പണിക്ക് പോവുമ്പോള്‍ കൈയില്‍ തൂങ്ങി നടന്നിരുന്നതാണ് എന്റെ മകന്‍ ജീവ. അന്ന് രാത്രിയും അവനെ ചേര്‍ത്തുപിടിച്ചാണ് ഞാന്‍ ഉറങ്ങിയത്. പണ്ട് തെരുവില്‍ കിടന്നുറങ്ങുമ്പോള്‍ അവനെ തട്ടിയെടുക്കാന്‍ ഒരാള്‍ എത്തിയിരുന്നു. അന്ന് മുതല്‍ ഞാന്‍ പാതിയെ ഉറങ്ങാറുള്ളു. അങ്ങനെ ചേര്‍ത്തുപിടിച്ച മകന്‍ ലോറികടിയിലേക്ക് വീഴുന്നത് ഈ കണ്ണുകള്‍ കൊണ്ടാണ് കണ്ടത്. എനിക്ക് സഹിക്കാനാവുന്നില്ല. എന്റെ മകനായി ജനിച്ചത് കൊണ്ടല്ലേ തെരുവിലെ പട്ടിയെ പോലെ അവന്‍ ചതഞ്ഞരഞ്ഞ് പോയത്.

രമേശ് വിങ്ങിപ്പൊട്ടി. വാക്കുകള്‍ കിട്ടാതെ, നിര്‍ത്താതെ അലറിക്കരഞ്ഞു. നാട്ടിക വാഹനപകടത്തില്‍ മരിച്ചവരില്‍ രമേശിന്റെ ഏകമകന്‍ ജീവയുമുണ്ടായിരുന്നു. നാല് വയസു മാത്രമായിരുന്നു അവന്റെ പ്രായം. മകനും ബന്ധുക്കളും എല്ലാവരും ലോറിക്കടിയിൽ തീര്‍ന്നുപ്പോയത് കണ്ട ആഘാതത്തിലാണ് രമേശും ബാക്കിയുള്ളവരും.

To advertise here,

പാട്ട പെറുകാനും ശൗചാലയം വൃത്തിയാക്കാനുമായി പോവുമ്പോഴും കുഞ്ഞു ജീവ അച്ഛനോടൊപ്പം പോയി. കിട്ടുന്നത് കൊണ്ട് രമേശും കൂടുംബവും വിശപ്പടക്കി. അഴുക്കു പുരണ്ട ജീവിതത്തില്‍ രമേശിന്റെ പ്രതീക്ഷയായിരുന്നു മകനും മകളും. തെരുവില്‍ നിന്ന് മകളെ തട്ടിയെടുക്കാന്‍ നോക്കിയതിന് പിറ്റേന്ന് രാവിലെ തന്നെ അവളെ രമേശ് ഹോസ്റ്റലിലാക്കി. എന്റെ ഇവിടെയാക്കി പോവല്ലെ അച്ഛാ എന്ന് മകള്‍ ഉറക്കെ കരഞ്ഞിട്ടും രമേശ് കണ്ണീരോടെ തിരിഞ്ഞു നോക്കാതെ നടന്നു. തനിക്കൊപ്പമുള്ള ജീവിതം മകളുടെ ജീവനും മാനത്തിനും മുകളില്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് ഉറപ്പായതോടെയാണ് അയാള്‍ അത് ചെയതത്. രമേശിന്റെ പ്രതീക്ഷയുടെ ഒരു ചിറകാണ് അന്ന് രാത്രി ലോറിക്കടിയില്‍ ചതഞ്ഞ് അരഞ്ഞ് പോയത്. തന്റെ കുഞ്ഞ് അനിയന്‍ മരിച്ചതിന്റെ നോവ് താങ്ങാനാവാതെ ഹോസ്റ്റലിലാണ് കാലിന് സ്വാധീനമില്ലാത്ത നിത്യ.

നവംബര്‍ 27ന് പുലര്‍ച്ചെ  നാട്ടികയില്‍ മദ്യലഹരിയിലായ ക്ലീനര്‍ ഓടിച്ച ലോറി കയറി രമേശിന്റെ മകന്‍ ജീവയുള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്.റോഡ് പണി നടക്കുന്നതിനാല്‍ ഇരുമ്പ് ഡിവൈഡര്‍ ഉപയോഗിച്ച് തടഞ്ഞ സ്ഥലത്താണ് ഇവരുടെ സംഘം കിടന്നുറങ്ങിയത്.  സുരക്ഷിതമെന്ന് കരുതിയ ഇവിടേയ്ക്കാണ്  മദ്യപിച്ച് ലക്കുകെട്ട് ക്ലീനര്‍ വണ്ടി ഓടിച്ചുകയറ്റിയത്. അക്ഷാരാര്‍ത്ഥത്തില്‍ ഈ മനുഷ്യരെ തച്ചരച്ചായിരുന്നു വണ്ടി പാഞ്ഞുപോയത്.

നാടോടികളല്ല.. ഞങ്ങള്‍ക്കുമുണ്ട് ഒരു നാട്

അപകടത്തിന്റെ ആദ്യ വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ നാട്ടികയില്‍ കൊല്ലപ്പെട്ട നാടോടികള്‍ എന്നായിരുന്നു   ഭൂരിഭാഗം മാധ്യമങ്ങളും പറഞ്ഞത്. എന്നാല്‍, തങ്ങള്‍ക്ക് നാടുണ്ടെന്നും ജീവിക്കാനാണ് നാടോടുന്നതെന്നും ഇവര്‍ തിരുത്തിപ്പറയുന്നു.

പാലക്കാട് മീങ്കര ഡാമിനടുത്ത് പാലക്കാട്-തമിഴ്നാട് അതിർത്തിയിലെ ചെമ്മണംതോടില്‍ പുറമ്പോക്കില്‍ താമസിക്കുന്നവരാണ് ഈ സംഘം. ഇവര്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ല. പൂര്‍വികര്‍ ചെറുകിട ജോലികള്‍ തേടി കേരളത്തിൽ എത്തിപ്പെട്ടതാണ്. ഇവിടെ ഇപ്പോഴുള്ള ഭൂരിഭാഗം പേരും ഇവിടെ തന്നെ ജനിച്ചവരാണ്. തങ്ങള്‍ ഈ നാട്ടുകാരല്ല നാടോടികളാണെന്ന് നാടും നാട്ടുകാരും പറയുമ്പോള്‍. തങ്ങളാരാണെന്ന വലിയ ചോദ്യത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണിവര്‍. കാരണം ജനിച്ചിട്ട് ഇന്നുവരെ പൂര്‍വികരുടെ ഇടത്തേയ്ക്ക് ഇവര്‍ പോയിട്ടില്ല. ഇവരുടെ ജീവിതം ഈ ഡാമിനെ ചുറ്റിപ്പറ്റിയാണ്.

placeholder
മുത്തുവിന്റെ വീട്‌

നാട്ടില്‍ ജോലിയില്ല

15 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അടുത്ത പ്രദേശങ്ങളില്‍ ജോലി ലഭിക്കാത്തതിനാല്‍ കേരളം മുഴുവന്‍ കറങ്ങിനടന്നാണ് ഇവര്‍ ജോലി തേടുന്നത്. കുപ്പ പെറുക്കല്‍, ശൗചാലയം വൃത്തിയാക്കല്‍, ഓട വൃത്തിയാക്കല്‍, കക്കൂസ് മാലിന്യം നീക്കല്‍ തുടങ്ങി ചെറുകിട ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ ചെയ്യുന്ന ഭൂരിഭാഗം തൊഴിലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ്. വാടകവീടെടുക്കാനുള്ള പണം ഇവര്‍ക്കില്ല. ഇനി അഥവാ കിട്ടിയാല്‍ തന്നെ ഇവര്‍ക്ക് ആരും വാടക വീട് നല്‍കുകയും ഇല്ല. പലരും കള്ളനെന്ന് വിളിച്ച് ആട്ടിയോടിക്കും. ഇതിനാലാണ് ഇവര്‍ റോഡില്‍ അഭയം പ്രാപിക്കുന്നത്. അന്നന്ന് കിട്ടുന്ന പൈസയ്ക്ക് വഴിയോരത്ത് നിന്ന് എന്തെങ്കിലും ഉണ്ടാക്കി കഴിച്ച് അവിടെ തന്നെ കിടന്നുറങ്ങും. സുരക്ഷ പേരിനു പോലും ഇല്ലാത്ത സാഹചര്യങ്ങളില്‍ യാതൊരു നിവര്‍ത്തിയുമില്ലാതെയാണ് ഇവര്‍ ഉറങ്ങുന്നത്. പലവിധത്തിലുള്ള അതിക്രമങ്ങളോട് പോരാടിയാണ് ഇവര്‍ നേരം വെളുപ്പിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോവാനായി പല പകല്‍മാന്യന്മാരും എത്തുന്നു. അതിനാല്‍ തന്നെ പലരും മുഴുവനായി ഉറങ്ങാറില്ല. അപകടങ്ങള്‍ കാത്തുകൊണ്ടുള്ള ഉറക്കമാണ് ഇവര്‍ക്കെപ്പോഴുമുള്ളത്. മാസങ്ങളോളം പണിയെടുത്ത് ക്ഷീണിതരാവുമ്പോള്‍ പുറമ്പോക്കിലെ വീടുകളിലേക്കെത്തും. വീടെന്ന് വിളിക്കാനാവാത്ത കൂരകളാണ് ഓരോ വീടും.

placeholder
അപകടത്തിൽ മരിച്ചവരിലൊരാളുടെ വീട്

15 കുടുംബങ്ങള്‍  ആറ് വീടുകളായിട്ടാണ് ഇവിടെ താമസിക്കുന്നത്. 35 ഓളം പേരാണ് ഇവിടെ ഇപ്പോഴുള്ളത്. ഈ കുടുസ്സുവീടുകളില്‍ തിങ്ങിനിറഞ്ഞാണ് താമസിക്കുന്നത്. മിക്ക വീടുകള്‍ക്ക് ഒരു മുറി മാത്രമാണുള്ളത്. ചിലവീടുകളില്‍ രണ്ട് മുറിയുണ്ട്. എന്നാല്‍ വലിപ്പം നന്നേ കുറവാണ്. പല വീടുകള്‍ക്കും വാതിലിലോ ജനലോ ഇല്ല. ചിലതിന് പേരിനൊരു വാതില്‍ മാത്രമുണ്ട്. മിക്ക വീടിനും വാതില്‍ കയറിട്ട് കെട്ടിയിരിക്കുകയാണ്. മിക്ക വീടുകള്‍ക്കും അടുക്കള എന്നത് പുറത്ത് കൂട്ടിയ മൂന്ന് കല്ലുകളാണ്. മിക്ക ദിവസവും ഒന്നോ രണ്ടോ നേരമാണ് ഭക്ഷണം. ചീര, മുരിങ്ങ തുടങ്ങി ചുറ്റുവട്ടത്ത് നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യും. റേഷന്‍ കടയില്‍ നിന്ന് ലഭിക്കുന്ന അരി വലിയ അനുഗ്രഹമാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ എല്ലാ മാസവും അരി വരുന്ന സമയത്ത് കൃത്യമായി വന്ന് വാങ്ങാന്‍ മിക്ക കുടുംബങ്ങള്‍ക്കും കഴിയാറില്ല. ഉള്ള പൈസയ്ക്ക് വാങ്ങിവെയ്ക്കുന്ന ഇവരുടെ സാധനങ്ങള്‍ മോഷ്ടിക്കാനും ചിലരെത്തും. 

മാസങ്ങളോളം വീട് അടച്ചുപൂട്ടിയാണ് പോകുന്നത്. വാതിലും മരപ്പാളികളും ഉപയോഗിച്ച് മറയ്ക്കും അത്ര മാത്രം. കഴിഞ്ഞ പ്രാവശ്യം പോയി വന്നപ്പോള്‍ എന്റെ വീട്ടിലെ പാത്രങ്ങള്‍ ഉള്‍പ്പെടെ പലതും മോഷ്ടിക്കപ്പെട്ടു എന്തു ചെയ്യാനാണ് പരാതി പറഞ്ഞാല്‍ ഞങ്ങള്‍ കള്ളം പറയുകയാണെന്നാണ് എല്ലാവരും പറയുന്നത് - കോളനിവാസിയായ ഈശ്വരി പറയുന്നു.

ശൗചാലയം ഇല്ല

ഒരു വീടിന് പോലും ശൗചാലയം ഇല്ല. അക്ഷരാർഥത്തിൽ വെളിക്കിരിക്കലാണ് ആശ്രയം. സ്ത്രീകള്‍ രാത്രിയും പുലര്‍ച്ചയുമാണ് കാടുപിടിച്ച പറമ്പുകളിലേക്ക് കാര്യം സാധിക്കാനായി പോവുന്നത്. പലപ്പോഴും പാമ്പ്, കീരി, ഉടുമ്പ്, പന്നി എന്നിവയുടെ ആക്രമണം നേരിടേണ്ടി വരും. സുരക്ഷിതത്വം ലവലേശമില്ലെന്ന് ഇവര്‍ക്കറിയാം. പക്ഷേ വേറെ നിവൃത്തിയില്ലെന്ന് ഇവര്‍ പറയുന്നു. 

ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇവര്‍ക്ക് പൈപ്പില്‍ വെള്ളം വരുന്നത്. ദുരദേശങ്ങളിലെ പണികഴിഞ്ഞ് വീട്ടിലേക്ക് എത്തിയാല്‍ ദാഹം തീര്‍ക്കാന്‍ പോലും ഒരിറ്റ് വെള്ളം കിട്ടണമെന്നില്ല. ഇവരുടെ വീട്ടിലേക്കുള്ള പൈപ്പ് കണക്ഷന്‍  ഇവരോട് വിരോധമുള്ള സമീപവാസികള്‍ തല്ലിപ്പൊട്ടിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. സമീപപ്രദേശത്ത് പുതിയതായി പണിയുന്ന വാട്ടര്‍ ടാങ്കാണ് ഇവരുടെ ഭാവി പ്രതീക്ഷ. എന്നാല്‍, വെള്ളമെടുക്കുന്നതില്‍ നിന്ന് തങ്ങളെ മാറ്റിനിര്‍ത്തുമോയെന്ന് ഇവര്‍ പേടിക്കുന്നുണ്ട്.

placeholder
കുളിക്കാനായി കെട്ടിമറച്ചത്

മാസമുറ സമയത്ത് വെള്ളത്തിന്റെ ലഭ്യതക്കുറവ് കാരണം സ്ത്രീകള്‍ കഷ്ടപ്പെടുകയാണ്. പലര്‍ക്കും വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാന്‍ പറ്റാത്തതുമൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളുണ്ട്. പ്രസവിച്ച കിടക്കുന്ന സമയത്ത് ഈ പ്രതിസന്ധി അതിലും രൂക്ഷമാവും. സിസേറിയന്‍ കഴിഞ്ഞ് എട്ടാം ദിവസം വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ ദൂരെയുള്ള ഡാമിലേക്ക് നടന്നുപോയി കുളിക്കേണ്ടി വന്നവരും ഇവിടെയുണ്ട്.

placeholder
പുതിയതായി വരുന്ന ജലസംഭരണി

പെണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ ഞങ്ങള്‍ സന്തോഷത്തേക്കാള്‍ കൂടുതല്‍ ആധിയാണ്. മാസമുറ സമയത്ത് ഒന്ന് മനസ്സറിഞ്ഞ് കുളിക്കാന്‍ പോലും വെള്ളം കിട്ടാത്ത, ശുചിമുറിയില്ലാത്ത, സുരക്ഷയില്ലാത്ത ഈ ഇടത്ത് മകളെ വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂ. ഞങ്ങളുടെ കൂട്ടത്തിലെ പെണ്‍മക്കളെയെല്ലാം സര്‍ക്കാരിന്റെ പട്ടികവര്‍ഗ ഹോസ്റ്റലിലും മറ്റുമായിട്ടാണ് നിര്‍ത്തുന്നത്. മിക്കവരും നന്നായി പഠിക്കും. മാസമുറ സമയത്താണെങ്കില്‍ അവര്‍ പരമാവധി ഹോസ്റ്റലില്‍ തന്നെ നില്‍ക്കും. പക്ഷേ, പ്ലസ്ടു കഴിഞ്ഞാല്‍ വീണ്ടും ഞങ്ങളുടെ കൂട്ടത്തിലേക്ക് തന്നെ വരും. ഉയര്‍ന്ന് പഠിക്കാന്‍ പണവും ജാതി സര്‍ട്ടിഫിക്കറ്റും വേണം. ഏമാന്മാർ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസിലാവുന്നില്ല. ഒരു നിവൃത്തിയുമില്ലാതെ ഞങ്ങള്‍ തെരുവ് ജീവിതത്തിലേക്ക് അവരും വരും- ഈശ്വരി പറയുന്നു.

ഇവിടെയുള്ള മിക്ക കുട്ടികളും അരക്ഷിതരായിട്ടാണ് വളരുന്നത്. രോഗം വന്നാല്‍ കൃത്യമായി ചികിത്സിക്കാന്‍ ആരുമില്ല. മിക്ക കുട്ടികള്‍ക്കും വൃത്തിയുള്ള വസ്ത്രം പോലുമില്ല. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പുറംലോകത്തെ മാറ്റിനിര്‍ത്തലുകള്‍ ഇവരെ തളര്‍ത്തുന്നു. സ്‌കൂളില്‍ ഈ കോളനിയിലെ കുട്ടികളാണെന്ന് തങ്ങള്‍ പറയാറില്ലെന്ന് ഒരു പെണ്‍കുട്ടി പറയുന്നു. എത്ര പഠിച്ചാലും ഈ പണിയിലേക്ക് തിരിച്ചുവരേണ്ടി വരുമെന്ന് ഓര്‍ക്കുമ്പോള്‍ പഠിക്കാന്‍ തന്നെ തോന്നാറില്ലെന്ന് ഈ കുട്ടികള്‍ പറയുന്നു.

ഒരിക്കല്‍ എന്റെ മകനോട് ഞാന്‍ ചോദിച്ചു വലുതാവുമ്പോള്‍ നീ ആരാവുമെന്ന്... അവന്‍ ഒരു സംശയവുമില്ലാതെ പറഞ്ഞു പാട്ട പെറുക്കുന്നവനാവുമെന്ന്.... എന്റെ ചങ്ക് കത്തിപ്പോയി... ഒന്ന് സ്വപ്‌നം കാണാന്‍ പോലും ഞങ്ങളുടെ മക്കള്‍ക്ക് പറ്റുന്നില്ല കാരണം ഞങ്ങള്‍ക്ക് മുന്നില്‍ ഇരുട്ടാണ്- മുത്തു പറയുന്നു.

എന്തിനും വേണം ജാതിസര്‍ട്ടിഫിക്കറ്റ്

സിനിമയിലൊക്കെ കാണുന്നത് പോലെ ഓട്ട മത്സരത്തില്‍  ഒന്നാമനായി നാടിന് അഭിമാനമായി മാറാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. ഈ കൂരയിലിരുന്നാണ് പഠിച്ചത്. കീറിപറിഞ്ഞ പുസ്തകെട്ടുമായാണ് പഠിച്ചത്. വിശന്നുപൊരിഞ്ഞാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. സംസ്ഥാന തലം വരെ ഓടിയെത്തിയിട്ടുണ്ട്. കൂട്ടുകാരന്റെ കീറിപ്പറിഞ്ഞ ഷൂവിട്ടാണ് ട്രാക്കില്‍ ഓടി ജയിച്ചത്. എല്ലാ സ്വപനവും പ്ലസ്ടുവോടെ തീര്‍ന്നു. ഇനിയും പഠിക്കാന്‍ പണം വേണം, ജാതി സര്‍ട്ടിഫിക്കറ്റ് വേണം. എന്റെ ജാതിയെന്താണെന്ന് എനിക്ക് പോലും അറിയില്ല. ഇനി അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ പോയാല്‍ ഏമാന്‍മാര്‍ ആട്ടിവിടും. ആയിരം നൂലാമാലകള്‍ പറയും. അവസാനം ഞാനും പാട്ട പെറുക്കാൻ ഇറങ്ങി. ഓടി നടന്ന് പാട്ടപെറുക്കലായി പണി-കണ്ണന്‍ വിതുമ്പലോടെ പറഞ്ഞു. എന്റെ കുഞ്ഞിനെങ്കിലും നല്ല ജീവിതം കൊടുക്കണം, പക്ഷേ എങ്ങനെയെന്ന് ഒരുപിടിയുമില്ല കണ്ണന്‍ നെടുവീര്‍പ്പിട്ടു.

ഈ കുടുംബങ്ങളിലെ ആര്‍ക്കും കൃത്യമായ ജാതിസര്‍ട്ടിഫിക്കറ്റില്ല. കൈയിലുള്ള സര്‍ട്ടിഫിക്കറ്റില്‍ പലര്‍ക്കും പല ജാതിയാണ്. ജാതി സര്‍ട്ടിഫിക്കറ്റിനായി അധികൃതരെ സമീപിച്ചാല്‍ ഇവരുടെ പൂര്‍വികര്‍ ആരാണെന്ന് ചോദിക്കും. അവരുടെ പേരുകളും ചോദിക്കും. മുത്തശ്ശന് മുന്നിലുള്ള തലമുറയുടെ പേരും അവരുടെ തൊഴിലും അറിയാത്തതിനാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാറില്ല.

ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയെല്ലാം ഇവര്‍ക്കുണ്ട്. പലര്‍ക്കും മുന്‍ഗണനാലിസ്റ്റിൽ പെടാത്ത വെള്ള കാര്‍ഡാണുള്ളത്. ചില കുടുംബങ്ങള്‍ മാത്രമാണ് മുന്‍ഗണന വിഭാഗത്തില്‍ പെടുന്നത്.

placeholder
വീടുകളിലൊന്ന്

അമ്പലത്തില്‍ കയറ്റില്ല, റോഡില്‍ നടന്നാല്‍ തല്ല്

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ മകന്‍ ഇവിടെയുള്ള വലിയ റോഡിലൂടെ നടക്കുമ്പോള്‍ എന്തിനാണ് ഈ വഴി നടന്നതെന്ന് ചോദിച്ച് മുഖത്തടിച്ചു. വെറും ആറ് വയസുകാരനോടാണ് ഈ ക്രൂരത. ചോദിക്കാന്‍ പോയാല്‍ മോഷണകേസില്‍ പിടിപ്പിക്കുമെന്ന് പറയും. അപ്പുറത്ത് നിന്ന് എന്തുപോയാലും മേല്‍ജാതിക്കാര്‍ ഇവിടേയ്ക്ക് ഇരച്ചെത്തും. വെറുതെ അടിക്കും ഞങ്ങള്‍ കള്ളന്‍മാരാണെന്ന് പറയും.- പേരു പറയാന്‍ മടിയുള്ള ഒരാൾ സങ്കടത്തോടെ പറയുന്നു.

ഇവിടെയൊരു അമ്പലമുണ്ട് ഞങ്ങളെ അവിടെ കയറ്റില്ല, ഒരിക്കല്‍ അവിടേയ്ക്ക് എന്റെ മകന്‍ പോയപ്പോള്‍ കള്ളനെന്ന് പറഞ്ഞ് ആട്ടിയോടിച്ചു. ഞാന്‍ കള്ളനല്ല അച്ഛാ... എന്ന് അലറിക്കരഞ്ഞുകൊണ്ടാണ് അവന്‍ വീട്ടിൽ എത്തിയത്. പൊടിപിടിച്ചവരെല്ലാം കള്ളന്‍മാരല്ല മാഡം... ഇയാള്‍ പറയുന്നു.

2019ലാണ് ആദ്യമായി വോട്ടുചെയ്യുന്നത്. എന്നാല്‍ പഞ്ചായത്തില്‍ ആരാണെന്ന് പോലും ഇവര്‍ക്കറിയില്ല. പ്രചാരണം കഴിഞ്ഞാല്‍ ആരും തങ്ങളെ തേടാറില്ലെന്ന് ഇവര്‍ പറയുന്നു.

അനാഥരായി ശിവകാശിയും അരുണും

കാളിയപ്പനും ഭാര്യ നാഗമ്മയും മരിച്ചപ്പോള്‍ അനാഥരായത് ഇവരുടെ മക്കള്‍ 15കാരന്‍ അരുണും 17കാരന്‍ ശിവകാശിയുമാണ്. മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ഇരുവര്‍ക്കും യാതൊരു പ്രതീക്ഷയുമില്ല. പാട്ടപെറുക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ഇവര്‍ പറയുന്നത്.

ഞങ്ങള്‍ക്ക് വേണ്ടത്

മരിച്ച മുതിര്‍ന്നവര്‍ക്ക് 10000 രൂപയും ചെറിയ കുട്ടികള്‍ക്ക് 5000 രൂപയുമാണ് ധനസഹായം ലഭിക്കുന്നത്. പരിക്കേറ്റവര്‍ക്ക് 2000 രൂപയുമാണ് ലഭിക്കുന്നത്. പക്ഷേ ജാതി സര്‍ട്ടിഫിക്കറ്റും പട്ടയവുമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ മക്കള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ 18 വയസ് വരെ ഹോസ്റ്റല്‍ സൗകര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതൊക്കെ ആവശ്യപ്പെടുമ്പോഴും നടക്കുമെന്ന യാതൊരു പ്രതീക്ഷയും ഇവര്‍ക്കില്ല. തങ്ങളുടെ മക്കളും പാട്ടപെറുക്കികളാവുന്നത് കാണേണ്ടി വരുമെന്ന ഭീതിയില്‍ ജീവിതം ഉന്തിനീക്കുകയാണ് ഇവര്‍.

 

 

placeholder
placeholder
placeholder
placeholder
placeholder