ചൂടോടെ വിളമ്പിയിരുന്ന മഞ്ഞ റവ ഉപ്പുമാവിന്റെ കൊതിപ്പിക്കുന്ന മണം ഒന്നുകൊണ്ടുമാത്രം മുടങ്ങാതെ സ്‌കൂളിലെത്തിയിരുന്നൊരു തലമുറയുണ്ടായിരുന്നു കേരളത്തിൽ. വിശന്ന് അവശരായി ക്ലാസ് മുറികളിലിരുന്ന് ഉറക്കംതൂങ്ങിയിരുന്ന കുട്ടികൾക്ക് ആ കമ്പ റവയോളം മികച്ചൊരു വിഭവമുണ്ടായിരുന്നില്ല. വയറടങ്ങിയില്ലെങ്കിലും കിട്ടിയതിൽ പാതിമാത്രം കഴിച്ച് ബാക്കിയുള്ളത് പൊതിഞ്ഞു കൊണ്ടുപോയി വീട്ടിലുള്ളവർക്ക് പങ്കുവെച്ച സ്‌കൂളോർമകൾ അവരിൽ ചിലരെങ്കിലും മക്കളോടും കൊച്ചുമക്കളോടും പറഞ്ഞുകാണും. ഒരുകാലത്ത് സ്‌കൂളിലെ ഹാജർനില തന്നെ കൂട്ടിയത് ഈ മഞ്ഞ ഉപ്പുമാവായിരുന്നുവെന്ന് പലരും പാതി തമാശയായി പറയാറുണ്ട്. എന്നാൽ, അത് അക്ഷരാർഥത്തിൽ സത്യവുമായിരുന്നു.
ദാരിദ്ര്യനിർമാർജനത്തിനായി പ്രവർത്തിച്ചിരുന്ന കെയർ (കോ-ഓപ്പറേറ്റീവ് അമേരിക്കൻ റിലീഫ് എവരിവേർ) എന്ന യു.എസ്. സന്നദ്ധ സംഘടനയുടെ സഹായത്തോടെയായിരുന്നു 1960-കളുടെ തുടക്കത്തിൽ സംസ്ഥാനത്ത് റവ വിതരണം ചെയ്തിരുന്നത്. പിന്നീട് ഭക്ഷണവിതരണത്തിൽനിന്ന് സംഘടന പിൻവാങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ സർക്കാർ അന്ധാളിച്ചുപോയത് സ്വാഭാവികം. സൗജന്യ ഭക്ഷണവിതരണം തുടരാതെ പറ്റില്ലെന്ന് ഉറപ്പായപ്പോൾ പകരം സംവിധാനത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചുതുടങ്ങി. തമിഴ്‌നാട്ടിൽ ആദ്യമായി കെ. കാമരാജും പിന്നീട് എം.ജി.ആറും നടപ്പാക്കിയ പദ്ധതി മാതൃകയായി മുന്നിലുണ്ടായിരുന്നു.
1984-ൽ കേരളത്തിലെ പിന്നാക്കമേഖലയിലെ സർക്കാർ എൽപി സ്‌കൂളുകളിൽ തുടങ്ങിയ ഉച്ചക്കഞ്ഞി വിതരണം പിന്നീട് മുഴുവൻ സർക്കാർ, എയ്ഡഡ് എൽപി., യുപി സ്‌കൂളുകളിലേക്കും വ്യാപിച്ചു. സർക്കാരുകൾ മാറിവരവേ, പതിയെ കഞ്ഞിയിലെ വെള്ളംവറ്റി ചോറായി. ചോറും രണ്ടു കൂട്ടം കറിയുമെന്ന ഘട്ടവും കഴിഞ്ഞ് ഈ അധ്യയനവർഷം ഫ്രൈഡ് റൈസും പനീർ കറിയുമൊക്കെയുള്ള ന്യൂ ജൻ മെനു നടപ്പാക്കുമെന്ന പ്രഖ്യാപനവും വന്നുകഴിഞ്ഞു. കുട്ടികളെ കൊതിപ്പിക്കുന്ന വിഭവങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പുതുക്കിയ ഭക്ഷണ വിഭവപ്പട്ടിക കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചത്. എഗ് റൈസും ലെമൺ റൈസും വെണ്ടയ്ക്കാ മപ്പാസുമെല്ലാമുൾപ്പെട്ട 'പൊളി' വിഭവങ്ങൾ. നാടൻ ഇനങ്ങളെയും മറക്കാത്ത മെനു ചക്കക്കുരുപ്പുഴുക്കും മുരിങ്ങയിലത്തോരനും മാങ്ങാച്ചമ്മന്തിയുമൊക്കെകൊണ്ട് സമൃദ്ധം. ആഴ്ചയിലൊരിക്കൽ പായസമോ റാഗി കൊഴുക്കട്ടയോ ഇലയടയോ ഒക്കെ ആവാമെന്ന വായിൽ വെള്ളമൂറിക്കുന്ന നിർദേശവുമുണ്ട്.
ആഹാ എന്ന് പറയാൻവരട്ടെ...
പുതുക്കിയ മെനു ഗംഭീരമെന്നു പറയാത്തവരായി ആരുമില്ല. ഏറ്റവും സന്തോഷം കുട്ടികൾക്കുതന്നെ. ഉച്ചഭക്ഷണ പദ്ധതിയിൽ പേര് കൊടുത്തില്ലല്ലോ എന്നു സങ്കടപ്പെടുന്നവർവരെ അക്കൂട്ടത്തിലുണ്ട്. എന്നാൽ, വെജ് ബിരിയാണിയും എഗ് റൈസുമെല്ലാം കഴിച്ചുതുടങ്ങിയാൽ അവരുടെ മുഖമൽപ്പം വാടാനിടയുണ്ട്. കയമ/ ജീരകശാല അരിയും മസാലയും നെയ്യുമൊക്കെ ചേർന്നുള്ള ബിരിയാണിമണം സ്‌കൂൾ പരിസരത്ത് പരക്കും എന്നാണ് അവരുടെ പ്രതീക്ഷ. പക്ഷേ, ഇപ്പോൾ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്ന സമ്പുഷ്ടീകരിച്ച അരികൊണ്ടുതന്നെയാണ് ബിരിയാണിയും പാകം ചെയ്യേണ്ടതെന്ന് സർക്കാർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം കുട്ടികളോട് ആദ്യമേ പറയുന്നത് നന്നാവും. അത്രയ്ക്കങ്ങോട്ട് പ്രതീക്ഷ വേണ്ടല്ലോ.
പുതുക്കിയ വിഭവങ്ങൾ കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒന്നിച്ചുവന്നെന്നാണ് സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ മേൽനോട്ടച്ചുമതലയുള്ള പ്രഥമാധ്യാപകർ പറയുന്നത്. ഇപ്പോൾ സർക്കാർ നൽകുന്ന പണം കൊണ്ട് ഇത്രയൊക്കെ ആർഭാടമാക്കാനാവുമോ എന്നാണ് വേവലാതി. എൽപി സ്‌കൂളിലെ ഒരു കുട്ടിക്ക് ദിവസം 6.78 രൂപയും അഞ്ച് മുതൽ എട്ടുവരെയുള്ള ക്ലാസിലെ കുട്ടിക്ക് 10.17 രൂപയും വീതമാണ് സർക്കാർ നൽകുന്നത്. ഇതിന്റെ 60 ശതമാനം കേന്ദ്രത്തിന്റേതും 40 ശതമാനം സംസ്ഥാനത്തിന്റേതുമാണ്. ഇതനുസരിച്ച് നൂറു കുട്ടികൾ ഉച്ചഭക്ഷണപദ്ധതിയിലുൾപ്പെട്ട ഒരു എൽപി സ്‌കൂളിൽ ദിവസം 678 രൂപയാണ് കിട്ടുക. ഇതിൽ 407 രൂപ കേന്ദ്രവും ബാക്കി സംസ്ഥാനവും നൽകും. ചോറിനുള്ള അരി സൗജന്യമായി കിട്ടും. ബാക്കി പച്ചക്കറികളും പയറുവർഗങ്ങളും പലവ്യഞ്ജനങ്ങളും തേങ്ങയുമെല്ലാം വാങ്ങേണ്ടത് ഈ പണമുപയോഗിച്ചാണ്.
നൂറുകുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുമ്പോൾ ഒരു സിലിണ്ടർ ഗ്യാസ് മൂന്നോ നാലോ ദിവസം കിട്ടുമെന്നാണ് അധ്യാപകർ പറയുന്നത്. അങ്ങനെവരുമ്പോൾ 678-ൽ 250-300 രൂപ ആ വഴിക്ക് പോകും. ബാക്കികൊണ്ട് വേണം മപ്പാസും കുറുമയും പനീറുമൊക്കെ വിളമ്പാൻ. നൂറു കുട്ടികളുള്ള എൽപി സ്‌കൂളിൽ മാസം 20 ദിവസം പ്രവൃത്തി ദിനങ്ങളായാൽ കിട്ടുന്ന സർക്കാർ വിഹിതം 13,560 രൂപയാണ്. എന്നാൽ, മാറിവരുന്ന മെനു നടപ്പാക്കുമ്പോൾ ഇതിന്റെ ഇരട്ടിയെങ്കിലും പണം ചെലവിടേണ്ടിവരും. അതേസമയം, കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഇത്രമാത്രം പ്രതിസന്ധിയില്ലെന്നും അധ്യാപകർ സമ്മതിക്കുന്നുണ്ട്.
ഓരോ പ്രായത്തിലുമുള്ള കുട്ടിക്കും വേണ്ട അരിയുടെയും പയറുവർഗങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം അളവ് ഉച്ചഭക്ഷണപദ്ധതിപ്രകാരം നിശ്ചയിച്ചുനൽകിയിട്ടുണ്ട്. അളവും ഗുണവും കുറഞ്ഞ് പേരിനൊരു കറിയെന്ന മട്ടിലേക്കു വിഭവങ്ങൾ മാറുമ്പോൾ കുട്ടികൾക്ക് മതിയായ പോഷണം ലഭിക്കാതെ പോവുന്ന സ്ഥിതിയാവും. കുട്ടികളുടെ മാനസിക, ശാരീരിക വികാസത്തിനും വളർച്ചയ്ക്കും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും പര്യാപ്തമായ പോഷകമൂല്യങ്ങളടങ്ങിയ ഭക്ഷണവിഭവങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധനയോടെ ഒരു സാമ്പിൾ മെനു നൽകുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇതനുസരിച്ച് സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റിക്ക് സ്വന്തം നിലയിൽ വിഭവങ്ങൾ നിശ്ചയിക്കാമായിരുന്നു.
പ്രാദേശികമായി ലഭ്യമായിരുന്നതും സീസണനുസരിച്ച് വിലക്കുറവുള്ളതുമായ പച്ചക്കറികൾ ഉൾപ്പെടുത്തിയും മറ്റും ചെലവുകുറച്ചാണ് നിലവിൽ പിടിച്ചുനിന്നത്. ഇനി മുതൽ സർക്കാർ നിശ്ചയിച്ചു നൽകിയ മെനു നടപ്പാക്കേണ്ടിവരുമ്പോൾ പ്രഥമാധ്യാപകരുടെ നെട്ടോട്ടം കൂടുമെന്നർഥം. സർക്കാരിൽനിന്ന് കിട്ടേണ്ട പണം മാസങ്ങൾ കുടിശ്ശികയായപ്പോൾ പല അധ്യാപകരും കയ്യിലുള്ള സ്വർണംവരെ പണയംവെച്ച് കടം വീട്ടുന്നത് പോയവർഷങ്ങളിൽ നമ്മൾ കണ്ടതാണ്. പലപ്പോഴും കുടിശ്ശികയ്ക്കായി അധ്യാപകർക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിയും വന്നു. ഇന്നും കേസ് കോടതിയിൽ തീർപ്പാകാതെ കിടക്കുകയാണ്.
കടക്കാരനാവുന്ന പ്രഥമാധ്യാപകർ
മുൻകാലങ്ങളിൽ അധ്യയനവർഷം ആദ്യം തന്നെ കേന്ദ്രം ആദ്യ ആറുമാസത്തേക്കുള്ള വിഹിതം നൽകിയിരുന്നതിനാൽ കുടിശ്ശികക്കഥ കേട്ടിരുന്നില്ല. മൂന്നുവർഷത്തോളമായി കേന്ദ്രം പണമനുവദിക്കുന്ന രീതി മാറ്റിയതോടെ സംസ്ഥാന സർക്കാർ വെട്ടിലായി. ഓരോ മാസവും ചെലവഴിച്ച തുകയുടെ കണക്ക് നൽകിയ ശേഷം മാത്രമേ ഇപ്പോൾ കേന്ദ്രം പണമനുവദിക്കുകയുള്ളൂ. ഇതനുസരിച്ച് സ്വാഭാവികമായിതന്നെ ഓരോ മാസത്തെയും പണം വൈകും. ഇതിനുപുറമേ, ഉദ്യോഗസ്ഥതലത്തിലുള്ള കാലതാമസവും കൂടിയാവുമ്പോൾ കുടിശ്ശികവിതരണം രണ്ടും മൂന്നും മാസം വൈകിയേക്കും. പച്ചക്കറിക്കാരനും പലവ്യഞ്ജനക്കടക്കാരും പ്രഥമാധ്യാപകരെ തപ്പി ഇറങ്ങുമ്പോൾ സ്വന്തം കൈയിൽനിന്ന് പണം നൽകിയാണ് പലരും മുഖം രക്ഷിക്കുന്നത്. ചിലരാണെങ്കിൽ ഒളിച്ചുനടക്കേണ്ട ഗതികേടിലുമാവുന്നു.
സ്‌കൂളിൽ അക്കാദമിക്കായ നൂറുകൂട്ടം പണികൾ മാറ്റിവെച്ചാണ് പ്രഥമാധ്യാപകരും ഉച്ചഭക്ഷണച്ചുമതലയുള്ള മറ്റ് അധ്യാപകരും ഇതിനു പിന്നാലെ ഓടേണ്ടിവരുന്നത്. മുൻവർഷങ്ങളിൽ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ പ്രഥമാധ്യാപകന്റെ ചുമതല ഏറ്റെടുക്കാൻ പലരും മടി കാണിച്ച സ്ഥിതിവരെയുണ്ട്. അധ്യാപകരുടെ സമയം പൂർണമായും പഠനമേഖലയിൽ ചെലവഴിക്കാനായി സ്‌കൂൾ ഭക്ഷണച്ചുമതല തങ്ങളിൽനിന്ന് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. പ്രാദേശിക സർക്കാറുകൾക്ക് പങ്കുള്ള കമ്യൂണിറ്റി കിച്ചൺ സംവിധാനമടക്കമുള്ള മാതൃകകളാണ് അധ്യാപകർ മുന്നോട്ടുവെയ്ക്കുന്നത്.

മായാജാലമറിയില്ലെന്ന് പാചകത്തൊഴിലാളികൾ
പുതുക്കിയ മെനു നടപ്പാക്കുമ്പോൾ സർക്കാർ കാണാതെപോയ മറ്റൊരു പ്രധാന കാര്യം പാചകത്തൊഴിലാളികളുടെ വർധിച്ച അധ്വാനമാണ്. നിലവിൽ അഞ്ഞൂറ് കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന രീതിയിലാണ് നിയമനം. അഞ്ഞൂറിൽ കൂടുതൽ എത്ര കുട്ടികളായാലും രണ്ടുപേർ മാത്രമേ പാടുള്ളൂ. കഞ്ഞിയും പയറും മാത്രം വിതരണംചെയ്ത കാലത്തെ അനുപാതമാണിത്. 13,500- ഓളം ജീവനക്കാരാണ് ഇന്ന് സംസ്ഥാനത്തുള്ളത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകളാണ് ബഹുഭൂരിപക്ഷവും. നല്ലൊരു ശതമാനം 50-നുമുകളിൽ പ്രായമുള്ളവരുമാണ്.
രാവിലെ മുതൽ വൈകീട്ടുവരെയുള്ള നടുവൊടിയുന്ന ജോലിയുടെ കൂലി ദിവസം 600-675 രൂപയാണ്. മാസം 12500 മുതൽ 13500 വരെ(മാസം 600 രൂപയാണ് കേന്ദ്രം നൽകുന്നത്) ഉച്ചഭക്ഷണത്തിനുപുറമേ, ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും തയ്യാറാക്കി നൽകണം. പാത്രങ്ങളും അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട ചുമതലയും ഇവർക്കുതന്നെയായതിനാൽ കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ സഹായികളില്ലാതെ പറ്റില്ല.
ഉച്ചഭക്ഷണ വിഭവങ്ങൾ മാറുന്നതിനനുസരിച്ച് കൂടിവരുന്ന ജോലി ചെയ്തുതീർക്കാനാവാതെ അവരിൽ പലരും ഇന്ന് സഹായികളെവെച്ച് സ്വന്തം വേതനം വീതിച്ചുനൽകുകയാണ്. ഒറ്റയ്‌ക്കൊ'രാൾക്ക് ചെയ്തുതീർക്കാൻ കഴിയുന്നതിനുമപ്പുറം ജോലികളുള്ളതിനാൽ ചില സ്‌കൂളുകൾതന്നെ രണ്ടുപേർ വേണമെന്ന് നിർബന്ധം പറയുന്ന സ്ഥിതിയുണ്ട്. അപ്പോഴും നിലവിലുള്ള തൊഴിലാളിയുടെ 600 രൂപ വീതംവെച്ചാണ് സഹായിയെനിർത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കൂലിയാണ് കേരളത്തിൽ ലഭിക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ ഭാഷ്യം. എന്നാൽ, ഇവിടുത്തെ ഉയർന്ന ജീവിതച്ചെലവുകൂടി കാണണമെന്നാണ് സർക്കാരിനോട് തൊഴിലാളികൾ പറയുന്നത്. നാലുവർഷമായി ഒരു രൂപപോലും വേതനവർധനവ് വരുത്തിയിട്ടില്ലെന്നും ഇവർ പരാതി പറയുന്നു.
250 കുട്ടികൾക്ക് ഒരു തൊഴിലാളിയെന്ന അനുപാതം 2016-ലെ മിനിമം കൂലി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒമ്പതു വർഷം പിന്നിട്ടിട്ടും നടപ്പായിട്ടില്ല. കുട്ടികൾക്ക് ഫ്രൈഡ് റൈസും വെജ് ബിരിയാണിയുമെല്ലാം വിളമ്പാൻ സന്തോഷമേയുള്ളൂ. എന്നാൽ, 500 കുട്ടികൾക്ക് മുരിങ്ങയിലത്തോരനും ചക്കക്കുരുപ്പുഴുക്കുമൊക്കെ തയ്യാറാക്കാൻ ഒരാളെക്കൊണ്ട് പറ്റുന്ന മായാജാലം തങ്ങൾക്ക് വശമില്ലെന്നാണ് ഇവർ പറയുന്നത്.
Content Highlights: kerala-school-midday-meal-upgrade
Published: 25 Jun 2025, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented