കഴിഞ്ഞ ദിവസമാണ് നടക്കാൻ പോലും സാധിക്കാത്തവിതം വൃത്തിഹീനമായ ബെ​ഗളൂരുവിലെ ഫുട്പാത്തുകളെക്കുറിച്ച് കനേഡിയൻ പൗരനായ കാലെബ് ഫ്രീസെന്‍ ഒരു വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ, ഈ വീഡിയോ വൈറലായി ദിവസങ്ങൾക്കുള്ളിൽ അധികൃതർ വിഷയത്തിൽ നടപടിയെടുത്തിരിക്കുകയാണ്. ഫ്രീസെന്‍ ചൂണ്ടിക്കാണിച്ച പ്രദേശം വൃത്തിയാക്കിയതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി എക്സിൽ അറിയിച്ചു. 

To advertise here,

'കാൽനടയാത്രക്കാരുടെ സുരക്ഷയും പ്രദേശത്തെ വൃത്തിയും ഉറപ്പാക്കുന്നതിനായി ഫുട്പാത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ ടീം ഒരു ശുചീകരണ യജ്ഞം നടത്തി', ജിബിഎ എക്‌സിൽ കുറിച്ചു. സ്ഥലം വൃത്തിയാക്കിയതിന് അധികൃതർക്ക് നന്ദി പറഞ്ഞുകൊണ്ടാണ്ട് ഫ്രീസെൻ പോസ്റ്റിന് കീഴെ കമന്റിടുകയും ചെയ്തു. 

പോസ്റ്റ് വൈറലായതോടെ ഒട്ടേറെപ്പേർ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. ഒരുവിഭാ​ഗം ഉപയോക്താക്കൾ നടപടി സ്വീകരിച്ച അധികൃതരെ പ്രശംസിച്ചപ്പോൾ മറ്റുള്ളവർ ഓരോ തവണയും ഒരു വിദേശിക്ക് ഇടപെടേണ്ടി വരുമോ എന്ന  ചോദ്യമുയർത്തി.