"കുട്ടികള്‍ പൂന്തോട്ടത്തിലെ മൊട്ടുകളാണ്. വാത്സല്യത്തോടെയും കരുതലോടെയും വേണം അവരെ വളര്‍ത്തേണ്ടത്. രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ് അവര്‍', പറഞ്ഞത് മറ്റാരുമല്ല. കുട്ടികളെ എന്നും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയ ജവഹര്‍ലാന്‍ നെഹ്‌റുവാണ്. കുട്ടികള്‍ക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട ചാച്ചാജിയായിരുന്നു. നവംബര്‍ 14 നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നതിന് പിന്നിലെ കാരണവും ഇതുതന്നെയാണ്.

To advertise here,

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്‍റെ  അടുത്ത വര്‍ഷം മുതലാണ് ശിശുദിനം ആചരിക്കാന്‍ ആരംഭിച്ചത്. അക്കാലത്ത് ശിശുദിനം ഫ്ളവര്‍ ഡേ എന്ന പേരില്‍ നവംബര്‍ അഞ്ചിനായിരുന്നു ആചരിച്ചിരുന്നത്. യുണൈറ്റഡ് നേഷന്‍സ് അപ്പീല്‍ ഫോര്‍ ചില്‍ഡ്രന്‍ (യുഎന്‍എസി) എന്ന സംഘടനയ്ക്കായി ഫണ്ട് ശേഖരിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയറാണ് (ഐസിസിഡബ്ല്യു) ഫ്‌ളവര്‍ ഡേയ്ക്ക് തുടക്കം കുറിച്ചത്. 1954ന് ശേഷമാണ് ശിശുദിനം ആ പേരില്‍ ആഘോഷിക്കാന്‍ ആരംഭിച്ചത്. നവംബര്‍ 14 രാജ്യത്ത് ശിശുദിനമായി ആചരിക്കുമെന്ന് 1957ലാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 കുട്ടികള്‍ക്ക് വേണ്ടിയുള്ള അവകാശങ്ങള്‍, വിദ്യാഭ്യാസം എന്നിവയ്ക്കായി നിരന്തരം പോരാടിയ ആളായിരുന്നു നെഹ്‌റു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ശിശുദിനം ആഘോഷിക്കുന്നതിന്‍റെ പ്രാധാന്യവും ഏറെയാണ്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന് അദ്ദേഹം അതിയായി ആശിച്ചിരുന്നു. കുട്ടികളാണ് നാളെയുടെ ഭാവിയെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പ്രധാനപ്പെട്ട  സംഭാവനകള്‍ നല്‍കാന്‍ നെഹ്‌റുവിന് കഴിഞ്ഞിട്ടുണ്ട്. നെഹ്‌റുവിന്റെ കാലത്താണ് രാജ്യത്ത്  ഉന്നത വിദ്യാഭ്യാസത്തിനായി  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നെഹ്റുവിന്‍റെ നേതൃത്വത്തിലാണ് 1955-ല്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഇന്ത്യ എന്ന സംഘടന രൂപീകരിച്ചത്. 

കുട്ടികള്‍ക്ക് എതിരേയുള്ള ആക്രമങ്ങള്‍, തട്ടികൊണ്ടുപോകല്‍, ബാലവേല പോലുള്ള അനേകംപ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തില്‍ ശിശുദിനത്തിന് പ്രാധാന്യമേറെയാണ്‌. കുട്ടികള്‍ക്ക് സുരക്ഷിതമായ പരിസ്ഥിതിയൊരുക്കുക എന്ന വലിയ ലക്ഷ്യം കൂടി ശിശുദിനം ഉന്നം വെയ്ക്കുന്നു. എല്ലാ കുട്ടികള്‍ക്കും എല്ലാ അവകാശങ്ങളും (For every child, every right) എന്നതാണ് ഇത്തവണത്തെ ശിശുദിനത്തിന്‍റെ സന്ദേശം.