40 വര്‍ഷം, 5479 മരണം; ഒടുവില്‍ ഭോപ്പാലിലെ വിഷമാലിന്യം നീക്കം ചെയ്തു | Bhopal Tragedy
നാല്‍പത് വര്‍ഷം മുമ്പ് അതായത് 1984 ഡിസംബര്‍ നാലിന് ഇറങ്ങിയ ഒരു പത്ര വാര്‍ത്തയുടെ ഇന്‍ട്രോ വായിച്ചുകൊണ്ട് തുടങ്ങാം. ശ്വാസം കിട്ടാതെ മരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ വെള്ളയുടിപ്പിട്ട കുഞ്ഞുപാവകളെ പോലെ തോന്നിച്ചു. മോര്‍ച്ചറികളില്‍ ഒതുങ്ങാതെ ആശുപത്രി വളപ്പില്‍ മൃതശരീരങ്ങള്‍ നിരത്തിയിട്ടിരുന്നു. മരണത്തോട് മല്ലടിക്കുന്നവരുമായി ആശുപത്രികളിലേക്ക് വാഹനങ്ങളുടെ നീണ്ടനിര. ആശുപത്രി വളപ്പില്‍ പെട്ടെന്നുയര്‍ന്ന കൂടാരത്തില്‍ കണ്‍പോളകള്‍ തുറക്കാനാവാതെ ആയിരങ്ങള്‍ പിടയുന്നുണ്ടായിരുന്നു. അപ്പോള്‍ ഭോപ്പാലിന്റെ വീഥികളില്‍ മരണത്തിന്റെ ഇരുട്ടുനിറഞ്ഞു...ഹൃദയഭേദകം. ഇത് ഭോപ്പാല്‍ ഗ്യസ് ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു. 5479 പേരുടെ മരണം, ലക്ഷക്കണക്കിന് ആളുകള്‍ക്ക് പരിക്ക്, ഇന്നും പിറന്ന് വീഴുന്ന കുഞ്ഞുങ്ങള്‍ പോലും അനുഭവിക്കുന്ന ദുരന്തം. ഭോപ്പാല്‍ ഗ്യാസ് ചേംബര്‍ അപകടം അങ്ങനെ ലോകത്തെ ഏറ്റവും വലിയ മനുഷ്യദുരന്തമായി മാറി.
നാല് പതിറ്റാണ്ടിന് ശേഷം ഭോപ്പാല്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണിന്ന്. മീഥൈല്‍ ഐസോ സൈനേറ്റ് (എം.ഐ.സി) ചോര്‍ച്ചക്ക് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് 12 കണ്ടെയ്‌നര്‍ വിഷമാലിന്യങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍. വന്‍ സുരക്ഷാ മുന്നൊരുക്കത്തോടെ ലോറികളിലാക്കി ഭോപാലില്‍ നിന്ന് പിതാംപുരിലേക്കാണ് വിഷവസ്തുക്കള്‍ മാറ്റിയത്. ആംബുലന്‍സുകള്‍, അഗ്നിശമന സേന, പോലീസ് എന്നിവയുടെ അകമ്പടിയുമുണ്ടായിരുന്നു. നീക്കിയ മാലിന്യങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരം പരിശോധിച്ച് പിതാംപുരിലെ രാംകി എന്‍വിറോ എന്‍ജിനീയേഴ്‌സിന്റെ കീഴിലുള്ള പ്രത്യേക പ്ലാന്റില്‍ വെച്ച് കത്തിച്ച് നിര്‍മാര്‍ജനം ചെയ്യും.
ഭൂനിരപ്പില്‍ നിന്ന് 25 അടി ഉയരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ചൂളയിലാണ് കത്തിക്കുക. മണിക്കൂറില്‍ 90 കിലോ മാലിന്യം എന്നനിലയിലാവും നിര്‍മാര്‍ജനം. ഇത്രയും മാലിന്യം കത്തിച്ച് തീര്‍ക്കാന്‍ കുറഞ്ഞത് 153 ദിവസം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.
337 മെട്രിക് ടണ്‍ മാലിന്യമാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഫാക്ടറിയില്‍ നിന്ന് നീക്കം ചെയ്തത്. മാലിന്യം കൊണ്ടുപോകാന്‍ തീപ്പിടിത്തത്തെയും വെള്ളത്തിനെയും പ്രതിരോധിക്കുന്ന തരത്തിലുള്ള കണ്ടെയ്‌നറുകളും തയ്യാറാക്കിയിരുന്നു. ഓരോ കണ്ടെയ്‌നറുകളിലും 30 ടണ്‍ മാലിന്യമാണുള്ളത്. ഹൈ ഡെന്‍സിറ്റി പോളിഎത്തിലീനില്‍ ( എച്ച്.ഡി.പി.ഇ) നിര്‍മിച്ച വലിയ ബാഗുകളിലാക്കിയാ മാലിന്യം കണ്ടെയ്‌നറുകളില്‍ നിറച്ചത്. മാലിന്യങ്ങള്‍ കൂടിക്കിടന്ന് രാസപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഫാക്ടറിയുടെ 200 മീറ്റര്‍ ചുറ്റളവ് നിരോധിതമേഖലയായി മാറ്റിയിരുന്നു. 200 തൊഴിലാളികളെയും ഉപയോഗിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തൊഴിലാളികള്‍ക്ക് പരമാവധി അരമണിക്കൂര്‍ വീതമുള്ള ഷിഫ്റ്റ് പ്രകാരമാണ് ജോലി നല്‍കിയത്. ദീര്‍ഘനേരം വിഷമാലിന്യങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന ഭയത്തെ തുടര്‍ന്നാണ് ഇങ്ങനെ ക്രമീകരണം നടത്തിയത്.
2005-ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ മീഥൈല്‍ വിഷവാതകം അവിടെ നിന്നും മാറ്റാന്‍ 126 കോടി രൂപ മധ്യപ്രദേശ് സര്‍ക്കാരിന് അനുവദിച്ചിരുന്നുവെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നണ്ട്. മീഥൈല്‍ മാലിന്യത്തിനൊപ്പം 11 ലക്ഷം ടണ്‍ വിഷലിപ്ത മണ്ണും ഒരു ടണ്‍ മെര്‍ക്കുറിയും ഏകദേശം 150 ടണ്‍ ഭൂഗര്‍ഭ മാലിന്യവും സ്ഥലത്തുണ്ടെന്ന് 2010 ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഒരു കമ്മിഷനും കണ്ടെത്തിയിരുന്നു.
1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയോടെയാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വിഷവാതകം ചോര്‍ന്നു തുടങ്ങിയത്.
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യദുരന്തത്തിന് ഭോപ്പാല്‍ സാക്ഷിയായിട്ട് 2024 ഡിസംബര്‍ നാലിന് നാല് പതിറ്റാണ്ട് പിന്നിപ്പോള്‍ ആ ദുരന്തബാധിതര്‍ക്ക് സമ്പൂര്‍ണ നീതിയുറപ്പിക്കാന്‍ ഇപ്പോഴുമായിട്ടില്ല. നാല്‍പതാം വര്‍ഷത്തിലും ദുരന്തത്തിന്റെ ബാക്കിപത്രവും പേറി ജീവിക്കുന്ന 150,000 ത്തോളം ആളുകളാണ് ഇന്നും ഫാക്ടറിയുടെ പരിസരപ്രദേശത്ത് മാത്രം ജീവിക്കുന്നത്. തുടര്‍ച്ചയായ ശ്വാസകോശസംബന്ധമായ അസുഖക്കാര്‍, അപകടമാംവിധം ഉയരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം, കരള്‍രോഗികള്‍, പുതുതായി ജനിക്കുന്നവര്‍ക്ക് പോലും ജനിതക വൈകല്യങ്ങള്‍. അങ്ങനെ ഒരു ദുരന്തം ഒരു ജനതയെ അപ്പാടെ തകര്‍ത്തെറിഞ്ഞു കളഞ്ഞു.
വലിയ രീതിയില്‍ ജനതിക വൈകല്യമുള്ള കുഞ്ഞുങ്ങളാണ് ഇപ്പോഴുമവിടെ ജനിക്കുന്നത്. ചിലര്‍ക്ക് ശാരീരിക ഭാഗങ്ങളുടെ വളര്‍ച്ചയില്ലായ്മ, മറ്റ് ചിലര്‍ക്ക് മാനസിക വളര്‍ച്ചയില്ലായ്മ, അതുമല്ലാത്തവര്‍ ജനിച്ച് വീഴുന്നത് മുതല്‍ മാറാത്ത അലര്‍ജി ബാധിതര്‍. 2018 ല്‍ ലഖ്നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് 1969 ന് യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി ഭോപ്പാലില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ വിഷവാതകം ഭൂമിക്കടയിലൂടെ അവിടേയുള്ള ജനങ്ങളുടെ കുടിവെള്ളത്തിലേക്ക് എത്തിയിരുന്നുവെന്നാണ്. സ്ഥാപനത്തിന്റെ 40 സ്‌ക്വയര്‍ കിലോമീറ്ററോളം വരുന്ന ഭാഗം വിഷലിപ്തമായി മാറിപ്പോയിരുന്നുവെന്ന് വിവിധ സ്വകാര്യ ഏജന്‍സികളും സന്നദ്ധ സംഘടനകളും നടത്തിയ പഠനത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിഷഫാക്ടറി ഒരു ജനതയെ പൂര്‍ണമായും കീഴ്‌പ്പെടുത്തിക്കളയുകയായിരുന്നുവെന്ന് പറയാം
കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടെ പുറംലോകം അത്ര ചര്‍ച്ച ചെയ്യാത്ത നിരവധി വസ്തുതകളാണ് ദുരന്തമേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തിരിച്ചുവരാനാവാത്ത വിധം പാരിസ്ഥിതിക നാശത്തിലേക്ക് മേഖല എത്തി. ഭൂഗര്‍ഭജലത്തെ പോലും ബാധിച്ചു. സാധാരണക്കാരില്‍ സാധാരണക്കാരായ രണ്ട് ലക്ഷത്തോളം ആളുകളുടെ വീടും പരിസരവും പരിഹരിക്കാനാവാത്ത രീതിയില്‍ മലിനമാക്കപ്പെട്ടു. അവര്‍ക്ക് ഏറെ ആശ്വാസമുള്ളതാണ് മാലിന്യങ്ങള്‍ നീക്കുന്നുവെന്ന വാര്‍ത്ത.
Content Highlights: Toxic waste removed from Union Carbide Factory in Bhopal
Published: 04 Jan 2025, 10:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented