മുംബൈ: ഏകീകൃത വ്യക്തിനിയമം (യൂണിഫോം സിവിൽകോഡ്- യു.സി.സി.) നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര. ഇതിന് കരട് തയ്യാറാക്കാനായി സുപ്രീംകോടതിയിൽനിന്ന്‌ വിരമിച്ച ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ ഏഴംഗസമിതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നിയമസഭയെ അറിയിച്ചു.

To advertise here,

മുൻ ഹൈക്കോടതി ജഡ്ജിമാരായ ആർ.സി. ചവാൻ, എസ്.ജി. മെഹാരെ, മഹാരാഷ്ട്ര മുൻ ചീഫ് സെക്രട്ടറി ഡി.കെ. ജെയിൻ, മുൻ അഡ്വക്കേറ്റ് ജനറൽ വീരേന്ദ്ര സറഫ്, ഭരണഘടനാവിദഗ്ധ രമേശ് പതംഗെ, വിദ്യാഭ്യാസവിദഗ്ധ സുവർണ റാവൽ എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ. സമിതി ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. നാഗ്പുരിൽ നടക്കുന്ന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ നിയമനിർമാണത്തിന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമത്വത്തിന്റെ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഏകീകൃത വ്യക്തിനിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം യു.സി.സി.യെക്കുറിച്ചുള്ള ചർച്ചകൾ ശക്തിപ്രാപിച്ചിരിക്കുന്ന സമയത്താണ് മഹാരാഷ്ട്ര സർക്കാരിന്റെ ഈ നീക്കം. നിയമം പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയിരുന്നു. അടുത്തയിടെ അസം സർക്കാരും ഇത്തരമൊരു ബിൽ പാസാക്കി.