
17 വര്‍ഷത്തെ കൂട്ടുകെട്ടിലൂടെ രണ്ട് സർക്കാരുദ്യോഗസ്ഥർ ലഹരിയില്‍ നിന്ന് മോചിപ്പിച്ചത് 700 ലധികം പേരെ. ഒരാള്‍ വാക്ക് ആയുധമാക്കുമ്പോൾ മറ്റേയാള്‍ വരയിലൂടെ ജനസേവനം നടത്തുന്നു. ഈ വാക്കിനുടമയെയും വരയ്ക്കുന്ന പ്രതിഭയെയും ഒന്നിപ്പിച്ചത് ഒരൊറ്റ കാര്യമാണ്. ലഹരിയില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം. എടവണ്ണയില്‍ കെഎസ്ഇബിയിലെ ലൈന്‍മാനായ മഹേഷും പെരിന്തല്‍മണ്ണയിലെ സബ് ഇന്‍സ്‌പെക്ടറായ ഫിലിപ്പ് മാമ്പാടും 17 വര്‍ഷത്തെ കൂട്ടിലൂടെ 700 മനുഷ്യരെ ലഹരി വിമുക്തിയിലേക്ക് കൈപിടിച്ചുയർത്തിയപ്പോൾ ജീവൻ വെച്ചത് അവരുടെ കുടുംബത്തിനു കൂടിയാണ്.
മഹേഷ് ചിത്രരചന ക്യാമ്പിനായി കോട്ടക്കുന്ന് വന്നപ്പോഴാണ് ഇരുവരും പരസ്പരം കണ്ട് മുട്ടുന്നത്. അവിടുന്നങ്ങോട്ട് 17 വര്‍ഷത്തെ കൂട്ടില്‍ പിന്നിട്ടത് 3,056 വേദികളാണ്. വാക്കും വരയും അതാണ് ഇവരുടെ ലഹരി മുക്ത പരിപാടികളുടെ പ്രമേയം. ഫിലിപ്പ് വാക്കുകളിലൂടെ ആളുകളിലേക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെത്തിക്കുമ്പോള്‍ മഹേഷ് വരകളിലൂടെ അതിന് കൂടുതല്‍ കരുത്തേകുന്നു. വാക്കും വരയും എന്തുകൊണ്ട് സമന്വയിച്ചു കൂടാ ? ഈ ചോദ്യത്തില്‍ നിന്നാണ് ഇവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഏകദേശം 19 ഓളം രാജ്യങ്ങളില്‍ യാത്രകള്‍ ചെയ്തു. സെമിനാറും കൗണ്‍സിലിങ്ങുമെല്ലാം ലഹരി മുക്ത ക്യാമ്പയിന്റെ ഭാഗമായി ചെയ്ത് വരുന്നുണ്ട്. ജോലിയില്‍ രണ്ട് പേര്‍ക്കും ഒഴിവ് കിട്ടുന്ന സമയം ക്രമീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. പലപ്പോഴും സ്വന്തം കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാനായി ഇവര്‍ക്ക് സമയം ലഭിക്കുന്നില്ല. 3,056 വേദികള്‍ ഇതിനോടൊകം പൂര്‍ത്തിയാക്കി കഴിഞ്ഞു. അങ്ങനെ ഒഴിവ് കിട്ടുന്ന സമയത്ത് നഗറുകള്‍, റെസിഡന്‍ഷ്യല്‍ അസോസിഷനുകള്‍ ക്ലബുകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ക്ലാസുകള്‍ നടക്കുന്നത്. കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നഗറുകളിലാണ്. നാടുകാണി, നിലമ്പൂര്‍, കട്ടപ്പന, ചാലക്കുടി എന്നിവിടങ്ങളിലെല്ലാം പ്രൊജക്ടറുകളുമായി പോയി തന്നെ ക്ലാസുകളെടുക്കാറുണ്ട്.
Also Read
ഓരോ സെക്ഷനും ഓരോ പേരുകളാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള സെക്ഷന് കയ്‌പ്പെന്നും, ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് ചവര്‍പ്പെന്നും, സിബിഎസ്സി സ്‌കൂളുകള്‍ക്ക് മധുരവുമെന്നാണ് പേരുകള്‍. ഇതില്‍ മധുരത്തിലുള്ളത് കുട്ടികളുമായുള്ള സംവാദങ്ങളിലൂടെയുള്ള ലഹരി വിരുദ്ധ പരിപാടികളാണെങ്കില്‍ ചവര്‍പ്പില്‍ ക്ലാസ് ഇവര്‍ അങ്ങോട്ട് നല്‍കുകയാണ് ചെയ്യുന്നത്. കയ്പിലാകട്ടെ നേരത്തെ പറഞ്ഞത് പോലെ പ്രൊജക്ടറുകള്‍ വെച്ച് വ്യക്തമാക്കി കൊടുക്കുന്ന തരത്തിലുള്ള ക്ലാസുകളാണുണ്ടാവുക. പുരസ്‌കാരങ്ങള്‍ പലതും ഏറ്റു വാങ്ങിയെങ്കിലും മഹേഷിനും ഫിലിപ്പിനും ഏറ്റവും വലിയ പുരസ്‌കാരമെന്നത് 755 പേരെ ലഹരിയില്‍ നിന്ന് പൂര്‍ണ്ണമായി മുക്തരാക്കിയെന്നുള്ളതാണ്.
ഇത്തരത്തില്‍ ലഹരിമുക്ത പരിപാടികളില്‍ ഏര്‍പ്പെടാനുള്ള പ്രധാന കാരണം സ്റ്റേഷനില്‍ വരുന്ന ചില കേസുകളുടെ ദയനീയാവസ്ഥ കണ്ടുകൊണ്ടാണ്. ലഹരി മൂലം കഷ്ടപ്പെടുന്ന പല കുടുംബങ്ങളെയും കണ്ടിട്ടുണ്ട്. ഓരോ വീടുകളിലും ഫ്യൂസ് നന്നാക്കാനായി പോകുന്ന മഹേഷിനെയും ഇത്തരം രോദനങ്ങള്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോത്സാഹിപ്പിച്ചത്. അതുകൊണ്ട് ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നത് മനസ് എപ്പോഴും മന്ത്രിക്കുമായിരുന്നെന്ന് മഹേഷ് പറയുന്നു. "ലഹരിയുടെ പാക്കി പത്രമായി കറണ്ട് ബില്‍ അടയ്ക്കാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുന്ന വീടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ വീട്ടിലേക്ക് വരുമ്പോള്‍ പുറത്ത് കിടന്നുറങ്ങുന്ന മക്കളും ലഹരിയുടെ ഇരകളാണ്", മഹേഷ് കൂട്ടിച്ചേര്‍ക്കുന്നു.
ജീവിതം തിരിച്ചുകിട്ടിയെന്ന് പറഞ്ഞു വരുന്ന ഫോണ്‍ കോളുകള്‍ മാത്രം മതി അക്ഷീണമുള്ള ഇവരുടെ പ്രയാണത്തിന്. മദ്യത്തിന്റെയും മറ്റ് ലഹരിയുടെയും പ്രശ്‌നങ്ങള്‍ ഒരുപാട് അനുഭവിക്കുന്നവര്‍ ആദിവാസി പ്രദേശങ്ങളിലുള്ളവരാണ്. അവിടെയെല്ലാം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിരന്തരമായുള്ള സമയോചിതമായ ഇടപെടലുകള്‍ കുറേയധികം ആളുകളെ ദുരന്ത കയത്തില്‍ നിന്ന് കരകയറ്റിയിട്ടുണ്ട്. ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരാനുള്ള ധൈര്യം നല്‍കിയത് ഈ പ്രവർത്തന ഫലങ്ങളാണ്. അതുകൊണ്ട് തന്നെ ഓരോ പ്രാവശ്യവും തെറ്റുകള്‍ തിരുത്തി എങ്ങനെയൊക്കെ ശരിയായി പ്രവര്‍ത്തിക്കാമെന്ന വിശകലനം നടത്താറുണ്ട് എന്നാണ് ഫിലിപ്പ് പറയുന്നത്. പൊതു സ്ഥലങ്ങളിലുും സ്‌കൂളുകളിലുമെല്ലാം വമ്പിച്ച് സ്വീകാര്യത ഇവരുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്.
''ഈ യാത്രയില്‍ ഏറ്റവും മറക്കാന്‍ പറ്റാത്ത അനുഭവം വണ്ടൂര്‍ സ്വദേശിയായ ഒരു പട്ടാളക്കാരെന്റേതാണ്. അദ്ദേഹത്തിന്റെ ഭാര്യ ടീച്ചറാണ്. അയാളുടെ അമിത മദ്യപാനം മൂലം വീട്ടുകാര്‍ വളരെ കഷ്ടപ്പെട്ടിരുന്നു. ആദ്യം അദ്ദേഹത്തെ കാണാന്‍ പോയപ്പാള്‍ മദ്യപിച്ച് ലക്ക് കെട്ടായിരുന്നു നിന്നിരുന്നത്. അദ്ദേഹിത്തിന്റെ മകള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ഒരു ദിവസം വിളിച്ച് പറയുകയുണ്ടായി അച്ഛന്റെ മദ്യപാനം വീട്ടിലെ സമാധാനം നശിപ്പിച്ചു. മാത്രമല്ല ക്വാട്ട കിട്ടുന്നതല്ലാതെ പുറമേയും വാങ്ങി അദ്ദേഹം മദ്യപിക്കുമായിരുന്നു. അത് എങ്ങനെയെങ്കിലും നിര്‍ത്താന്‍ സഹായിക്കണം എന്നതാരുന്നു അവരുടെ അപേക്ഷ. രണ്ടാമതായി അയാളുടെ ഭവനം സന്ദര്‍ശിച്ചപ്പോള്‍ സഹകരണ മനോഭാവമാണുണ്ടായിരുന്നത്. അങ്ങനെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് അദ്ദേഹത്തിനെ കൊണ്ടു വിട്ടു. ഒരു വര്‍ഷം കൊണ്ട് മദ്യത്തില്‍ നിന്ന് അദ്ദേഹത്തിന് മോചനം ലഭിച്ചപ്പോൾ ആ വീട് സമാധാനം വീണ്ടെടുക്കുകയായിരുന്നു. ആ വീട്ടുകാർ ഞങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു എന്ന് പറഞ്ഞത് വളരെയധികം സന്തോഷിപ്പിച്ച് കാര്യമാണ്. ഇതില്‍ എടുത്തു പറയേണ്ടത് ലഹരിയില്‍ നിന്ന് മുക്തി നേടിയ അദ്ദേഹം പിന്നീട് കുറേയെയാളുകളെ ഇത്തരത്തില്‍ സഹായിച്ചുവെന്നതാണ്'' ഫിലിപ്പ് മാതൃഭൂമിയോട് പറയുന്നു.
Content Highlights: a police officer and a lineman togetheer against drug
Published: 26 Jun 2024, 02:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented