മലപ്പുറം: വീട്ടുപ്രസവങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. കോഴിക്കോട്ട് ഇത്തരത്തിലൊരു പ്രസവത്തിൽ ജനിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിവാദമാണ് വിഷയത്തെ വീണ്ടും ചർച്ചയിലെത്തിച്ചത്. വീട്ടുപ്രസവത്തെ അനുകൂലിക്കുന്നവരും രംഗത്തുവന്നിട്ടുണ്ട്. സാമൂഹികമാധ്യമകാലത്ത് ഇത്തരം കുപ്രചാരണങ്ങൾ ചെറിയൊരു സമൂഹത്തെയെങ്കിലും ബാധിക്കുന്നുണ്ട്.
‘എന്റെ അമ്മ വീട്ടിൽ പന്ത്രണ്ടു പ്രസവിച്ചിട്ടുണ്ട്’-വീട്ടുപ്രസവ വാദികളുടെ സ്ഥിരം വാദമാണിത്. എന്നാൽ ഇതുപറയുമ്പോൾ അവർ പറയാതെവിടുന്ന ചിലതുണ്ട്; അതിൽ എത്രപേർ പ്രസവത്തിൽത്തന്നെ മരിച്ചു, എത്രപേർ നാൽപതുവയസ്സുവരെയെങ്കിലും ജീവിച്ചു, എത്രപേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്, എത്രപേർ ജനനസംബന്ധമായ അസുഖങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുണ്ട് എന്നിവ. അതു പരിശോധിച്ചാൽ ഈ വാദം തകർന്നുവീഴുന്നതു കാണാം.
മറ്റുമൃഗങ്ങൾ ആശുപത്രിയിൽ പോകുന്നുണ്ടോ ?
ഇക്കാലത്തും ഇത്തരംചോദ്യങ്ങൾ ഉയരുന്നുണ്ട്. മനുഷ്യപ്രസവം പലകാരണങ്ങൾകൊണ്ട് മൃഗങ്ങളുടെ പ്രസവത്തേക്കാൾ അപകടസാധ്യതയേറിയതാണ് എന്നാണതിനുത്തരം.
- സെഫലോപെൽവിക് അസന്തുലിതാവസ്ഥ (സി.പി.ഡി). ഇരുകാലികളായ പരിണാമം കാരണം മറ്റു ജീവികളേക്കാൾ മനുഷ്യന്റെ പെൽവിക് ഇടുങ്ങിയതാണ്. മറ്റു ജീവികളേക്കാൾ മനുഷ്യക്കുട്ടിയുടെ തലയ്ക്ക് വലുപ്പം കൂടുതലുമാണ്. തലച്ചോറിന്റെ വലുപ്പമാണ് കാരണം.
- മറ്റു ജീവികളേക്കാൾ മനുഷ്യന് പ്രസവസമയം കൂടുതലാണ്. ഇതിനാൽ സങ്കീർണതകൾക്കും സാധ്യത കൂടുതലാണ്.
- മനുഷ്യരിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങൾക്ക് പരിണാമപരമായിത്തന്നെ പ്രതിരോധശേഷിയുണ്ട്.
- സൂക്ഷ്മതയോടെയുള്ള പ്രസവാനന്തര പരിചരണം മനുഷ്യക്കുഞ്ഞിന് അത്യാവശ്യമാണ്. കാരണം മറ്റു ജീവികളേക്കാൾ പൂർണ വളർച്ച കുറവാണ് മനുഷ്യക്കുഞ്ഞിന്. മസ്തിഷ്‌ക വളർച്ചപോലും ജനിച്ചതിനുശേഷമാണ് കാര്യമായി നടക്കുന്നത്. മറ്റു ജീവികളുടെ കുഞ്ഞുങ്ങൾ മണിക്കൂറുകൾക്കുള്ളിൽ സാഹചര്യങ്ങളുമായി ഇണങ്ങിജീവിക്കാൻ തുടങ്ങും.
- പലപ്പോഴും പ്രസവിക്കാൻ പരസഹായം ആവശ്യമുള്ളവരാണ് മനുഷ്യർ. എന്നാൽ മറ്റു ജീവികൾക്ക് അതാവശ്യമില്ല.
വീട്ടിൽ പ്രസവിച്ചാൽ എന്താ കുഴപ്പം..?
‘സുഖപ്രസവം’ എന്ന വാക്കിൽമാത്രമേ സുഖമുള്ളൂ എന്ന് നമ്മുടെ സ്ത്രീകൾക്കറിയാം. വീടുകളിൽ പ്രസവിച്ചാൽ എന്താണു കുഴപ്പം എന്ന ചോദ്യത്തിന് മലപ്പുറം ആർ.സി.എച്ച്. ഓഫീസർ ഡോ. എൻ.എൻ. പമീലി മറുപടി പറയുന്നു.
“പല സങ്കീർണതകൾക്കും ഫോർസെപ്‌സ്, വാക്വം ഉപകരണങ്ങൾ എന്നിവ വേണ്ടിവരും. അതൊന്നും വീട്ടിൽ പ്രസവിക്കുമ്പോൾ ലഭിക്കില്ല. കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ സംഭവിക്കുന്ന അശ്രദ്ധകാരണം പിൽക്കാലത്ത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകാം. ശുചിത്വം വളരെ പ്രധാനമാണ്, ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധയുണ്ടായി അമ്മയ്ക്കും കുഞ്ഞിനും അപകടമാവാം. പ്രത്യക്ഷത്തിലുള്ള വൈകല്യങ്ങൾ, ഹൃദയസംബന്ധമായ തകരാറുകൾ, കേൾവി-കാഴ്ച സംബന്ധമായ കുഴപ്പങ്ങൾ, ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയെല്ലാം പ്രസവാനന്തരം ആശുപത്രികളിൽ പരിശോധിക്കപ്പെടുന്നുണ്ട്. അപ്പപ്പോൾത്തന്നെ പരിഹാരവും ചെയ്യുന്നു. ഈ നിരീക്ഷണങ്ങളും പരിശോധനകളുമൊന്നും വീട്ടിൽ പ്രസവിക്കുന്ന കുഞ്ഞിന് ലഭിക്കില്ല. അതുകൊണ്ടുതന്നെ ഭാവിയിൽ കുഞ്ഞിനുണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെ മുൻകൂട്ടിയറിഞ്ഞ് പരിഹരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നു’’.
മാതൃമരണവും ശിശുമരണവും
1947-ൽ ഇന്ത്യയിൽ മാതൃമരണനിരക്ക് ഒരുലക്ഷം പ്രസവത്തിൽ രണ്ടായിരമായിരുന്നു. ഇന്നത് 97 ആണ്. ശിശുമരണനിരക്ക് ആയിരത്തിൽ 145 ആയിരുന്നത് 28 ആയി. കേരളത്തിൽ 1970-ൽ ശിശുമരണനിരക്ക് ആയിരത്തിൽ 56 ആയിരുന്നത് ഇപ്പോൾ ആറുമാത്രമാണ്. ഇതൊക്കെ ആധുനികമായ വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റഫലമാണ്.
ശിശുമരണങ്ങൾ അറിയുന്നില്ല
വീട്ടിൽ പ്രസവിക്കുന്ന കുഞ്ഞ് മരിക്കുന്നത് പലപ്പോഴും പുറത്തറിയാറില്ല. മലപ്പുറത്ത് ഇങ്ങനെ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മലപ്പുറത്തെ വീട്ടുപ്രസവകേന്ദ്രങ്ങളിൽ കൂടുതലും എത്തുന്നത് മറ്റു ജില്ലക്കാരാണ്. ലക്ഷദ്വീപിൽനിന്നുവരെ ഇവിടെവന്നു പ്രസവിച്ച സംഭവങ്ങളുണ്ട്. ഇവർക്ക് രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പുകളുമുണ്ട്. രഹസ്യമായി വന്നുപോകുന്നതിനാൽ കുഞ്ഞ് മരിച്ചാൽ ഇവിടത്തെ ആരോഗ്യപ്രവർത്തകർ അറിയണമെന്നില്ല. ആരോഗ്യവകുപ്പ് ഫീൽഡ് പ്രവർത്തനം ശക്തമാക്കിയതോടെയാണ് പല കേസുകളും പുറത്തുവരുന്നത്.
വീട്ടുപ്രസവക്കണക്കുകൾ
2023 മാർച്ച് -24 മാർച്ച്, 2024 ഏപ്രിൽ-സെപ്റ്റംബർ എന്ന ക്രമത്തിൽ
തിരുവനന്തപുരം 31 - 8
കൊല്ലം 23 - 7
പത്തനംതിട്ട 8 - 1
ആലപ്പുഴ 14 - 6
കോട്ടയം 8 - 3
ഇടുക്കി 25 - 12
എറണാകുളം 26 - 14
തൃശ്ശൂർ 14 - 6
പാലക്കാട് 29 - 3
മലപ്പുറം 253 - 93
കോഴിക്കോട് 24 - 11
വയനാട് 42 - 15
കണ്ണൂർ 16 - 12
കാസർകോട് 10 - 9
Content Highlights: society should have concerned over child birth planned home births is not a healthy way
Published: 09 Mar 2025, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented