2023ല്‍ സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം നേടിയ, ഹാര്‍വാഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ക്ലോഡിയ ഗോള്‍ഡിന്റെ ഗവേഷണം തൊഴില്‍ വിപണി പങ്കാളിത്തത്തിലെ ലിംഗപരമായ അസമത്വമെന്ന വിഷയത്തെ വീണ്ടും മുഖ്യധാരാ ചര്‍ച്ചകളിലേക്ക് നയിച്ചിരിക്കുന്നു. ഈ രംഗത്തെ ഗവേഷണത്തിനാണ് പ്രൊഫ. ക്ലോഡിയ ഗോള്‍ഡിന് 2023-ലെ നൊബേല്‍ പുരസ്‌കാരം കിട്ടിയത്. ഒരുവശത്ത്, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യ ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഉയര്‍ന്നുവരുകയും ചെയ്യുന്നു. മറുവശത്ത്, രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍വിപണിയിലെ പങ്കാളിത്തം പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവായി തുടരുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തില്‍, ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തുള്ള രാജ്യത്തെ സ്ത്രീകള്‍ തൊഴില്‍വിപണിയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്. 

To advertise here,

ലിംഗ അസമത്വത്തിന്റെ ആഗോളചിത്രം 

സമീപവര്‍ഷങ്ങളില്‍ ആഗോളതലത്തില്‍തന്നെ തൊഴില്‍വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞു. സാമ്പത്തിക അവസരങ്ങളുടെ മറ്റ് സൂചകങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള കാര്യമായ അന്തരം പ്രകടമാണ്. വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു.ഇ.എഫ്.) പുറത്തുവിട്ട 2023-ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ടില്‍ 146 രാജ്യങ്ങളില്‍ 127-ാം സ്ഥാനത്താണ് ഇന്ത്യ. 14 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാംറാങ്കില്‍ തുടരുന്ന ഐസ്ലന്‍ഡാണ് ലോകത്തിലെ ഏറ്റവും ലിംഗസമത്വമുള്ള രാജ്യം. ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ റാങ്ക് പരിശോധിക്കുമ്പോള്‍ ബംഗ്ലാദേശ് (59), ഭൂട്ടാന്‍ (103), ചൈന (107), ശ്രീലങ്ക (115), നേപ്പാള്‍ (116) പാകിസ്താന്‍ (142) എന്നിങ്ങനെയാണ്. 
സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് വേതന വ്യത്യാസം (Gender Pay Gap) ആണ്. ഈ വിടവ് ലോകമെമ്പാടും വ്യാപകമായ ഒരു പ്രശ്‌നമാണ്. തുല്യജോലിക്ക് സ്ത്രീകള്‍ക്ക് ഇപ്പോഴും പുരുഷന്മാരേക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നത്. തൊഴില്‍പരമായ വേര്‍തിരിവ്, അസമമായ അവസരങ്ങള്‍, ലിംഗാധിഷ്ഠിത വേതന വിവേചനം എന്നിവയുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളുടെ പരസ്പരബന്ധം മൂലമാണ് ഈ വിടവ് സൃഷ്ടിക്കപ്പെടുന്നത്. വിവാഹവും മാതൃത്വവും ഒരു ശിക്ഷയായി വനിതകള്‍ക്ക് നേരിടേണ്ടിവരുന്നുവെന്നതാണ് വസ്തുത. അമ്മയാകുമ്പോള്‍ അവരുടെ വരുമാനസാധ്യതയും തൊഴിലവസരങ്ങളും കുറയുന്നു. ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും സന്തുലിതമാക്കുന്നത് (work-life balance) സ്ത്രീകള്‍ക്ക് വലിയ വെല്ലുവിളിയായി തുടരുന്നു. തൊഴില്‍ശക്തിയില്‍ ലിംഗസമത്വം കൈവരിക്കുക എന്നത് കേവലം സാമൂഹികനീതിയുടെ മാത്രം കാര്യമല്ല; മറിച്ച് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും അത്യന്താപേക്ഷിതമാണ്.

placeholder
ക്ലോഡിയ ഗോൾഡിൻ | ഫോട്ടോ: എ.പി.
ക്ലോഡിയ ഗോൾഡിൻ | ഫോട്ടോ: എ.പി.

സമീപകാല തെളിവുകള്‍

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ.) ഡേറ്റ പ്രകാരം ഇന്ത്യയിലെ തൊഴില്‍മേഖലയിലെ ലിംഗപരമായ വ്യത്യാസം 50.9 ശതമാനമാണ്. പുരുഷന്‍മാരുടെ പങ്കാളിത്തം 70.1 ശതമാനമാണെങ്കില്‍ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19.2 ശതമാനം മാത്രമേയുള്ളൂ.

അതായത് ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ അഞ്ചില്‍ ഒരാള്‍ മാത്രമാണ് തൊഴില്‍സേനയില്‍ സജീവമായുള്ളത്. അതേസമയം, പുരുഷന്മാരില്‍ മൂന്നില്‍ രണ്ടുഭാഗവും തൊഴില്‍ വിപണിയിലുണ്ട്. 

ഐ.എല്‍.ഒ. നടത്തിയ പഠനത്തില്‍, ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവിവാഹിതരെ അപേക്ഷിച്ച് ജോലി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (CMIE) ഡേറ്റ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 2005-ല്‍ 32 ശതമാനം ആയിരുന്നത് 2021-ല്‍ 19 ശതമാനമായി കുറഞ്ഞുവെന്നാണ്. ലോകബാങ്കിന്റെ ഡേറ്റ പ്രകാരം രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 1990-ല്‍ 28.6 ശതമാനമായിരുന്നുവെങ്കില്‍ 2020-ല്‍ അത് 20.8 ശതമാനമായി ചുരുങ്ങിയെന്ന് കാണാം. 
അതേസമയം, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ലേബര്‍ സര്‍വേയില്‍ പറയുന്നത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കൂടിയെന്നാണ്. എന്‍.എസ്.എസ്.ഒ. നടത്തിയ 2021-22-ലെ പീരിയോഡിക് ലേബര്‍ സര്‍വേ രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് ആഗോള ശരാശരിയേക്കാള്‍ താഴെയാണെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്. പക്ഷേ, 15 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 2017-18 വര്‍ഷങ്ങളില്‍ 23.3 ശതമാനമായിരുന്നത് വര്‍ധിച്ച് 2021-22 വര്‍ഷങ്ങളില്‍ 32.8 ശതമാനത്തിലെത്തി എന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുന്നതും പ്രത്യുത്പാദന നിരക്കുകളിലെ ഇടിവുമാണ് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിക്കുന്നതിന് പ്രേരകശക്തിയായി മാറിയതിന് കാരണമെന്നും സര്‍വ്വേ വിലയിരുത്തുന്നു. വിവിധ ഏജന്‍സികളില്‍നിന്ന് ലഭിക്കുന്ന ഡേറ്റ വ്യത്യസ്തമാണെങ്കിലും രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന യാഥാര്‍ഥ്യത്തെ എല്ലാ ഫലങ്ങളും ഊട്ടിയുറപ്പിക്കുന്നുണ്ട്.
ഇന്ത്യന്‍ തൊഴില്‍വിപണിയിലെ കുറഞ്ഞ സ്ത്രീ തൊഴില്‍പങ്കാളിത്തവും കുറഞ്ഞ വേതനവും പരസ്പരബന്ധിതമായ വെല്ലുവിളികളാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ വേതനനിരക്ക് സൂചികയില്‍നിന്നുള്ള (WRI) ഡേറ്റ, ഗ്രാമീണ കര്‍ഷകത്തൊഴിലാളികള്‍, വ്യാവസായികത്തൊഴിലാളികള്‍, കാഷ്വല്‍ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് സ്ഥിരമായി പുരുഷന്മാരെക്കാള്‍ വേതനം കുറവാണെന്ന് വെളിപ്പെടുത്തുന്നു. ലിംഗപരമായ പരമ്പരാഗതറോളുകള്‍ക്ക് ഊന്നല്‍ നല്‍കുന്നതും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യസംസ്‌കാരവുമാണ് ഇന്ത്യയിലെ പ്രധാന പ്രശ്‌നമായി വിലയിരുത്തപ്പെടുന്നത്. സ്ത്രീകളെ പ്രാഥമികമായി 'വീട്ടമ്മ'മാരായും പരിചരണം നല്‍കുന്നവരായും കണക്കാക്കുന്നു. ഈ ലിംഗമാനദണ്ഡങ്ങള്‍ സ്ത്രീകളെ വീടിനു പുറത്ത് തൊഴില്‍ തേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. ഇത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാമൂഹികകാരണങ്ങളാല്‍ പെണ്‍കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ അവര്‍ വൈദഗ്ധ്യമില്ലായ്മയിലേക്ക് നയിക്കപ്പെടുകയും അത് തൊഴിലവസരങ്ങളില്ലാതാക്കുകയും ചെയ്യുന്നു. ഈ വിദ്യാഭ്യാസ/വൈദഗ്ധ്യ അസമത്വം വേതനവ്യത്യാസം വര്‍ധിക്കുന്നതിന് പ്രധാന കാരണമാണ്. ഇന്ത്യയില്‍ കൃഷി, വീട്ടുജോലി, കുടില്‍വ്യവസായം തുടങ്ങിയ കുറഞ്ഞ വേതനം ലഭിക്കുന്നതും അനൗപചാരികവുമായ മേഖലകളിലാണ് സ്ത്രീകള്‍ പലപ്പോഴും കേന്ദ്രീകരിച്ചിരിക്കുന്നത്. ഔപചാരിക തൊഴില്‍ നല്‍കുന്ന സുരക്ഷയും ആനുകൂല്യങ്ങളും ഈ മേഖലയില്‍നിന്ന് ലഭിക്കുന്നില്ല. ശിശുപരിപാലനവും ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുമുള്‍പ്പെടെ ശമ്പളമില്ലാത്ത പരിചരണജോലിയുടെ ആനുപാതികമല്ലാത്ത ഭാരവും രാജ്യത്തെ സ്ത്രീകള്‍ ചുമക്കുന്നു. ഈ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ ഔപചാരിക ജോലിയിലേര്‍പ്പെടാനോ ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ക്ക് അപേക്ഷിക്കാനോ ഉള്ള അവരുടെ കഴിവുകള്‍ പരിമിതപ്പെടുന്നു.

ഇരട്ടഭാരം

ഇന്ത്യയിലെ സ്ത്രീകളനുഭവിക്കുന്ന ജോലിയുടെ 'ഇരട്ടഭാര'വും (Double burden of work) തൊഴില്‍ പങ്കാളിത്തനിരക്ക് കുറയുന്നതിന് കാരണമായിമാറുന്നു. ഇരട്ടഭാരമെന്നത് ഗാര്‍ഹികവും തൊഴില്‍പരവുമായ ഉത്തരവാദിത്വങ്ങള്‍ ഒരേസമയം നിറവേറ്റുന്നതിനെയാണ് സൂചിപ്പിക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേ നടത്തിയ കുടുംബങ്ങളുടെ സമയവിനിയോഗത്തെക്കുറിച്ചുള്ള സര്‍വേ ഫലങ്ങള്‍ (Time Use Survey, 2019) സ്ത്രീകളുടെ ഇരട്ടഭാരത്തെക്കുറിച്ച് കൃത്യമായ ഉള്‍ക്കാഴ്ച നല്‍കുന്നു.
ഒരു ഇന്ത്യന്‍ സ്ത്രീ ശരാശരി നാലുമണിക്കൂറില്‍ കൂടുതല്‍ (അതായത്, 243 മിനിറ്റ്) ശമ്പളമില്ലാത്ത പരിചരണപ്രവര്‍ത്തനങ്ങള്‍, ഗാര്‍ഹികസേവനം എന്നിവയ്ക്കായി ചെലവഴിക്കുന്നു. ഇത് പുരുഷന്‍ ചെയ്യുന്ന ശരാശരിയായ 25 മിനിറ്റിന്റെ പത്തിരട്ടിയാണ്. സ്ത്രീ തന്റെ സമയത്തിന്റെ 19.5 ശതമാനവും വേതനമില്ലാത്ത വീട്ടുജോലികളിലോ ശമ്പളമില്ലാത്ത പരിചരണസേവനങ്ങളിലോ ഏര്‍പ്പെടുന്നു. എന്നാല്‍, 24 മണിക്കൂര്‍ കാലയളവിന്റെ 2.5 ശതമാനം മാത്രമാണ് പുരുഷന്മാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്.
57.3 ശതമാനം പുരുഷന്മാര്‍ തൊഴിലിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുമ്പോള്‍, രാജ്യത്തെ സ്ത്രീകളുടെ അനുപാതം 18.4 ശതമാനമാണെന്നാണ് 'ടൈം യൂസ് സര്‍വേ ഫലം' വെളിപ്പെടുത്തുന്നത്. നഗരപ്രദേശങ്ങളില്‍ തൊഴിലിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ 16.7 ശതമാനമാണെങ്കില്‍ ഗ്രാമപ്രദേശങ്ങളില്‍ അത് 19.2 ശതമാനമാണ്. ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ 53.2 ശതമാനം പേരും ശമ്പളമില്ലാതെ ഗാര്‍ഹികസേവനങ്ങളിലേര്‍പ്പെട്ടിരുന്നു. ഈ വിഭാഗത്തിലെ പുരുഷന്മാരുടെ അനുപാതം 26.1 ശതമാനവും സ്ത്രീകളുടെ അനുപാതം 81.2 ശതമാനവുമാണെന്നത് സ്ത്രീകള്‍ തങ്ങളുടെ അധ്വാനശക്തി വീടുകളില്‍ത്തന്നെ ചെലവഴിക്കുകയാണെന്ന് വ്യക്തമാക്കുന്നു. വീട്ടുജോലി, പാചകം, ശിശുപരിപാലനം, വീട്ടിലെ പ്രായമായ അംഗങ്ങളുടെ പരിചരണം എന്നിവ ഇതിലുള്‍പ്പെടുന്നു. തൊഴിലിന്റെ ഈ അസമമായ വിതരണം സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, സാമ്പത്തികാവസരങ്ങള്‍, മൊത്തത്തിലുള്ള ക്ഷേമം എന്നിവയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് നയരൂപവത്കരണവിദഗ്ധര്‍ വിലയിരുത്തുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച 'ഇന്ത്യയിലെ സ്ത്രീകളുടെ തൊഴില്‍ വിനിയോഗം' (female labour utilization in india) എന്ന റിപ്പോര്‍ട്ട് സ്ത്രീകള്‍ തൊഴില്‍വിപണിയില്‍ എത്തിച്ചേരാത്തതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നു (പട്ടിക 2 കാണുക). തൊഴില്‍സേനയ്ക്ക് പുറത്തുള്ള മൊത്തം സ്ത്രീകളില്‍ 44.5 ശതമാനത്തോളം സ്ത്രീകള്‍ ശിശുപരിപാലനത്തിലും തങ്ങളുടെ കുടുംബപരമായ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കേണ്ടതായി വരുന്നു. 33.6 ശതമാനം സ്ത്രീകള്‍ തങ്ങളുടെ വിദ്യാഭ്യാസം തുടരേണ്ടതിനാല്‍ തൊഴില്‍ സേനയില്‍ ചേരുന്നതിന് തയ്യാറാവുന്നില്ല എന്നും ഈ ഗവേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഗിഗ് ഇക്കോണമിയും പ്രാതിനിധ്യവും

സ്ഥിരമായ ജോലികള്‍ക്കു പകരം ഹ്രസ്വകാല കരാറുകളോ ഫ്രീലാന്‍സ് ജോലികളോ ഉള്ള തൊഴില്‍ വിപണിയെയാണ് ഗിഗ്/പ്ലാറ്റ്‌ഫോം ഇക്കണോമിയായി പരിഗണിക്കുന്നത്. ഇന്ത്യയില്‍ സാങ്കേതികവിദ്യ, മാറുന്ന തൊഴില്‍ മുന്‍ഗണനകള്‍, സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഗിഗ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മറ്റുപല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ തൊഴിലാളി പങ്കാളിത്ത നിരക്ക് വളരെ കുറഞ്ഞതാണ്. ഗിഗ് സമ്പദ്വ്യവസ്ഥയില്‍ നിരവധി തൊഴിലവസരങ്ങള്‍ നല്‍കുമ്പോഴും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് അവിടെയും കുറവാണ്. മെട്രോ നഗരങ്ങളില്‍പോലും ഗതാഗത മേഖലകളിലും ഭക്ഷണ വിതരണ ശൃംഖലകളിലും സ്ത്രീ പങ്കാളിത്തം നന്നേ കുറവാണ്. സ്ത്രീസുരക്ഷ, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സ്ത്രീകളെ രാത്രിസമയങ്ങളിലെ ജോലികളില്‍നിന്ന് പിന്തിരിപ്പിക്കുന്നതിന് പിന്നിലുണ്ട്. രാത്രികാല ജോലികളില്‍ ഏര്‍പ്പെട്ടാല്‍ സ്ത്രീകള്‍ വീട്ടുജോലിയുംകൂടി നോക്കേണ്ടിവരുന്ന സാഹചര്യം പലപ്പോഴും ഉണ്ടായേക്കാം. ചുരുക്കിപ്പറഞ്ഞാല്‍, ഗിഗ് ഇക്കോണമിക്ക് വേതനത്തില്‍ ലിംഗസമത്വമുണ്ടെങ്കിലും പ്രാതിനിധ്യത്തില്‍ ഈ സമത്വം പ്രായോഗികമാകുന്നില്ല.
കേരളവും വിഭിന്നമല്ല

സാക്ഷരതാ നിരക്കും ആരോഗ്യപരിരക്ഷയും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മാനവിക വികസന സൂചികകള്‍ക്ക് ഇന്ത്യന്‍ സംസ്ഥാനമായ കേരളം പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ലിംഗാനുപാതത്തിലെ (sex ratio) ദേശീയ ശരാശരിയായ 943-നെ അപേക്ഷിച്ച് സംസ്ഥാനത്തിന് 1,084 എന്ന മികച്ച ലിംഗാനുപാതമുണ്ട്. എന്നിരുന്നാലും, ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറവാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ പുതിയ കണക്കുകള്‍ ഈ അവസ്ഥ വെളിപ്പെടുത്തുന്നു (പട്ടിക 3 കാണുക). 
പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയില്‍ (PLFS) ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2017-18-ല്‍ കേരളത്തിലെ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 16.3 ശതമാനമായിരുന്നുവെങ്കില്‍ ഇതേ കാലയളവില്‍ 23.3 ശതമാനമായിരുന്നു ദേശീയ ശരാശരി. 2020-21-ല്‍ സംസ്ഥാനത്തെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തത്തില്‍ നേരിയ വര്‍ധന പ്രകടമാകുമ്പോഴും രാജ്യത്തിന്റെ ശരാശരിക്കു താഴെ തന്നെയാണ് ഇത് രേഖപ്പെടുത്തിയത്. കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്യമായ വ്യത്യാസമുണ്ടെന്ന് ജഘഎട ഡേറ്റ കാണിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് 25.6 ശതമാനമാണെങ്കില്‍ നഗരപ്രദേശങ്ങളില്‍ ഇത് 20.8 ശതമാനം മാത്രമേയുള്ളൂ. ചുരുക്കത്തില്‍, വര്‍ഷങ്ങളായി ദേശീയ ശരാശരിയെക്കാളും വളരെ താഴ്ന്ന നിരക്കിലാണ് കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്.

തൊഴിലിന്റെ ഭാവിയും ലിംഗസമത്വവും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകളുടെ മുന്നേറ്റങ്ങള്‍, ജനസംഖ്യാനുപാതത്തിലെ മാറ്റങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയിലെ തൊഴിലിന്റെ ഭാവി വലിയൊരു പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഭാവി തൊഴില്‍ശക്തിയെ രൂപപ്പെടുത്തുന്നതിലും സാമ്പത്തിക വളര്‍ച്ചയ്ക്കും നവീകരണത്തിനും സാമൂഹിക വികസനത്തിനും സംഭാവന നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതില്‍ രാജ്യത്തെ സ്ത്രീകള്‍ പൊതുവേ പോസിറ്റീവായാണ് പ്രതികരിക്കുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ഐടി, സോഫ്റ്റ്വേര്‍ വ്യവസായങ്ങളില്‍ കാണുന്ന പങ്കാളിത്തം. എന്നിരുന്നാലും, ഡിജിറ്റല്‍ ലിംഗ വിഭജനത്തെ അഭിസംബോധന ചെയ്യുന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളിലെ പരിശീലനത്തിനും തൊഴിലിനും സ്ത്രീകള്‍ക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കേണ്ടത് ആവശ്യമാണ്. സമീപവര്‍ഷങ്ങളില്‍ രാജ്യത്ത് സംരംഭകത്വത്തിലും സ്റ്റാര്‍ട്ടപ്പുകളിലും ഉണ്ടായ കുതിച്ചുചാട്ടം പ്രകടമാണ്. വിവിധ മേഖലകളില്‍ വനിതാ സംരംഭകരുടെ വര്‍ധിച്ച സാന്നിധ്യവും കാണാന്‍ കഴിയും. 
ഇന്ത്യയിലെ തൊഴില്‍ വിപണിയിലെ ലിംഗ വിവേചനം മറികടക്കുക ഒരു ബഹുമുഖ വെല്ലുവിളിയാണ്. അത് നേടിയെടുക്കാന്‍ നയപരമായ മാറ്റങ്ങളും സാമൂഹിക മാറ്റങ്ങളും വ്യക്തിഗത പരിശ്രമങ്ങളും ആവശ്യമാണ്. വീട്ടുജോലികളിലും പരിചരണ ജോലികളിലും കൂടുതല്‍ സജീവമായ പങ്കുവഹിക്കാന്‍ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ നടപ്പിലാക്കേണ്ടതായിട്ടുണ്ട്. വിദ്യാഭ്യാസവും നൈപുണ്യ വികസനവും തൊഴില്‍ശക്തിയില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള അടിത്തറയാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസ ലഭ്യത മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ നിക്ഷേപം നടത്തേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് ഉള്‍പ്പെടുന്ന ST-E-M വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഈ മേഖലകളിലെ ലിംഗവ്യത്യാസം നികത്താനാകും.

2017-ലെ മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) നിയമപ്രകാരം, ശമ്പളത്തോടുകൂടിയ അവധി 12 മുതല്‍ 26 ആഴ്ചവരെ നീട്ടിയതോടെ, പ്രസവാവധി നയങ്ങളില്‍ രാജ്യം വലിയ മാറ്റം വരുത്തി. ഇതൊരു നല്ല തുടക്കമാണെങ്കിലും, സ്ത്രീകളെ അവരുടെ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയില്‍ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ നയങ്ങള്‍ ആവിഷ്‌കരിക്കേണ്ടതായിട്ടുണ്ട്. ജോലിസ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നത് അവരുടെ ശാക്തീകരണത്തിന്റെ നിര്‍ണായക ഘടകമാണ്. വിദഗ്ധരായ വനിതകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സുരക്ഷിതവും മാന്യവുമായ തൊഴില്‍ അന്തരീക്ഷം അത്യാവശ്യമാണ്. 
ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പോളിസികള്‍ സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നത് സ്ത്രീകളെ അവരുടെ പ്രൊഫഷണലും വ്യക്തിപരവുമായ ജീവിതത്തെ മികച്ച രീതിയില്‍ സന്തുലിതമാക്കാന്‍ സഹായിക്കും. മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ ലോകത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ, ഇന്ത്യയിലെ സാമൂഹിക നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ജനസംഖ്യാപരമായ ലാഭവിഹിതം ഉണ്ടാക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിതെളിക്കും. ഇത് ലിംഗസമത്വം നേടിയെടുക്കാനും രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനും സഹായകമാകും. 

ക്ലോഡിയ ഗോള്‍ഡിന്റെ നിരീക്ഷണം

2023ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ക്ലോഡിയ ഗോള്‍ഡിന് ലഭിച്ചതിലൂടെ തൊഴില്‍ വിപണിയിലെ ലിംഗപരമായ വിടവുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പുതിയ ഉള്‍ക്കാഴ്ച കിട്ടി. 1990-ല്‍ ഗോള്‍ഡിന്‍ എഴുതിയ 'അണ്ടര്‍സ്റ്റാന്‍ഡിങ് ദ ജെന്‍ഡര്‍ ഗ്യാപ്: ആന്‍ ഇക്കണോമിക് ഹിസ്റ്ററി ഓഫ് അമേരിക്കന്‍ വുമണ്‍' എന്ന പുസ്തകം 200 വര്‍ഷത്തെ ചരിത്രത്തിലെ വേതന അസമത്വത്തിന്റെ ആഴത്തിലുള്ള ഒരു പരിശോധനയായിരുന്നു. രണ്ട് നൂറ്റാണ്ടായി സ്ത്രീകളുടെ വരുമാനത്തിന്റെയും തൊഴില്‍ വിപണി പങ്കാളിത്തത്തിന്റെയും സമഗ്രവും ചരിത്രപരവുമായ അപഗ്രഥനത്തിലൂടെ ഗോള്‍ഡിന്റെ പഠനം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. 

placeholder
clodia
ഗോള്‍ഡിന്‍ എഴുതിയ 'അണ്ടര്‍സ്റ്റാന്‍ഡിങ് ദ ജെന്‍ഡര്‍ ഗ്യാപ്: ആന്‍ ഇക്കണോമിക് ഹിസ്റ്ററി ഓഫ് അമേരിക്കന്‍ വുമണ്‍' എന്ന പുസ്തകം

തൊഴില്‍ വിപണിയില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചുവരുമ്പോഴും പുരുഷനുമായി താരതമ്യം ചെയ്യുമ്പോള്‍ വേതനം വളരെ കുറവാണ്. എന്തുകൊണ്ടാണ് ലിംഗപരമായ വിടവുകള്‍ നിലനില്‍ക്കുന്നതെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം സാമൂഹികവും രാഷ്ട്രീയവും സംസ്‌കാരികവും സാമ്പത്തികവുമായ ഘടകങ്ങളാല്‍ എങ്ങനെയാണ് കുറയുന്നതെന്നും വിശകലനം ചെയ്യുകയാണ് ഗോള്‍ഡിന്‍. 
ക്ലോഡിയ ഗോള്‍ഡിന്റെ ഗവേഷണം തൊഴില്‍ വിപണിയിലെ സ്ത്രീകളുടെ ചരിത്രപരവും സമകാലികവുമായ റോളുകളെക്കുറിച്ച് മനസ്സിലാക്കാനും തൊഴില്‍ വിപണിയിലെ ലിംഗാസമത്വം തിരിച്ചറിയാനും ഉപകരിക്കും. ഈ പ്രശ്‌നം യു.എസില്‍ മാത്രം ഒതുങ്ങുന്നില്ല. യൂറോപ്യന്‍ കമ്മിഷന്‍ കണക്കുകള്‍ പ്രകാരം 2021-ല്‍ യൂറോപ്പില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മണിക്കൂറില്‍ ശരാശരി 13 ശതമാനം കുറവ് വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി തൊഴില്‍ വിപണിയിലെ ലിംഗപരമായ വിടവ് കുറയ്ക്കുന്നതില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, അത് എപ്പോള്‍ പൂര്‍ണമായും അടയുമെന്നതിന് വ്യക്തതയില്ലെന്നും ഗോള്‍ഡിന്‍ വെളിപ്പെടുത്തുന്നു.

കൂടുതല്‍ സ്ത്രീകളെ തൊഴില്‍ വിപണിയിലേക്ക് കൊണ്ടുവരാന്‍ രണ്ട് പ്രധാന ഘടകങ്ങളാണ് ഗോള്‍ഡിന്റെ പഠനം മുന്നോട്ടുവയ്ക്കുന്നത്: ഉന്നത വിദ്യാഭ്യാസരംഗത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വിവാഹപ്രായം വര്‍ധിപ്പിക്കുക എന്നിവയാണിവ. വേതനത്തിലെ ലിംഗപരമായ വിടവിന് കാരണം സ്ത്രീകളുടെ താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തിപരിചയമോ മാത്രമല്ലെന്ന് ഗവേഷണം തെളിയിച്ചിട്ടുണ്ട്. ഒരേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും പുരുഷന്മാരേക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നത്. സ്ത്രീകളുടെ പുരോഗതിയെക്കുറിച്ചുള്ള ചരിത്രപരമായ വിശകലനവും, സാമ്പത്തിക സമത്വം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ശക്തമായ ഇടപെടലുമാണ് ഈ ഗവേഷണം. 

(മാതൃഭൂമി ജി.കെ. ആൻ്റ് കറൻ്റ് അഫയേഴ്സ് ഡിസംബർ 2023 ലക്കം പ്രസിദ്ധീകരിച്ചത്)