
നല്ല ജീവിതവും ശമ്പളവും സ്വപ്‌നംകണ്ട് ഇലക്ട്രീഷ്യന്റെ ജോലി വാഗ്ദാനത്തില്‍ റഷ്യയിലേക്ക് വിമാനം കയറുമ്പോള്‍ തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനിലിന്റെ ഭാര്യ ജോയ്‌സി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. മാസം രണ്ടര ലക്ഷത്തോളം രുപ ശമ്പളമുള്ള ജോലിയെന്ന് പറഞ്ഞപ്പോള്‍ അത് മിസ്സാക്കേണ്ടെന്നും കുഞ്ഞിനെ പിന്നീട് വന്ന് കാണാമെന്നും പറഞ്ഞായിരുന്നു കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടിന് ബന്ധു ജെയിനിനൊപ്പം അവര്‍ യാത്ര തിരിച്ചത്. എന്നാല്‍ റഷ്യയിലേത്തിയതോടെ ഇലക്ട്രീഷ്യന്‍ ജോലിക്ക് പകരം അവര്‍ക്ക് ലഭിച്ചത് യുക്രൈനിനെതിരേ യുദ്ധം ചെയ്യാന്‍ റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്കുള്ള ജോലി. ഫോണും പാസ്‌പോര്‍ട്ടുമെല്ലാം നഷ്ടമായതോടെ മാസങ്ങള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ പോലും ഇക്കാര്യമെല്ലാമറിഞ്ഞത്.
ഡിസംബറില്‍ മറ്റൊരാളുടെ ഫോണ്‍ വാങ്ങിയാണ് ഇവര്‍ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് അവരുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ കടുംബത്തിനായില്ല. ജനുവരി എട്ടാം തീയതി കുടുംബം അറിയുന്നത് ബിനില്‍ യുക്രൈനിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ്. ജനുവരി അഞ്ചാം തീയതിയാണ് ബിനില്‍ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതെങ്കിലും എട്ടാം തീയതി ജെയിന്‍ വീഡിയോ കോള്‍ വിളിക്കുമ്പോള്‍ മാത്രമാണ് നാട്ടില്‍ മരണവിവരം പോലും അറിയുന്നത്. ബിനില്‍ മരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മൃതദേഹം പോലും നാട്ടിലെത്തിയിട്ടില്ല. മരിച്ചുവെന്നല്ലാതെ മൃതദേഹം എവിടെയാണുള്ളതെന്ന് പോലും എംബസി അധികൃതര്‍ക്കും കൃത്യമായി വിവരം ലഭിച്ചിട്ടില്ലെന്ന് ബിനിലിന്റെ ബന്ധു സനീഷ് മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജെയിന്‍ ഇപ്പോഴും മോസ്‌ക്കോയിലെ ആശുപത്രിയില്‍ ചികിത്സയിലുമാണ്. മോസ്‌കോയില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറമുള്ള യുക്രൈന്‍ ബോര്‍ഡറിലായിരുന്നു ബിനിലും ജെയിനിനുമെല്ലാം ജോലി. മൃതദേഹം മോസ്‌ക്കോയിലേക്ക് പോലും എത്തിയിട്ടില്ലെന്ന് റഷ്യയില്‍ നിന്ന ജെയിനും വ്യക്തമാക്കി. മരിച്ചുവെന്ന വിവരമല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും എംബസി അധികൃതര്‍ക്കും അറിയില്ല.

കൊല്ലപ്പെട്ട ബിനിലും ജെയിനും കഴിഞ്ഞ ഡിസംബര്‍ അവസാനം വരെ ഒരുമിച്ചായിരുന്നുവെങ്കിലും പിന്നീട് ഇവരേയും രണ്ട് റഷ്യന്‍ ഗ്രൂപ്പുകളുടെ കൂടെ സൈനിക സഹായികളായി നിയമിച്ച് യുദ്ധമുഖത്തേക്ക് വിടുകയായിരുന്നു. അധികം ദൂരമൊന്നുമില്ലാത്തതിനാല്‍ ജെയിന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ബിനില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ ജെയിനിനും ഡ്രോണാക്രമണമേറ്റു. പിന്നീട് തനിക്കൊന്നും ഓര്‍മയില്ലെന്ന് മോസ്‌ക്കോയിലെ ആശുപത്രിയില്‍ നിന്ന് ജെയിന്‍ പറഞ്ഞു. റെയ്‌ഡോ റോഡ്കയെന്നോ അങ്ങനെ എന്തോ പേരാണ് ബിനില്‍ മരിച്ച സ്ഥലത്തിന്റേതായി കേട്ടത്. കൃത്യമായി പറയാനാവുന്നില്ല. സുരക്ഷാ കാരണത്തിന്റെ പേരില്‍ സ്ഥലപ്പേരൊന്നും വെളിപ്പെടുത്താതെയാണ് തങ്ങളെ കൊണ്ടുപോയതെന്നും ജെയിന്‍ പറഞ്ഞു.
ഡ്രോണ്‍ ആക്രമണമേറ്റ് വയറിനുള്ളില്‍ കടുത്ത വേദനയെ തുടര്‍ന്നാണ് ആശുപത്രിയിലായത്. എന്തോ സ്പീഡില്‍ വന്ന് തട്ടുന്നത് പോലെയാണ് തോന്നിയത്. ആന്തരിക രക്തസ്രാവമുണ്ടായി. കരള്‍, വൃക്ക, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് വയര്‍ കീറി ട്യൂബിട്ട് മരുന്ന് കയറ്റിയായിരുന്നു ചികിത്സ. രണ്ടാമത്തെ സര്‍ജറിയും കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് സ്റ്റിച്ചെടുത്തതെന്നും ജെയിന്‍ പറയുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്നുണ്ടെങ്കിലും അത് സംബന്ധിച്ച് എംബസിയുമായി ഒരു തരത്തിലുള്ള ആശയവിനിമയവും സൈന്യം നടത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ജയിന്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് ഒടുവില്‍ യുദ്ധ മുഖത്തേക്കെറിയപ്പെട്ട തൃശ്ശൂര്‍ സ്വദേശികളായ സന്തോഷും സന്ദീപും റെനിലും ബിനിലും ജയിനുമടക്കമുള്ളവര്‍ തൊഴില്‍ തട്ടിപ്പിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ചിലര്‍ വെടിയേറ്റു മരിച്ചു മറ്റ് ചിലര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതില്‍ രക്ഷപ്പെട്ട സന്തോഷും റെനിലും തങ്ങളുടെ ദുരിത ജീവിതം പറയുകയാണ്.
- കിടപ്പാടം ജപ്തി ഭീഷണിയിലായപ്പോള്‍ കയറിയത്
കിടപ്പാടംപോലും ജപ്തിഭീഷണിയിലായി ജീവിതമപ്പാടെ ചോദ്യചിഹ്നത്തിലായതോടെയാണ് തൃശ്ശൂര്‍ കൊടകര സ്വദേശി കാട്ടുകാളയ്ക്കല്‍ സന്തോഷ് ഷണ്‍മുഖന്‍ റഷ്യയിലേക്കുള്ള ജോലി വാഗ്ദാനത്തെക്കുറിച്ച് സുഹൃത്തുക്കള്‍ വഴി കേട്ടത്. തൃശ്ശൂരിലുള്ള സുമേഷ് ആന്റണിയെന്നയാള്‍ നടത്തുന്ന റിക്രൂട്ടിങ് ഏജന്‍സി വഴി റഷ്യന്‍ പട്ടാള കാന്റീനുകളില്‍ ജോലിയില്‍ കയറാമെന്നും ബാധ്യതകളെല്ലാം തീര്‍ക്കാമെന്നും അന്വേഷിച്ചപ്പോളറിഞ്ഞു. നാട്ടിലെ കുറിയിലുണ്ടായ നഷ്ടം നികത്താന്‍ വായ്പയെടുത്ത പത്ത് ലക്ഷത്തോളം രൂപ അടയ്ക്കാന്‍ പറ്റാതെ വന്നതോടെ ആഴ്ചയില്‍ 15000 രൂപയോളം അപ്പോഴേക്ക് സന്തോഷിന് ഇന്‍സ്റ്റാള്‍മെന്റായി നല്‍കേണ്ടി വന്നിരുന്നു. ഇതില്‍ നിന്നെല്ലാമുള്ള മോചനം റഷ്യന്‍ ജോലി നല്‍കുമെന്നും പ്രതീക്ഷിച്ചിരുന്നു. മാസത്തില്‍ 2.5 ലക്ഷം രൂപ ശമ്പളമാണ് പറഞ്ഞത്. പട്ടാള കാന്റീനുകളിലെ ജോലിയും അവിടെയുള്ള വയറിംഗ് മെയിന്റനന്‍സ് ജോലിയും മറ്റ് സാധാരണ ജോലിയും ആവശ്യമെങ്കില്‍ ചെയ്യാമെന്നുമായിരുന്നു സന്തോഷിന് കിട്ടിയ നിര്‍ദേശം. ഇതോടെയാണ് അവസാനകൈ നോക്കാന്‍ കഴിഞ്ഞവര്‍ഷം റഷ്യയിലേക്ക് കയറിയത്.
പട്ടാള കാന്റീനിലുള്ള ജോലി ആയതിനാല്‍ സ്വാഭാവികമായ ചെറിയ പരിശീലനമൊക്കെയുണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും നാട്ടില്‍ വയറിങ് ജോലി ചെയ്യുന്നതിനാല്‍ ജോലി ബുദ്ധിമുട്ടുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു സന്തോഷ്. രണ്ടര ലക്ഷം രൂപയാണ് വിസയ്ക്കായി ഏജന്റ് പറഞ്ഞിരുന്നത്. ഇതില്‍ ബന്ധുക്കളില്‍ നിന്ന് കടംവാങ്ങി 80,000 രൂപ ആദ്യം കൊടുത്ത് പോകാന്‍ തയ്യാറാവുകയും ചെയ്തു. ബാക്കി റഷ്യയിലെത്തിയിട്ട് നല്‍കണമെന്നായിരുന്നു കരാര്‍. അങ്ങനെ നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്ര തിരിക്കുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് കുറുമശ്ശേരി സ്വദേശിയായ റെനിലിനെയും സന്തോഷ് കാണുന്നത്. റെനിലും സമാന രീതിയില്‍ റഷ്യയിലേക്ക് പോവാനുള്ളതായിരുന്നു. അവര്‍ക്ക് മുന്നെ മറ്റ് മലയാളികളായ സന്ദീപ് ചന്ദ്രന്‍, ജെയിന്‍, ബിനില്‍ തുടങ്ങി മറ്റ് മൂന്നുപേരും റഷ്യയിലെത്തിയിരുന്നു. ഇതില്‍ സന്ദീപ് ചന്ദ്രനും ബിനിലും കൊല്ലപ്പെടുകയും ജെയിന്‍ ഇപ്പോഴും മോസ്‌കോയില്‍ ചികിത്സയിലുമാണ്.

- മോസ്‌ക്കോയില്‍ നിന്നും ടുല ക്യാമ്പിലേക്ക്
മോസ്‌ക്കോ വിമാനത്താവളത്തിലിറങ്ങിയ ശേഷം നാട്ടിലെ ഏജന്റ് സന്തോഷ് ആന്റണിയുടെ റഷ്യയിലെ സുഹൃത്ത് പറഞ്ഞയച്ച രണ്ടുപേരാണ് സന്തോഷിനെയും റെനിലിനേയും എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്. 200 കി.മി അപ്പുറമുള്ള ടുല ക്യാമ്പിലേക്കായിരുന്നു യാത്ര. അപ്പോഴും അസ്വാഭാവികതയൊന്നും തോന്നിയില്ലെന്ന് സന്തോഷും റെനിലും പറയുന്നു. യുദ്ധമുഖത്ത് കൊല്ലപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്‍, ബിനില്‍ എന്നിവരെയെല്ലാം ടുല കാമ്പില്‍ വെച്ചാണ് ഇവര്‍ ആദ്യമായി കണ്ടത്. ഇതോടെ വലിയ പ്രശ്നമുണ്ടാവില്ലെന്ന തോന്നലുമുണ്ടായിരുന്നു. ആദ്യം എല്ലാവരോടും റഷ്യന്‍ പാസ്പോര്‍ട്ട് എടുക്കാനാണ് ക്യാമ്പില്‍ നിന്ന് ആവശ്യപ്പെട്ടത്. സന്ദീപ് ചന്ദ്രനും കൂടെയുള്ളവര്‍ക്കും ആദ്യം പാസ്പോര്‍ട്ട് കിട്ടിയതോടെ അവരെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റി. പിന്നീട് സന്ദീപിന്റെ മരണം വരെ ഇവരുടെ വിവരമൊന്നുമുണ്ടായിരുന്നില്ല. പാസ്പോര്‍ട്ടിന്റേയും മറ്റും കാര്യങ്ങള്‍ക്കായി ഒരുമാസത്തോളമാണ് ടുല ക്യാമ്പില്‍ കഴിഞ്ഞതെന്നും സന്തോഷ് പറയുന്നു.
ടുലയിലെ ഒരുമാസത്തെ വാസത്തിനുശേഷമാണ് പരിശീലനത്തിനായി റൊസ്റ്റോവ് ക്യാമ്പിലേക്ക് സന്തോഷിനേയും റെനിലിനേയും കൊണ്ടുപോവന്നത്. ഇതോടെ ജോലിയുടെ സ്വഭാവം മാറുകയായിരുന്നു. ടുലയില്‍ നിന്നും ഏകദേശം 500 കി.മി ദൂരത്തായിരുന്നു റൊസ്റ്റോവ് ക്യാമ്പ്. ഇവിടെയെത്തിയതോടെ സാഹചര്യം അപ്പാടെ മാറി. റഷ്യന്‍ പട്ടാളക്കാരുടെ യൂണിഫോമും തോക്കും ഹെല്‍മെറ്റും ഷൂസുമടക്കം എല്ലാ ആയുധങ്ങളുമുപയോഗിച്ചായിരുന്നു പരിശീലനം. രാവിലെ നാല് മണി മുതല്‍ തുടങ്ങുന്ന കഠിന പരിശീലനത്തിനിടെ തളര്‍ന്നു വീണാലും ഇളവില്ല. ലഘുവായ സാധാരണ പരിശീലനം മാത്രമാണുണ്ടാവുകയെന്ന് പറഞ്ഞ് അവര്‍ പട്ടാളക്കാര്‍ക്ക് നല്‍കുന്ന അതേ പരിശീലനം തന്നെ നല്‍കുകയായിരുന്നുവെന്നും സന്തോഷ് ചൂണ്ടിക്കാട്ടുന്നു.
റൊസ്റ്റോവിലെ ക്യാമ്പ് സൈറ്റില്‍ നിന്നും നാല് കിലോമീറ്റര്‍ നടന്ന ശേഷമെത്തുന്ന ഒറ്റപ്പെട്ടയിടത്തായിരുന്നു പരിശീലനം. അങ്ങനെ 20 ദിവസം കഴിച്ചുകൂട്ടിയതോടെ രക്ഷപ്പെട്ടുവെന്നാണ് കരുതിയിരുന്നതെങ്കില്‍ പിന്നീട് യുദ്ധം കനക്കുകയായിരുന്ന ലുഹാന്‍സ്‌ക് ക്യാമ്പിലേക്ക് വീണ്ടും പരിശീലനത്തിന് നിയോഗിച്ചതോടെയാണ് പെട്ടുപോയി എന്ന യാഥാര്‍ഥ്യം ഇവര്‍ക്ക് മനസ്സിലായത്. റെസ്റ്റോവിലേക്കാള്‍ കഠിനമായിരുന്നു ഇവിടെയുള്ള പരിശീലനം.പുറംലോകവുമായി ഒരു തരത്തിലുള്ള ആശയ വിനിമയവും അനുവദിച്ചിരുന്നില്ല. അനുവദിച്ചാലും യുദ്ധം എല്ലാം തകര്‍ത്തതിനാല്‍ റെയ്ഞ്ച് പോലും കൃത്യമായി കിട്ടുമായിരുന്നില്ല. പരിശീലന സ്ഥലത്തേക്കെത്താന്‍ ദിവസവും 16 കിലോമീറ്റര്‍ നടക്കണം. മുഴുവന്‍ ഭൂമിക്കടിയിലെ ക്യാമ്പ്, പുറത്തിറങ്ങിയാല്‍ വെടിയോ ഡ്രോണ്‍ ആക്രമണമോ ഏല്‍ക്കുമെന്ന അവസ്ഥ. ഒരുമാസത്തോളം അവിടെയും കഴിച്ചുകൂട്ടി. ഇതിന് ശേഷം നേരെ ബെഹ്‌മൂത് യുദ്ധമേഖലയിലേക്കായിരുന്നു കൊണ്ടുപോയത്. വയറിങ് ജോലിക്കും ക്യാന്റീന്‍ ജോലിക്കും കൊണ്ടുവന്ന ഞങ്ങളെ യുദ്ധമുഖത്തേക്ക് നിയോഗിക്കാനിരിക്കെയായിരുന്നു.

- ബെഹ്‌മൂതിലേക്കുള്ള യാത്രയെ കുറിച്ച് റെനില്‍ പറയുന്നു
നാട്ടില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന കുറുമശ്ശേരി സ്വദേശി റെനിലും 12 ലക്ഷത്തോളമുള്ള തന്റെ കടം തീര്‍ക്കാനായിരുന്നു റഷ്യയിലേക്ക് പോയത്. ക്യാന്റീനില്‍ ഭക്ഷണമുണ്ടാക്കുകയായിരിക്കും ജോലിയെന്നായിരുന്നു ചാലക്കുടിയിലെ സ്റ്റീഫ് എന്ന ഏജന്റ് ഇവരോട് പറഞ്ഞത്.ഉത്തരേന്ത്യന്‍ ചൈനീസ് ഭക്ഷണമൊക്കെ ഉണ്ടാക്കിയാല്‍ മതിയെന്നും പരിശീലനം നല്‍കുമെന്നും പറഞ്ഞിരുന്നു. രണ്ടര ലക്ഷം രൂപ ശമ്പളവും പി.ആര്‍ അടക്കമുള്ള വാഗ്ദാനവും കുടുംബത്തെയടക്കം പിന്നീട് കൊണ്ടുപോകാമെന്നും പറഞ്ഞു. യുക്രൈന്‍ യുദ്ധത്തെ കുറിച്ച് അറിയാമായിരുന്നെങ്കിലും ക്യാന്റീന്‍ ജോലി ആയതിനാല്‍ പ്രശ്നമൊന്നുമുണ്ടാവില്ലെന്ന് വീട്ടുകാരെയടക്കം വിശ്വസിപ്പിച്ചതും സ്റ്റീവ് ആയിരുന്നുവെന്ന് റെനില്‍ പറയുന്നു. ഇതോടെയാണ് യാത്രയ്ക്ക് തയ്യാറായത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ആറിനായിരുന്നു യാത്ര. നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോഴാണ് സന്തോഷിനേയും കാണുന്നത്. പിന്നീട് എല്ലാ ക്യാമ്പുകളിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നവെന്നും റെനില്‍ ചൂണ്ടിക്കാട്ടുന്നു.
ബെഹ്‌മൂതിലേക്കുള്ള യാത്രയിലാണ് യുദ്ധത്തിന്റെ ഭീകരത യഥാര്‍ഥത്തില്‍ മനസ്സിലായത്. യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത നഗരം. നോക്കെത്താ ദൂരത്തോളം യുദ്ധം ബെഹ്‌മൂതിനെ തകര്‍ത്തെറിഞ്ഞിരുന്നു. മോസ്‌കോയില്‍ നിന്നും ഏകദേശം ആയിരത്തിലധികം കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്നും ഉള്ളിലുള്ള ഓള്‍ഡ് കാസ്‌ക്കിലായിരുന്നു താമസവും അടുത്ത പരിശീലനവും. ടാര്‍പോളിന്‍ കൊണ്ട് മുകള്‍ മൂടിയ ട്രെക്കിന്റെ പിറകുവശത്ത് ഇരുത്തിയാണ് ഞങ്ങളെ ബഹ്‌മൂതിലേക്ക് കൊണ്ടുപോയത്.

യാത്രയിലുടനീളം യുദ്ധംമൂലം പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും വാഹനങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. മിസൈലുകളും ബോംബുകളും വീണ് പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാത്രമായിരുന്നു കാഴ്ച, ഇടയ്ക്ക് പട്ടാളക്കാരെയും കാണാം. ഇതോടെ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് ഉറപ്പാവുകയും ചെയ്തു. അതിഭയങ്കര വേഗതയില്‍ വാഹനം ഞങ്ങളെയും കൊണ്ട് ട്രക്ക് കുതിച്ചുപായുകയായിരുന്നുവെന്ന് തന്നെ പറയാം. മണ്ണും പൊടിയും കൊണ്ട് വഴിയാകെ നിറഞ്ഞു നിന്നിരുന്നു-റെനില്‍ ആ ദിവസത്തെ ഓര്‍ത്തെടുക്കുകയാണ്.
ബെഹ്‌മൂതിലെത്തിയതോടെ താമസിക്കാനൊന്നും ഇടമുണ്ടായിരുന്നില്ല. പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലേക്കാണ് കയറ്റിയത്. അവിടെയായിരുന്നു എന്റെയും സന്തോഷിന്റേയുമെല്ലാം താമസം. ശുചിമുറിയൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണം പോലും കിട്ടുന്നത് കുറവായിരുന്നു. ഒരു തരത്തിലുള്ള പ്രാഥമിക സൗകര്യവുമുണ്ടായിരുന്നില്ല. കെട്ടിടത്തിന് പുറത്ത് കുഴി കുത്തി രണ്ട് മരക്കഷണം വെച്ചായിരുന്നു മലവിസര്‍ജനം.വെള്ളമുണ്ടായിരുന്നില്ല മുഴുവന്‍ ടിഷ്യു പേപ്പര്‍ മാത്രം. ഇനി നാട്ടിലേക്ക് തിരിച്ചുപോക്കില്ലെന്ന് ഉറിപ്പിച്ച ഞങ്ങള്‍ക്ക് പിന്നെ എല്ലാത്തിനോടും നിസ്സംഗതയായി. രക്ഷപ്പെടുമെന്ന നേര്‍ത്ത പ്രതീക്ഷപോലുമുണ്ടായിരുന്നില്ല. ഫോണ്‍ ബന്ധമൊക്കെ നേരത്തെ വിച്ഛേദിച്ചിരുന്നു. കിടക്കുമ്പോള്‍ മുഴുവന്‍ വെടിയൊച്ചകളും മിസൈലുകളുടേയും ഡ്രോണുകളുടേയും ശബ്ദമായിരുന്നു. പുറത്തിറങ്ങിയാല്‍ കൊല്ലപ്പെട്ടേക്കാമെന്ന അവസ്ഥയായിരുന്നുവെന്നും റെനില്‍ ഓര്‍ക്കുന്നു.

കാന്റീൻ ജോലിക്ക് വന്ന ഞങ്ങള്‍ക്ക് ഗ്രനേഡ് ഉണ്ടാക്കുക, തോക്ക് പരിശീലനം, മിഷ്യന്‍ ഗണ്ണിന്റേയും ടാങ്കുകളുടേയും ഉപയോഗം, ഡ്രോണില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം, യുദ്ധോപകരണങ്ങളുടെ മെയിന്റനന്‍സ്, പരിക്കുപറ്റിയ പട്ടാളക്കാര്‍ക്കുള്ള ഫസ്റ്റ്എയ്ഡ് എന്നിവയിലെല്ലാമായിരുന്നു പരിശീലനം.
ഇതിനിടെയാണ് ഞങ്ങളുടെ കൂടെ നേരത്തെ ടുല ക്യമ്പിലുണ്ടായിരുന്ന സന്ദീപ് ചന്ദ്രന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അറിയുന്നത്. സന്ദീപിനൊപ്പം ബിനില്‍, ജയിന്‍ എന്നുവരുമൊപ്പമുണ്ടായിരുന്നു. സന്ദീപ് കൊല്ലപ്പെട്ടതോടെയാണ് നാട്ടില്‍ വിവരങ്ങളറിയുന്നതും പ്രശ്‌നമാവുന്നതും നോര്‍ക്കയടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നതും. ഇതോടെ ഇന്ത്യക്കാരെയൊന്നാകെ ആര്‍മിയില്‍ നിന്ന് ഒഴിവാക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവ് വരുന്നതിന്റെ രണ്ട് ദിവസത്തിനകം ഞങ്ങളെയും യുദ്ധമുഖത്തേക്ക് കൊണ്ടുപോവാനുള്ള എല്ലാ തയ്യാറെടുപ്പുകളും സൈന്യം നടത്തിയിരുന്നു. യുക്രൈന്‍ ആര്‍മി ക്യാമ്പ് തകര്‍ക്കുകയാണ് അടുത്ത ദിവസങ്ങളിലെ ഡ്യൂട്ടി എന്നുവരെ അറിയിച്ചിരുന്നു. ഇതോടെ മരണമുറപ്പിച്ചിരിക്കെയാണ് സന്ദീപിന്റെ മരണ വിവരം അറിയുന്നതും വാര്‍ത്ത പരക്കുന്നതും.അവര്‍ക്ക് യുക്രൈന്‍ അതിര്‍ത്തിയിലായിരുന്നു ഡ്യൂട്ടി.
സന്ദീപിന്റെ മരണം റഷ്യന്‍ സര്‍ക്കാരില്‍ വലിയ സമ്മര്‍ദമുണ്ടാക്കിയെന്ന് വേണം കരുതാന്‍. ഇതോടെയാണ് ഇന്ത്യക്കാരെ ഒഴിവാക്കാനുള്ള നടപടികളുണ്ടായത്. ഗോ ടു ഹോം എന്ന് പറഞ്ഞ് സൈനിക ഉദ്യോഗസ്ഥന്‍ തന്നെയാണ് ഞങ്ങളെ ഒഴിവാക്കുന്ന കാര്യം അറിയിച്ചത്. തുടര്‍ന്ന് റൊസ്റ്റോവിലെ ആശുപത്രിയിലേക്കാണ് ഞങ്ങളെ എല്ലാവരേയും കൊണ്ടുപോയത്. അവിടെ നിന്നായിരുന്നു റഷ്യന്‍ പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ചെയ്യുന്ന നടപടിയും മറ്റുമെല്ലാമുണ്ടായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം 2024 സെപ്തംബര്‍ മാസം തിരുവോണത്തലേന്ന് ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതോടെ അഞ്ച് മാസത്തോളം നീണ്ട് നിന്ന ദുരിത ജീവിതം അവസാനിച്ചുവെന്നുവേണം കരുതാന്‍.
സന്തോഷിനും റെനിലിനും മുന്നെ സമാന രീതിയില്‍ പറ്റിക്കപ്പെട്ടവരാണ് തൃശ്ശൂര്‍ സ്വദേശികളായ സന്ദീപ് ചന്ദ്രനും ബിനിലും ബിനിലിന്റെ ബന്ധും ജെയിനും റഷ്യയിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് യുക്രൈന്‍ ബോംബാക്രമണത്തില്‍ സന്ദീപ് ചന്ദ്രന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് വന്നത്. ജനുവരി 13 ന് ബിനിലും കൊല്ലപ്പെട്ടു. സന്ദീപ് ചന്ദ്രന്റെ മൃതദേഹം 45 ദിവസത്തിനകം നാട്ടിലെത്തിച്ചെങ്കിലും ബിനിലിന്റെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. ബന്ധുവായ ജെയിന്‍ ആക്രമണത്തില്‍ പരിക്കേറ്റ് ഇപ്പോഴും മോസ്‌കോയിലെ ആശുപത്രിയില്‍ കഴിയുകയാണ്.

മാറുന്ന പ്രവാസം; പി.ആർ എന്ന സ്വപ്നം
ജീവിക്കാന്‍വേണ്ടി ഞാന്‍ മരിക്കാന്‍പോലും തയ്യാറാണെന്ന പഴയ സിനിമ ഡയലോഗ് കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും മലയാളിയുടെ പ്രവാസ ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ ചേര്‍ത്ത് വെക്കാന്‍ ഇതിലും നല്ലൊരു താരതമ്യമില്ലെന്ന് പറയാം. കാരണം ലോകത്തിന്റെ എല്ലാ മൂലയിലും നല്ല ശമ്പളവും ജീവിതവുമെല്ലാം സ്വപ്നം കണ്ട് കടല്‍ കടന്നെത്തിയ ഒരു മലയാളിയെയെങ്കിലും നമുക്ക് കാണാം. വലിയ വീടും കാറും അല്ലലില്ലാത്ത ജീവിതവുമെല്ലാമായിരുന്നു അവന്റെ നാടുവിടലിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നയിച്ചത്. ഒരുകാലത്ത് അതിനുള്ള വഴികൂടിയായിരുന്നു അവരുടെ പ്രവാസം.
ബര്‍മയിലും സിലോണിലുമെല്ലാം തുടങ്ങി 70 കളുടെ തുടക്കത്തില്‍ ഗള്‍ഫ് മേഖലയിലേക്ക് ചേക്കേറിയ പ്രവാസജീവിതം ആ സ്വപ്നങ്ങളെയെല്ലാം യാഥാര്‍ഥ്യമാക്കി. ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും കേരളത്തെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് പറിച്ച് നട്ടതില്‍ അതിനുള്ള പങ്കും ചെറുതല്ല. ഇക്കാലമത്രയും ഗള്‍ഫ് പ്രവാസത്തില്‍ ഒതുങ്ങിയിരുന്ന കേരളത്തിന്റെ പ്രവാസ രീതി ഇന്ന് അപ്പാടെ മാറി. ലോകത്തിന്റെ ഏത് മൂലയിലും മലയാളികളെത്തി. കേരളമേ വേണ്ടെന്ന് വെച്ച് പി.ആറും മറ്റും സ്വപ്നം കണ്ട് നാടുവിടുന്നവരുടേത് കൂടിയായി ഇന്ന് പ്രവാസം.
കാനഡ, റഷ്യ, പോളണ്ട്, യുക്രൈന്‍, ഓസ്ട്രേലിയ, ഇസ്രയേല്‍, ബ്രിട്ടന്‍, അമേരിക്ക, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്കെല്ലാം ഈ പ്രവാസ സ്വപ്നത്തെ പുതു തലമുറ മാറ്റി പ്രതിഷ്ഠിച്ചു. അങ്ങനെ അവിടെ ചതിയുടെ പുതിയ ബിസിനസിനും തുടക്കമായി. തൊഴില്‍ തട്ടിപ്പിന്നെത് വലിയൊരു സാമൂഹിക പ്രശ്നം തന്നെയായി മാറി. അതിന്റെ ഒടുവിലത്തെ ഇരകളാണ് റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് ഒടുവില്‍ യുദ്ധ മുഖത്തേക്കെറിയപ്പെട്ട തൃശ്ശൂര്‍ സ്വദേശികളായ സന്തോഷും സന്ദീപും റെനിലും ജയിനുമടക്കമുള്ളവര്‍.
Content Highlights: Keralites Deceived, Sent to Ukraine War Zone
Published: 14 Mar 2025, 01:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented