ട്രോളിങ്ങിനിടെ സ്ത്രീയെ ബലം പ്രയോഗിച്ച് ചുംബിച്ച വനിതാ പോലീസിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. വീഡിയോ പ്രചരിച്ചതോടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ് സംഭവം.

To advertise here,

സ്ത്രീസുരക്ഷ ഉറപ്പാക്കാനായി അടുത്തിടെ സിലിഗുഡി പോലീസ് കമ്മിഷണറേറ്റ് 24 മണിക്കൂര്‍ പിങ്ക് പട്രോള്‍ വാനുകള്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഒരു പിങ്ക് പട്രോള്‍ സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ. ടാനിയ റോയ് ആണ് റോഡിലുണ്ടായിരുന്ന ഒരു സ്ത്രീയെ ബലമായി ചുംബിച്ചത്. ടാനിയ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

നേരത്തേയും ആരോപണവിധേയയാണ് ഈ വനിതാ എ.എസ്.ഐ. സിലിഗുഡിയിലെ ഒരു സ്‌കൂളിന് സമീപം നിന്ന് രാത്രിയില്‍ സംസാരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളെ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ആ സമയത്തും ഇവര്‍ മദ്യലഹരിയിലായിരുന്നു. പുതിയ സംഭവത്തില്‍ ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

പരസ്യമായ ലൈംഗികാതിക്രമമാണ് ടാനിയ നടത്തിയതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയ്ക്ക് താഴെ പലരും കമന്റിട്ടത്. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നും പലരും ആവശ്യപ്പെട്ടു.