
മനുഷ്യനെ മനുഷ്യനിൽ നിന്നും വേർതിരിക്കുന്നു. ഒരുവന്റെ ജനനവും ജീവിതവും ചോദ്യം ചെയ്യപ്പെടുന്നു. ആൾകൂട്ടത്തിനിടയിൽ അവൻ അപമാനിതനാവുന്നു. അവന്റെ നിറവും ജാതിയും കുലവും ഗോത്രവും അളന്നു തൂക്കി വിചാരണ ചെയ്യപ്പെടുന്നു. കലാലയങ്ങളിൽ ആദിവാസി-ദളിത് വിദ്യാർഥികൾ നേരിടുന്ന ജാതി വിവേചനത്തിനെതിരേ കലയിലൂടെ സമരം തീർക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. വിദ്യാഭ്യാസ, സാമൂഹിക ജീവിതത്തിൽ ആദിവാസി -ദളിത് വിദ്യാർഥികൾ നേരിടുന്ന അവകാശലംഘനങ്ങൾക്കെതിരേ ശബ്ദമുയർത്തുക, ആക്രമണങ്ങളെ ചെറുത്തുനിൽക്കുക, വിദ്യാഭ്യാസത്തിനു പരമ പ്രാധാന്യം നൽകുക തുടങ്ങിയ ആശയങ്ങളുമായാണ് തദ്ദേശീയ വിദ്യാർഥികളുടെ നാടക കൂട്ടായ്മയായി 'അസുർ ആക്ട്' രൂപംകൊണ്ടത്. തിരുവനന്തപുരം മാനവീയം വീഥിയിൽ അവരുടെ ആദ്യ നാടകം 'എങ്കളേ ഒച്ചേ' (ഞങ്ങളുടെ ശബ്ദം) അരങ്ങേറിയപ്പോൾ രോഹിത് വെമുല, രജനി എസ് ആനന്ദ്, പായൽ തദ്‌വി തുടങ്ങി, ദളിതായതിന്റെ പേരിൽ കലാലയങ്ങളിൽ ജീവൻ ഹോമിക്കപ്പെട്ടവർക്കുള്ള സ്മരാണാഞ്ജലി കൂടിയായി മാറി.
അസുർ ആക്ടിനെ കുറിച്ചും ദളിത് ആദിവാസി വിദ്യാർഥികൾ കലാലയങ്ങളിൽ നേരിടുന്ന വിവേചനത്തെ കുറിച്ചും തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ വിദ്യാർഥികളായ എ.ഡി. ജിഷ്ണു, സി.ബി. ശ്രീജിത്ത്, രേവതി എ.ടി. , വി.കെ. രാഹുൽ, പണ്ഡിറ്റി ഗൗതം എന്നിവർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
അസുർ ആക്ട്' - ഞങ്ങൾ അങ്ങനെ അസുരന്മാരായി
പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹം ഓരോ തവണയും ശബ്ദം ഉയർത്തുമ്പോൾ അവനെ ഒരു 'രാക്ഷസനോ വില്ലനോ അസുരനോ' ആയി കാണുന്നു എന്ന വസ്തുതയിൽ നിന്നാണ് അസുർ ആക്ട് എന്ന പേരിലേക്കെത്തുന്നത്. നിരന്തരം ജാതീയപരമായ വിവേചനം നേരിടുമ്പോൾ, സംവരണത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെടുമ്പോൾ സ്വസ്ഥമായി എങ്ങനെ ഒരു തിയറ്റർ സ്പെയ്സിൽ കലയെ ഉപാസിക്കാൻ കഴിയും. അനീതിക്കെതിരേ ശബ്ദമുയർത്തുമ്പോൾ ഒറ്റപ്പെടുത്തുന്നു. ജാതി സംസാരിക്കുന്നുവെന്ന് പറയുന്നു. നീതിക്ക് വേണ്ടി സംസാരിക്കുമ്പോൾ, ശബ്ദമുയർത്തുമ്പോൾ ഞങ്ങൾ പലർക്കും അസുരന്മാരാകുന്നു. അസുരൻമാരുടെ കല കൊണ്ടുള്ള സമരമാണ് 'അസുർ ആക്ട്'

തിയറ്റർ വർക്ഷോപ്പിൽ നിന്ന് അസുർ ആക്ടിലേക്ക്
ദളിത് വിദ്യാർഥികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും, പഠനത്തിൽ അവരേ പിടിച്ചു നിർത്തുന്നതിനും ഒരു പ്രയത്നം എന്ന നിലയിലാണ് തിയറ്ററിനെ ടൂളാക്കി വർക്ഷോപ്പ് നടത്താനുള്ള തീരുമാനത്തിലെത്തുന്നത്. ആദിശക്തി സമ്മർ സ്കൂളിന്റെ സഹകരണത്തോടെ എറണാകുളത്താണ് ആദ്യ വർക്ഷോപ്പ് നടത്തിയത്. വിവേചനം നേരിടാത്ത ഒറ്റപ്പെടാത്ത ഒരു വിദ്യാർഥി പോലും ഉണ്ടായിരുന്നില്ലായെന്നതായിരുന്നു യാഥാർഥ്യം. കാമ്പസിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ കോഴ്സ് അവസാനിപ്പിച്ചു പോയവരും നിരവധിയുണ്ട്. അവിടെ വച്ചാണ് കലാലയങ്ങളിൽ ആദിവാസി-ദളിത് വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, വസ്ത്രധാരണം, ഭാഷ, സംസ്കാരം എന്നിവയിൽ അഭിമുഖീകരിക്കുന്ന വിവേചനങ്ങൾ ഉയർത്തുന്ന മോണോലോഗുകൾ ചേർത്ത് 'എങ്കളേ ഒച്ചേ' (ഞങ്ങളുടെ ശബ്ദം) നാടകം രൂപപ്പെട്ടത്. ദളിത് എഴുത്തുകാരൻ സി അയ്യപ്പന്റെ എന്റെ കഥയിലെ നിങ്ങൾ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് 'എങ്കളെ ഒച്ചെ' എന്ന നാടകം രൂപപ്പെടുത്തിയത്.
കലയിലൂടെ സംസാരിക്കുക, അംബേദ്കർ ആശയങ്ങൾ പ്രചരിപ്പിക്കുക, വിദ്യാർഥികളെ തിരികെ പഠനത്തിലേക്ക് കൊണ്ടുവരുക എന്നിവയിലൂടെ വിദ്യാർഥികളെ ശക്തരായി നിലനിർത്തുകയെന്നതായിരുന്നു ലക്ഷ്യം. പിന്നീട് വയനാട് വടുവൻചാലിലും ആദിശക്തി സമ്മർ സ്കൂളിന്റെ സഹകരണത്തോടെ ഒരു ക്യമ്പ് സംഘടിപ്പിച്ചു. ഊരുകളിൽ പഠനം മുടങ്ങുകയോ നിർത്തുകയോ ചെയ്തവരേ തിരിച്ച് കലാലയങ്ങളിലും സ്കൂളുകളിലും എത്തിക്കുകയെന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. പിന്നീടാണ് കലയിലൂടെ സംസാരിക്കുക എന്ന ആശയത്തിൽ നിന്ന് തദ്ദേശീയ വിദ്യാർഥികളുടെ നാടക കൂട്ടായ്മയായി അസുർ ആക്ട് ജനിക്കുന്നത്.

ഈ ഗ്രാന്റ്‍ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ശ്രീജിത്തിന് മെസ് ഫീസ് അടയ്ക്കാൻ സാധിക്കാതിരുന്നത്. ഭക്ഷണം കഴിക്കാൻ മെസ്സിലെത്തിയപ്പോൾ പരസ്യമായി ശ്രീജിത്ത് അപമാനിക്കപ്പെട്ടു. അത്രയും വിദ്യർഥികളുടെ മുന്നിൽവെച്ച് പരസ്യമായി അപമാനിതനായപ്പോഴും ആരും അവനു വേണ്ടി സംസാരിച്ചില്ല. പരസ്യമായും രഹസ്യമായും അവഗണനയും വിവേചനവും നേരിടുന്ന ഒരു സമൂഹം ശബ്ദമുയർത്താതെ എന്തു ചെയ്യും.
ജാതി പറയുന്നതുകൊണ്ട് ജാതി വിവേചനം നേരിടുന്നു
അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ, അനീതി ചോദ്യം ചെയ്തപ്പോൾ ഏറ്റവും കൂടുതലായി ഉയർന്നുവന്ന വിമർശനം ആദിവാസി ദളിത് വിദ്യാർഥികൾ ജാതി പറയുന്നതുകൊണ്ട് ജാതി വിവേചനം നേരിടുന്നുവെന്നതായിരുന്നു. ജാതി പറയേണ്ടി വരുന്നെങ്കിൽ അത് യാതൊരുവിധ പ്രത്യേകാനുകൂല്യങ്ങളുമില്ലെന്നതുകൊണ്ട് തന്നെയാണ്. ജാതിയുടെ എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കുന്നവർക്ക് ജാതി പറയേണ്ട ആവശ്യം വരുന്നില്ല. ജാതിയുടെ എല്ലാവിധ ബുദ്ധിമുട്ടുകളും ഞെരുക്കങ്ങളും അനുഭവിക്കുന്നവന് ജാതിയുടെ അപകടത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുമ്പോൾ ജാതി പറയേണ്ടി വരും. തികച്ചും ഒറ്റപ്പെട്ട്, ജാതിവിചാരണ നേരിടേണ്ടി വരുമ്പോൾ സമരമുഖത്തേക്ക് ഇറങ്ങേണ്ടതായി വന്നുപോകും. അഭിമുഖീകരിക്കുന്ന ട്രോമകളിൽ നിന്ന് പുറത്തുവന്ന് സംസാരിക്കാൻ സാധിക്കുകയെന്നത് അത്ര നിസാരമായ കാര്യമല്ല.

ജാതിപ്പേര് വിളിക്കുന്നില്ലാലോ. തൊട്ടുകൂടായ്മയില്ലായെന്നുള്ളതാണ് പലരും ചോദിക്കുന്നത്. എന്നാൽ ഞങ്ങളുടെ അന്തസിനെ ചോദ്യം ചെയ്യുകയാണ്. മെസ് ഫീസ് ഈ ഗ്രാന്റിൽ നിന്നുമാണ് എടുക്കാറുള്ളത്. മെസ് ഫീസ് കൊടുക്കാൻ ഞങ്ങൾ ശേഷിയുള്ളവരാണെന്ന് പറഞ്ഞ് കള്ളന്മാരാക്കി. ദളിത് വിദ്യാർഥികൾ ഗ്രാന്റ് കിട്ടിയിട്ടും മെസ് ഫീസ് അടയ്ക്കാതെ മുങ്ങിയെന്ന് പറയുന്നു. സർട്ടിഫിക്കറ്റ് വിട്ടുനൽകണമെങ്കിൽ എല്ലാ ഫീസും അടച്ചേ മതിയാകൂ. മാത്രമല്ല ഈ ഗ്രാന്റിൽ നിന്നും മെസ് ഫീസ് എടുത്തതിനുശേഷം മാത്രമേ ബാക്കി തുക വിദ്യാർഥികൾക്ക് നൽകുക കൂടി ചെയ്യുകയുള്ളൂ. എന്നിട്ടാണ് ഒരു ജനതയെ മുഴുവൻ അടിസ്ഥാനരഹിതമായി കള്ളന്മാരായി ചിത്രീകരിക്കുന്നത്. ഇതിനെ ജാതി അധിക്ഷേപമെന്നല്ലാതെ എന്തു പറയും.
എസ്.സി. എസ്.ടി. സീറ്റ് പരിവർത്തനം
കാമ്പസുകളിൽ എസ്.സി. എസ്.ടി. സീറ്റ് പരിവർത്തനം നടത്തണമെങ്കിൽ പത്രപരസ്യം, സ്പോട്ട് അഡ്മിഷൻ എന്നിവ യിൽ ഉൾപ്പെടെ ചില മാനദണ്ഡങ്ങൾ പാലിച്ചേ മതിയാവൂ. എന്നാൽ, ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് എസ്.ടി. സീറ്റുകൾ എസ്.സി സീറ്റിലേക്ക് പരിവർത്തനം ചെയ്യുന്നത്. ഇവിടെ എസ്.ടി വിദ്യാർഥിയുടെ അവകാശവും പ്രാതിനിധ്യവും നഷ്ടപ്പെടുകയാണ്. ഇതിനെതിരേ എസ്.സി. വിദ്യാർഥികൾ ഉൾപ്പെടെയാണ് രംഗത്തെത്തിയത്. കലാലയ പ്രതിരോധങ്ങളുടെ ആഘോഷമായി കോളേജിൽ 'മുളി 2024' സംഘടിപ്പിച്ചിരുന്നു. വരമ്പ് എന്ന അർഥം വരുന്ന പണിയ ഭാഷയിലെ വാക്കാണ് മുളി. ഒരേസമയം അതിർത്തിയായും വഴിയായും വരമ്പ് ഉപയോഗിക്കാൻ സാധിക്കും. അതിരും വരമ്പും വഴിയും ചോദ്യം ചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തിൽ 'മുളി' പ്രസക്തമാകുന്നു. 'മുളി'യുടെ രാഷ്ട്രീയം ഭൂമിയുടെ രാഷ്ട്രീയമാണ്.

ഹോസ്റ്റലിൽ വിദ്യാർഥികളെ അപമാനിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ ജോൺ മത്തായി സെന്ററിലെ ലേഡീസ് ഹോസ്റ്റൽ മേട്രൻ ദളിത് വിദ്യാർഥിനികളെ മെസ് ഫീസ് അടക്കാത്തതിന്റെ പേരിൽ ഹോസ്റ്റൽ മീറ്റിങ്ങിൽ വച്ച് പരസ്യമായി ജാതീയമായി അപമാനിച്ചു. മേട്രനും വാർഡനും ഇതിനുമുമ്പും ഇത്തരത്തിൽ വിദ്യാർഥികളെ അപമാനിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. വിഷയത്തിൽ എച്ച്.ഓ.ഡിക്ക് അസുർ ആക്ടാണ് പരാതി നൽകിയത്. കലാലയങ്ങളിൽ ജാതീയമായ വിവേചനം നേരിടുന്ന അധിക്ഷേപം നേരിടുന്ന വിദ്യാർഥികൾക്ക് വേണ്ടി അസുർ ആക്ട് ശബ്ദമുയർത്തും. ഈ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നൽകിയിട്ടുള്ള പരാതിയിന്മേൽ അനുകൂലമായ നടപടി ഉണ്ടാകുന്നതു വരേ, അസുർ ആക്ട് അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങി. ഒടുവിൽ മേട്രനെയും വാർഡനെയും സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു.
സമരം ചെയ്യാൻ വിധിക്കപ്പെട്ടവർ
ഞങ്ങളാരും സമരം ചെയ്യാൻ ആഗ്രഹിച്ച് സമരം ചെയ്യുന്നവരല്ല. കലാലയ ജീവിതം മുഴുവൻ സമരം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് ഞങ്ങൾ. ഞങ്ങളിൽ ഭൂരിഭാഗം വിദ്യാർഥികളും ഒന്നാം തലമുറ വിദ്യാർഥികളാണ്. ഞങ്ങൾ ശബ്ദമുയർത്തിയില്ലെങ്കിൽ വരും തലമുറയും ഇത്തരം ജാതിവിവേചനത്തിന് ഇരയാവുക തന്നെ ചെയ്യും. കോഴ്സുപേക്ഷിച്ച് പോകുന്ന പല വിദ്യാർഥികളുടെയും അനുഭവങ്ങളെ മുൻനിർത്തി പുതുതലമുറയും ഉന്നതവിദ്യഭ്യാസത്തിൽ നിന്ന് പിന്മാറുന്ന സ്ഥിതിവിശേഷം വരേയുണ്ട്. വിദ്യാഭ്യാസം, മാന്യമായ ജീവിതം ഞങ്ങളുടെ അവകാശമാണ്. ഈ അവകാശം നിഷേധിക്കപ്പെടുമ്പോൾ ഇനിയുള്ള തലമുറയ്ക്ക് വേണ്ടി സമരമാർഗം സ്വീകരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.

സംഗീത അക്കാദമി സ്കോളർഷിപ്പിന് അവകാശമില്ലേ?
സംഗീത അക്കാദമി സ്കോളർഷിപ്പിന് എസ്.സി.-എസ്.ടി വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കാറില്ല. ഈ ഗ്രാന്റ് ലഭിക്കുന്നതുകൊണ്ട് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ലെന്നാണ് വിശദീകരണം. എന്നാൽ, യൂണിവേഴ്സിറ്റി സർക്കുലറിൽ അത്തരം ഒരു നിർദേശമുണ്ടോയെന്ന് ചോദിച്ചാൽ അതിൽ വ്യക്തതയില്ല. മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന സ്കോളർഷിപ്പിൽ നിന്ന് എന്തിന് എസ്.സി. എസ്.ടി വിദ്യാർഥികളെ മാറ്റിനിർത്തണം. ഇനി എല്ലാ വിദ്യാർഥികൾക്കും അപേക്ഷിക്കാമെന്നാണെങ്കിൽ ഇത്രയും കാലം കാണിച്ച അവകാശനിഷേധത്തിന് എങ്ങനെ മറുപടി പറയും.
ഈ ഗ്രാന്റ്, സംവരണം-ലക്ഷ്യം ദാരിദ്ര്യ നിർമാർജനമല്ല
ഈ ഗ്രാന്റ്, സംവരണമൊക്കെ ദാരിദ്ര നിർമാർജന പദ്ധതികളല്ല. അങ്ങനെയാണ് പലരും കാണുന്നത്. ഒരു ക്ലാസ്മുറിയിലേക്ക് നോക്കുമ്പോൾ അവിടെ എത്ര ദളിത് ആദിവാസി വിദ്യാർഥികളുടെ പ്രാതിനിധ്യമുണ്ടെന്ന് നോക്കുന്നില്ല. ഇത് സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വിഷയമാണ്. സമൂഹത്തിൽ തുല്യത കിട്ടാത്ത മനുഷ്യരിൽ സാമ്പത്തികമായി മെച്ചപ്പെട്ടവർ ഉണ്ടെങ്കിൽ കൂടി സാമൂഹികമായ നീതി ലഭിക്കുന്നില്ലെന്നുള്ളതാണ് യാഥാർഥ്യം. ഒരു കലാലയത്തിൽ എത്ര ദളിത് അധ്യാപകരുണ്ടെന്ന് അന്വേഷിച്ചുനോക്കൂ. അതുപോലെ ഓരോ മേഖലയിലും അന്വേഷിക്കുമ്പോൾ ദളിത് പ്രാതിനിധ്യം മിക്കയിടങ്ങളിലും ഇല്ലെന്നുള്ളത് വ്യക്തമാകും.
രണ്ടു വർഷമായി ഈ ഗ്രാന്റ് ലഭ്യമാകാതെവന്നതോടെ സമരത്തിനിറങ്ങേണ്ടി വന്നവരാണ് ദളിത് ആദിവാസി വിദ്യാർഥികൾ. കൃത്യമായി ഈ ഗ്രാന്റ് നൽകാത്തതും അവകാശനിഷേധം തന്നെയാണ്.
പട്ടികജാതി- പട്ടികവർഗവിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സർക്കാർ ധനസഹായം രണ്ട് ഘടകങ്ങളായാണ് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുന്നത്. കംപൾസറി നോൺ റീ ഫണ്ടബിൾ ഫീ, സ്‌റ്റേറ്റ് അക്കാദമിക്ക് അലവൻസ്.
സംസ്ഥാന സർക്കാർ, യൂണിവേഴ്‌സിറ്റി, സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസികൾ, ഫീ ഫിക്‌സേഷൻ കമ്മിറ്റി തുടങ്ങിയവ നിശ്ചയിച്ച നിരക്കിലുള്ള ട്യൂഷൻ ഫീസ്, പരീക്ഷാഫീസ്, സ്‌പെഷ്യൽ ഫീസ് എന്നിവ ഉൾപ്പെടുന്ന തുകയാണ് കംപൾസറി നോൺ റീ ഫണ്ടബിൾ ഫീ. വിദ്യാർഥികളുടെ പഠനത്തിന് നൽകുന്ന ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പൻഡ്, പോക്കറ്റ് മണി, ഹോസ്റ്റൽ അലവൻസ് തുടങ്ങിയവക്കായി സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന നിരക്കാണ് സ്‌റ്റേറ്റ് അക്കാദമിക് അലവൻസ്. ആദ്യത്തേത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും രണ്ടാമത്തേത് കുട്ടികൾക്ക് പഠനത്തിന് സപ്പോർട്ടിങ്ങ് സിസ്റ്റമായും ലഭിക്കുന്ന ഫണ്ടുകളാണ്. ഈ രണ്ട് ഗ്രാന്റുകളുടെയും അഡ്മിനിസ്‌ട്രേഷൻ മെക്കാനിസം ഇലക്ട്രോണിക് സംവിധാനങ്ങളായി മാറിയപ്പോഴാണ് ഇവരേ ഇ-ഗ്രാന്റ്സ് എന്നു വിളിക്കാൻ തുടങ്ങിയത്. വിദ്യാർഥി കോളേജിൽ അഡ്മിഷനെടുത്ത ശേഷം പഠിക്കാൻ നൽകുന്ന അലവൻസാണ് ലംപ്‌സം ഗ്രാന്റ്. യു.ജി വിഭാഗത്തിന് 1400 രൂപയും പി.ജി വിഭാഗത്തിന് 1900 രൂപയുമാണ് നൽകുന്നത്.
പുതുക്കിയ കേന്ദ്ര സർക്കാർ വിജ്ഞാപനമനുസരിച്ച് ഇ ഗ്രാന്റ്സ് സൈറ്റിൽ ഡേ സ്‌കോളർ, ഹോസ്റ്റലർ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. സർക്കാർ / പ്രൈവറ്റ് കോളേജുകളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഫീസായി പ്രതിമാസം 3500 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് നൽകുന്നത്. സർക്കാർ കോളേജ് ഹോസ്റ്റൽ ലഭിക്കാത്ത പട്ടികജാതി വിദ്യാർഥികൾക്ക് സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നതിന് 1500 രൂപയും പട്ടികവർഗ വിദ്യാർഥികൾക്ക് 3000 രൂപയുമാണ് നൽകുന്നത്. ഡേ സ്‌കോളേഴ്‌സിന് യാത്രാ ചെലവിനും മറ്റും 800 രൂപയാണ് നൽകുന്നത്. മെഡിക്കൽ, എഞ്ചിനിയറിങ്ങ് വിദ്യാർഥികൾക്ക് പ്രതിമാസം ഹോസ്റ്റൽ അലവൻസായി 4500 രൂപ നൽകുന്നു. ദുർബ്ബല സമുദായത്തിൽപ്പെട്ട വേടൻ, അരുന്തതിയാർ, ചക്കിളിയൻ, കല്ലടി, നായാടി സമുദായട്ട വിദ്യാർഥികൾക്ക് നിശ്ചിത തുകയും സ്റ്റൈപ്പന്റ് നൽകുന്നുണ്ട്.
ഇ ഗ്രാന്റ്സ് പോർട്ടൽ / നാഷണൽ പോർട്ടൽ മുഖേന ഓൺലൈനായാണ് സ്‌കോളർഷിപ്പ് വിതരണം. കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളുടെ പരിധിയിൽപ്പെട്ട വിദ്യാർഥികൾക്ക് കേന്ദ്ര- സംസ്ഥാന വിഹിതമടങ്ങിയ സ്‌കോളർഷിപ്പ് ഇ- ഗ്രാന്റ്സ് പോർട്ടൽ / നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി ലഭിക്കും. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന അലവൻസുകളായ ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റുകൾ, പോക്കറ്റ് മണി എന്നിവയുടെ തുക സ്‌റ്റേറ്റ് അക്കാദമിക് അലവൻസ് എന്ന പേരിൽ ഒറ്റത്തവണയായാണ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന വിതരണം ചെയ്യുന്നത്. ഇ ഗ്രാന്റ് അപേക്ഷ വിദ്യാഭ്യാസ വർഷാരംഭത്തിൽ അക്ഷയകേന്ദ്രങ്ങൾ മുഖേന ഓൺലൈനായി സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. സ്ഥാപന മേധാവിയത് ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകിയാണ് ഗ്രാന്റ് അനുവദിക്കപ്പെടുന്നത്.
വിവേചനം അനുവദിക്കാറില്ല, നടപടികൾ സ്വീകരിച്ചിട്ടുണ്ട്
ആറേഴു മാസം മുമ്പ് ശ്രീജിത്ത് എന്ന വിദ്യാർഥിയോട് മേട്രൻ മെസ് ഫീ ചോദിച്ച വിഷയമുണ്ടായിരുന്നു. കുട്ടികൾ തന്നെ മേട്രനും വാർഡനുമായി സംസാരിച്ച് പ്രശ്നം രമ്യമായി പരിഹരിച്ചു. പിന്നീട് കഴിഞ്ഞ മാസം പുതിയ അഡ്മിഷൻ നടന്നതിന് ശേഷമാണ് വനിത ഹോസ്റ്റലിലെ വിഷയമുണ്ടാകുന്നത്. കുട്ടികൾ പരാതി നൽകുകയും പ്രതിഷേധത്തിലേക്ക് നീങ്ങുകയുമായിരുന്നു. യൂണിവേഴ്സിറ്റി കുട്ടികളുടെ ആവശ്യം ന്യായമാണെന്ന് കണ്ട് ഹിയറിങ് നടത്തി മേട്രനെയും വാർഡനെയും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി തൃശ്ശൂർ ഡ്രാമ സ്കൂൾ എച്ച്.ഒ.ഡി. ശ്രീജിത്ത് രമണൻ പറഞ്ഞു.
ന്യായമായി കിട്ടേണ്ട കുട്ടികളുടെ ഈ ഗ്രാന്റ് രണ്ടു വർഷമായി ലഭിക്കാതെയിരുന്നതായിരുന്നു പ്രധാന പ്രശ്നം. ഇതൊരു ചെറിയ വിഷയമല്ല. പഠനത്തിന് ആവശ്യമായ, അവർക്ക് അർഹതപ്പെട്ട ഗ്രാന്റ് ലഭിക്കാതെയിരുന്നാൽ എന്തുചെയ്യും. വിദ്യാർഥികളിൽ കൂടുതൽ പേരും സാധാരണക്കാരാണ്. ഈ ഗ്രാന്റ് പോലുള്ള പിന്തുണാ സംവിധാനങ്ങളുള്ളതാണ് ഇവരുടെ ഏക ആശ്രയം. വിദ്യാർഥികളുടെ സമരത്തിന് പിന്നാലെ, വിഷയത്തിൽ ഇടപ്പെടലുണ്ടാകുകയും ഫണ്ട് റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള വിവേചനം വിദ്യാർഥികൾ നേരിടുന്നത് ശ്രദ്ധയിൽപ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം പ്രശ്നം പരിഗണിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്.
'ഞങ്ങൾ കാടുവെട്ടി.. നിങ്ങൾ മേട കെട്ടി..
ഞങ്ങൾ വിത്തെറിഞ്ഞു.. നിങ്ങൾ കൊയ്തുകൂട്ടി...
ഞങ്ങൾ ചേറണിഞ്ഞേ.. നിങ്ങൾ പൊന്നണിഞ്ഞേ....
ചേറിൻ നിറം കലർന്ന ഞങ്ങളെ കല്ലെറിഞ്ഞേ....'
“നമ്മൾ സ്വന്തം കാലിൽ നിൽക്കുകയും നമ്മുടെ അവകാശങ്ങൾക്കായി കഴിയുന്നത്ര പോരാടുകയും വേണം. അതിനാൽ നിങ്ങളുടെ പ്രക്ഷോഭം തുടരുകയും നിങ്ങളുടെ ശക്തികളെ സംഘടിപ്പിക്കുകയും ചെയ്യുക. പോരാട്ടത്തിലൂടെ അധികാരവും അന്തസ്സും നിങ്ങളെ തേടിയെത്തും”. ബി.ആർ അംബേദ്കറുടെ വാക്കുകളെ പിന്തുടർന്നാണ് അസുർ ആക്ടിന്റെ യാത്ര അത്രയും. അവർക്ക് മുന്നിൽ പോരാട്ടമല്ലാതെ മറ്റൊന്നുമില്ല. ദളിത് ജനത വിവേചനങ്ങൾക്കിരയാകുമ്പോൾ അക്രമത്തിലൂടെയല്ല, കലയിലൂടെ പ്രതിഷേധിക്കാനാണ് അവരുടെ തീരുമാനം. ചോദ്യങ്ങൾ ചോദിക്കും. നിരന്തരം ശബ്ദമുയർത്തും. അവിടെ അസുരന്മാരായി ചിത്രീകരിക്കപ്പെട്ടാൽ കൂടി ആരുടെയും പ്രീതിക്കുവേണ്ടി അനീതി അംഗീകരിക്കാൻ തയാറല്ല. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവിടെ കലയിലൂടെ പ്രതിരോധം തീർക്കാനാണ് അസുർ ആക്ടിന്റെ തീരുമാനം.
Content Highlights: Asur Act fight against discrimination through art
Published: 28 Aug 2024, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented