തിരുവനന്തപുരം: ഹോം കെയർ യൂണിറ്റുകളുടെ എണ്ണം കൂട്ടിയും സന്നദ്ധസേവകരെക്കൂടി ഉൾപ്പെടുത്തിയും സാന്ത്വനപരിചരണം ശക്തിപ്പെടുത്തും. ഗ്രാമ-നഗര വ്യത്യാസമില്ലാതെയും വരുമാനപരിധി നോക്കാതെയും ആവശ്യമായ മുഴുവൻപേർക്കും പരിചരണം ഉറപ്പാക്കാനാണ് സർക്കാർ നിർദേശം.
പരിചരണത്തിന് തയ്യാറായ സന്നദ്ധപ്രവർത്തകരെ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തും. തദ്ദേശവകുപ്പാണ് പാലിയേറ്റീവ് പരിചരണത്തിന് പുതുക്കിയ മാർഗരേഖ പുറത്തിറക്കിയത്.
ഒരുരോഗിക്ക് ഒരു സന്നദ്ധപ്രവർത്തകനെ ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ഒന്നിലധികം ഹോംകെയർ യൂണിറ്റുകൾ തുടങ്ങി ഗൃഹകേന്ദ്രിത പരിചരണം ശക്തിപ്പെടുത്തും.
അർബുദ രോഗികൾ, ഹൃദയ-ശ്വാസകോശ രോഗികൾ, പക്ഷാഘാതം ബാധിച്ച് തളർന്നുകിടപ്പിലായവർ, ദീർഘകാല ചികിത്സ ആവശ്യമുള്ള പ്രമേഹ രോഗികൾ, ആസ്ത്മ-അപസ്മാര ബാധിതർ, വൃക്കകളുടെ പ്രവർത്തനം തകരാറിലായവർ, മാനസിക രോഗമുള്ളവർ തുടങ്ങിയവർക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ് പുതിയ മാർഗരേഖ.
ഗ്രാമപ്പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകൾക്കുമാണ് ഹോം കെയർ യൂണിറ്റുകളുടെ ചുമതല. യൂണിറ്റുകൾക്ക് മരുന്നടങ്ങുന്ന കിറ്റ് നൽകും. വീടുകളിലെത്താൻ വാഹനം തദ്ദേശസ്ഥാപനങ്ങൾ നൽകും. കമ്യൂണിറ്റി നഴ്സിന്റെ നേതൃത്വത്തിൽ ഹോം കെയർ യൂണിറ്റ് വീടുകൾ സന്ദർശിക്കും.
പരിചരണം വേണ്ടവരെ ദീർഘകാല മാരകരോഗങ്ങളാൽ പരസഹായം ആവശ്യമുള്ളവർ, ദീർഘകാലരോഗങ്ങളാലോ വാർധക്യകാരണങ്ങളാലോ ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായി തിരിക്കും. സന്നദ്ധപ്രവർത്തകർ നിശ്ചിത ഇടവേളകളിൽ ഇവരുടെ വീട്ടിലെത്തി പരിചരണം ഉറപ്പാക്കണം.
എൻഎസ്എസ് വൊളന്റിയർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവരെയാണ് സന്നദ്ധസേവകരായി ചേർക്കുക.
വാർഡ് പ്രതിനിധിയും സന്നദ്ധപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ആശ വർക്കർമാരും ഇടയ്ക്കിടെ വീടുകളിലെത്തണം. 20,000 പേർക്ക് ഒരു കെയർ യൂണിറ്റ് എന്നതാണ് കണക്ക്.
Content Highlights: more care homes will start goverment issues directions
Published: 17 Jan 2026, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented