
എന്റെ അച്ഛന് എണ്‍പത്താറും അമ്മക്ക് എണ്‍പത്തൊന്നും വയസ്സായി. ഇരുവരും റിട്ടയർഡ് അധ്യാപകരാണ്. അച്ഛന് മറവി രോഗവും അമ്മക്ക് പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകളും വല്ലാതെ ഉണ്ട്. സ്വന്തമായി പാചകം ചെയ്യാനും, മരുന്നുകള്‍ സമയത്തിന് എടുത്ത് കഴിക്കാനും ഒന്നും സാധിക്കില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊച്ചിയിലുള്ള Bless Retirement Living എന്ന assisted living community യില്‍ ആണ് അവര്‍ താമസിക്കുന്നത്. അവരുടെ ഏക മകളാണ് ഞാന്‍. കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയില്‍ ജോലിയും കുടുംബവുമായി ജീവിക്കുന്നു.
Bless ലേക്ക് താമസം മാറുന്നതിന് മുമ്പ് ഏകദേശം പത്ത് വര്‍ഷത്തോളം വീട്ടില്‍ സഹായികളെ നിര്‍ത്തി കാര്യങ്ങള്‍ ഒരു വിധം മുന്നോട്ട് പോയി. പല ഹോം നഴ്‌സിങ്ങ് ഏജന്‍സികളിലൂടെ ഒരു പാട് പേരെ സഹായത്തിനായി അച്ഛനും അമ്മയും വരുത്തി . ആദ്യകാലങ്ങളില്‍ വന്നവര്‍ പലരും ഇരുന്ന് സദാ സമയവുംTV കാണും .അമ്മ അവര്‍ക്ക് TV യുടെ മുന്നില്‍ ഭക്ഷണം വിളമ്പി കൊണ്ടു കൊടുക്കും. പിന്നീട് അമ്മക്ക് ജോലിക്ക് വരുന്നവര്‍ക്ക് വെച്ച് വിളമ്പാന്‍ കഴിയാതാതെ ആയപ്പോള്‍ സ്വന്തം വീട്ടില്‍ ഭക്ഷണം സമയത്തിന് കിട്ടാത്ത അവസ്ഥയായി. ഒരു ഹോം നഴ്‌സ്, ഒരു പാചകക്കാരി, വെറേ ഒരു സഹായി അങ്ങിനെ മൂന്ന് ആളെ വരെ വെച്ചിട്ടു പോലും വേണ്ട പരിചരണം കിട്ടിയില്ല. ഒരു പാട് ദുരനുഭവങ്ങളും ഈ സഹായികളില്‍ നിന്നും അവര്‍ക്ക് ഉണ്ടായി.
അച്ഛനും അമ്മയും ഞാനെന്ന ഒരു മകളും കൂടി ഒരു അണു കുടുംബമായാണ് എന്റെ വിവാഹം വരെ ജീവിച്ചത്. അതുകൊണ്ട് തന്നെ എന്റെ കൂടെ അമേരിക്കയില്‍ വന്ന് സ്ഥിരമായി താമസിക്കാന്‍ അവര്‍ ഒട്ടും ആഗ്രഹിച്ചില്ല. കൂടാതെ ഷിക്കാഗോയിലെ തണുപ്പ് കാലാവസ്ഥ, ഇമിഗ്രേഷന്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് , മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇല്ലാതെ ഇവിടെ താമസിക്കുക തുടങ്ങിയ മറ്റ് പ്രശ്‌നങ്ങളും. പല പ്രാവശ്യം അച്ഛനും അമ്മയും ഷിക്കാഗോയില്‍ വന്ന് എന്റെ കൂടെ താമസിച്ച് നോക്കി. പക്ഷേ ഒക്ടോബറില്‍ തണുപ്പ് തുടങ്ങുമ്പോഴേക്കും അവര്‍ക്ക് നാട്ടില്‍ എത്താന്‍ തിടുക്കമാണ്. ഒരു പാട് ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും വാത സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഷിക്കാഗോയിലെ കൊടും തണുപ്പ് അവര്‍ക്ക് സഹിക്കാന്‍ പറ്റിയില്ല.. സ്‌ക്കൂളിലും കോളേജിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ ഒറ്റക്കാക്കി, ജോലി ഉപേക്ഷിച്ച് അച്ഛനമ്മമാരെ നോക്കാനായി നാട്ടിലേക്ക് സ്ഥിരമായ ഒരു മടക്കം എനിക്കും പ്രായോഗികമല്ല.
ഒരു പാട് അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ആലുവക്കടുത്തുള്ള ഇപ്പോഴുള്ള സ്ഥലം കണ്ടു പിടിക്കുന്നത്. അച്ഛനും അമ്മയും സുരക്ഷിതരായി അവിടെ കഴിയുന്നു. പ്രായമായ ആളുകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാണ്. നല്ല ഒരു തുക മാസം ചിലവുകള്‍ക്കായി അടക്കണം. പക്ഷേ ഏറ്റവും പ്രധാനം ഈ പ്രായത്തിലും, ആരോഗ്യ സ്ഥിതിയിലും മറ്റാരുടേയും ഔദാര്യത്തിന് കാത്ത് നില്‍ക്കാതെ അവര്‍ക്ക് തല ഉയര്‍ത്തി ജീവിക്കാന്‍ സാധിക്കുന്നു എന്നതാണ്.
അച്ഛനമ്മമാര്‍ വൃദ്ധസദനത്തില്‍ താമസിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ ഒരു പാട് കല്ലേറുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് കിട്ടിയിട്ടുണ്ട്. അച്ഛനമ്മമാരെ അഗതി മന്ദിരത്തില്‍ എന്റെ താത്പര്യത്തിനായി കൊണ്ടാക്കി എന്ന ഒരു ആരോപണം നേരിട്ടും അല്ലാതെയും ഒരു പാട് കേട്ടു. സമൂഹ മാധ്യമങ്ങളിലൂടെ അപരിചിതര്‍ വരെ വളരെ മോശമായ മെസേജുകള്‍ അയച്ചു. സ്വന്തം വീട്ടിലെ ഇരുളടഞ്ഞ ഏറ്റവും സൗകര്യം ഇല്ലാത്ത മുറിയില്‍ ഒന്ന് മാറ്റിക്കിടത്താതെ ബെഡ് സോര്‍ വന്ന് മരിച്ച അമ്മയുടെ മകനും മകളും ഒക്കെ ആണ് കല്ലെറിയാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. അച്ഛനും അമ്മയും ഒറ്റക്ക് വീട്ടില്‍ ഹോം നഴ്‌സുമാരുടെ സഹായത്തോടെ കഴിഞ്ഞ സമയത്തെ ബുദ്ധിമുട്ടുകള്‍ അടുത്തറിഞ്ഞ പലരും Assisted Living home ലേക്ക് മാറുന്നതിന് പിന്തുണ നല്‍കി. ചിലര്‍ക്കൊക്കെ കാര്യങ്ങള്‍ എല്ലാം അറിയാം, എന്നാലും വൃദ്ധസദനം അല്ലേ എന്നാണ് കാഴ്ചപ്പാട്. എന്റെ നേരേ എറിഞ്ഞ കല്ലുകള്‍ മര്‍മ്മത്തില്‍ കൊള്ളുന്നില്ല എന്ന് മനസ്സിലാക്കിയ ചിലരൊക്കെ അമ്മയെ നേരിട്ട് വിളിച്ചും മെസേജുകള്‍ അയച്ചും വേദനിപ്പിക്കാന്‍ ശ്രമിച്ചു. കാലത്തിന് മുമ്പേ എക്കാലവും നടക്കുന്ന അമ്മക്കും അതൊക്കെ അവഗണിക്കാന്‍ കഴിയുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ പ്രായമായ ജനങ്ങളെ പരിചരിക്കുന്ന സ്ഥാപനം അല്ലെങ്കില്‍ 'വൃദ്ധസദനം' എന്ന ആശയത്തിനോടുള്ള അകാരണവും കടുത്തതുമായ എതിര്‍പ്പില്‍ നിന്നാണ് ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നത്.
ഈ കാലയളവില്‍ സമാന സാഹചര്യങ്ങളിലുള്ള ഒരു പാട് മക്കളെ പരിചയപ്പെടാനും കേള്‍ക്കാനും പറ്റി. സിനിമയിലും കഥയിലും ഒക്കെ നമ്മള്‍ കാണുന്ന പോലെ മാതാപിതാക്കളെ മറന്ന് സുഖലോലുപരായി വിദേശ രാജ്യങ്ങളില്‍ മതിമറന്ന് ജീവിക്കുന്ന മനുഷ്യരല്ല അവരൊന്നും. കാലികവും, പ്രായോഗികവും ആയ തീരുമാനങ്ങള്‍ എടുത്ത് അച്ഛനമ്മമാരുടെ സുരക്ഷിതത്വവും ആരോഗ്യവും പരിപാലിക്കാന്‍ ശ്രമിക്കുന്ന മക്കളാണ്. എന്റെ അച്ഛനും അമ്മയ്ക്കും ഇനിയെത്ര കാലം ഉണ്ടന്ന ഭയം എന്റെ ഉള്ളിലുമുണ്ട്. അവർക്കൊപ്പം സമയം ചിലവഴിക്കാൻ കൂടി വേണ്ടിയാണ് വർഷത്തിൽ തന്നെ പലതവണ നാട്ടിലെക്ക് വന്ന് അവർക്കൊപ്പം നിൽക്കുന്നത്. അനവധി മക്കള്‍ നാട്ടില്‍ തന്നെ ഉണ്ടെങ്കിലും അച്ഛനെയോ അമ്മയേയോ കൂടെ നിര്‍ത്തി പരിചരിക്കാന്‍ പല വിധ കാരണങ്ങളാല്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാവാറുണ്ട്. ആ അവസ്ഥയില്‍ വീടിനകത്ത് ശ്രദ്ധ കിട്ടാതെ നീറി ജീവിക്കുന്നതിലും നല്ലത് കെയര്‍ ഹോമുകളില്‍ കഴിയുന്നതാണ്. കിടപ്പിലായ അച്ഛനേയോ അമ്മയേയോ നോക്കുന്നതിന്റെയും ചെലവുകള്‍ വഹിക്കുന്നതിന്റെയും പേരിലുള്ള എത്രയെത്ര കലഹങ്ങളുടെ കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. എന്റെ പരിചയത്തില്‍ ഉള്ള ഒരു കുടുംബത്തിലെ പ്രായമായ അഞ്ച് മക്കളുടെ അമ്മ മൂന്നാല് വര്‍ഷം കിടപ്പിലായി അവസാനം മരിച്ചു. അമ്മയെ പരിചരിച്ചതിന്റെ കണക്ക് പറഞ്ഞ് വഴക്കടിച്ച് പതിനാറാം ദിവസം അഞ്ച് മക്കളും പിരിഞ്ഞു.
പ്രായമായവരുടെ താമസം, പരിചരണം എന്നിവയുടെ കാര്യത്തില്‍ കേരള സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ട്. അണു കുടുംബങ്ങളുടെ പരിണിത ഫലമാണ് ഇന്നത്തെക്കാലത്ത് വലിയ വീടുകളില്‍ ഒറ്റക്ക് കഴിയുന്ന വൃദ്ധര്‍. പഴയ കൂട്ടുകുടുംബ സമ്പ്രദായത്തിലേക്ക് ഒരു തിരിച്ച് പോക്ക് നടക്കുമെന്ന് തോന്നുന്നില്ല. ആ നിലക്ക് വൃദ്ധ പരിപാലനത്തിന് സുരക്ഷിതവും പ്രായോഗികവും ആയ സംവിധാനങ്ങള്‍ നിലവില്‍ വരണം . അതിലുപരി അത്തരം സംവിധാനങ്ങളോടുള്ള നെഗറ്റീവായിട്ടുള്ള സമീപനങ്ങളും മാറണം. നമ്മുടെ നാട്ടിലെ ടെലിഫിലിമുകാര്‍ക്കും, ചില സാഹിത്യക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു വിഷയമാണ് വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കള്‍ എന്ന തീം. തെറ്റായ ഒരു പാട് കാര്യങ്ങള്‍ ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെയും പരത്തുന്നുണ്ട്. വൃദ്ധ സദനം എന്ന വാക്ക് ഒരു വെറുക്കപ്പെട്ട വാക്കായി സമൂഹത്തില്‍. വികസനം റോഡിലും, വിദ്യാഭ്യാസത്തിലും, പുതിയ തീവണ്ടികളിലും മാത്രം പോര, സമൂഹത്തിന്റെ സമീപനങ്ങളിലും വേണം.
കേരളത്തില്‍ കൂണ് പോലെ മുളച്ച് വരുന്ന കെയര്‍ ഹോമുകളും അസിസ്റ്റഡ് ലിവിംഗ് സെന്ററുകളും മാറ്റത്തിന്റെ സൂചനകള്‍ ആണ്. ആ മേഖലയിലും സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും വിലയിരുത്താനും സര്‍ക്കാര്‍ തലത്തില്‍ റെഗുലേറ്ററി ബോര്‍ഡുകള്‍ രൂപവല്‍ക്കരിക്കണം. വികസിത രാജ്യങ്ങളില്‍ സംസ്ഥാന തല ഡിപ്പാര്‍ട്ടുമെന്റുകള്‍ കെയര്‍ ഹോമുകളുടെ നിലവാരവും പ്രവര്‍ത്തന രീതികളും നിരീക്ഷിക്കാന്‍ രൂപീകരിച്ചിട്ടുണ്ടാകും. പെട്ടെന്നുള്ള ഇന്‍സ്‌പെക്ഷന്‍ നടത്തിയും വ്യക്തമായ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടും ഈ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രായമായവരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നു. ഇന്‍സ്‌പെക്ഷന്‍ നടക്കുമ്പോള്‍ വേണ്ട വിധത്തില്‍ പരിചരണം കിട്ടാത്ത കിടപ്പു രോഗികളെ കണ്ടെത്തിയാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സും പോകും ഫൈനും അടക്കേണ്ടി വരികയും ചെയ്യും. ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഭാവിയില്‍ വ്യാപകമായ elder abuse ന് വഴിയൊരുക്കും. വൃദ്ധര്‍ക്ക് സ്‌നേഹവും കരുതലും പരിചരണവും പോലെ അത്യാവശ്യമാണ് സുരക്ഷിതത്വം.
(ഷിക്കാഗോയിൽ Executive Compensation ഡയറക്ടറായി ജോലി ചെയ്യുകയാണ് ലേഖിക)
Content Highlights: American Malayalee Rajasree ellath,old age homes, KG George, Retirement life,senior citizens, social
Published: 01 Oct 2023, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented