രാസലഹരിയുടെ ഉപയോക്താക്കളും വില്‍പനക്കാരുമായി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളടക്കമുള്ള വലിയൊരു സംഘം യുവാക്കള്‍ മാറുന്നുവെന്നതാണ് കേരളത്തെ ഞെട്ടിക്കുന്ന കാര്യം. വീര്യം കൂടിയ രാസലഹരി വിദേശ രാജ്യങ്ങളില്‍ നിന്ന് വരുത്തിയാണ് ഇവരുടെ വില്‍പന. സമൂഹത്തിലെ ഉന്നത തലത്തിലുള്ളവരാണ് ഇവരുടെ ഉപഭോക്താക്കള്‍. ഗ്രാം കണക്കില്‍ കുറഞ്ഞ അളവിലാണ് കച്ചവടമെന്നതിനാല്‍ സൂക്ഷിക്കുന്നതും കച്ചവടം ചെയ്യുന്നതും കണ്ടത്താന്‍ വീട്ടുകാര്‍ക്ക് പോലും കഴിയുന്നില്ല. എംഡിഎംഎയും എല്‍.എസ്.ഡി സ്റ്റാമ്പും കൂടാതെ പുതിയ ചില രാസഉല്‍പന്നങ്ങളും വിദേശത്ത് നിന്ന് ഇവര്‍ വഴിയെത്തുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ വിദേശ രാസലഹരി കച്ചവടത്തില്‍ കണ്ണികളായിട്ടുണ്ടെന്നാണ് അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
കുടുംബത്തിലേയും രക്ഷിതാക്കളുടേയും പ്രശ്നങ്ങളും സഹപാഠികളുടെ പ്രേരണകളുമാണ് പലപ്പോഴും ലഹരി ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കുന്നതെന്നാണ് പഴയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.എന്നാല്‍ വിദേശത്ത് നിന്നുള്ള ലഹരിക്കടത്തില്‍ പിടിയിലായ ഭൂരിഭാഗം പേര്‍ക്കും ഇത്തരം പശ്ചാത്തലങ്ങളൊന്നുമില്ല. സാമ്പത്തികമായി ഉന്നത അവസ്ഥയിലുള്ളവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുമായിരുന്നു ഭൂരിഭാഗം പേരും. ഇവര്‍ക്കെല്ലാമുള്ള പ്രധാന സാമ്യം ഏറെ നേരം ഇന്റര്‍നെറ്റിന്റെ ലോകത്തായിരുന്നു എന്നതാണ്. കൂട്ടായ്മകളില്ലാതെ ഒറ്റയ്ക്കൊറ്റാണ് ഇവര്‍ ലഹരിയുടെ വാങ്ങലും വിപണനവും നടത്തിയിരുന്നത്.
സാധാരണ കച്ചവടക്കാരെപ്പോലെ വിപണിയില്‍ ഇവരുടെ സാന്നിധ്യമുണ്ടാവാറില്ല. ഓണ്‍ലൈന്‍ വഴിയാണ് ഇടപാടുകള്‍. ഒരേ വീട്ടില്‍ താമസിക്കുന്ന രക്ഷിതാക്കള്‍ പോലും ഇവര്‍ ലഹരിക്കടിമയാണെന്ന് അറിയാറുമില്ല. ഒരു വര്‍ഷം മുമ്പ് എക്സൈസ് നടത്തിയ ഒരു പരിശോധനയാണ് 'ഒറിജിനല്‍' രാസ ലഹരി വിദേശത്ത് നിന്ന് വരുത്തുന്ന വിദ്യാര്‍ത്ഥികളിലേക്ക് വഴി തെളിച്ചത്. വിദേശത്ത് നിന്നുള്ള പാഴ്സലുകള്‍ എത്തുന്ന കൊച്ചിയിലെ പോസ്റ്റ് ഓഫീസില്‍ ആരും സ്വീകരിക്കാനില്ലാതെ കെട്ടിക്കിടന്ന പാഴ്സലുകളില്‍ ലഹരി വസ്തുക്കളാണെന്ന് കണ്ടെത്തിയതാണ് തുടക്കം. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് കിടന്ന 110 ഓളം പാഴ്സലുകളാണ് അധികൃതര്‍ പരിശോധിച്ച് നോക്കിയത്. കണ്ടെത്തിയത് കിലോകണക്കിന് എം.ഡി.എ.എ. തുടര്‍ന്ന് എക്സൈസ് ഇതില്‍ ഇടപെട്ടു. കസ്റ്റംസും എക്സൈസും ചേര്‍ന്ന് സംയുക്ത അന്വേഷണം തുടങ്ങി. മിക്ക ജില്ലകളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ഓരോ വിലാസത്തിലും റെയ്ഡുകള്‍ നടത്തുകയായിരുന്നു.
കോഴിക്കോട്ടുള്ള വിലാസത്തില്‍ നിന്നാണ് 110 പേരുടെ പട്ടികയിലെ ആദ്യ ആള്‍ പിടിയിലായത്. ഈ യുവാവിന്റെ വിട്ടില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റാമ്പും മറ്റ് ചില മയക്കുമരുന്നുകളും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിന് സമീത്തുള്ള ഒരു പ്രദേശത്ത് നിന്ന് ഒരു വിദ്യര്‍ത്ഥിയേയും പിടികൂടി. കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഇളയ മകനായിരുന്നു പ്രതി. പിടിയിലായവര്‍ ലഹരിക്കടിമയാണെന്ന് പറഞ്ഞാല്‍ വീട്ടുകാരും നാട്ടുകാരും വിശ്വസിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ പാഴ്സലുകള്‍ എല്ലാം അയച്ചിരിക്കുന്നത്. നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവയായിരുന്നു ഭൂരിഭാഗവും. അതേസമയം മിക്ക പാഴ്സലുകളിലേയും വിലാസങ്ങളിലുണ്ടായിരുന്നവരെ കണ്ടെത്താനായില്ല. തൃശൂര്‍, പാലക്കാട് ജില്ലകളിലേക്കുള്ളതായിരുന്നു കൂടുതല്‍ പാഴ്സലുകളും. ഹോസ്റ്റലുകള്‍, പേയിങ് ഗസ്റ്റുകളായി താമസിച്ച വീടുകള്‍ എന്നിവിടങ്ങളിലെ വിലാസങ്ങളായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഴ്സലുകളില്‍ ഉണ്ടായിരുന്നത്. ഈ വീടുകളിലും ഹോസ്റ്റലുകളിലും അന്വേഷണ സംഘം എത്തിയെങ്കിലും ഇവര്‍ ഇവിടെ നല്‍കിയ സ്ഥിരം മേല്‍ വിലസങ്ങള്‍ വ്യാജമായിരുന്നു. ഇത്തരത്തില്‍ മാറി മാറി വീടുകളിലും ഹോസ്റ്റലുകളിലും താമസിച്ചാണ് ന്യൂജെന്‍ കച്ചവടക്കാര്‍ പാഴ്സലുകള്‍ വരുത്തിയിരുന്നത്. പാഴ്സലുകളില്‍ നിന്ന് ലഭിച്ച വിലാസങ്ങളില്‍ വളരെക്കുറച്ച് പേരെ മാത്രമാണ് അന്വഷണ സംഘങ്ങള്‍ക്ക് പിടികൂടാനായത്. ഒരു ചലച്ചിത്ര നടന്റെ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് കച്ചവടം നടത്തിയ യുവാവിനും ലഹരിയെത്തുന്നതും വിദേശത്ത് നിന്നാണ്. ഇയാളുടെ ഇടപാടുകാര്‍ സമൂഹത്തിലെ ഉന്നതരാണ്. ഫ്ളാറ്റ് ഉടമയായ നടന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. അതേസമയം ചലച്ചിത്ര മേഖലയിലുള്ളവര്‍ പലരും ഈ വാടകക്കാരന്റെ സ്ഥിരം ഉപഭോക്താക്കളായിരുന്നു.
110 പാഴ്സലുകള്‍ കണ്ടെത്തിയതിന് പിന്നാലെ വിദേശത്ത് നിന്ന് വരുന്ന പാഴ്സലുകള്‍ കസ്റ്റംസ് കര്‍ശനമായ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഒരാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അതുല്‍ കൃഷ്ണ എന്ന നിയമ വിദ്യാര്‍ത്ഥി പിടിയിലായത്. ഇയാള്‍ ലഹരി ഉപയോഗിക്കുമെന്ന് മാതാപിതാക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. മകന്‍ ലഹരി കച്ചവടത്തില്‍ അകപ്പെട്ടു എന്നത് ഇവര്‍ക്ക് വിശ്വസിക്കാന്‍ പോലുമായില്ല.ഇതുപോലെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും കേരളത്തിലേക്ക് വരുന്നുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ അതുല്‍ കൃഷ്ണന്‍ ഷില്ലോങില്‍ നിന്ന് വിത്തുകള്‍ സഹിതമുള്ള കഞ്ചാവ് പാഴ്സലായി വരുത്തിയതും എക്സൈസ് കണ്ടെത്തിയിരുന്നു. ഗുണനിലവാരമാണ് 'വിദ്യാര്‍ത്ഥി കച്ചവടക്കാരുടെ' പ്രധാന വാഗ്ദാനം. സമൂഹത്തിലെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ ഇവരെ തേടിയെടുത്തുന്നതിനും ഇതാണ് കാരണം. അന്വേഷണ ഏജന്‍സികള്‍ പെട്ടെന്ന് സംശയിക്കുകയുമില്ല. ഓണ്‍ലൈന്‍ വിഴിയാണ് ചില്ലറ വില്‍പ്പനയും നടക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഫോണ്‍ വിളികളും മെസേജുകളുമായതിനാല്‍ പോലീസിനോ എക്സൈസിനോ പെട്ടെന്ന് തെളിവുകളും ലഭിക്കാറില്ല. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് തുടക്കത്തില്‍ രാസലഹരി വാങ്ങുന്നത്. പക്ഷേ വീര്യം കൂടിയ ലഹരിക്ക് വേണ്ടി വരുന്ന വന്‍ തുക കണ്ടെത്താന്‍ ക്രമേണ വില്‍പ്പനയിലേക്ക് കടക്കും. ഡാര്‍ക് വെബിലൂടെയാണ് വിദേശത്തക്കുള്ള ഇടപാടുകള്‍ നടത്തുന്നത്.
സ്ഥിരം ലഹരി കച്ചവട സംഘങ്ങള്‍ക്ക് വിദേശത്ത് നിന്നുള്ള രാസ ലഹരിയില്‍ അത്ര താല്‍പര്യമില്ല. സാധാരണ ഇന്ത്യയില്‍ ലഭിക്കുന്ന മയക്കുമരുന്നുകളക്കാള്‍ വിദേശത്ത് നിന്നുള്ളവയ്ക്ക് വിലക്കൂടുതലാണ്. ലോക്കല്‍ കച്ചവടക്കാര്‍ക്ക് ബംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ് രാസലഹരി എത്തിക്കുന്നത്. നൈജീരിയക്കാരുടെ നേതൃത്വത്തിലാണ് ഈ നഗങ്ങളില്‍ ഇവ നിര്‍മ്മിക്കുന്നത്. ഇതിനായി വിദേശത്ത് നിന്ന് കെമിസ്റ്റുകള്‍ എത്തുന്നുണ്ട്. 'കുക്കിങ്' എന്നാണ് എംഡിഎംഎ നിര്‍മ്മാണം അറിയപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന രാസലഹരികള്‍ക്ക് വീര്യവും ഗുണനിലവാരവുമില്ലെന്നാണ് ന്യൂജനറേഷന്‍ വിപണനക്കാരുടെ വാദം.
രാസലഹരി ഉപയോഗിക്കുന്നയാള്‍ക്ക് ഉടന്‍ മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള മായം ചേര്‍ക്കലും നടക്കുന്നുണ്ട്. അജിനോമോട്ടോ, ഷേവിങിന് ശേഷം മുറിവുകള്‍ ഉണങ്ങാനായി ഉപയോഗിക്കുന്ന ചൈനീസ് ആലം എന്നിവ എംഡിഎംഎയില്‍ ചേര്‍ക്കും. ഗ്രാമിന് 3000 മുതലാണ് ഈ രാസഹലഹരിയുടെ വില. അമിത ലാഭത്തിനായി ഇടനിലക്കാരാണ് ഇത്തരത്തില്‍ മായം ചേര്‍ക്കുന്നത്. ഇത് ഉപയോഗിക്കുന്നവരുടെ ആന്തരിക അവയവങ്ങളില്‍ മുറിവുണ്ടാക്കുകയും രക്തത്തില്‍ നേരിട്ട് കലര്‍ന്നാല്‍ അപ്പോള്‍ തന്നെ മരണം സംഭവിക്കുകയും ചെയ്യും. കൂടാതെ രാസലഹരികള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളും ലഹരികളെന്ന പേരില്‍ വില്‍ക്കുന്നുണ്ട്. അന്വേഷണ സംഘങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കുമ്പോഴാണ് ഇത് കണ്ടെത്തിയത്.
ഭൂരിഭാഗം പേരും എത്തുന്നത് ആത്മഹത്യയില്‍
തലസ്ഥാന നഗരത്തിലെ ജനറല്‍ ആശുപത്രിക്ക് സമീപം താമസിച്ചിരുന്ന ഒരു യുവാവ് രണ്ട് വര്‍ഷത്തിന് മുമ്പ് ചെന്നെയില്‍ വച്ച് മരിച്ചു. ഓടിക്കൊണ്ടിരുന്ന ഒരു സര്‍വ്വീസ് ബസിന്റെ പുറകിലത്തെ ചക്രത്തിനടിയിലേക്ക് എടുത്തു ചാടുകയായിരുന്നു. 15 വര്‍ഷത്തിലേറെയായി എക്സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഈ യുവാവ് പല തവണ ലഹരി മോചന കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതാണ്. 2010-11 സമയത്ത് ഇയാള്‍ കഞ്ചാവിന് അടിമയായിരുന്നു. പലപ്പോഴും രാസലഹരി പദാര്‍ത്ഥങ്ങളെക്കുറിച്ച് അന്വേഷണ സംഘങ്ങളോട് ഇയാള്‍ പറഞ്ഞിരുന്നു. ആ കാലഘട്ടത്തില്‍ ഈ ലഹരി പദാര്‍ത്ഥങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വമായിരുന്നു. പിന്നീട് രാസലഹരിക്ക് അടിമയായതോടെ വിമുക്തി ചികിത്സകളൊന്നും ഫലിക്കാതെയായി. ഒടുവില്‍ ദാരുണമായ തരത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. രാസ ലഹരിയുടെ കേരളത്തിലെ ആദ്യകാല ഉപഭോക്താക്കളില്‍ ഒരാളായാണ് ഈ യുവാവിനെ കണക്കാക്കുന്നത്.
തുടര്‍ന്ന് കുറ്റാന്വേഷണ ഏജന്‍സികള്‍ നടത്തിയ ചില പ്രാഥമിക പഠനങ്ങളില്‍ രാസലഹരിക്ക് അടിമയായ 25ല്‍ 10 പേരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഇവരെല്ലാം 25 വയസിന് താഴെ പ്രായമുള്ളവരായിരുന്നു. പലപ്പോഴും ബോധം നഷ്ടപ്പെട്ട് അതിദാരുണമായ തരത്തിലാണ് മരിക്കുന്നത്. അതുപോലെ തന്നെ പല ആത്മഹത്യകളുടേയും അപകട മരണങ്ങളുടേയും കാരണം രാസലഹരിയാണെന്ന് തരിച്ചറിയാതെ പോകുന്നുമുണ്ട്. തലസ്ഥാന നഗരത്തില്‍ എംഡിഎംഎ അമിത അളവില്‍ ഉപയോഗിച്ചിരുന്ന ഒരു ലഹരി കച്ചവടക്കാരനായ യുവാവ് മരിച്ചത് കട്ടിലോടെ കത്തിയെരിഞ്ഞാണ്. സ്വന്തം കയ്യിലുണ്ടായിരുന്ന ബീഡിയില്‍ നിന്ന് ഷീറ്റിലേക്ക് തീപടരുകയായിരുന്നു. അമിതമായ ലഹരിയിലായിരുന്ന ഇയാള്‍ക്ക് തീപിടിക്കുന്നത് തിരിച്ചറിയാന്‍ പോലുമായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
രാസലഹരിയുടെ അമിത ഉപയോഗം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതോടെ കാണാത്തത് കാണുകയും കേള്‍ക്കാത്തത് കേള്‍ക്കുകയും ചെയ്യും. പലപ്പോഴും തങ്ങളെ ആരോ ആക്രമിക്കുന്നവെന്ന് ഭയന്നാണ് ഇവര്‍ ആത്മഹത്യയില്‍ അഭയം തേടുന്നതെന്നും ഡോക്ടമാര്‍ ചൂണ്ടിക്കാട്ടുന്നു.രാസലഹരിക്ക് പൂര്‍ണ്ണമായും അടിമപ്പെട്ടവരെ തിരിച്ചെത്തിക്കുക എന്നത് തികച്ചും ദുഷ്‌കരമാണ്. പലരും പൂര്‍ണ്ണമായി മാനസിക രോഗികളായി മാറുകയോ, അല്ലെങ്കില്‍ അമിത ലഹരി ഉപയോഗിച്ച് മരിക്കുകയോ ചെയ്യുകയാണ് പതിവ്.
രണ്ടോ മൂന്നോ വര്‍ഷം സ്ഥിരം ഉപയോഗിച്ച് കഴിഞ്ഞാല്‍ മസ്തിഷ്‌കത്തിനടക്കം ശരീരത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുന്നതിനാല്‍ പത്തും പതിനഞ്ചും വര്‍ഷം വരെ ചികിത്സ വേണ്ടി വരും. എന്നാല്‍ കൃത്യമായ ചികിത്സ തുടരാതെ പലരും വീണ്ടും ഈ ലഹരികളിലേക്ക് തിരിച്ച് പോവുകയാണ് ചെയ്യുന്നത്. ലഹരി ഉപയോഗം കണ്ടെത്താന്‍ വൈകുന്നതാണ് ഇവരെ തിരിച്ചെത്തിക്കാനുള്ള പ്രധാന വെല്ലുവിളി. ചെറിയ രീതിയിലെ രാസലഹരി ഉപയോഗം തുടക്കത്തില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. പുറത്ത് ഇവരുടെ പെരുമാറ്റങ്ങള്‍ സാധാരണ പോലെ തന്നെ തോന്നും.വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാലേ മാറ്റങ്ങള്‍ കണ്ടെത്താനാവു. ചിലര്‍ക്ക് കണ്ണുകള്‍ ചുവന്നിരിക്കും. സ്വയം ഉള്‍വലിയുക, പെട്ടെന്ന് കാര്യമില്ലാതെ ദേഷ്യം വരിക, എന്നീ ലക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ കാണുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധ വയ്ക്കണമെന്നാണ് വിമുക്തി കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ചെറിയ സ്വഭാവ മാറ്റങ്ങള്‍ പോലും സൂക്ഷ്മായി രക്ഷിതാക്കളും അധ്യാപകരും നിരീക്ഷിക്കുക എന്നത് മാത്രമാണ് രാസലഹരി ഉപയോഗം തുടക്കത്തിലേ കണ്ടെത്താനുള്ള പ്രധാന മാര്‍ഗ്ഗം.
Content Highlights: Kerala faces a surge in synthetic drug use among students. Foreign-sourced drugs are sold online
Published: 10 Mar 2025, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented