
വിത്തുവിതയ്ക്കുന്നതിന്റെ കാലമാണ് മണിപ്പുരിലിത്. തട്ടു തട്ടായിക്കിടക്കുന്ന വയലുകളിൽ ട്രാക്ടറിറക്കി നിലമൊരുക്കുന്നവരെയും നെൽവിത്ത് പാകുന്ന കർഷകത്തൊഴിലാളികളെയും കാണാം ബിഷ്ണുപുരിലെ വയലുകളിൽ. കാഴ്ചയ്ക്ക് കേരളത്തിലേതുപോലുള്ള ഭൂപ്രകൃതി. ചുറ്റിലും ഉർവരമായ വയലേലകൾ. ചുരാചന്ദ്പുർ, ബിഷ്ണുപുർ അതിർത്തിപ്രദേശങ്ങളിൽ കൃഷിയിടങ്ങളുടെ അധികം അകലെയല്ലാതെ പട്ടാളക്കാരെയും കണ്ടു.
രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന മേഖലയായതിനാൽ ശ്രദ്ധ നൽകാതിരിക്കാനാവില്ല എന്ന് െലഫ്. കേണൽ ബ്രിജിത്ത് സ്ഥിതിഗതി വിലയിരുത്തി. ‘‘ഗ്രാമീണർ പകൽ പാടത്തും മറ്റും പണിക്കുപോകും, മിക്കവരും രാത്രി തോക്കെടുത്ത് കുക്കി-മെയ്ത്തി അതിർത്തി ഗ്രാമങ്ങളിൽ വെടിയുതിർക്കും. വീടുകൾക്ക് തീയിടും. നിങ്ങളിന്നിവിടെ നിൽക്കൂ, അനുഭവിച്ചറിയാം.’’ മൊയ്റാങ്ങിന് സമീപത്തെ ഒരു കാർഷികഗ്രാമത്തിലെ ക്യാമ്പിലിരുന്ന് െലഫ്. കേണൽ ബ്രിജിത്ത് ഇക്കാര്യങ്ങൾ പറയുന്നേരം ഇരുട്ടിത്തുടങ്ങിയിരുന്നു, മഴയും ചാറുന്നുണ്ട്.
പൊട്ടിത്തെറിക്കുള്ള കാരണം
വിതയുടെ ഈ കാലത്തിനു മാസങ്ങൾ മുമ്പേതന്നെ മണിപ്പുരിൽ മറ്റൊരു വിത്ത് വിതയ്ക്കൽ നടന്നിരുന്നു. വെറുപ്പുമാത്രം വിളവായി ലഭിക്കുന്ന ആ കൃഷിയിൽ സംസ്ഥാനത്തെ രാഷ്ട്രീയനേതൃത്വത്തിനും കുക്കി, മെയ്ത്തി വിഭാഗങ്ങളിലെ സായുധ സംഘങ്ങൾക്കും കൃത്യമായ പങ്കുണ്ട് എന്ന വലിയ ആരോപണം മണിപ്പുരിലൂടെയുള്ള സഞ്ചാരത്തിനിടെ പലരിൽനിന്നായി കേട്ടു. മെയ്ത്തി വിഭാഗത്തിനെ എസ്.ടി. പട്ടികയിൽ ഉൾപ്പെടുത്താനായി നടപടി സ്വീകരിക്കാനും നാലാഴ്ചയ്ക്കകം അത് സംബന്ധിച്ച ശുപാർശക്കത്ത് കേന്ദ്രസർക്കാരിന് കൈമാറാനും മണിപ്പുർ ഹൈക്കോടതി സംസ്ഥാനസർക്കാരിന് നിർദേശം നൽകിയ 2023 മാർച്ച് 27-ന് അല്ല പ്രശ്നങ്ങളുടെ തുടക്കം. സംസ്ഥാനത്തെ മനുഷ്യരെ രണ്ടായിപ്പിളർത്തി അവർ ആയുധങ്ങളെടുത്ത് പരസ്പരം കൊന്നു തീർക്കുന്ന അതി ഗൗരവമായ സ്ഥിതിഗതിയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ ഈ വിധിക്ക് പ്രധാന പങ്കുണ്ട്. പക്ഷേ, വിധിക്കുമുമ്പേയും ശേഷവുമുണ്ടായ തുടർച്ചയായ രാഷ്ട്രീയ ഇടപെടലുകൾക്കും മണിപ്പുരിന്റെ ഇന്നത്തെ അവസ്ഥയിൽ വലിയ സ്ഥാനമുണ്ട് എന്ന് കാണാം.
ബിരേൻ സിങ് എന്ന മുഖ്യമന്ത്രി
നിർണായക ഘട്ടത്തിൽ രാജിവെക്കില്ല എന്ന് പ്രഖ്യാപിച്ച എൻ. ബിരേൻ സിങ്ങിനെ കഴിഞ്ഞദിവസം നമ്മൾ കണ്ടു. രാജിവെക്കാൻ തയ്യാറെടുത്ത് രാജ്ഭവനിലേക്കു പുറപ്പെട്ട മുഖ്യമന്ത്രിയെ മെയ്ത്തിവിഭാഗത്തിലെ സ്ത്രീകളുടെ സംഘം തടഞ്ഞ് രാജിവെക്കരുത് എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച കാഴ്ചയും കണ്ടു. ബിരേൻ സിങ്ങിന്റെ രാജിക്കത്ത് ആൾക്കൂട്ടം പിടിച്ചെടുത്ത് കീറിയെറിയുകയായിരുന്നു. ഇതെല്ലാം വലിയ നാടകമെന്ന് വിമർശിക്കപ്പെടുമ്പോഴും മെയ്ത്തി വിഭാഗത്തിന്റെ ആരാധ്യപുരുഷനായി മാറിക്കഴിഞ്ഞിരിക്കുന്നു എൻ. ബിരേൻ സിങ്.
ബി.എസ്.എഫിൽ ജീവനക്കാരനും ഫുട്ബോൾ കളിക്കാരനും മാധ്യമപ്രവർത്തകനുമെല്ലാമായിരുന്ന എൻ. ബിരേൻ സിങ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് 2002-ൽ. തൊട്ടടുത്ത വർഷം കോൺഗ്രസിലെത്തി മന്ത്രിയും പ്രധാന നേതാവുമായി വളർന്ന ബിരേൻ സിങ് 2016-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തി മത്സരിച്ച് ജയിച്ച് സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായി. 2022-ൽ രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ബിരേൻ സിങ് മുന്നോട്ടുവെച്ച ചില നയസമീപനങ്ങൾ മെയ്ത്തി-കുക്കി വിഭാഗങ്ങൾക്കിടയിൽ സ്പർധ വർധിപ്പിക്കാനിടയാക്കിയതായി വിമർശിക്കപ്പെടുന്നു.
പ്രകോപനങ്ങളുടെ പിന്നാമ്പുറം
സംരക്ഷിത വനമേഖല കുക്കികൾ െെകയടക്കുന്നു, പോപ്പി കൃഷി ഉൾപ്പെടെ നടത്തി കുക്കി മേഖലകൾ ലഹരി തീവ്രവാദത്തിന്റെ കേന്ദ്രമാക്കുന്നു, കുക്കികൾ വിദേശ രാജ്യങ്ങളിൽനിന്ന് പ്രത്യേകിച്ച് മ്യാൻമാറിൽ നിന്ന് മണിപ്പുരിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നു എന്നീ പ്രസ്താവനകൾ പല തവണയായി മുഖ്യമന്ത്രി നടത്തി. പ്രസ്താവന നടത്തുക മാത്രമല്ല വനം െെകയേറ്റം ആരോപിച്ച് ചില കുക്കി ഗ്രാമങ്ങൾ ബുൾഡോസർ വെച്ച് നിരപ്പാക്കുകയും ചെയ്തു. ചുരാചന്ദ്പുർ ജില്ലയിലെ ടിനി ഗ്രാമത്തിൽ താമസിച്ച 16 കുക്കി കുടുംബങ്ങളെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ കുടിയൊഴിപ്പിച്ചത് വലിയ പ്രകോപനത്തിന് കാരണമായി.
അൻപത് വർഷത്തോളം പഴക്കമുള്ള ഗ്രാമങ്ങൾവരെ സർക്കാർ ഒഴിപ്പിക്കുന്നു എന്നാണ് കുക്കി സംഘടനകൾ ആരോപിച്ചത്. മാർച്ച് പത്തിന് കുക്കി സംഘടനകൾ സ്വാധീന മേഖലകളായ മലയോര ജില്ലകളിൽ വലിയ സമാധാനറാലികൾ നടത്തി. മറ്റെല്ലായിടത്തും സമാധാനപരമായി നടന്ന റാലി കാങ്പോക്പിയിൽ അക്രമാസക്തമാകുകയും കുക്കികൾ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. 20 പേർക്കാണ് അന്ന് പരിക്കേറ്റത്. ഇതേത്തുടർന്ന് മലയോര ജില്ലകളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ ചില കുക്കി സായുധ സംഘങ്ങളുമായുള്ള സമാധാനക്കരാറിൽനിന്ന് പിൻവാങ്ങി. പ്രശ്നങ്ങൾക്ക് കാരണക്കാർ ഈ സായുധ സംഘങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
മലയോര മേഖലയിലെ കുടിയേറ്റക്കാരെ കണ്ടെത്താൻ വീടുവീടാന്തരം കയറിയിറങ്ങി സർവേ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അവ്യക്തമായി ലഭിച്ചുകൊണ്ടിരുന്ന ചില പേടിപ്പിക്കുന്ന കാര്യങ്ങൾക്ക് ഔദ്യോഗിക അംഗീകാരം എന്ന നിലയിലാണ് ഈ വിഷയത്തിലെ സർക്കാർ നയസമീപനങ്ങൾ മെയ്ത്തികൾ സ്വീകരിച്ചത്. ഇത് താഴ്വാരത്തെ മെയ്ത്തി ഭൂരിപക്ഷ മേഖലയിൽ കുക്കിവിരുദ്ധ വികാരം ശക്തമാക്കി.
മണിപ്പുരിന്റെ രാഷ്ട്രീയാധികാരം മെയ്ത്തികളുടെ െെകയിലാണ്. ആകെയുള്ള 60 നിയമസഭാ സീറ്റുകളിൽ 40-ഉം മെയ്ത്തി ഭൂരിപക്ഷ പ്രദേശങ്ങളിലാണ് എന്നതാണ് അതിന് പ്രധാനകാരണം. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും മെയ്ത്തി തന്നെ. സംസ്ഥാനത്ത് ഏറ്റവും വികസനപ്രവർത്തനങ്ങൾ നടക്കുന്നതും സൗകര്യങ്ങളുള്ളതും തലസ്ഥാനമായ ഇംഫാലിലും അതോടു ചേർന്നുള്ള മെയ്ത്തി ഭൂരിപക്ഷ മേഖലയിലുമാണ് . മെയ്ത്തി ഭൂരിപക്ഷ മേഖലയിൽ കുക്കികൾക്ക് ഭൂമി വാങ്ങാം. എന്നാൽ, കുക്കികളുടെ മലയോരങ്ങളിൽ മെയ്ത്തികൾക്ക് ഭൂമി വാങ്ങുന്നതിന് നിയമപരമായി തടസ്സമുണ്ട്. മെയ്ത്തികൾക്ക് സ്വന്തമായി ഭൂമിയുണ്ട്. എന്നാൽ, മലയോരത്തെ കുക്കികൾക്ക് സ്വന്തമായി ഭൂമിയില്ല. ഭൂമിയുടെ അവകാശി ഗ്രാമത്തിന്റെ തലവനായിരിക്കും. അയാൾ അനുവദിക്കുന്ന സ്ഥലത്ത് ഒരു ഗ്രാമമായി ജീവിക്കുകയാണ് കുക്കി വിഭാഗത്തിലെ ജനങ്ങൾ ചെയ്യുന്നത്, അവരുടെ കുലം കാലങ്ങളായി പിന്തുടർന്നുവരുന്ന രീതിയാണിത്. എന്നാൽ, മെയ്ത്തി ഭൂരിപക്ഷ പ്രദേശത്ത് ചില കുക്കികൾ സ്വന്തമായി ഭൂമി വാങ്ങി വീട് വെച്ച് താമസിക്കുന്നു. അവർ സ്കൂളുകളും കടകളുമെല്ലാം നിർമിക്കുകയും ചെയ്തിരുന്നു. െെകയിലുള്ള ഭൂമിക്കു പുറമേ കുക്കികൾ വനം െെകയേറുന്നുവെന്നും അവിടെ മ്യാൻമാറിൽ നിന്ന് അനധികൃതമായി കുടിയേറുന്ന കുക്കികളെ താമസിപ്പിക്കുന്നുവെന്നുംകൂടി മെയ്ത്തികൾക്കിടയിൽ പ്രചരിപ്പിക്കപ്പെട്ടു.
തുടക്കത്തിന്റെ തീപ്പൊരി
മെയ്ത്തികൾക്ക് വെറും 10 ശതമാനം ഭൂമി മാത്രമേയുള്ളൂ, അതും അവർ സ്വന്തമാക്കുമെന്നും പ്രചാരം നടന്നു. ഈ ഘട്ടത്തിലാണ് മലയോരമേഖലയിൽ മെയ്ത്തികൾക്കും ഭൂമി വാങ്ങി ജീവിക്കാൻ വഴിയൊരുക്കുന്ന സുപ്രധാനമായ ഇടപെടൽ മണിപ്പുർ ഹൈക്കോടതിയുടെ ഭാഗമായി ഉണ്ടാകുന്നത്. ഇത് കുക്കികളിലെ തീവ്ര വിഭാഗങ്ങളും മുതലെടുത്തു. മെയ്ത്തികളെ
എസ്.ടി. പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത് ഗോത്രത്തിന്റെ നാശത്തിന് കാരണമാകും എന്ന് ആരോപിച്ച് കുക്കികളും നാഗന്മാരും തെരുവിലിറങ്ങി. മേയ് മൂന്നിന് നടന്ന റാലികൾ മിക്ക മലയോര മേഖലകളിലും സമാധാനപരമായിരുന്നു. എന്നാൽ, അന്ന് വൈകീട്ട് ചുരാചന്ദ്പുരിൽ പൊട്ടിപ്പുറപ്പെട്ട കലാപം മെയ്ത്തി, കുക്കി ഭൂരിപക്ഷ മേഖലകളെയാകെ കുഴപ്പത്തിലാക്കി. നാഗാ വിഭാഗക്കാർ സംഘർഷത്തിൽ നിന്ന് മാറിനിന്നു. കുക്കി മേഖലകളിൽനിന്ന് മെയ്ത്തികളും മെയ്ത്തി മേഖലകളിൽനിന്ന് കുക്കികളും സമ്പൂർണമായി ആട്ടിയിറക്കപ്പെട്ടു. അവരുടെ സ്വത്തുക്കളും ആരാധനാലയങ്ങളും ചാരമായി.
മുതലെടുക്കുന്ന സായുധസംഘങ്ങൾ
ഈ അവസരമാണ് കുക്കികളിലെയും മെയ്ത്തികളിലെയും സായുധസംഘങ്ങൾ മുതലെടുത്തത്. ഇരുകൂട്ടരും ആൾക്കൂട്ട വികാരങ്ങളെ പരമാവധി ആളിക്കത്തിച്ചു. പള്ളികളും വീടുകളും പൊളിച്ച് കത്തിക്കാനും ആളുകളെ പച്ചയ്ക്ക് തീയിടാനും ഇവർ മുന്നിൽനിന്നു. മെയ്ത്തി വിഭാഗത്തിലുള്ള ക്രിസ്ത്യൻ പള്ളികൾ വ്യാപകമായി ആക്രമിക്കപ്പെട്ടതിനുപിന്നിൽ മെയ്ത്തിയിൽ തന്നെ ഉടലെടുത്ത വിഭാഗീയ ചിന്തയാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മേയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ രാപകലില്ലാതെ നടന്ന കൊലപാതകവും അക്രമസംഭവങ്ങളും അൻപതിനായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലാക്കി. അതിൽ കുക്കികളും മെയ്ത്തികളുമുണ്ട്. ഇരുവിഭാഗത്തിലെയും കുഴപ്പക്കാരായ നേതാക്കളുടെ വകതിരിവില്ലാത്ത ഇടപെടലുകൾകൊണ്ട് ജീവിതം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പറിച്ചുനടപ്പെട്ടവർ.
പരസ്പരം തോക്കെടുത്തവർ
സായുധസംഘങ്ങൾ അവിടംകൊണ്ടും അവസാനിപ്പിച്ചില്ല. കാങ്പോക്പി, ബിഷ്ണുപുർ, ഇംഫാൽ വെസ്റ്റ്, ചുരാചന്ദ്പുർ, തൗബാൽ എന്നീ ജില്ലകളിലെ അതിർത്തികൾ മെയ്ത്തി-കുക്കി ഗ്രാമങ്ങളുടെ അതിർത്തികൂടിയാണ്. ഇവിടങ്ങളിൽ രാജ്യാതിർത്തികളിലെന്നപോലെ സ്ഥലം സ്വന്തമാക്കാനും എതിരാളികളെ കൊല്ലാനുമായി ബങ്കറുകൾ സ്ഥാപിക്കപ്പെട്ടു. പോരാളികളുടെ എണ്ണം കൂട്ടാനായി കുക്കികളും മെയ്ത്തികളും യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധങ്ങൾ െെകയിലേൽപ്പിച്ചു. തുടർന്ന് നടന്ന ഏറ്റുമുട്ടലുകളിൽ നൂറ്റിഅൻപതോളം പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇപ്പോഴും കുക്കി, മെയ്ത്തി അതിർത്തിഗ്രാമങ്ങൾ യുദ്ധത്തിനെന്നവണ്ണം ആയുധങ്ങൾ സംഭരിക്കുകയും ഗ്രാമീണരായ യുവാക്കളെ സായുധവത്കരിക്കുകയും ചെയ്യുന്നു. സ്ത്രീകളെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയും ചെയ്യുന്നു, സായുധ സംഘങ്ങൾ. കലാപത്തിൽപ്പെട്ട് കൊലചെയ്യപ്പെട്ട മനുഷ്യരുടെ ചിത്രം ഓരോ ഗ്രാമത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രതികാരത്തിന്റെ തീ ആളിക്കത്തിക്കപ്പെടുന്നു. ഇതിനിടയിൽ സമാധാനത്തിലേക്കുള്ള സഞ്ചാരം വിഷമകരമാണ്.
നടപടിയെടുക്കാതെ ഭരണാധികാരികൾ
കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, കലാപത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതിൽ പങ്കുവഹിച്ചു എന്നുകൂടി ചൂണ്ടിക്കാട്ടിയാണ് എൻ. ബിരേൻസിങ്ങിനെതിരേ കുക്കികൾ രംഗത്തുവന്നത്. സമാധാന കമ്മിറ്റി കുക്കികൾ ബഹിഷ്കരിക്കാൻ കാരണം ബീരേൻ സിങ്ങിനെ ആ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതു കൊണ്ട് കൂടിയാണ്. പ്രതിപക്ഷത്തുള്ള കോൺഗ്രസ് ഉൾപ്പെടെ പത്ത് പാർട്ടികൾ സമാധാന ശ്രമങ്ങളുമായി രംഗത്തുണ്ട്. എന്നാൽ, ആ പാർട്ടികളിലെ പ്രധാന നേതാക്കൾ ദിവസങ്ങളോളം ഡൽഹിയിൽ വന്ന് കാത്തിരുന്നിട്ടും കാണാനുള്ള അനുമതി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയില്ല. താഴേത്തട്ടിലിറങ്ങി സായുധസംഘങ്ങളോട് ആയുധം താഴെവെക്കാൻ പറയാനുള്ള ശേഷി ഒരു പാർട്ടിക്കും മണിപ്പുരിലില്ല.
നാൽപ്പതിനായിരത്തോളം കേന്ദ്രസേനാംഗങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗത്തായുണ്ട്. ദുഃഖകരമെന്ന് പറയട്ടെ, പലയിടത്തും കലാപം അടിച്ചമർത്താൻ അവരും ശ്രമിക്കുന്നില്ല. ആയുധവുമായി കുക്കി, മെയ്ത്തി പോരാളികൾ കേന്ദ്ര സേനാംഗങ്ങൾക്ക് തൊട്ടടുത്തും പോലീസ് സ്റ്റേഷനുകൾക്കുമുന്നിലും നിൽക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. ഒരു നടപടിയും അവർക്കെതിരേ സ്വീകരിക്കുന്നതായി കണ്ടില്ല. അനധികൃത ബങ്കറുകൾ പൊളിച്ചുനീക്കും സ്കൂളുകൾ എല്ലാം തുറന്ന് പ്രവർത്തിക്കും എന്നെല്ലാമുള്ള മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ പ്രസ്താവനകൾ വെറും പ്രസ്താവന മാത്രമായി ചുരുങ്ങിപ്പോകാൻ കാരണവും അടിത്തട്ടിലെ ഈ യാഥാർഥ്യമാണ്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചും വിശ്വാസത്തിലെടുത്തുമുള്ള രാഷ്ട്രീയ പരിഹാരമാണ് മണിപ്പുരിന് ആവശ്യം. അതിനുള്ള ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ കാലത്തും കുഴപ്പങ്ങളും ഒപ്പമുണ്ടായിരുന്ന ദേശം കഴിഞ്ഞ പത്തുവർഷത്തോളമായി മെച്ചപ്പെട്ട ജീവിതം ആസ്വദിച്ചു വരുകയായിരുന്നു അതിനിടയിലാണ് വിഭജനത്തിന്റെ ഈ തീപ്പൊരി വീണത്.
മൊയ്റാങ്ങിലെ മെയ്ത്തി ഭൂരിപക്ഷ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയ ശേഷം ഡൽഹിയിലേക്ക് തിരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് മോറിസ് ആണ്. മോറിസ് ഇംഫാലിൽ ഒരു പ്രാദേശിക മാധ്യമത്തിൽ പ്രവർത്തിക്കുന്നു. മെയ്ത്തി വിഭാഗക്കാരനായ മോറിസിന് ബിരേൻസിങ്ങിനെക്കുറിച്ച് നല്ല അഭിപ്രായം. പക്ഷേ, മോറിസ് പറഞ്ഞു: ‘‘നിങ്ങൾ രണ്ട് ഭാഗത്തുള്ളവരെയും കണ്ട് സംസാരിച്ചില്ലേ? ഞങ്ങൾക്ക് അനുകൂലമായി എന്തെങ്കിലും എഴുതണം എന്ന് പറയുന്നില്ല. പക്ഷേ, ഇവിടെ നടക്കുന്ന കാര്യങ്ങൾ കേരളത്തിലുള്ളവർ അറിയണം. രണ്ടുമാസമായി ഞങ്ങളീ ദുരിതമനുഭവിച്ചിട്ടും പ്രധാനമന്ത്രി ഒന്നും പറയാത്തതിനെക്കുറിച്ചും എഴുതണം.’’ എല്ലാം കലങ്ങിത്തെളിഞ്ഞ, സമാധാനമുള്ള മണിപ്പുരിലേക്ക് വീണ്ടും വരണം എന്ന് മോറിസ് ക്ഷണിച്ചു. വൈകാതെ അതിന് സാധിക്കട്ടെ എന്ന് മറുപടി നൽകി.
Content Highlights: 2023 Manipur violence
Published: 19 Jul 2023, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented