ദാമ്പത്യ ലൈംഗികതയിലെ പുരുഷന്റെ നിര്‍ബന്ധങ്ങള്‍ പുരുഷന്റെ അവകാശങ്ങളാണെന്നാണ് സമൂഹവും കുടുംബവും സ്ത്രീയെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ദാമ്പത്യത്തിലെ ചൂഷണങ്ങൾക്കെതിരേ പരാതികളും അധികം ഉയര്‍ന്നു കേള്‍ക്കാറില്ല. ഭര്‍തൃ ബലാത്സംഗമെന്നത് ക്രിമിനല്‍ കുറ്റമല്ലാത്തതുകൊണ്ട് തന്നെ പരാതികളുമായി സ്ത്രീകള്‍ പോലീസിനെയും സമീപിക്കാറില്ല. പരാതികളില്ലെന്ന് കരുതി കേരളത്തില്‍ ഇതൊന്നും നടക്കില്ലെന്ന് കരുതേണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2015നും 18നും ഇടക്ക് കേരളത്തില്‍ ഏറ്റവും ചുരുങ്ങിയത് 2482 സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ കണക്കുകള്‍. എന്നാല്‍ ഇതില്‍ ഒരു കേസില്‍ പോലും ഭാര്യയെ ബലാത്സംഗം ചെയ്തതിന് പുരുഷനെ നിയമം ശിക്ഷിച്ചിട്ടില്ല. കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ട് പോലുമില്ല.
നാലു വര്‍ഷത്തിനിടെ ചുരുങ്ങിയത് 3265 സ്ത്രീകള്‍ കേരളത്തില്‍ ഭര്‍തൃ ബലാത്സംഗത്തിനിരയായി. ഭര്‍തൃബലാത്സംഗമെന്ന പേരു പോലും കേരളത്തിന് അത്ര പരിചിതമല്ല. ഈ വിഷയത്തില്‍ സമൂഹത്തിനും സ്ത്രീകള്‍ക്കും കുടുംബത്തിനും ചില സാമൂഹിക, രാഷ്ട്രീയ നിയമപരമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയാണ് പൊതു സമൂഹത്തിന്റെ അഭിപ്രായ നിര്‍മ്മിതിയില്‍ സ്വാധീനം ചെലുത്തിയ ചില പ്രമുഖ വ്യക്തികള്‍.
ഭര്‍തൃബലാത്സംഗം ഒരു ക്രൂരതയാണെന്ന കാമ്പയിനുകള്‍ ഉണ്ടാവണം
ഡോ. സി .ജെ ജോണ്‍, മാനസികാരോഗ്യ വിദഗ്ധന്‍
ഭര്‍ത്താവ് ഭാര്യയുടെ ഉടലില്‍ നിന്ന് സമ്മതമോ അവളുടെ മനസ്സോ ഉള്‍ക്കൊള്ളാതെ ലൈംഗിക സുഖം തേടുന്നതും ആണധികാര വ്യവസ്ഥിതിയുടെ ആവിഷ്‌കാരം തന്നെയാണ്. തുല്യതയുടെ പാഠങ്ങള്‍ ആണിനും പെണ്ണിനും വീട്ടില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും ചൊല്ലിക്കൊടുക്കാതെ ഇതിന് മാറ്റം ഉണ്ടാവില്ല. അത് കൊണ്ട് ഇതിനുള്ള സാഹചര്യം ഒരുക്കണം.
- പരസ്പര സമ്മതമെന്നത് ആരോഗ്യകരമായ ലൈംഗീകതയുടെ അടിസ്ഥാന ഘടകമാണെന്ന ആശയത്തിന് ലൈംഗിക വിദ്യാഭ്യാസത്തില്‍ സവിശേഷമായ ഊന്നല്‍ നല്‍കണം .
- അനുവാദമില്ലാതെ ആണിന് ലൈംഗികമായി ആസ്വദിക്കാവുന്ന ഒന്നാണ് ഭാര്യയെന്ന തോന്നലുണ്ടാക്കുന്ന ചില സാമൂഹിക സംവിധാനങ്ങളെ ലക്ഷ്യമാക്കി ബോധവത്കരണം ശക്തമാക്കണം. പ്രീ മാരിറ്റല്‍ കോഴ്സുകള്‍ ഇത്തരത്തില്‍ ചിട്ടപ്പെടുത്തണം .
- ഗാര്‍ഹിക പീഡനത്തില്‍ നിന്ന് വേറിട്ട് നിയമപരമായി വ്യത്യസ്തമായ സ്റ്റാറ്റസ് നല്‍കി മാരിറ്റല്‍ റേപ്പ് കുറ്റകരമാക്കണം . പരാതികള്‍ ഉണ്ടാകുമ്പോള്‍ ആദ്യ ഘട്ടത്തില്‍ കൗണ്‍സലിങ് നല്‍കി തിരുത്തണം. ആവര്‍ത്തിച്ചാല്‍ അനുയോജ്യമായ ശിക്ഷകള്‍ അനുശാസിക്കണം. ദാമ്പത്യ ബന്ധത്തെ തകര്‍ച്ചയിലേക്ക് പോകാതെ സംരക്ഷിക്കാനാണ് ആദ്യ ഘട്ടത്തില്‍ കൗണ്‍സിലിങ്, എന്നാല്‍ സ്ത്രീക്ക് ഇത്തരം അനുഭവം മൂലം ബന്ധം തുടരാനാകില്ലെന്ന് തെളിവുകളോടെ ആവശ്യപ്പെട്ടാല്‍ അത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കണം.
- ഗാര്‍ഹിക പീഡനം പോലെയുള്ള തിന്മകളില്‍ ചെയ്യന്നത് പോലെ ഭര്‍തൃബലാത്സംഗം ഒരു ക്രൂരതയാണെന്ന കാമ്പയിന്‍ ഉണ്ടാകണം.
ദാമ്പത്യബന്ധത്തിലുണ്ടാവേണ്ട ജനാധിപത്യമര്യാദകളെ കുറിച്ച് അറിവു നല്‍കേണ്ടതുണ്ട്
എഴുത്തുകാരി എസ് ശാരദക്കുട്ടി
പ്രണയം ഇല്ലെങ്കില്‍ ശരീരത്തോളം കടുപ്പമുള്ള വൃക്ഷമില്ലെന്ന് വീരാന്‍കുട്ടി തന്റെ മരംകൊത്തി കവിതയില്‍ പറയുന്നുണ്ട്. പ്രണയം ഉള്ളപ്പോള്‍ മാത്രമാണ് പരസ്പര സമ്മതവും പരസ്പരം ആനന്ദവും സന്തോഷവും ഒക്കെ ശാരീരികമായ ബന്ധത്തിലുണ്ടാവുന്നത്. ലൈംഗികത എന്നത് ചടങ്ങാവുമ്പാഴാണ് മരവിപ്പും മടുപ്പും ഉളവാക്കുന്നത്. ദാമ്പത്യം എന്നത് പലപ്പോഴും ലൈംഗികതയ്ക്കുള്ള സോഷ്യല്‍ലൈസന്‍സ് ആയാണ് ചിത്രീകരിക്കപ്പെടുന്നത്. അങ്ങനെ അനുഭവപ്പെടുന്നിടത്താണ് ഒരാള്‍ മറ്റൊരാളുടെ അവകാശിയാണെന്ന തെറ്റായ സങ്കല്‍പങ്ങളുണ്ടാവുന്നത്. ഇന്ത്യന്‍ അവസ്ഥയില്‍ ആ അവകാശി പുരുഷനാണ്. ഈ സ്ഥിതി വിശേഷം കാലങ്ങളായി തുടരുകയാണ്. കിടപ്പറക്കുള്ളില്‍ യാതൊരു നിര്‍ബന്ധവുമില്ലാതെ സ്വതന്ത്ര വ്യക്തികളായി നിലനില്‍ക്കുന്ന അനേകം പേരുണ്ട് നമുക്ക് ചുറ്റിലും. ദാമ്പത്യബന്ധത്തിനകത്ത് സെക്‌സ് വേണമെന്ന നിര്‍ബന്ധമില്ലാത്തവര്‍ പോലുമുണ്ട്. ലൈംഗികത ഏകപക്ഷീയമൈവുകയും നിര്‍ബന്ധമാവുകയും ചെയ്യുമ്പോള്‍ ശരീരം കടുപ്പമേറിയതാവുകയും മരംകൊത്തിക്ക് ശില്‍പങ്ങള്‍ കൊത്തിയെടുക്കാന്‍ പറ്റാതെ പോവുകയും ചെയ്യുകയാണ്.
പ്രണയത്തെ കുറിച്ചോ പരസ്പര സമ്മതത്തെ കുറിച്ചോ ദാമ്പത്യബന്ധത്തിലുണ്ടാവേണ്ട ജനാധിപത്യമര്യാദകളെ കുറിച്ചോ ഉള്ള അറിവില്ലായ്മയാണ് ഇതിലെല്ലാം എത്തിക്കുന്നത്.
ഭര്‍തൃ ബലാത്സംഗം എന്നതിന് ഒറ്റവാക്കില്‍ ഒരു പരിഹാരം നിര്‍ദേശിക്കുക സാധ്യമല്ല. നൂറ്റാണ്ടുകളായി രൂപപ്പെട്ടിരിക്കുന്ന സിമന്റിട്ടവ്യവസ്ഥയെ തല്ലിപ്പൊളിച്ച് പുതിയതു കൊണ്ടുവരേണ്ട വിപ്ലവ പ്രവര്‍ത്തനമാണ് ഉണ്ടാവേണ്ടത്.
ഭര്‍ത്താക്കന്‍മാര്‍ ലൈംഗികതയ്ക്കായി നിര്‍ബന്ധിക്കുന്നത്
സ്വാഭാവികമാണെന്ന പൊതുബോധം മാറ്റിയെടുക്കേണ്ടതുണ്ട്
കെ കെ ഷാഹിന, മാധ്യമപ്രവര്‍ത്തക
ഇത്തരം സംഭവങ്ങള്‍ നിയമം കൊണ്ട് എത്രമാത്രം തടയാന്‍ പറ്റും എന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്. പാട്രിയാര്‍ക്കല്‍ ആയ കുടുംബവ്യവസ്ഥയുടെ ഉത്പന്നങ്ങളാണ് ഭര്‍തൃബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍. സ്ത്രീകള്‍ക്ക് അവരവരുടെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അവകാശം, സ്വന്തം വിവാഹകാര്യം തീരുമാനിക്കാനുള്ള അവകാശം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കേണ്ടതുണ്ട്. ചൂഷണം ചെയ്യുന്ന പീഡനം നേരിടുന്ന ബന്ധങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുള്ള സമൂഹമാണ് നമ്മുടേത്. അത്തരത്തില്‍ പുറത്തു കടക്കാനുള്ള സപ്പോര്‍ട്ട് സിസറ്റം സ്ത്രീകള്‍ക്കുണ്ടാവേണ്ടതുണ്ട്. ഭര്‍ത്താക്കന്‍മാര്‍ ലൈംഗികതയ്ക്കായി നിര്‍ബന്ധിക്കുന്നത് സ്വാഭാവികമാണെന്ന പൊതുബോധം മാറ്റിയെടുക്കേണ്ടതുണ്ട്. മാറ്റാന്‍ വിപുലമായുള്ള കാമ്പയിനുകള്‍ വേണം.
നിലവിലുള്ള വിവാഹ സമ്പ്രദായം തന്നെ പൊളിക്കേണ്ടതുണ്ട്. കുടുംബങ്ങള്‍ തമ്മില്‍ കൂടിയാലോചിച്ച് അവരുടെ ഇഷ്ടപ്രകാരം മക്കള്‍ക്ക് പങ്കാളികളെ കണ്ടെത്തുന്ന വിഡ്ഢിത്തം ഇല്ലാതാവണം. എന്നാല്‍ അത്തരം വിവാഹങ്ങളില്‍ മാത്രമല്ല മാരിറ്റല്‍ റേപ് അരങ്ങേറുന്നത്. പ്രണയ വിവാഹമാണെങ്കിലും വിവാഹമെന്നത് ഒരു ഇന്‍സ്റ്റിറ്റ്യൂഷനാണ്. അത് പാട്രിയാര്‍ക്കല്‍ ആണത്.സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സിസ്റ്റം മാറണം. നിയമം വേണം,പക്ഷെ ഈ രീതികളാണ് മാറേണ്ടത്. വിവാഹമെന്ന സിസ്റ്റത്തിന്റെ സ്വഭാവം പൊളിച്ചെഴുതുക എന്നതാണ് പരിഹാരം.
ഒന്നുകില്‍ പാര്‍ലമെന്റ് അല്ലെങ്കില്‍ കോടതിയാണ് ഇതില്‍ ഇടപെടേണ്ടത്
അഡ്വ കാളീശ്വരം രാജ്, ഹൈക്കോടതി അഭിഭാഷകന്‍
ഐപിസിയിലെ ബലാത്സംഗത്തിന്റെ നിര്‍വ്വചനത്തില്‍ നിന്ന് ഭര്‍തൃബലാത്സംഗത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കുക എന്നതാണ് ഇതില്‍ നിയമപരമായി ചെയ്യാനാവുന്ന കാര്യം. നിലവില്‍ വിവാഹിതയായ പെണ്‍കുട്ടിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്താല്‍ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല. ഒന്നുകില്‍ പാര്‍ലമെന്റ് അല്ലെങ്കില്‍ കോടതിയാണ് ഇതില്‍ ഇടപെടേണ്ടത്. ബലാത്സംഗം കുറ്റകരമായിരിക്കെ ഭര്‍ത്താക്കന്‍മാര്‍ ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമല്ലാതാവുന്നത് കോടതിക്ക് ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ് തള്ളിക്കളയാം. നിലവില്‍ ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. ലൈംഗിക വിദ്യാഭ്യാസവും ലൈംഗികതയിലെ ജനാധിപത്യബോധവുമെല്ലാം പരമപ്രധാനമാണെന്ന പാഠം വിദ്യാഭ്യാസത്തിലൂടെയും സാമൂഹികമായും മനശ്‌സാസ്ത്രപരമായും പകര്‍ന്നു നല്‍കാവുന്നതാണ്.
ക്രമിനല്‍ നിയമം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാണെന്നതുകൊണ്ടു തന്നെ സംസ്ഥാനസര്‍ക്കാരുകള്‍ക്കും വിഷയത്തിലിടപെടാവുന്നതാണ്. മാരിറ്റല്‍ റേപ് ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമം നിലവില്‍ വന്നാല്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന വേവലാതി ആളുകള്‍ക്കുണ്ട്. ദുരുപയോഗം തടയുന്ന രീതിയില്‍ നിയമം ആവിഷ്കരിച്ച് പരിഹരിക്കാവുന്ന വിഷയമേയുള്ളൂ.
content highlights: Marital rapes in Kerala And few solutions to overcome, forced sex