അന്ന് ശ്വാസം കിട്ടാതെ മരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ വെള്ളയുടിപ്പിട്ട കുഞ്ഞുപാവകളെ പോലെ തോന്നിച്ചു. രക്ഷപ്പെട്ടോടുന്നതിനിടെ ഒരുപക്ഷേ, പിടഞ്ഞ് വീണ് മരിച്ചു പോയതാവാം. മോര്‍ച്ചറികളില്‍ ഒതുങ്ങാതെ ആശുപത്രി വളപ്പില്‍ മൃതശരീരങ്ങള്‍ നിരത്തിയിട്ടിരിക്കുന്നുണ്ടായിരുന്നു. മരണത്തോട് മല്ലടിക്കുന്നവരുമായി ആശുപത്രികളിലേക്ക് നീങ്ങുന്ന ടെമ്പോകളും ട്രക്കുകളുടേയും നീണ്ടനിര. ആശുപത്രി വളപ്പില്‍ പെട്ടെന്നുയര്‍ന്ന കൂടാരത്തില്‍ കണ്‍പോളകള്‍ തുറക്കാനാവാതെ ആയിരങ്ങള്‍ പിടയുന്നുണ്ടായിരുന്നു. അപ്പോള്‍ ഭോപ്പാലിന്റെ  വീഥികള്‍ മരണത്തിന്റെ ഇരുട്ടുനിറഞ്ഞു. ചുറ്റുമുയര്‍ന്ന് കേട്ടത് തേങ്ങലുകളും അലര്‍ച്ചകളും മാത്രം. തിരിച്ചറിയാത്ത മൃതദേഹങ്ങളെ കൊണ്ട് ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞു. അതില്‍ പ്രായഭേദമുണ്ടായിരുന്നില്ല. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുമായി  സെമിത്തേരിയിലേക്കും പള്ളിപ്പറമ്പിലേക്കും ശ്മശാനത്തിലേക്കും പോവുന്നവരുടെ ചെറു സംഘങ്ങളെ കൊണ്ട് തെരുവുകള്‍ നിറഞ്ഞു. ഹൃദയഭേദകം......1984 ഡിസംബര്‍ രണ്ടിനും മൂന്നിനുമായി 5479 മനുഷ്യരുടേയും എണ്ണില്ലാത്ത മിണ്ടാപ്രാണികളുടെയുമെല്ലാം ജീവനെടുക്കുകയും അഞ്ച് ലക്ഷത്തിലധികം ആളുകളെ രോഗക്കിടക്കിയിലുമാക്കിയ ഭോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി ഗ്യാസ് ദുരന്തം നടന്ന ആഴ്ചകളിലിറങ്ങിയ ഒരു പത്രവാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. 

To advertise here,

ലോകം കണ്ട ഏറ്റവും വലിയ മനുഷ്യദുരന്തത്തിന് ഭോപ്പാല്‍ സാക്ഷിയായിട്ട് 2024 ഡിസംബര്‍ നാലിന് നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ ദുരന്തബാധിതര്‍ക്ക് സമ്പൂര്‍ണ നീതിയുറപ്പിക്കാന്‍ ഇപ്പോഴുമായിട്ടില്ല. നീതിക്ക് വേണ്ടി പോരാടുമ്പോഴും അവര്‍ക്ക് മുന്നില്‍ നിരാശ മാത്രമാണ് ഇന്നും ബാക്കി. നാല്‍പതാം വര്‍ഷത്തിലും ദുരന്തത്തിന്റെ ബാക്കിപത്രവും പേറി ജീവിക്കുന്ന 150,000 ത്തോളം ആളുകളാണ് ഇന്നും ഫാക്ടറിയുടെ പരിസരപ്രദേശത്ത മാത്രം ജീവിക്കുന്നത്. തുടര്‍ച്ചയായ ശ്വാസകോശസംബന്ധമായ അസുഖക്കാര്‍, അപകടമാംവിധം ഉയരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം, കരള്‍രോഗികള്‍, പുതുതായി ജനിക്കുന്നവര്‍ക്ക് പോലും ജനിതക വൈകല്യങ്ങള്‍. അങ്ങനെ ഒരു ദുരന്തം ഒരു ജനതയെ അപ്പാടെ തകര്‍ത്തെറിഞ്ഞു കളഞ്ഞിരിക്കുന്നു.

placeholder
ദുരന്തബാധിതര്‍ ഓര്‍മ ദിനത്തില്‍ | Photo:PTI

തലമുറകളെ വേട്ടയാടിയ ദുരന്തം

വലിയ രീതിയില്‍ ജനതിക വൈകല്യമുള്ള കുഞ്ഞുങ്ങളാണ് ഇപ്പോഴുമവിടെ ജനിക്കുന്നത്. ചിലര്‍ക്ക് ശാരീരിക ഭാഗങ്ങളുടെ വളര്‍ച്ചയില്ലായ്മ, മറ്റ് ചിലര്‍ക്ക് മാനസിക വളര്‍ച്ചയില്ലായ്മ, അതുമല്ലാത്തവര്‍ ജനിച്ച് വീഴുന്നത് മുതല്‍ മാറാത്ത അലര്‍ജി ബാധിതര്‍. 2018 ല്‍ ലഖ്​നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് 1969 ന് യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി ഭോപ്പാലില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ വിഷവാതകം ഭൂമിക്കടയിലൂടെ അവിടേയുള്ള ജനങ്ങളുടെ കുടിവെള്ളത്തിലേക്ക് എത്തിയിരുന്നുവെന്നാണ്. സ്ഥാപനത്തിന്റെ 40 സ്‌ക്വയര്‍ കിലോമീറ്ററോളം വരുന്ന ഭാഗം വിഷലിപ്തമായി മാറിപ്പോയിരുന്നുവെന്ന് വിവിധ സ്വകാര്യ ഏജന്‍സികളും സന്നദ്ധ സംഘടനകളും നടത്തിയ പഠനത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിഷഫാക്ടറി ഒരു ജനതയെ പൂര്‍ണമായും കീഴ്‌പ്പെടുത്തിക്കളയുകയായിരുന്നുവെന്ന് ചുരുക്കം.

കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടെ പുറംലോകം അത്ര ചര്‍ച്ച ചെയ്യാത്ത നിരവധി വസ്തുതകളാണ് ദുരന്തമേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തിരിച്ചുവരാനാവാത്ത വിധം പാരിസ്ഥിതിക നാശത്തിലേക്ക് മേഖല എത്തി. ഭൂഗര്‍ഭജലത്തെ പോലും ബാധിച്ചു. സാധാരണക്കാരില്‍ സാധാരണക്കാരായ രണ്ട് ലക്ഷത്തോളം ആളുകളുടെ വീടും പരിസരവും പരിഹരിക്കാനാവാത്ത രീതിയില്‍ മലിനമാക്കപ്പെട്ടു. ഇതിന്റെ ഭാഗമായി പല രീതിയില്‍ ഇപ്പോഴും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, അധികാരികള്‍ക്ക് ഇതെല്ലാം സ്ഥിരം കാഴ്ചയുമായി മാറി.

യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഇന്ന് അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനിയായ ഡൗ കെമിക്കല്‍സിന്റെ ഉടമസ്ഥതയിലാണ്. ദുരന്തത്തിന്റെ ബാക്കിപത്രവും പേറി ഭോപ്പാലിലെ ജനങ്ങള്‍ ഇന്നും മരിച്ചുവീഴുമ്പോഴും, മരിച്ചു ജീവിക്കുമ്പോഴും ഡൗ കെമിക്കല്‍സ് രാജ്യത്ത് തങ്ങളുടെ വ്യാപാരവും മാര്‍ക്കറ്റും വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്. പല ന്യായങ്ങള്‍ പറഞ്ഞ് നിയമക്കുരുക്കില്‍ നിന്നും കമ്പനി രക്ഷപ്പെടുമ്പോഴും ആര്‍ക്കും പരാതിയും പരിഭവുമില്ല.

ദുരന്തം നടന്ന് നാല്‍പത് വര്‍ഷം പിന്നിടുമ്പോഴും ഫാക്ടറിയലെ മാലിന്യങ്ങള്‍ ഇപ്പോഴുംമാറ്റിയിട്ടില്ല. 2005-ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ മീഥൈല്‍ വിഷവാതകം അവിടെ നിന്നും മാറ്റാന്‍ 126 കോടി രൂപ മധ്യപ്രദേശ് സര്‍ക്കാരിന് അനുവദിച്ചിരുന്നുവെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മീഥൈല്‍  മാലിന്യത്തിനൊപ്പം 11 ലക്ഷം ടണ്‍ വിഷലിപ്ത മണ്ണും ഒരു ടണ്‍ മെര്‍ക്കുറിയും ഏകദേശം 150 ടണ്‍ ഭൂഗര്‍ഭ മാലിന്യവും സ്ഥലത്തുണ്ടെന്ന് 2010 ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഒരു കമ്മിഷനും കണ്ടെത്തിയിരുന്നു. പക്ഷേ, ഇതുവരെ അത് ഒഴിവാക്കാനുള്ള നടപടിയായിട്ടില്ല. 2011 മെയ് 25 ന് ഇതുമായി ബന്ധപ്പെട്ട പ്രത്യേക കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം 2023 ല്‍ ഭൂഗര്‍ഭജല മലിനകരണത്തിന്റെയും സ്ഥലത്തെ വിഷസാഹചര്യത്തിന്റെയും പഠനം ഒന്നുകൂടി നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതും നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

placeholder
ദുരന്തബാധിതരിലൊരാള്‍ |Photo: AP

ഗര്‍ഭപാത്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ല

വിഷവാതകം ഇന്നും ഭോപ്പാലിലെ ജനങ്ങള്‍ക്ക് അവസാനിക്കാത്ത ദുരന്തം സമ്മാനിക്കുമ്പോഴും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ യൂണിയന്‍ കര്‍ബൈഡ് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ദുരന്തകാലത്ത് ഫോറന്‍സിക് ഡോക്ടറായിരുന്ന ഡോ.ഡി.കെ സേതുപതി ചൂണ്ടിക്കാട്ടുന്നുണ്ട്. ദുരന്തകാലത്ത് അതിജീവിച്ച പെണ്‍കുട്ടികകളുടെ ഗര്‍ഭപാത്രത്തിലെ കുഞ്ഞുങ്ങളെയടക്കം വിഷബാധകം ബാധിച്ചിരുന്നു. ഇവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളല്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള വൈകല്യവുമായാണ് ജനിക്കുന്നത്.

ഗര്‍ഭാവസ്ഥയില്‍ തന്നെ മരണപ്പെടുന്നതും ഏറെയാണ്. ഇവരുടെ രക്ത പരിശോധനയൊക്കെ നടത്തുമ്പോള്‍ വ്യക്തമാവുന്നത് രക്തത്തില്‍ വിഷത്തിന്റെ അളവ് അമ്പത് ശതമാനത്തിലേറെയുണ്ട് എന്നതാണെന്നും ഡോ.സേതുപതി പറയുന്നു. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്ന് ചോര്‍ന്ന മീഥൈല്‍ ഐസോസയനേറ്റ്‌ വാതകം വെള്ളവുമായി ചേരുമ്പോള്‍ കൂടുതല്‍ മാരകമായ വിഷമായി മാറുകയും അത് കാന്‍സര്‍, കരള്‍, കിഡ്‌നി, ശ്വാസകോശ രോഗങ്ങള്‍ക്ക് വഴിമാറുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. അത് ഇപ്പോഴും തുടരുന്നുമുണ്ട്. 

placeholder
വാറന്‍ ആന്‍ഡേഴ്‌സണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതര്‍ നടത്തിയ പ്രതിഷേധം (2014 ല്‍ ആന്‍ഡേഴ്‌സണ്‍ മരണപ്പെട്ടു) File Photo: PTI

ദുരന്തകാലത്ത് 875 പോസ്റ്റ് മോര്‍ട്ടങ്ങള്‍ക്കും 18000 മൃതദേഹ പരിശോധനകള്‍ക്കും സാക്ഷിയായ ഡോക്ടര്‍ കൂടിയാണ് ഭോപ്പാല്‍ ഗാന്ധി മെഡിക്കല്‍ കോളേജിലെ മുന്‍ ഫോറന്‍സിക് തലവന്‍ കൂടിയായ സേതുപതി. കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിട്ടും ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 500 മുതല്‍ 600 രൂപവരെയള്ള പെന്‍ഷന്‍ മാത്രമാണ് ഭൂരിഭാഗം പേര്‍ക്കും ഏക സഹായം. 3578 ആളുകള്‍ ദുരന്തമുണ്ടായ ഉടനെ മരിച്ചെന്നാണ് ഔദ്യോഗികമായി കണക്കാക്കുന്നതെങ്കിലും അനൗദ്യോഗികമായി ഇതിലും കൂടുതലുണ്ടാകുമെന്നാണ് പല കണക്കുകളും ചൂണ്ടിക്കാട്ടുന്നത്.

വിഷവായു ശ്വസിച്ചു കഴിഞ്ഞാല്‍ ആദ്യം ചുമക്കും. പിന്നീട് ഛര്‍ദിക്കും. ഒടുവില്‍ ശ്വാസം മുട്ടലോടെ എല്ലാം അവസാനിക്കും. ആദ്യഘട്ടത്തില്‍ ഭോപ്പാലിലെ മരണങ്ങളേറെയും ഇങ്ങനെയായിരുന്നു. ഒരു ജനതയെ ഒന്നാകെ തൂത്തെറിഞ്ഞു കളഞ്ഞ ദുരന്തമുണ്ടായിട്ട് നാല്‍പത് വര്‍ഷം പിന്നിടുമ്പോഴും നീതിക്കുവേണ്ടി പോരാടുകയാണ് ഇരകളക്കപ്പെട്ടവര്‍. ഭൂഗര്‍ഭജലത്തെ പോലും വിഷമയമാക്കി കുടിവെള്ളം മുട്ടിച്ച് ദുരന്തം കടന്ന് പോയിട്ടും ഒരാളെ പോലും കൃത്യമായി ശിക്ഷിക്കാനായില്ല എന്നതാണ് സത്യം. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ സി.ഇ.ഒ. ആയ വാറന്‍ ആന്‍ഡേഴ്സണെ അറസ്റ്റ് ചെയ്തെങ്കിലും നിയമനടപടികളോട് സഹകരിക്കാതെ ഇന്ത്യ വിട്ടു. ഇതിന് സർക്കാരിന്റെ ഒത്താശയുണ്ടായിരുന്നുവെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. 2014-ല്‍ ആന്‍ഡേഴ്സണ്‍ മരണപ്പെടുകയും ചെയ്തു.

placeholder
ദുരന്തകാലത്തെ രക്ഷാപ്രവര്‍ത്തനം | Photo: AP

ദുരന്തം ഇങ്ങനെ

1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയോടെയാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വിഷവാതകം ചോര്‍ന്നു തുടങ്ങിയത്. 8.5 ലക്ഷം പേരായിരുന്നു അന്ന് ഭോപ്പാലിലെ താമസക്കാര്‍. മീഥൈല്‍ ഐസോസയനേറ്റ് അന്തരീക്ഷത്തില്‍ വ്യാപിച്ച് തുടങ്ങിയ സമയത്ത് ഭോപ്പാല്‍ നിവാസികള്‍ മിക്കവരും ഉറക്കത്തിലായിരുന്നു. എന്തെങ്കിലും അപകടം ഉണ്ടായാല്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സൈറണ്‍ ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സൈറണ്‍ പോലും മുഴങ്ങിയില്ല.

ഭോപ്പാല്‍ നിവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യഘട്ടത്തില്‍ ചുമയും ശ്വാസതടസവും കണ്ണുനീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടു. ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയോടെ വിഷവാതകം ശ്വസിച്ച് അവശരായ നാട്ടുകാര്‍ ആശുപത്രികളിലേക്ക് പാഞ്ഞെത്തിത്തുടങ്ങി. അധികം ആശുപത്രികള്‍ അന്ന് ഭോപ്പാലില്‍ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയിലായി. ശ്വസിക്കാനാവാതെ നിരവധിപേര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ കൈകൂപ്പി. എന്നാല്‍ ഇത്രയധികം പേര്‍ക്ക് പെട്ടന്ന് കടുത്ത ശ്വാസതടസ്സം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ എങ്ങനെ ഉണ്ടായെന്ന് ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. അതിനിടെ പലരും കണ്ണ് കാണാനാവാത്ത അവസ്ഥയിലായി. വ്യാവസായിക ദുരന്തങ്ങള്‍ നേരിട്ട് പരിചയമില്ലാത്ത ഡോക്ടര്‍മാര്‍ എന്തുചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടി. വിഷവാതക ദുരന്തത്തിന്റെ ഇരകളാണ് തങ്ങള്‍ക്ക് മുന്നിലുള്ളത് എന്ന് ഡോക്ടര്‍മാര്‍ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. 50,000 പേരാണ് വിഷവാതകം ശ്വസിച്ച് അവശരായ നിലയില്‍ അന്ന് ഭോപ്പാലിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും എത്തിയത്

ഔദ്യോഗിക രേഖകള്‍ പ്രകാരം ഇതുവരെ 5479 പേരാണ് ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ദുരന്തത്തില്‍ 8000 മുതല്‍ 10,000 പേര്‍ വരെ കൊല്ലപ്പെട്ടുവെന്നാണ് ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നീതി ഉറപ്പാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ പറയുന്നത്. 5,58,125 പേര്‍ക്ക് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് 2006 ല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നുണ്ട്. ഇതില്‍ 3900 പേര്‍ക്ക് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായി. ഫാക്ടറിക്ക് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലും ചേരികളിലും താമസിച്ചിരുന്നവരാണ് മരിച്ചവരിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നവരിലും അധികവും.

placeholder
1- വാറന്‍ ആന്‍ഡേഴ്‌സണ്‍,2- ആന്‍ഡേഴ്‌സന്റെ കോലം കത്തിക്കുന്നു | Photo:PTI

ആന്‍ഡേഴ്‌സണെ അറസ്റ്റ് ചെയ്തു പക്ഷേ ?

യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ആഗോള ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ അറസ്റ്റിലായെങ്കിലും മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ വിട്ടയച്ചതും തൊട്ടുപിന്നാലെ ആന്‍ഡേഴ്‌സണ്‍ രാജ്യം വിട്ടതും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദുരന്തം ഉണ്ടായി നാലു ദിവസം കഴിഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ ഭോപ്പാലില്‍ എത്തുന്നത്. ഭോപ്പാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ ജാമ്യമില്ലാ വകുപ്പിലായിരുന്നു അറസ്റ്റു ചെയ്തത്. എന്നാല്‍ കോടതി അയാളെ 25,000 രൂപയുടെ ആള്‍ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.

ആന്‍ഡേഴ്‌സണെ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അധികൃതര്‍ തടഞ്ഞുവച്ചത്. ആ മുറിയില്‍നിന്ന് ഫോണ്‍ നീക്കം ചെയ്യാതിരുന്നതിനാലാണ് ആന്‍ഡേഴ്‌സണ്‍ രക്ഷപ്പെടാന്‍ ഇടയായതെന്ന് അന്നത്തെ ഭോപ്പാല്‍ കളക്ടര്‍ മോട്ടി സിങ് പറയുന്നു. ആ ഫോണിലൂടെ ആന്‍ഡേഴ്‌സണ്‍ അമേരിക്കയിലെയും ഇന്ത്യയിലെയും ഉന്നതരുമായി ആശയവിനിമയം നടത്തി. തുടര്‍ന്നുണ്ടായ വന്‍ സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തിന് രാജ്യം വിടാന്‍ കഴിഞ്ഞത്. രാജ്യംവിട്ട ആന്‍ഡേഴ്‌സണ്‍ പിന്നീട് ഒരിക്കലും ഇന്ത്യയില്‍ തിരിച്ചെത്തുകയോ കോടതി നടപടികള്‍ നേരിടുകയോ ചെയ്തില്ല. 2014 സെപ്റ്റംബര്‍ 29 ന് ഫ്ളോറിഡയില്‍ വെച്ച് ആന്‍ഡേഴ്സണ്‍ മരണപ്പെടുകയും ചെയ്തു.

placeholder
യൂണിയന്‍ കാര്‍ബൈഡ് കമ്പനിയിലെ പ്രവര്‍ത്തിക്കാത്ത യന്ത്രം | Photo:PTI

വിചിത്രം നഷ്ടപരിഹാരം, വീതിച്ചെടുത്ത് കയ്യൂക്കുള്ളവര്‍

1989 ലെ സുപ്രീംകോടതി വിധി അനുസരിച്ച് മരിച്ചവരായി രേഖപ്പെടുത്തിയ മൂവായിരം പേരടക്കം പരിക്കേറ്റ 1,20,000 പേര്‍ക്ക് 470 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് യൂണിയന്‍ കാര്‍ബൈഡ് തയ്യാറായത്. നഷ്ടപരിഹാരത്തിന്റെ കാര്യം വിചിത്രമായിരുന്നു. യൂണിയന്‍ കാര്‍ബൈഡുമായി കേന്ദ്ര സര്‍ക്കാറുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ദുരിതബാധിതര്‍ക്ക് യാതൊരു പങ്കുമില്ലായിരുന്നു. 470 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരത്തിന്റെ നല്ലൊരുഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും  ഇടത്തട്ടുകാരും വീതിച്ചെടുക്കുകയായിരുന്നു. അര്‍ഹതപ്പെട്ട പലര്‍ക്കും കിട്ടിയില്ല എന്നതാണ് സത്യം.

ദുരന്തത്തിനുശേഷം ജനിച്ചവര്‍പോലും പീഡിതരായി. റേഷന്‍ അനുവദിക്കാന്‍ നിയുക്തനായ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് വലിയ അഴിമതി നടന്നത്. കിട്ടുന്ന തുകയില്‍ പാതി കമ്മിഷനായി നല്‍കേണ്ടിവന്നു.
ദുരിതത്തിനിരയായവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ആറ് ആശുപത്രികളിലും ഫലപ്രദമായ ചികിത്സ മാത്രം ഉണ്ടായില്ല.

യൂണിയന്‍ കാര്‍ബൈഡിന്റെ പണമുപയോഗിച്ച് അത്യന്താധുനിക ഉപകരണങ്ങളോടെ സര്‍ക്കാര്‍ സ്ഥാപിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. മീഥൈല്‍ ഐസോ സയനൈറ്റിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെപ്പറ്റി ഫലപ്രദമായ ഗവേഷണം നടന്നിരുന്നെങ്കില്‍ ചികിത്സയ്ക്ക് ചില മാനദണ്ഡങ്ങള്‍ കണ്ടെത്താമായിരുന്നു. അതുണ്ടായില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനങ്ങള്‍ എന്തുകൊണ്ടോ സര്‍ക്കാര്‍ ഇടപെട്ട് 1994-ല്‍ അവസാനിപ്പിക്കുകയുമായിരുന്നു.

കുടുംബം മുഴുവന്‍ മരിച്ചവരുണ്ട്. എത്രയോ കുട്ടികള്‍ അനാഥരായിപ്പോയി. ബാക്കിയായവര്‍ക്കാകട്ടെ ജോലി ചെയ്യാനുമാവുന്നില്ല. കുറച്ച് ജോലി ചെയ്യുമ്പോഴേക്കും ക്ഷീണം. കിട്ടിയ നഷ്ടപരിഹാരം ചികിത്സയ്ക്കു തന്നെ ചെലവാക്കേണ്ടിവന്നവരാണ് അധികവും. ദുരന്തബാധിതരായ കുടുംബങ്ങളില്‍നിന്ന് വിവാഹം കഴിക്കാന്‍ ഇവിടെയുള്ള ആണ്‍കുട്ടികള്‍തന്നെ തയ്യാറാകുന്നില്ല. കാരണം മറ്റൊന്നല്ല പ്രധാനമായും ഗര്‍ഭം ധരിക്കില്ല എന്നതു തന്നെ. ഗര്‍ഭിണിയായാല്‍ അലസിപ്പോവും. ഇനി അഥവാ പ്രസവിച്ചാല്‍ത്തന്നെ വൈകല്യമുള്ള കുഞ്ഞുങ്ങള്‍. ചുണ്ടും മൂക്കുമില്ലാത്തവര്‍. വലിയ തലയുള്ളവര്‍. കുട്ടികളുടെ ബാല്യം മുഴുവനും ആശുപത്രികളില്‍ ഹോമിച്ചവരാണ് ഏറെയും. മനോരോഗികള്‍ കൂടിക്കൂടി വന്നു. കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഏറെയുണ്ട്. അവരൊക്കെ ജീവിതം തള്ളിനീക്കുന്നത് നരകയാതനകളിലൂടെയാണ്. വിധവകള്‍ ഏറെയുള്ളത് കൊണ്ട് വിധവാ കോളനി എന്ന പേരുള്ള ഒരു കോളനി പോലുമുണ്ടെന്നതാണ് സത്യം.

placeholder
ദുരന്തത്തിനിരയായ ഒരാളുടെ ഫോട്ടോ ചൂണ്ടിക്കാട്ടുന്ന കുട്ടി | Photo:PTI

നീതി തേടി വീണ്ടും സുപ്രീകോടതിയിലേക്ക്

ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യദുരന്തങ്ങള്‍ക്കൊന്നിന് സാക്ഷിയായ ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നാല് സംഘടനകള്‍ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇപ്പോഴും കാന്‍സര്‍, കിഡ്നി രോഗങ്ങളില്‍ പെട്ട് ഉഴലുന്നവര്‍ക്ക് പോലും 25000 രൂപ മാത്രമാണ് നഷ്ടപരിഹാരമായി കിട്ടിയത്. രണ്ട് ദിവസം മൂമ്പാണ് ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഇത് ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹര്‍ജിക്കാരിലൊരാളായ ഭോപ്പാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ അംഗം രചന ദിംഗ ചൂണ്ടിക്കാട്ടുന്നു.

യൂണിയന്‍ കാര്‍ബൈഡിന്റെ തന്നെ രേഖകളില്‍ മീഥൈല്‍ ഐസോസയനേറ്റ്  മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നം സ്ഥിരമായിട്ടുള്ളതായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പരിക്കേറ്റവരില്‍ 93 ശതമാനം ആളുകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത് താല്‍ക്കാലിക ആരോഗ്യപ്രശ്നം എന്ന വിഭാഗത്തിലാണ്. ഇതാണ് കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നതില്‍ നിന്ന് ഇരകള്‍ക്ക് തിരിച്ചടിയായതെന്നും രചന ദിംഗ പറയുന്നു.

11278 അതിജീവിതരില്‍ 90 ശതമാനം ആളുകള്‍ക്ക് കാന്‍സര്‍ ചികിത്സ നടത്തുന്നുണ്ട്. 1855 അതിജീവിതരില്‍ 91 ശതമാനം പേര്‍ കിഡ്നി രോഗികളാണ്. പക്ഷേ, 25000 രൂപ മാത്രമാണ് ഇതുവരെ നഷ്ടപരിഹാരമായി ലഭിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ സ്റ്റേഷനറി കര്‍മചാരി സംഗതാന്‍ പ്രസിഡന്റ് റാഷിദ ബീയും ചൂണ്ടിക്കാട്ടുന്നു. ഈ ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യമെന്നും റാഷിദ ബീ പറഞ്ഞു.

placeholder
മുന്‍ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ കേശുഭ് മഹീന്ദ്ര 2011-ല്‍ ഭോപ്പാല്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുന്നു | Photo:  PTI

ചോര്‍ച്ച മുൻപും, പക്ഷേ, അവഗണിച്ചു

1984 ഡിസംബര്‍ മൂന്നിന് യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായി സമാനതകളില്ലാത്ത ദുരന്തത്തിന് ഭോപ്പാല്‍ സാക്ഷിയാകേണ്ടി വന്നതിന് 21 മാസം മുന്നെ തന്നെ അപകടമുന്നറിയിപ്പ് നല്‍കി അഡ്വ.ഷഹനവാസ് ഖാന്‍ കമ്പനി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതായത് കമ്പനിയില്‍ നിന്നും വിഷവാതകം പുറത്തുവരുന്നുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു നോട്ടീസ് അയച്ചത്. എന്നാല്‍ ഷഹനവാസ് ഖാന്റെ വാദത്തെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള മറുപടിയാണ് കമ്പനി നല്‍കിയത്. ഇതിന് സര്‍ക്കാര്‍ അധികൃതരില്‍ നിന്നടക്കം പിന്തുണയും ലഭിച്ചു. 

1983 മാര്‍ച്ച് നാലിനായിരുന്നു ഷഹനവാസ് ഖാന്‍ നോട്ടീസയച്ചത്. ഏപ്രില്‍ മാസത്തില്‍ കമ്പനി മറുപടിയും അയച്ചു. നിയമപടിയുമായി മുന്നോട്ടുപോയാല്‍ എന്ത് വിലകൊടുത്തും നേരിടുമെന്നും തെളിയിക്കാനായില്ലെങ്കില്‍ പ്രത്യാഘാതമേല്‍ക്കേണ്ടി വരുമെന്നുമായിരുന്നു യൂണിയന്‍ കാര്‍ബൈഡ് ഓഫ് ഇന്ത്യ ഭോപ്പാല്‍ മാനേജര്‍ ജെ.മുകുന്ദ് നല്‍കിയ മറുപടി. മറുപടി കിട്ടിയ ശേഷം ഇത് സംബന്ധിച്ചുള്ള തെളിവുകളും വിവരങ്ങളും വിവിധ വിഭാഗങ്ങളില്‍ നിന്ന് ശേഖരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാനവാസ്. എന്നാല്‍, അത് പൂര്‍ത്തിയാവുന്നതിന് മുമ്പെയാണ് ദുരന്തമുണ്ടായതെന്ന് ഷാനവാസ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് കഴിഞ്ഞ ദിവസം പ്രതികരിച്ചു.

1982 ജനുവരി 9 ന് മാത്രം ചെറിയ ചോര്‍ച്ചയുണ്ടായപ്പോള്‍ വിഷവാദകം ശ്വസിച്ച് 25 തൊഴിലാളികള്‍ ആശുപത്രിയിലായിരുന്നു. അതേവര്‍ഷം മാര്‍ച്ചിലും ഒക്ടോബറിലും ചോര്‍ച്ചയുണ്ടായി. തുടര്‍ന്നായിരുന്നു ഷാനവാസ് ഖാന്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചത്. പക്ഷെ അന്ന് കൃത്യമായ പരിശോധനയും നടപടിയുമെടുത്തിരുന്നുവെങ്കിലും ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഭോപ്പാല്‍ സാക്ഷിയാകേണ്ടി വരില്ലായിരുന്നുവെന്നും ഷാനവാസ് പറയുന്നു.