ന്യൂഡല്‍ഹി: ഭാര്യയുടെ സമ്മതമില്ലാതെ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ ഭര്‍ത്താവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന ഹര്‍ജികളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വിശദമായ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്. ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചാല്‍ വിവാഹമെന്ന വ്യവസ്ഥിതിക്ക് ദോഷകരമാകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശനമായ സമീപനത്തിന് പകരം സമഗ്രമായ സമീപനം ആവശ്യമാണെന്നും കേന്ദ്രം പറയുകയുണ്ടായി.

To advertise here,

'ഭാര്യയുടെ സമ്മതം ലംഘിക്കാന്‍ ഒരു ഭര്‍ത്താവിന് തീര്‍ച്ചയായും മൗലികാവകാശമൊന്നുമില്ല. എന്നിരുന്നാലും, ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട 'ബലാത്സംഗം' എന്ന കുറ്റകൃത്യത്തെ വിവാഹ വ്യവസ്ഥതിയിലേക്ക് കൊണ്ടുവരുന്നത് കഠിനമാണ്. അതുകൊണ്ടുതന്നെ ഇടപഴകലില്‍ അനുരഞ്ജനം ചെയ്യുന്നതിനായി കോടതി ഒരു സന്തുലിത സമീപനം സ്വീകരിക്കണം' കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

വേഗത്തില്‍ വളരുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ സാമൂഹികവും കുടുംബപരവുമായ ഘടനയില്‍, ഭേദഗതി വരുത്തിയ വ്യവസ്ഥകളുടെ ദുരുപയോഗം തള്ളിക്കളയാനാവില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കാരണം സമ്മതം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തെളിയിക്കാന്‍ ഒരു വ്യക്തിക്ക് ബുദ്ധിമുട്ടും വെല്ലുവിളിയും ആയിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

രണ്ടാം ഇളവിന്റെ ഭരണഘടനാസാധുതയില്‍ തീരുമാനമെടുക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് തേടേണ്ടതുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

രണ്ടാം ഇളവ് ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇറക്കിയ ഭിന്നവിധിക്കെതിരായ ഹര്‍ജിയാണ് സുപ്രീംകോടതിക്ക് മുന്‍പാകെയുള്ള പരാതികളിലൊന്ന്. കൂടാതെ, ഭര്‍ത്താവിന് ഇളവ് നല്‍കുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജികള്‍, ഭര്‍ത്താവിനെതിരേ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ എന്നിവയും സുപ്രീംകോടതിക്ക് മുന്‍പാകെയുണ്ട്.