ഗർഭകാലത്ത് ശരീരഭാരം കൂടുന്നത് വ്യത്യസ്തമായ ശാരീരിക പ്രക്രിയയുടെ ഭാഗമായിട്ടാണ്. ഈ സമയത്ത് ഗർഭിണിയുടെ ശരീരഭാരത്തിൽ വരുന്ന വ്യത്യാസം ഗർഭാവസ്ഥയെ മാത്രമല്ല, അമ്മയുടേയും കുഞ്ഞിന്റെയും ദീർഘകാല ആരോഗ്യത്തെ വരെ ബാധിക്കുന്നു. ഇപ്പോഴിതാ, ഗൈനക്കോളജിസ്റ്റ് ഡോ. സന്തോഷി നന്ദിഗം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഈ വിഷയത്തെ ചർച്ചയാക്കുകയാണ്. 

To advertise here,

പ്രസവശേഷം അമ്മമാർ പലരും 'ബേബി വെയ്റ്റി'നെക്കുറിച്ച് ആശങ്കപ്പെടുന്നു എന്നാണ് ഡോക്ടർ പറയുന്നത്. എന്നാൽ, കുഞ്ഞ് ജനിക്കുന്ന നിമിഷം തന്നെ ശരീരത്തിന് സ്വാഭാവികമായി ഒരുപാട് ഭാരം കുറയുന്നു. പ്രസവശേഷം ഉടനടി അഞ്ച് മുതൽ ഏഴ് കിലോഗ്രാം വരെ ഭാരം കുറയുമെന്ന് ചൂണ്ടിക്കാട്ടിയ ഡോക്ടർ ഈ ഭാരക്കുറവിന് കാരണമാകുന്ന ചില കണക്കുകളും പങ്കുവെച്ചു. 

  1. കുഞ്ഞ്: 3 മുതൽ 3.5 കിലോഗ്രാം
  2. മറുപിള്ള: 500 മുതൽ 700 ഗ്രാം
  3. അമ്നിയോട്ടിക് ഫ്ലൂയി‍ഡ്: 900 ഗ്രാം
  4. രക്തവും ഫ്ലൂയി‍‍ഡ് ഷിഫ്റ്റും: 1.5 മുതൽ 2.5 കിലോഗ്രാം

പ്രസവശേഷം എങ്ങിനെ ഭാരം കുറയ്ക്കാം

1. പ്രോട്ടീൻ കഴിക്കാം
ഭക്ഷണക്രമത്തിൽ പ്രോട്ടീൻ, പച്ചക്കറികൾ, നാരുകൾ എന്നിവ ഉൾപ്പെടുത്താം.

  • സസ്യാഹാര സ്രോതസ്സുകൾ: പയർവർഗ്ഗങ്ങൾ, പനീർ, ഗ്രീക്ക് യോഗർട്ട്, ക്വിനോവ, സോയ.
  • മാംസാഹാര സ്രോതസ്സുകൾ: കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട, മത്സ്യം.

2. ജലാംശം നിലനിർത്തുക
വെള്ളം ഉപാപചയ പ്രവർത്തനങ്ങളെയും മുലപ്പാൽ ഉത്പാദനത്തെയും സഹായിക്കുന്നു. ജീരകം, പെരുംജീരകം, അയമോദകം എന്നിവയിട്ട വെള്ളം പരീക്ഷിക്കുക. അല്പാൽപ്പമായി ദിവസം മുഴുവൻ കുടിക്കുക. ഇത് ദഹനത്തെ സഹായിക്കുകയും ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യുന്നു.

3. വ്യായാമം
നടത്തം, യോഗ എന്നിവയിൽ നിന്ന് ആരംഭിക്കുക. കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും കാത്തിരുന്ന് ഗൈനക്കോളജിസ്റ്റിന്റെ അനുവാദം വാങ്ങിയതിനുശേഷം സ്ഥിരതയ്ക്ക് പ്രാധാന്യം നൽകുക.

4. ഉറക്കം പ്രധാനം
ഉറക്കവും മാനസികാരോ​ഗ്യവും പ്രധാനമാണ്. കുഞ്ഞുള്ളപ്പോൾ പലപ്പോഴും ഉറക്കം ബുദ്ധിമുട്ടായിരിക്കും. പക്ഷേ, ചെറിയ മയക്കങ്ങൾ പോലും സഹായിച്ചേക്കാം. 

5. സഹായം തേടുക
പ്രസവാനന്തരം ശരീരഭാരം വീണ്ടെടുക്കുന്നതിന് ഒരു ഗൈനക്കോളജിസ്റ്റ്, ന്യൂട്രീഷ്യനിസ്റ്റ്, അല്ലെങ്കിൽ പരിശീലകന്റെ സഹായത്തോടെ മുന്നോട്ട് പോകുക.