ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരത്തിന് എന്‍പതാം പിറന്നാള്‍

To advertise here,

അമിതാബ് ബച്ചനെ അറിയാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍, ഇങ്ക്വിലാബ് ശ്രീവാസ്തവയെക്കുറിച്ച് ഏറെപ്പേര്‍ക്കൊന്നും അറിവുണ്ടാവാന്‍ തരമില്ല. രണ്ടും ഒരാള്‍ തന്നെയെന്ന് പറഞ്ഞാല്‍ സംശയിക്കാത്തവരും ചുരുങ്ങും.

ഇന്നത്തെ ബിഗ് ബിയ്ക്ക് പണ്ട് ഇങ്ക്വിലാബ് ശ്രീവാസ്തവ എന്നു പേരിട്ടതിന് പിന്നില്‍ ഒരു കഥയുണ്ട്. ഇതേ ഇങ്ക്വിലാബ് പിന്നീട് അമിതാഭ് ബച്ചനായതിന് പിന്നിലുമുണ്ടൊരു കഥ. അതെക്കുറിച്ച് അമിതാഭ് ബച്ചന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. 

''ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942ലായിരുന്നു എന്റെ ജനനം. പ്രക്ഷോഭം കൊടുമ്പിരികൊള്ളുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു അമ്മ തേജി ബച്ചന്‍. അക്കാലത്ത് നാട്ടില്‍ ഒരുപാട് റാലികളെല്ലാം നടക്കും. ഒരു ദിവസം അമ്മ തേജിയും ഒരു റാലിയില്‍ പങ്കെടുത്തു. എന്നാല്‍, ഇക്കാര്യം വീട്ടില്‍ ആരും അറിഞ്ഞിരുന്നില്ല. അമ്മയെ കാണാതായതോടെ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. ഒടുവില്‍ ഒരു റാലിയില്‍ വച്ചാണ് അവര്‍ക്ക് അമ്മയെ കണ്ടുകിട്ടിയത്. ഉടനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അമ്മ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ഹരിവംശ്റായി ബച്ചന്റെ ഒരു സുഹൃത്തും അവിടെ എത്തിയിരുന്നു. അമ്മയുടെ ദേശഭക്തിയെ കളിയാക്കിയ അദ്ദേഹമാണ് ജനിക്കാന്‍  പോകുന്ന മകന് ഇങ്ക്വിലാബ് എന്ന് പേരിടണമെന്ന് കളിയായി പറഞ്ഞത്.''

സുഹൃത്തിന്റെ ഉപദേശം കവി കൂടിയായ ഹരിവംശ്റായി ബച്ചന്‍ തള്ളിക്കളഞ്ഞില്ല. ഒക്ടോബര്‍ 11ന് ജനിച്ച മകന് ഹരിവംശ് റായി ഇങ്ക്വിലാബ് ശ്രീവാസ്തവ എന്നു തന്നെ പേരിട്ടു.

''ഞാന്‍ ജനിച്ച ദിവസം അച്ഛന്റെ അടുത്ത സുഹൃത്തും കവിയുമായ സുമിത്ര നന്ദന്‍ പന്ത് വീട്ടില്‍ വന്നു. അദ്ദേഹമാണ് കെടാത്ത നാളം എന്ന് അര്‍ഥം വരുന്ന അമിതാഭ് എന്ന പേര് നിര്‍ദേശിച്ചത്. അച്ഛന്‍ അദ്ദേഹത്തിന്റെ തൂലികാനാമമായ ബച്ചന്‍ എന്ന പേരുകൂടി ചേര്‍ത്ത്  ഇങ്ക്വിലാബ് ശ്രീവാസ്തവ എന്ന എന്നെ അമിതാഭ് ബച്ചനാക്കി''

നൈനിത്താള്‍ ഷെയര്‍വുഡ് കോളജിലും ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കൈറോറിമാല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്‍, പിന്നീട് കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കി. സിനിമ സ്വപ്നം കണ്ടിരുന്ന യുവാവിന് തുടക്കകാലത്ത് തന്റെ ശബ്ദവും ഉയരവും സിനിമയില്‍ അവസരം കിട്ടാന്‍ പ്രതികൂലഘടകങ്ങളായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അതേ ശബ്ദവും ഉയരവും തന്റെ താരപദവിയിലേക്കുള്ള വളര്‍ച്ചയില്‍ ബച്ചന് നിര്‍ണായക ഘടകങ്ങളായി മാറി.. 1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം എന്ന ചിത്രത്തിന് ശബ്ദം നല്‍കി തുടങ്ങിയ ജൈത്രയാത്ര 46 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരുപിടി മികച്ച വേഷങ്ങളുമായി ഇപ്പോഴും തുടരുന്നു. താരപദവിക്ക് ഇളക്കം തട്ടാതെ ബിഗ് ബിയായി തന്നെ.

ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷായായും ഡോണായും ക്ഷുഭിത യൗവ്വനത്തിന്റെ മുഖമായും മാറിയ അഭിനയ പ്രതിഭയാണ് അമിതാഭ് ബച്ചന്‍. മതിയാവോളം ഗാംഭീര്യമില്ലെന്നു പറഞ്ഞ് ആകാശവാണി തിരസ്‌കരിച്ച ശബ്ദം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ദശകങ്ങളോളം ഇദ്ദേഹം കൈപ്പിടിയിലൊതുക്കി. 

1969 ല്‍ സാത് ഹിന്ദുസ്ഥാനിയിലൂടെ അഭിനേതാവായി അരങ്ങേറിയ ബച്ചന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഹൃഷികേശ് മുഖര്‍ജിയുടെ ആനന്ദില്‍ ഭാസ്‌കര്‍ ബാനര്‍ജിയായി തന്റെ മേല്‍വിലാസം ബോളിവുഡില്‍ രേഖപ്പെടുത്തി. പിന്നീട് ബച്ചന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദീവാറിലേയും സഞ്ജീറിലേയും പ്രകടനങ്ങളിലൂടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ബച്ചന്‍. അഭിമാന്‍, നമക് ഹരാം, അമര്‍ അക്ബര്‍ ആന്റണി, കൂലി, ഡോണ്‍ തുടങ്ങി എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായ ഷോലെ ഉള്‍പ്പടെ വിജയചരിത്രവും താരപദവുമായി അസൂയാവഹമായ വളര്‍ച്ച.

നാല് ദശബ്ദത്തിനിടെ ഇരുനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട ബച്ചന്‍, നാല് ദേശീയ പുരസ്‌കാരങ്ങളും ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവുമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ സ്വന്തമാക്കി. പദ്മശ്രീയും, പദ്മഭൂഷണും, പദ്മവിഭൂഷണമുമായി മൂന്നു തവണ രാജ്യം ബഹുമതികള്‍ നല്‍കി ആദരിച്ചു. കരിയറില്‍ ഇടര്‍ച്ചവന്ന കാലവുമുണ്ട് അദ്ദേഹത്തിന്. 90 കളുടെ അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയമായി. എ.ബി.സി.എല്‍ എന്ന നിര്‍മാണ കമ്പനി തുടങ്ങി. അതിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നുവീണു. ബച്ചന്‍യുഗം അസ്തമിച്ചു എന്ന കരുതിയിടത്തുനിന്ന് ബച്ചന്‍ തിരിച്ചുവന്ന് ബിഗ് ബിയായി തിളങ്ങി. ബ്ലാക്ക്, സര്‍ക്കാര്‍, ചീനി കം, സത്യാഗ്രഹ, പികു, പിങ്ക് എന്നീ ഹിറ്റുകളുമായി 2000 ത്തിന് ശേഷവും ബച്ചന്‍ തിരശീലയില്‍ നിത്യവിസ്മയം തീര്‍ക്കുകയാണ്.