തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ റിസർവ് ചെയ്യുന്ന മൂന്നിൽ ഒരു സീറ്റിൽ ആളെത്തുന്നില്ല. ചലച്ചിത്ര അ‌ക്കാദമി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. പ്രതിദിനം ശരാശരി 20,000 സീറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിൽ ഏഴായിരത്തിലേറെ സീറ്റുകളിൽ ആളെത്തുന്നില്ലെന്നും കണക്കുകൾ പറയുന്നു.

To advertise here,

മേളയിലെ നൂറ് ശതമാനം സീറ്റുകളിലും റിസർവേഷനുണ്ട്. ഓരോ ദിവസത്തെയും പ്രദർശനത്തിനുള്ള സീറ്റുകൾക്ക് തലേ ദിവസം രാവിലെ എട്ടു മണി മുതൽ റിസർവേഷൻ ലഭ്യമാവും. ഒരു ദിവസം ഒരു ഡെലിഗേറ്റിന് പരമാവധി മൂന്നു ചിത്രങ്ങൾക്ക് വരെ റിസര്‍വ് ചെയ്യാം. റിസർവ് ചെയ്തവർ പ്രദർശനത്തിന് എത്തിയില്ലെങ്കിൽ ബാക്കിയുള്ള സീറ്റുകളിൽ റിസർവ് ചെയ്യാതെ എത്തുന്ന​ ഡെലിഗേറ്റുകൾക്ക് നൽകും. ഇതിനായി എല്ലാ ഷോയ്ക്കും റിസർവ്ഡ്, അ‌ൺറിസർവ്ഡ് ക്യൂകളുമുണ്ട്.

ഡിസംബര്‍ 10, 11, 12 തീയതികളില്‍ യഥാക്രമം 19974, 20845, 20799 സീറ്റുകളാണ് റിസര്‍വ് ചെയ്യപ്പെട്ടത്. ഇതിൽ റിസർവ് ചെയ്തവർ എത്താത്തതിനെ തുടർന്ന് ഓരോ ദിവസവും ഏഴായിരത്തിലേറെ സീറ്റുകളിൽ റിസർവ് ചെയ്യാത്തവരെ  പ്രവേശിപ്പിച്ചുവെന്നാണ് കണക്ക്. 

ഈ സാഹചര്യത്തിൽ പരമാവധി റിസർവ് ചെയ്ത ചിത്രങ്ങൾ തന്നെ കാണാൻ ഡെലിഗേറ്റുകൾ തയ്യാറാകണമെന്ന് ചലച്ചിത്ര അ‌ക്കാദമി വാർത്താകുറിപ്പിൽ അ‌ഭ്യർത്ഥിച്ചു. ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്നത് അ‌തേ ചിത്രം കാണണമെന്ന് ആഗ്രഹിക്കുന്ന മറ്റു ഡെലിഗേറ്റുകളുടെ അ‌വസരം നഷ്ടപ്പെടുത്തിയേക്കുമെന്നും വാർത്താകുറിപ്പിൽ പറയുന്നു.

മത്സര വിഭാഗത്തിലെയും മറ്റു മേളകളിൽ നിന്ന് മികച്ച അ‌ഭിപ്രായം നേടിയെത്തുന്ന ചിത്രങ്ങളുടെയും റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ ബുക്കിങ് പൂർത്തിയാവുകയാണ് പതിവ്. ഈ സാഹചര്യത്തിൽ സീറ്റ് ലഭിക്കാത്തവർ മറ്റു  ചിത്രങ്ങൾക്ക് ബുക്ക് ചെയ്യും. എന്നാൽ, ഇത്തരത്തിൽ ബുക്ക് ചെയ്യുന്നവർ അ‌ൺറിസർവ്ഡ് ആയി സീറ്റ് ലഭിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് റിസർവ് ചെയ്യാത്ത ചിത്രങ്ങൾക്ക് ക്യൂ നിൽക്കാറുണ്ട്. ഇത് പലപ്പോഴും തിരക്കിനും സംഘർഷത്തിനും കാരണമാകുന്ന പശ്ചാത്തലത്തിലാണ് അ‌ക്കാദമി വാർത്താകുറിപ്പ് പുറത്തിറക്കിരിക്കുന്നത്.