ന്യൂഡല്‍ഹി: വിവാഹമോചനം ചെയ്യാന്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിന് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. മുത്തലാഖ് ചൊല്ലല്‍ ക്രിമിനല്‍ കുറ്റമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് വിവിധ മുസ്ലിം സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചാണ് നടപടി സ്വീകരിച്ചത്. 

To advertise here,

മുത്തലാഖിന്റെ നിരോധന നിയമത്തിന്റെ പേരില്‍ സെക്ഷന്‍ 3,4 ആക്ട് പ്രകാരം എടുത്ത കേസുകളുടെ എണ്ണവും കുറ്റപ്പത്രങ്ങളുടെ കണക്കുകളും മറ്റുവിശദാംശങ്ങളും സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജിക്കാര്‍ തങ്ങളുടെ വാദത്തെ പിന്തുണയ്ക്കുന്ന മൂന്ന് പേജില്‍ കവിയാത്ത രേഖാമൂലമുള്ള നിവേദനവും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചന സമ്പ്രദായം തന്നെ അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശിക്ഷ നല്‍കുന്നതിന്റെ പ്രസക്തിയെ കോടതി ചോദ്യം ചെയ്തു.

'മുത്തലാഖ് വഴിയുള്ള വിവാഹമോചനം അംഗീകരിക്കുന്നില്ലെങ്കില്‍, അവിടെ വേര്‍പിരിയലില്ല. ബന്ധം തുടരും. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അത് ഉച്ചരിക്കുന്ന പ്രവൃത്തിക്ക് തന്നെ ശിക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഞങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളമുള്ള എഫ്‌ഐആര്‍ ഫയല്‍ ചെയ്ത കേസുകളുടെ ലിസ്റ്റ് വേണം'  ചീഫ് ജസ്റ്റിസ് സോളിസിറ്റര്‍ ജനറിലനോടായി പറഞ്ഞു.

ഗ്രാമീണമേഖലയിലടക്കം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ഒരു പരിഷ്‌കൃത വിഭാഗത്തിലും മുത്തലാഖ് പോലൊരു സമ്പ്രദായം ഇല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ മുത്തലാഖിന്റെ സാധുതയെ കുറിച്ചല്ല ഹര്‍ജിക്കാരുടെ വാദമെന്നും അതിനെ ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ ആണെന്നും ബെഞ്ച് മറുപടി നല്‍കി.

ഇവിടെയുള്ള അഭിഭാഷകരാരും ഈ ആചാരം ശരിയാണെന്ന് പറയുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാല്‍ അവര്‍ പറയുന്നത് ഈ ആചാരം നിരോധിക്കുമ്പോള്‍ തന്നെ അത് ക്രിമിനല്‍കുറ്റമാക്കാമോ എന്നതാണ്'  ചീഫ് ജസ്റ്റിസ് പറഞ്ഞു.