കേസിനുപിന്നാലെ നടക്കലൊക്കെ നൂലാമാലയാണ്... ആരുമറിയാതെ ഒതുക്കിത്തീർത്താൽ കുട്ടിക്കും കുടുംബത്തിനും നല്ലത്...നിയമസംവിധാനത്തിൽ അഭയംതേടാൻ മടിക്കുന്ന പലരും ന്യായമായി പറയുന്ന കാര്യമാണിത്. നീതി വൈകുന്നത്  നീതിനിഷേധത്തിന് തുല്യമാണെന്ന ചൊല്ലുപോലുമുണ്ട്. പക്ഷേ, മുൻകാലങ്ങളെയപേക്ഷിച്ച് പോക്‌സോ കേസുകളിൽ നീതി അതിവേഗം നടപ്പാക്കുന്നുണ്ടെന്ന് പറയുകയാണ് ബാലാവകാശ കമ്മിഷൻ മുൻ അംഗവും സഖി വിമെൻ റിസോഴ്സ് സെന്ററിന്റെ സെക്രട്ടറിയുമായ  അഡ്വ. ജെ. സന്ധ്യ. 2012-ലാണ് പോക്‌സോ ആക്ട്‌ നിലവിൽവരുന്നത്. നിയമം നിലവിൽവരുന്നതിന് പത്തുവർഷംമുൻപും ശേഷവുമുള്ള അവസ്ഥ വിലയിരുത്തുമ്പോൾത്തന്നെ കാതലായ മാറ്റങ്ങൾ പ്രകടമാണ്. ആക്ട്‌ വരുന്നതിനുമുൻപ്, കുട്ടികക്കുനേരെയുള്ള ലൈംഗികാതിക്രമ കേസ് രജിസ്റ്റർചെയ്ത് വിചാരണയാകുമ്പോഴേക്കും എട്ടുമുതൽ പത്തുവരെ വർഷം എടുക്കുമായിരുന്നു. പക്ഷേ, പോക്‌സോ ആക്ട്‌ വന്നതോടെ സുപ്രീംകോടതിയുടെ ഇടപെടലുണ്ടാകുകയും നൂറുകേസുകളിൽക്കൂടുതൽ ഉള്ളിടത്തെല്ലാം സ്പെഷ്യൽ കോടതികൾ വേണമെന്ന് നിർദേശിക്കുകയുംചെയ്തു. പണ്ട് ഉണ്ടായിരുന്നത്ര കാലതാമസം ഇപ്പോഴില്ലെങ്കിലും ആളുകൾക്ക് ഇതേക്കുറിച്ച് വലിയ ധാരണയില്ല എന്നതാണ് വലിയ പ്രശ്നം. ലൈംഗികപീഡനം അറിഞ്ഞിട്ടും അത് റിപ്പോർട്ട്ചെയ്യാതിരിക്കുന്നത് പിഴയും ആറുമാസം തടവും ലഭിക്കുന്ന കുറ്റമാണ്.

To advertise here,

ഒരിക്കൽ ഇത്തരം കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കവേ കണ്ട ഒരു കുടുംബത്തെ ഇപ്പോഴും ഓർക്കുന്നു. പോലീസ് നിരന്തരം വീട്ടിലേക്ക് വരുന്നുവെന്നും നിലവിൽ എട്ട്‌ വീട് മാറേണ്ടിവന്നിട്ടുണ്ടെന്നും അവർ പരാതിപറഞ്ഞു. എവിടെവേണമെങ്കിലും കുട്ടിയെ ഹാജരാക്കുന്ന സാഹചര്യം ഉണ്ടാക്കിത്തരണമെന്നതായിരുന്നു അവരുടെ ആവശ്യം. കുട്ടിയുടെ മൊഴിയിൽ വ്യക്തതയില്ലെന്നുപറഞ്ഞാണ് പോലീസ് നിരന്തരം വീട്ടിൽ കയറിയിറങ്ങിയിരുന്നത്. പരാതിയുമായി അന്നത്തെ ഐജിയെ കാണുകയും ഈ ക്രൈം നമ്പറിലുള്ള കേസിലെ കുട്ടിയെ പോലീസ് പറയുന്നിടത്ത് ഹാജരാക്കാം, ദയവുചെയ്ത് അവരുടെ വീട്ടിലേക്ക് യൂണിഫോമിൽ പോലീസുകാർ പോകുന്ന സാഹചര്യമുണ്ടാകരുത് എന്നും പറഞ്ഞു. ഉടനടി ഐജി ഒച്ചവെച്ചു. ‘‘ഞാൻ എന്റെ വീട്ടിൽ പോകുന്നത് യൂണിഫോം ഇട്ടിട്ടല്ലേ, ഇതിലെന്താണിത്ര പ്രശ്നം’’ എന്നുംപറഞ്ഞു. അന്നൊക്കെ ഇത്തരം സാഹചര്യങ്ങളിൽ പോലീസിനുമുൻപിൽ യാചിക്കേണ്ടിവന്നിരുന്നെങ്കിൽ ഇന്ന് ആ സാഹചര്യം മാറി അവകാശമായിമാറിയിട്ടുണ്ട്.

പോക്‌സോ കേസുകളിൽ, കുട്ടി എവിടെയാണോ സൗകര്യപ്രദമെന്ന് അറിയിക്കുന്നത് അവിടെ പോയാണ് പോലീസ് മൊഴിയെടുക്കേണ്ടത്. ഇതിന്റെപേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന നിർദേശമുണ്ട്. നിയമത്തിലെ ഓരോ വ്യവസ്ഥയും, കുട്ടികൾക്ക് നേരത്തേയുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ആവിഷ്കരിച്ചതാണ്.

രഹസ്യസ്വഭാവം സൂക്ഷിക്കും

കേസായാൽ പുറംലോകമറിയില്ലേയെന്ന്‌ കരുതുന്നവരുണ്ട്. പോക്‌സോ കേസുകൾ ഒരിക്കലും അത്തരത്തിൽ കൈകാര്യംചെയ്യപ്പെടേണ്ടയൊന്നല്ല. രഹസ്യസ്വഭാവം പരമാവധി സൂക്ഷിക്കേണ്ടതാണ്. അതിൽ വിട്ടുവീഴ്ചചെയ്യുന്നത് ഗുരുതരകുറ്റവുമാണ്. വർഷങ്ങളോളം കുട്ടിയെ ക്രോസ്‌വിസ്താരംചെയ്യിക്കുന്ന സാഹചര്യവുമുണ്ടാകില്ല. കൂടാതെ, ഇത്തരം കേസുകളിൽ കുട്ടിക്ക് മനസ്സിലാകുന്ന ഭാഷയിലാണ് ജഡ്ജി സംസാരിക്കേണ്ടത്. പല കേസുകളിലും സ്വന്തം അച്ഛനോ അടുത്ത ബന്ധുക്കളോ ഒക്കെയാകും പ്രതികൾ. അത്തരം സാഹചര്യങ്ങളിൽ, പ്രതിയും അതിക്രമം നേരിട്ട കുട്ടിയും കാണത്തക്കരീതിയിലാകരുത് നടപടികൾ എന്നതും നിർബന്ധമാണ്. കോടതിമുറിക്കുള്ളിൽ, അടുത്തബന്ധുവായ പ്രതി മുന്നിൽനിൽക്കുമ്പോൾ കുട്ടിക്ക് മനസ്സുതുറക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണിത്.

അവബോധം പരിമിതം

സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വിട്ടുവീഴ്ചയില്ലാതെ തീരുമാനം കൈക്കൊള്ളുമ്പോഴും അവബോധമില്ലാത്തവർ ഒട്ടേറെയാണെന്നത് വലിയ പരിമിതിയാണ്. ഇപ്പോഴും, ലൈംഗികാതിക്രമം നടന്നാൽ എന്തുചെയ്യണമെന്ന് അറിയാത്തതും നിയമസംവിധാനത്തിന്റെ സഹായം തേടാൻ മടിക്കുന്നതും അറിവിന്റെ പരിമിതികൊണ്ടാണ്.

കുട്ടി ലൈംഗികാതിക്രമം നേരിട്ടുവെന്ന് അറിഞ്ഞാൽ, ഉടനടി സ്വീകരിക്കേണ്ട നിയമനടപടിയെക്കുറിച്ച് മാതാപിതാക്കൾക്കും സ്‌കൂൾ അധികൃതർക്കും ധാരണയുണ്ടാകണം. ലൈംഗികവിദ്യാഭ്യാസം ശരിയായ സംവിധാനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നതും അതിക്രമങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാകാനും കൃത്യമായി റിപ്പോർട്ട്ചെയ്യാനും സഹായിക്കും.

സ്വയംപ്രതിരോധം പ്രധാനം

കുട്ടികൾക്ക് സ്വയംപ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറയുന്നു. ഇത് കുട്ടികളിലെ വ്യക്തിത്വവികസനത്തെ മെച്ചപ്പെടുത്താനും ആത്മവിശ്വാസം വളർത്താനും സഹായിക്കും. അതിലൂടെ, അതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാനുമാകും.

ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം പോക്‌സോ കേസുമായി ബന്ധപ്പെട്ട പരിശീലനം, അധ്യാപകരിൽ താഴേതലങ്ങളിലേക്കുവരെ കൊടുത്തിട്ടുണ്ട്. അതോടൊപ്പം കുടുംബശ്രീവഴി 2800-ഓളം ഫാക്കൽറ്റികളെ സജ്ജമാക്കിയിട്ടുണ്ട്. ഇവരിലൂടെ, താഴേക്കിടയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. പഞ്ചായത്തുതലത്തിലേക്കും വാർഡുതലത്തിലേക്കുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് പരിശീലനം ആരംഭിച്ചിട്ടുമുണ്ട്.

സംസ്ഥാനത്തെ ഞെട്ടിച്ച പോക്‌സോ കേസ്

അപൂർവതകൾ ഏറെയുള്ള, സംസ്ഥാനത്തെ ഏറ്റവും വലിയ പോക്‌സോ കേസിൽ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം സമർപ്പിച്ചത്. ലൈംഗികചൂഷണത്തിനെതിരേ ക്ലാസിൽ നൽകിയ കൗൺസലിങ്ങിനിടെയാണ് പതിനെട്ടുകാരിയായ പെൺകുട്ടി ദുരനുഭവം പങ്കുവെച്ചത്. അയൽവാസികളും നാട്ടുകാരും സഹപാഠികളും അടക്കം 59 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

സൗഹൃദം നടിച്ച്, സമീപവാസിയായ യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്‌. അഞ്ചുവർഷങ്ങൾക്കുശേഷമാണ് പെൺകുട്ടി പരാതിപ്പെട്ടത് എന്നത് നീതി നടപ്പിലാകുന്നതിന് തടസ്സമായില്ല എന്നതാണ് പ്രധാനം. താൻ നേരിട്ട അതിക്രമം അതെത്രവർഷം കഴിഞ്ഞാലും തുറന്നുപറയാൻ തയ്യാറാകുമ്പോൾ നിയമവ്യവസ്ഥ കൂടെനിൽക്കും എന്നതാണ് ഈ പെൺകുട്ടിയുടെ അനുഭവം തെളിയിക്കുന്നത്.

അതിക്രമം നേരിട്ടവരെയും പരിഗണിക്കണം

ലൈംഗികാതിക്രമങ്ങൾ തടയേണ്ടതിനെക്കുറിച്ച് നിരന്തരം പറയുന്നത് പ്രധാനമാവുമ്പോൾത്തന്നെ അതിജീവിതരുടെ മാനസികാഘാതം ഇല്ലാതാക്കാനുള്ള മാർഗനിർദേശങ്ങളും നൽകണം. പാഠപുസ്തകത്തിലൂടെ ഗുഡ് ആൻഡ്‌  ബാഡ് ടച്ചുകളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കുഞ്ഞിലേതൊട്ട് അധ്യാപകർ, കളികളിലൂടെയും മറ്റും കുട്ടികളെ ബോധവത്കരിക്കണം. ലൈംഗികാതിക്രമത്തെ അതിജീവിച്ചവരുടെ ഒരു കൂട്ടായ്മയുണ്ടാകുന്നതും അവർ പരസ്പരം പിന്തുണയ്ക്കുന്നതും അതിജീവനത്തെ വലിയതോതിൽ സഹായിക്കും.

പാഠപുസ്തകങ്ങളിലൂടെ നൽകുന്ന ലൈംഗികവിദ്യാഭ്യാസത്തിലുൾപ്പെടെ, അതിക്രമത്തെ പ്രതിരോധിക്കേണ്ടതിനാണ് പ്രാധാന്യം. അത്തരം അതിക്രമങ്ങളിലൂടെ കടന്നുപോകുന്നതോ മുൻപ് കടന്നുപോയതോ ആയ കുട്ടികൾക്ക് ഇത് കുറ്റബോധവും നിരാശയുമൊക്കെയാണ് ഉണ്ടാക്കുക. മറിച്ച് അതിനെ അതിജീവിക്കേണ്ടതിനെക്കുറിച്ചുകൂടി കൃത്യമായ ഇടപെടലുണ്ടാകുന്നത് ഗുണംചെയ്യും.- ഡോ. നിയതി ആർ. കൃഷ്ണ (ജെൻഡർ സ്റ്റഡീസ് അധ്യാപിക)

സ്‌കൂളുകളിലും സദാചാരക്കണ്ണുകൾ

ഭൂരിഭാഗം കുട്ടികളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അതിക്രമങ്ങൾക്ക് വിധേയരാകുന്നുവെന്നത് യാഥാർഥ്യമാണ്. സൗഹൃദ ക്ലബുംകുട്ടിക്ക് പരാതിപ്പെടാനുള്ള സംവിധാനവുമൊക്കെ ഉണ്ടാവുമ്പോഴും സ്‌കൂളിന്റെ ദൈനംദിനപ്രവർത്തനത്തിൽ ഈ വിഷയം അതിപ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. സ്‌കൂൾ കൗൺസലറെക്കൊണ്ട് ക്ലാസുകൾ നൽകുകയും അധ്യാപകർക്ക് പരിശീലനം ലഭ്യമാക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇത്തരം കേസുകൾ അറിയുമ്പോൾ സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനപ്പുറത്തേക്ക് ശാസ്ത്രീയമായി അതിനെ സമീപിക്കുന്നവർ കുറവാണ്. സദാചാരക്കണ്ണുകളോടെ വിഷയത്തെ സമീപിക്കുന്ന അധ്യാപകരും കുറവല്ല. - വി. ബിനോയ്, പ്രിൻസിപ്പൽ,ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പയിമ്പ്ര

ചൈൽഡ് ലൈൻ നമ്പർ: 1098
എന്താണ് പോക്‌സോ ആക്ട്‌?
പ്രൊട്ടെക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫെൻസസ് എന്നതാണ് പോക്‌സോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളെ ലൈംഗികമായും അല്ലാതെയും ദുരുപയോഗിക്കുന്നതും ചൂഷണംചെയ്യുന്നതും തടയാൻ 2012-ൽ കൊണ്ടുവന്നതാണ് ഈ നിയമം.

? പോക്‌സോ ആക്ടിന്റെ ലക്ഷ്യം?
= കുട്ടികളെ പീഡനങ്ങളിൽനിന്ന് രക്ഷിക്കുക, കുട്ടികൾ ഇരകളാകുന്ന കേസിൽ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിച്ച് നീതി ഉറപ്പാക്കുക തുടങ്ങിയവയാണ് പോക്‌സോ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

? പോക്‌സോ ആക്ട്‌ റിപ്പോർട്ട്ചെയ്യേണ്ടതെവിടെ?
= അടുത്തുള്ള പോലീസിലോ സ്‌പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റിലോ.

? പോക്‌സോ ആക്ടിൽ ലഭിക്കുന്ന സേവനങ്ങൾ?
= അടിയന്തര വൈദ്യചികിത്സ, കരുതലും സംരക്ഷണവും, സൗജന്യ നിയമസഹായം, അതിവേഗവിചാരണ, കുറ്റവാളിക്ക്‌ ശിക്ഷ.

? പോക്‌സോ കേസ് കൈകാര്യംചെയ്യേണ്ട രീതി?
= കേസ് കൈകാര്യംചെയ്യുന്നതിൽ രഹസ്യസ്വഭാവമുണ്ടായിരിക്കണം, കുട്ടികളെ അഭിഭാഷകർ ക്രോസ്ചെയ്യാൻ പാടില്ല, വിവരങ്ങൾ ചോദിച്ചറിയാനേപാടുള്ളൂ.

 

കുറ്റക്കാർക്കെതിരേ കർശനനടപടി

കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ അത് നിർവഹിക്കാതിരിക്കുകയും അങ്ങനെയുള്ളവരിൽനിന്നുപോലും കുട്ടികൾക്ക് പീഡനമേൽക്കുകയും ചെയ്യുകയെന്നത് സമൂഹത്തിൽ ഉണ്ടാകാൻപാടില്ലാത്തതാണ്. അത് അങ്ങേയറ്റം വേദനാജനകവുമാണ്. കുട്ടികൾക്ക് വീടിനുള്ളിലും പൊതുയിടങ്ങളിലും സ്‌കൂളുകളിലും നിരന്തരമായ ശ്രദ്ധയുണ്ടാകണം. കുട്ടികൾക്കുനേരേയുള്ള അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ അയൽപക്കത്തുള്ളവർക്കോ ബന്ധുക്കൾക്കോ ആർക്കുവേണമെങ്കിലും 1098-ലോ 112-ലോ വിളിച്ച് സർക്കാരിനെ അറിയിക്കാം. കുറ്റക്കാർക്കെതിരേ കർശനമായ നിയമനടപടി സ്വീകരിക്കും. അങ്ങനെ അതിക്രമങ്ങൾ നേരിടേണ്ടിവന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ സംസ്ഥാന വനിത-ശിശുവികസനവകുപ്പ് സംരക്ഷണമൊരുക്കും. കുഞ്ഞുങ്ങൾക്ക് ആവശ്യമായ കൗൺസലിങ്ങും തുടർവിദ്യാഭ്യാസവും നൽകും. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ച്, കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പോക്‌സോ കോടതികളുൾപ്പെടെ സംസ്ഥാനത്ത് നിലവിലുണ്ട്. അതിജീവിതരായ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനായി വനിതാ-ശിശുവികസനവകുപ്പിനുകീഴിൽ നിർഭയ സെല്ലും പ്രവർത്തിക്കുന്നു. ഇത്തരം കുട്ടികളുടെ പുനരധിവാസത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമായി നിർഭയ സെൽ വലിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സ്വന്തം അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്ത കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ച് അവരുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച ഉറപ്പാക്കേണ്ടത് രക്ഷാകർത്താക്കളുടെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.-വീണാ ജോർജ് 
(ആരോഗ്യ, വനിത-ശിശുവികസനവകുപ്പുമന്ത്രി)