കോഴിക്കോട്: കഴിഞ്ഞ നാലുവർഷത്തിനിടെ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ 447. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റിന്റെ (ഐ.എഫ്.ജെ.) റിപ്പോർട്ടുകൾ പറയുന്ന ആശങ്കപ്പെടുത്തുന്ന വിവരമാണിത്.

To advertise here,

2022 മുതൽ 2025 വരെ 68, 129, 122, 128 എന്നിങ്ങനെ ഓരോവർഷവും കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണമേറുന്നു. ചുരുക്കത്തിൽ, 25 വർഷത്തെ ഏറ്റവും മോശം സ്ഥിതിയിലാണ് ഇപ്പോൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ ആഗോളചിത്രം.

180 രാജ്യങ്ങളിൽ പകുതിയിലധികം (52.2 ശതമാനം) രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ ‘അതിഗുരുതരമോ’ ‘ദുഷ്കരമോ’ ആണ്. മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യങ്ങളിൽ ആകെ ലോകജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെമാത്രമേ ജീവിക്കുന്നുള്ളൂ. ‘റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ്’ എന്ന ആഗോള സംഘടനയുടെ ലോക മാധ്യമസ്വാതന്ത്ര്യസൂചിക 2026-ലാണ് ഈ വിവരങ്ങളുള്ളത്.

സൂചികയിൽ തുടർച്ചയായി ഒൻപതാമതും നോർവേ ഒന്നാംസ്ഥാനം നിലനിർത്തുമ്പോൾ, ഇന്ത്യ പട്ടികയിൽ ആറുസ്ഥാനം പിന്നോട്ടോടിയിരിക്കുകയാണ്. 2025-ലെ 151-ൽനിന്ന് 2026-ൽ 157-ലേക്ക് പിന്തള്ളപ്പെട്ടു.

മാധ്യമസ്വാതന്ത്ര്യം വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന സാമ്പത്തിക, നിയമ, സുരക്ഷാ, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളിൽ ഏറ്റവും വലിയ തിരിച്ചടിനേരിട്ടത് നിയമപരമായ സാഹചര്യങ്ങൾ വിലയിരുത്തുന്ന സൂചകത്തിനാണ്. ദേശീയ സുരക്ഷാ നിയമങ്ങൾ ദുരുപയോഗംചെയ്ത് മാധ്യമപ്രവർത്തകരുടെ ശബ്ദം ഇല്ലാതാക്കുന്ന പ്രവണത വർധിക്കുന്നു. 180-ൽ 110 രാജ്യങ്ങളിലും മാധ്യമപ്രവർത്തകർ നിയമനടപടികൾ നേരിടുന്നുണ്ട്. ഇന്ത്യ, ഈജിപ്ത്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ ഇതിൽ പരാമർശിക്കുന്നുണ്ട്. മാധ്യമപ്രവർത്തകർക്കുനേരേയുള്ള നിയമനടപടികളും അവർക്ക് സുരക്ഷയില്ലാത്തതുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.

വിവരാവകാശ നിയമത്തെ പുതിയ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം അട്ടിമറിക്കുന്നെന്ന ആക്ഷേപമുണ്ട്. ഭരണപരമായ രേഖകൾ, പൊതു ആർക്കൈവുകൾ, ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് പുതിയ നിയമത്തിൽ നിയന്ത്രണങ്ങളുണ്ട്. റിപ്പോർട്ടേഴ്സ് കളക്ടീവ് ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

അദാനി ഗ്രൂപ്പ് നൽകിയ അപകീർത്തിക്കേസിൽ ഫെബ്രുവരിയിൽ ഗുജറാത്ത് കോടതി തടവു ശിക്ഷിച്ച രവി നായർ, 2023 മുതൽ വിചാരണയില്ലാതെ തടവിൽ തുടരുന്ന കശ്മീരിലെ ഇർഫാൻ മെഹ്രാജ്, ദി വയറിലെ സിദ്ധാർഥ് വരദരാജൻ, അഭിസാർ ശർമ, നേഹാ സിങ് റാത്തോഡ്‌ തുടങ്ങിയ പേരുകളെല്ലാം ഇന്ത്യയിൽ നിയമനടപടികൾ നേരിടുന്ന മാധ്യമപ്രവർത്തകരുടെ നിരയിൽ ചിലതുമാത്രം.

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ എ.ബി.എൻ. ആന്ധ്രജ്യോതി മാധ്യമപ്രവർത്തകൻ ക്രൂരമായി കൊലചെയ്യപ്പെട്ടത് അടുത്തിടെയാണ്. പ്രദേശത്തെ രക്തചന്ദനക്കടത്തിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോർട്ടുകളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. മാധ്യമപ്രവർത്തകർക്കെതിരേ തുടർച്ചയായി മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യുന്നത് മാധ്യമപ്രവർത്തനത്തെ ഭയപ്പെടുത്തുന്ന ഒന്നായിമാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.