവസായിക ആധുനികതയോടൊപ്പം സാംസ്‌കാരിക ആധുനികതയിലേക്കുകൂടി രാജ്യം വളര്‍ന്നാലേ സെക്യുലര്‍സ്റ്റേറ്റിലേക്കുള്ള ഗമനം സുഗമമാകൂ. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു സ്ത്രീവിരുദ്ധത മുഴച്ചു നില്‍ക്കുന്ന ഇന്ത്യന്‍ കുടുംബനിയമങ്ങളുടെ പരിഷ്‌കരണോദ്യമം. മതങ്ങളില്‍നിന്നു കുടുംബനിയമങ്ങളെ വിച്ഛേദിച്ച് മതേതര കുടുംബനിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ പുറപ്പാടായിരുന്നു രാജ്യത്തിന് ലിംഗനീതിപരമായ ഏകീകൃത കുടുംബനിയമങ്ങള്‍ വേണമെന്ന ഭരണഘടനാ നിര്‍ദേശം. അതിന്റെ ആദ്യപടി എന്ന നിലയിലാണ് ഹിന്ദുക്കള്‍ക്കും ജൈനര്‍ക്കും ബൗദ്ധര്‍ക്കും സിഖുകാര്‍ക്കും ബാധകമായ ഹിന്ദുകോഡ് ബില്‍ നെഹ്രു കൊണ്ടുവന്നത്. അദ്ദേഹത്തെയും അന്നത്തെ നിയമമന്ത്രി ഡോ. അംബേദ്കറെയും സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ മതേതരത്വത്തിന്റെ അമ്‌ള പരിശോധനയായിരുന്നു അത്. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പലരും ബില്ലിനെതിരേ പടക്കളത്തിലിറങ്ങളിയെങ്കിലും പ്രതിഷേധങ്ങള്‍ മറികടന്ന് 1955-'56-ല്‍ നെഹ്രു സര്‍ക്കാര്‍ ബില്‍ പാസാക്കി.
ഹിന്ദുകോഡ് ബില്ലിനെ എതിര്‍ത്തവര്‍ ഉന്നയിച്ച പ്രസക്തമായ ഒരു ചോദ്യമുണ്ട്: ''ഹിന്ദുക്കളുടെ കുടുംബനിയമങ്ങള്‍ മാത്രം പരിഷ്‌കരിച്ചാല്‍ മതിയോ, മുസ്ലിങ്ങളുടേത് പരിഷ്‌കരിക്കേണ്ടേ?'' ഈ സംശയത്തിന് അംബേദ്കര്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്: ''ഹിന്ദു സമൂഹത്തില്‍ നിയമപരിഷ്‌കരണത്തെ പിന്താങ്ങുന്ന പ്രബലമായ ഒരു ലിബറല്‍ വിഭാഗമുണ്ട്. രാജ്യവിഭജനത്തോടെ മുസ്ലിംസമൂഹം രണ്ടായി ഛേദിക്കപ്പെടുകയും ആ സമൂഹത്തിലെ ലിബറല്‍ ചിന്താഗതിക്കാരായ വരേണ്യവിഭാഗം പാകിസ്താന്റെ ഭാഗമായി മാറുകയും ചെയ്തതോടെ ഇന്ത്യയിലെ മുസ്ലിം സമുദായത്തില്‍ ലിബറല്‍ ചിന്താഗതിക്കാര്‍ അതിദുര്‍ബലമായി. അതിനര്‍ഥം മുസ്ലിം കുടുംബനിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതില്ല എന്നല്ല. അല്പവുംകൂടി കാത്തിരുന്നിട്ടുവേണം ആ മേഖലയിലേക്ക് കടക്കാന്‍.''
ശാസ്ത്രാവബോധം പുഷ്ടിപ്പെടണം
നെഹ്രുവിന്റെ അഭിപ്രായത്തില്‍ സാംസ്‌കാരിക ആധുനികതയോടൊപ്പം പുഷ്ടിപ്പെടേണ്ടതാണ് ശാസ്ത്രാവബോധം. 'കാലഘട്ടത്തിന്റെ ചേതനയെന്നും ആധുനിക ലോകത്തില്‍ മേധാവിത്വം പുലര്‍ത്തുന്ന പ്രതിഭാസ'മെന്നും ശാസ്ത്രത്തെ വിശേഷിപ്പിച്ച അദ്ദേഹം ജനങ്ങളില്‍ ശാസ്ത്രീയവീക്ഷണം വളര്‍ത്തിയെടുേക്കണ്ടതിന്റെ ആവശ്യകതയില്‍ 1920-കള്‍ തൊട്ട് അടിവരചാര്‍ത്തിപ്പോന്നിട്ടുണ്ട്. മതജന്യമായ മുന്‍നിര്‍ണിതവിധിയിലുള്ള പഴയ വിശ്വാസം ജീവിത ചുറ്റുപാടുകള്‍ മാറ്റിമറിക്കാനുള്ള മനുഷ്യന്റെ കഴിവിലുള്ള പുതിയ വിശ്വാസത്തിന് വഴിമാറണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടതുകാണാം. മതേതര ഇന്ത്യയുടെ നിര്‍മാണത്തില്‍ ശാസ്ത്രത്തിനും ശാസ്ത്രാവബോധത്തിനുമുള്ള പങ്കിന്റെ ആഴം നെഹ്രുവോളം ഗ്രഹിച്ച മറ്റൊരു രാഷ്ട്രീയനേതാവ് ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് പറയാം.
ബഹുസ്വരതാ ദുഢീകരണത്തിന്റെ പ്രസക്തി
ശാസ്ത്രാവബോധ പോഷണത്തെപ്പോലെത്തന്നെ സെക്യുലര്‍ രാഷ്ട്രസൃഷ്ടിക്ക് അനുപേക്ഷ്യമായ ഘടകമായത്രേ ബഹുസ്വരതാ ദൃഢീകരണത്തെയും നെഹ്രു വീക്ഷിച്ചത്. രാജ്യത്തിലെ ഭൂരിപക്ഷമതക്കാര്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും ന്യൂനപക്ഷ മതക്കാര്‍ക്കുകൂടി ഉറപ്പാക്കുന്നതില്‍മാത്രം ബഹുസ്വരതയെ അദ്ദേഹം ഒതുക്കിയില്ല. സ്വേച്ഛാധിപത്യത്തിന്റെ മുഖ്യ ലക്ഷണമായ ഏകസ്വരതയുടെ നേര്‍വിപരീതമായി അദ്ദേഹം ബഹുസ്വരതയെ അടയാളപ്പെടുത്തി. രാഷ്ട്രത്തിന്റെയും പൊതു സമൂഹത്തിന്റെയും ഉത്തമതാത്പര്യങ്ങള്‍ക്ക് ഹാനികരമല്ലാത്ത ഏത് സ്വരവും ഏത് വീക്ഷണവും പ്രകാശിപ്പിക്കാന്‍ പൗരര്‍ക്കുള്ള അവകാശത്തിന്റെ പേരുകൂടിയാണ് ബഹുസ്വരത. ഭരണാധികാരികളുടെയോ മത-ജാതി കേന്ദ്രങ്ങളുടെയോ പാര്‍ട്ടി മേധാവികളുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കാതെ സ്വാഭിപ്രായം പ്രകടിപ്പിക്കാന്‍ സമസ്ത പൗരര്‍ക്കും സ്വാതന്ത്ര്യമുണ്ടാകണം. പ്രസ്തുത സ്വാതന്ത്ര്യം വിഘ്നംവിനാ നിലനില്‍ക്കുമ്പോള്‍ മാത്രമേ രാഷ്ട്രം സെക്യുലര്‍, പ്‌ളൂരല്‍, ഡെമോക്രാറ്റിക് റിപ്പബ്‌ളിക്കാവൂ.
1947 തൊട്ട് 1964 വരെ നീണ്ട പതിനേഴ് വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന ജവാഹര്‍ലാല്‍ നെഹ്രു കേവലം ഒരു രാഷ്ട്രീയനേതാവോ ബുദ്ധിജീവിയോ മാത്രമായിരുന്നില്ല. ജനാധിപത്യം, മതേതരത്വം, സ്ഥിതിസമത്വം, ഉള്‍ക്കൊള്ളല്‍ വാദം, ബഹുസ്വരത, ശാസ്ത്രാവബോധം, സാംസ്‌കാരിക ആധുനികത, മതാതീത മാനവികത തുടങ്ങിയ ആധുനിക പുരോഗമനാശയങ്ങളുടെ വിളക്കുമാടമായിരുന്നു അദ്ദേഹം. നെഹ്രുവിയന്‍ ആശയങ്ങളും മൂല്യങ്ങളും ഉപേക്ഷിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നതിന് മതേതരഭാരതം ദുര്‍ബലമാവുക എന്ന അര്‍ഥം കൂടിയുണ്ടെന്ന് കാണാതിരുന്നുകൂടാ.
Content Highlights: Hameed chennamangaloor,children's day, Jawaharlal Nehru
Published: 14 Nov 2023, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented