ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ സാധ്യതകള്‍ തുറന്ന് ബ്രിട്ടീഷ് എയര്‍ലൈന്‍ കമ്പനിയായ  വിര്‍ജിന്‍ അറ്റ്‌ലാന്റിക്. പൈലറ്റ്, കാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങിയ ജീവനക്കാര്‍ക്കെല്ലാം അവരുടെ സൗകര്യത്തിനും അവര്‍ നിര്‍ണ്ണയിക്കുന്ന ജെന്‍ഡര്‍ താത്പര്യത്തിനും അനുസരിച്ചുള്ള യൂണിഫോം ധരിക്കാമെന്നാണ് എയര്‍ലൈന്‍സ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. 

To advertise here,

ചുവപ്പ് നിറത്തിലുള്ള വേഷം ഡിസൈനറായ വിവിയാന്‍ വെസ്റ്റ്വുഡ് വനിതാ ജീവനക്കാര്‍ക്ക് വേണ്ടിയായിരുന്നു ഡിസൈന്‍ ചെയ്തിരുന്നത്. ഇത്ര നാളും അത് ധരിച്ചിരുന്നതും വനിതകളായ എയര്‍ ഹോസ്റ്റസ്സുമാരും ഗ്രൗണ്ട് സ്റ്റാഫുമാണ്. എന്നാല്‍ ഈ നിറത്തിലുള്ള വേഷം ഇനി ആൺ പെൺ എന്ന തരത്തില്‍ വേര്‍തിരിക്കില്ല എന്നാണ് എയര്‍ലൈന്‍സ് വക്താവ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ജോലി ചെയ്യുന്നിടത്തും സ്വന്തം ജെന്‍ഡര്‍ താത്പര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ ഈ തീരുമാനത്തിലൂടെ തങ്ങളുടെ ജീവനക്കാര്‍ക്ക് അവസരം ലഭിക്കുമെന്നാണ് എയര്‍ലൈന്‍സ് വക്താവ് പറയുന്നത്.

യൂണിഫോമിന്റൈ ചട്ടം പാലിച്ചു കൊണ്ട് തങ്ങളുടെ അസ്തിത്വബോധത്തിനോടും താത്പര്യങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന വസ്ത്രം ധരിക്കാമെന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് ജീവനക്കാരും പ്രതികരിക്കുന്നു.

നിങ്ങള്‍ നിങ്ങളായിരിക്കുക എന്ന കാമ്പയിന്റെ ഭാഗമായുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കം ആണ് ഈ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. 

നിലവില്‍ ആണും പെണ്ണും അല്ലാത്ത ജെന്‍ഡര്‍ കള്ളികളില്‍പ്പെടുന്നവര്‍ക്ക് U,X അല്ലെങ്കില്‍ Mx എന്ന് ബുക്കിങ്ങില്‍ രേഖപ്പെടുത്താനുള്ള സൗകര്യം നിലവില്‍ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേക്കപ് നിര്‍ബന്ധം എന്ന എയര്‍ലൈന്‍ ചട്ടത്തില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. മാത്രമല്ല ടാറ്റു ചെയ്യാന്‍ പാടില്ല എന്ന നിയമത്തിലും ഇളവ് വരുത്തിയിരുന്നു