എല്ലാം ഓരോ നിമിത്തമാണല്ലോ...! ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യസ്വര്‍ണം സമ്മാനിച്ച 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമംഗങ്ങളുടെ കഥകേട്ടാല്‍ ആരും പറഞ്ഞുപോകും. ഗെയിംസിന്റെ രണ്ടാംദിനം സ്വര്‍ണമണിഞ്ഞ ദിവ്യാന്‍ഷ് സിങ് പന്‍വാറിന്റെയും ഐശ്വരി പ്രതാപ് സിങ് തോമറിന്റെയും ജീവിതം കൗതുകകരമാണ്.

To advertise here,

പബ്ജിവിട്ട് ദിവ്യാന്‍ഷ്

മകന്റെ വീഡിയോ ഗെയിം അഡിക്ഷന്‍ പരിധിവിട്ടപ്പോഴാണ് പന്‍വാര്‍ സിങ്ങിന് ഷൂട്ടിങ് ചിന്ത മനസ്സില്‍ പൊട്ടിമുളച്ചത്. പബ്ജിയുടെ മായികലോകത്തകപ്പെട്ട ദിവ്യാന്‍ഷ് സിങ്ങിനും ഷൂട്ടിങ്ങിന് സമ്മതം. അതിനുവേണ്ടി പിതാവുതന്നെ മുന്‍കൈയെടുത്ത് പരിശീലകനെ കണ്ടെത്തി. പിന്നെ പത്തുമീറ്റര്‍ എയര്‍ റൈഫിളിലായി ദിവ്യാന്‍ഷിന്റെ ജീവിതം. ഏകാഗ്രതയും അച്ചടക്കവുമേറെവേണ്ട ഷൂട്ടിങ്ങില്‍ മകന്‍ ആനന്ദം കണ്ടെത്തിയപ്പോള്‍ പിതാവിന്റെ തീരുമാനം ശരിയായി. ഷൂട്ടിങ്ങിനോട് ചെറുപ്പത്തിലേയുള്ള ഇഷ്ടമാണ് ദിവ്യാന്‍ഷിനെ പബ്ജിയിലെത്തിച്ചത്. ചെറുപ്പത്തില്‍ ഷൂട്ടിങ് സജീവമായിരുന്നെങ്കിലും മൊബൈല്‍ ഗെയിമിന്റെ അനന്തസാധ്യത മുന്നില്‍വന്നപ്പോള്‍ ദിവ്യാന്‍ഷ് പബ്ജിയുടെ ലോകത്തിലൊതുങ്ങി. അവിടെനിന്നാണ് പിതാവ് മകനെ കൈപിടിച്ച് മറ്റൊരു ലോകത്തേക്കുയര്‍ത്തിയത്.

പുലര്‍ച്ചെ 5.30 മുതല്‍ പരിശീലനം തുടങ്ങും. കഠിനപരിശീലനത്തിലും ധ്യാനത്തിലും മുടക്കമില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യാന്‍ അവസരമുണ്ടായതോടെ ദിവ്യാന്‍ഷ് ഹാപ്പി. ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയാണ് ദിവ്യാന്‍ഷിന്റെ ഹീറോ. ഐ.എസ്.എസ്.എഫ്. ലോകകപ്പിലെ വ്യക്തിഗതയിനത്തില്‍ ഒരു സ്വര്‍ണവും വെള്ളിയും നേടിയിട്ടുണ്ട്. മിക്സഡ് ടീമിനത്തില്‍ മൂന്നുസ്വര്‍ണവുമുണ്ട്. മെഡലുകളൊട്ടേറെ വീട്ടിലെത്തിയപ്പോള്‍ അച്ഛനും മകനും ഡബിള്‍ ഹാപ്പി.

വേട്ടക്കാരന്‍ ഐശ്വരി

കര്‍ഷകനായ വീര്‍ ബഹാദൂര്‍ സിങ് തന്റെ കൃഷിയിടത്തിന്റെ സുരക്ഷയ്ക്കാണ് മൂന്നുതോക്കുകള്‍ വാങ്ങിയത്. 50 ഏക്കര്‍ കൃഷിഭൂമിയിലെ സുരക്ഷ പക്ഷേ, ഐശ്വരി പ്രതാപ് സിങ് തോമറിന്റെകൂടി ചുമതലയായി. അച്ഛന്റെ തോക്കുകള്‍കൊണ്ട് ബലൂണിലേക്ക് ഉന്നംപിടിച്ച് ഐശ്വരി ചെറുപ്പത്തില്‍ത്തന്നെ ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. അതൊരിക്കലും മത്സരത്തിനുവേണ്ടിയായിരുന്നില്ല. അച്ഛനോടൊപ്പം വേട്ടയാടാന്‍ പോകുന്നതിലായിരുന്നു ഐശ്വരി ആനന്ദം കണ്ടെത്തിയത്. അന്നൊന്നും ഷൂട്ടിങ് കരിയറായി വളര്‍ത്തിയെടുക്കാന്‍ ഐശ്വരിക്കോ കുടുംബത്തിനോ താത്പര്യവുമുണ്ടായിരുന്നില്ല.

2015-ല്‍ ഭോപാലിലെ മധ്യപ്രദേശ് ഷൂട്ടിങ് അക്കാദമിയില്‍ വൈഭവ് ശര്‍മയുടെ പരിശീലനത്തില്‍ പ്രൊഫഷണല്‍ ഷൂട്ടിങ് പഠനമാരംഭിച്ചത് ഐശ്വരിയുടെ ജീവിതം മാറ്റിമറിച്ചു. ഫിറ്റ്നസില്‍ നന്നായി ശ്രദ്ധിക്കുന്ന ഐശ്വരിയുടെ ശാരീരികക്ഷമതയാണ് ഊര്‍ജം. ബാക്കുവില്‍ ഈയിടെനടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ റൈഫിളില്‍ സ്വര്‍ണം നേടിയിരുന്നു. ഐ.എസ്.എസ്.എഫ്. ലോകകപ്പില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളും നേടി. ഈയിടെനടന്ന ചെങ്ദു ലോകസര്‍വകലാശാല ഗെയിംസില്‍ വിവിധവിഭാഗങ്ങളിലായി മൂന്നുസ്വര്‍ണവും ഒരുവെങ്കലവും നേടി.

ടീമിലെ മറ്റൊരുതാരം രുദ്രാന്‍ക്ഷ് പാട്ടില്‍ നേരത്തേതന്നെ പാരീസ് ഒളിമ്പിക്സിന് യോഗ്യതനേടിയിരുന്നു. കഴിഞ്ഞവര്‍ഷം കെയ്റോയില്‍നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് വ്യക്തിഗതയിനത്തില്‍ ഒളിമ്പിക് യോഗ്യതനേടിയത്. ടീമിനത്തിലും 19-കാരന്‍ സ്വര്‍ണമണിഞ്ഞിരുന്നു.