ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് തിങ്കളാഴ്ചയോടെ മാറിക്കഴിഞ്ഞു. ഇതോടെ ഉത്തരാഖണ്ഡില്‍ വിവാഹം, വിവാഹമോചനം, ഒരുമിച്ചുള്ള ജീവിതം, പിന്തുടര്‍ച്ചാവകാശം, അനന്തരാവകാശം തുടങ്ങിയവയിലെല്ലാം നിയമപരമായ പുതിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. രാജ്യത്തുടനീളം ഏകീകൃതസിവില്‍കോഡ് നടപ്പിലാക്കുമെന്ന ബിജെപിയുടെ അവകാശവാദങ്ങള്‍ക്കിടെ ഉത്തരാഖണ്ഡ് ഈ നിയമത്തിന്റെ ഒരു പരീക്ഷണഭൂമി കൂടിയായി മാറും. ഉത്തരാഖണ്ഡില്‍ മുഴുവന്‍ ബാധകമായ നിയമം, സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും ബാധകമാണ്. അതേസമയം തന്നെ ആദിവാസി വിഭാഗങ്ങളേയും മറ്റു ചില പ്രത്യേക വിഭാഗങ്ങളേയും ഏകീകൃത സിവില്‍കോഡില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹവും വിവാഹമോചനവും അടക്കം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇന്ന് പുതിയ പോര്‍ട്ടലും പുറത്തിറക്കുകയുണ്ടായി. ഏകീകൃത സിവില്‍കോഡ് നടപ്പിലായതോടെ ഉത്തരാഖണ്ഡുകാര്‍ക്ക് നിയമം ഏതെല്ലാം രീതിയില്‍ ബാധകമാകുമെന്ന് നോക്കാം...

To advertise here,

വിവാഹം, വിവാഹ മോചനം

  • പുരുഷന്‍മാര്‍ക്ക് 21 ഉം സ്ത്രീകള്‍ക്ക് 18 ഉം വയസ്സയാല്‍ മാത്രമേ നിയമപരമായി വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളൂ.
  • ജീവിച്ചിരിക്കുന്ന പങ്കാളിയില്ലാത്തവര്‍ക്ക് മാത്രമേ മറ്റൊരു വിവാഹം നടത്താന്‍ കഴിയുകയുള്ളൂ.

  • വിവാഹം കഴിക്കുന്നവര്‍ മാനസികമായികൂടി പ്രാപ്തരാകണം.

  • ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും ഒരു മതത്തിലുള്ളവര്‍ക്കും അനുവദിക്കില്ല, ഇതിന് സമ്പൂര്‍ണ്ണ നിരോധനം
  • നിക്കാഹ് ഹലാലയ്ക്കും നിരോധനം, വിവാഹബന്ധം വേര്‍പെടുത്തിയ മുസ്ലിംദമ്പതിമാര്‍ തമ്മില്‍ പുനര്‍വിവാഹം കഴിക്കണമെങ്കില്‍ അതിലെ വനിതാപങ്കാളി മറ്റൊരാളെ വിവാഹംചെയ്തശേഷം ബന്ധം വേര്‍പെടുത്തിയിരിക്കണമെന്ന വ്യവസ്ഥയാണ് നിക്കാഹ് ഹലാല.
  • മതപരമായ ആചാരങ്ങള്‍ക്കനുസൃതമായി വിവാഹങ്ങള്‍ നടത്താം, എന്നാല്‍ 60 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
  • 2010 മാര്‍ച്ച് 26-ന് മുമ്പോ ഉത്തരാഖണ്ഡിന് പുറത്തോ നടന്ന വിവാഹങ്ങള്‍ക്ക് നിയമം നടപ്പിലാക്കി 180 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് (ഇത് നിര്‍ബന്ധമല്ല)
  • സൈനികര്‍ക്കും യുദ്ധമേഖലയിലെ മറ്റു ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ ഇളവുകള്‍ ലഭിക്കും
  • വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരുപോലെയായിരിക്കും.
  • വിവാഹമോചന നടപടികളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.

ഒരുമിച്ച് ജീവിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

  • വിവാഹം ചെയ്യാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലേര്‍പ്പെടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. 
  • ഉത്തരാഖണ്ഡുകാര്‍ ആണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്നവരാണെങ്കില്‍ ഇവരെല്ലാം രജിസ്‌ട്രേഷന്‍ നടത്തണം
  • തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടവരാണെന്ന സത്യപ്രസ്താവനയോട് കൂടിയാണ് രജിസ്ട്രാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  • സംസ്ഥാനത്തിന് പുറത്താണ് ഉത്തരാഖണ്ഡുകാര്‍ ഇത്തരത്തില്‍ താമസിക്കുന്നതെങ്കില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. ദമ്പതികള്‍ പുറത്ത് താമസിക്കുന്നുണ്ടെങ്കില്‍, ഉത്തരാഖണ്ഡിലെ താമസക്കാര്‍ അവരുടെ അധികാരപരിധിയിലുള്ള രജിസ്ട്രാര്‍ക്ക് അവരുടെ ലൈവ്-റിലേഷന്‍ഷിപ്പിന്റെ ഒരു സ്റ്റാറ്റസ് സമര്‍പ്പിക്കേണ്ടതുണ്ട്.
  • രജിസ്‌ട്രേഷനില്‍ ഒരു മാസംവരെ കാലതാമസം വരുത്തുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ആറ് മാസം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും
  • ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായി വിവാഹിതരായ മാതാപിതാക്കളില്‍ നിന്നുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കും.
  • ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരുസ്ത്രീയെ അവരുടെ പങ്കാളി ഉപേക്ഷിച്ചാല്‍ വിവാഹത്തില്‍ ബാധകമായ നഷ്ടപരിഹാരം  കൊടുക്കേണ്ടി വരും
  • ബന്ധം അവസാനിപ്പിക്കുമ്പോഴും രജിസ്ട്രാറെ അറിയിക്കുകയും നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയുംവേണം.